ADVERTISEMENT

മലയാള ഗദ്യശാഖയെ ആധുനികതയുടെ അൾത്താരയിലേക്കു നയിച്ച റവ. ജോർജ് മാത്തന്റെ 150–ാം ചരമവാർഷികമായിരുന്നു മാർച്ച് നാലിന്. ഭൂമി ഉരുണ്ടതാണോ? ഏകദേശം 155 വർഷങ്ങൾ മുമ്പാണ്  മലയാള ഭാഷയിൽ ആദ്യമായി ഈ ചോദ്യം ഉയർന്നത്. ഇതേപ്പറ്റി വിശദമായ ആദ്യ ലേഖനം എഴുതുന്നത്  ഒരു വൈദികനാണ്; മലയാളത്തിന്റെ പ്രഥമ വ്യാകരണത്തിനു രൂപം കൊടുത്ത  റവ ജോർജ് മാത്തൻ. 

ആകാശത്തുള്ള ഗോളങ്ങൾ, അദ്വൈതം എന്നീ വിഷയങ്ങളെപ്പറ്റിയും മലയാളത്തിലെ ആദ്യകാല പത്രമെന്നു വിശേഷപ്പിക്കാവുന്ന ജ്ഞാനനിക്ഷേപത്തിൽ ലേഖനം എഴുതിയ അച്ചൻ മലയാളത്തിലെ ആദ്യ പത്രപ്രവർത്തകനും ശാസ്ത്രലേഖകനുമായി. ആധുനിക മലയാള ഗദ്യം അങ്ങനെ ജോർജ് മാത്തനിലൂടെ തലനീട്ടിത്തുടങ്ങുകയായിരുന്നു.  

പമ്പാതീരത്തെ പുത്തൻകാവ് കിഴക്കേത്തലയ്ക്കൽ കുടുംബത്തിൽ പിറന്നു. മലയാള ഭാഷയിലെ ആദ്യ എഡിറ്ററും വൈയാകരണനുമായി മാറി. ആദ്യ പുസ്തക നിരൂപകൻ, ആംഗ്ലിക്കൻ സഭയിലെ ആദ്യ നാട്ടുപട്ടക്കാരൻ തുടങ്ങിയ വിശേഷണങ്ങളും മാത്തനച്ചനു സ്വന്തം. 

ഏകീകൃത മലയാളം, തിരുവിതാംകൂർ 

മാർത്താണ്ഡവർമ തെക്കു മുതൽ കൊച്ചിവരെ ദ്വിഗ്വിജയം നടത്തിപിടിച്ചെടുത്തതോടെയാണു തിരുവിതാംകൂറിനൊപ്പം ഏകീകൃതമായ ആധുനിക മലയാളംകൂടി പിറവിയെടുക്കുന്നത്. ഇങ്ങനെ ഉഴുതുമറിഞ്ഞു കിടന്ന നിലത്ത് വിത്തുപാകിയ ജോർജ് മാത്തൻ  ആധുനിക ഭാഷയായി മലയാളത്തെ കതിരണിയിപ്പിച്ചു. 

കാവ്യശൈലിയുടെ കാര്യത്തിൽ ഭാഷാപിതാവായ എഴുത്തച്ഛൻ അനുഷ്ഠിച്ച കർമം തന്നെയാണ് ആധുനിക ഗദ്യശൈലിയുടെ കാര്യത്തിൽ റവ. ജോർജ് മാത്തൻ ഏറ്റെടുത്തതെന്ന് റവ ജോർജ് മാത്തനും മലയാള ഭാഷയും എന്ന  ഗ്രന്ഥത്തിൽ (1969) ഡോ. സാമുവൽ ചന്ദനപ്പള്ളി പറയുന്നു. 

പ്രാചീനമലയാള ഗദ്യം ആധുനിക മിഷനറി മലയാള ഗദ്യത്തിലേക്കു വെട്ടിത്തിരിയുന്ന പ്രഭാതയാമങ്ങളിൽ ധ്രുവതാരകം പോലെ അച്ചൻ തെളിഞ്ഞുനിൽക്കുന്നു എന്നും ഡോ. ചന്ദനപ്പള്ളി വിലയിരുത്തുന്നു.  മലയാള ഗദ്യം സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയത് റവ ജോർജ് മാത്തൻ പുതിയൊരു ശൈലി രൂപപ്പെടുത്തി യതോടെയാണെന്ന് ഭാഷാ ഗവേഷകനായ റവ. ഡോ. മാത്യു ഡാനിയേലും അഭിപ്രായപ്പെടുന്നു.  

വ്യവഹാര ഭാഷ മിഷനറി ഭാഷ

മലയാള ഭാഷയുടെ ചരിത്രത്തിൽ എഡി 16–18 കാലഘട്ടം ക്രൈസ്തവ മിഷനറിമാരുടെ യുഗമാണ്. ജനങ്ങളുമായി ഇടപെടുന്നതിന് നാട്ടുവർത്തമാനഭാഷ മെച്ചപ്പെടണമെന്ന ലക്ഷ്യത്തിൽ അവർ വിദേശ മാതൃകയിൽ നിഘണ്ടുക്കളും വ്യാകരണവും നിർമിച്ചു. തമിഴ്–സംസ്കൃത സ്വാധീനത്തിൽ നിന്നകന്നു മണ്ണിന്റെ മണമുള്ള ഭാഷ ഇവിടെ പരക്കുന്നത് ഇങ്ങനെയാണ്. ആയില്യം തിരുനാൾ രാമവർമ രാജാവിന്റെ കാലത്ത് പാഠപുസ്തകരചനയും മറ്റും ആരംഭിച്ചു. ഇതിനു മാത്തനച്ചൻ പല സംഭാവനകളും നൽകി. 

മാത്തനച്ചന് 6 അക്ഷരം കുറവ് 

മലയാഴ്മയുടെ വ്യാകരണം (1863) എന്ന ഗ്രന്ഥത്തിൽ 51 അക്ഷരമുള്ള മലയാള അക്ഷരമാലയെ പത്തച്ചും (സ്വരങ്ങൾ) 38 ഹല്ലും (വ്യഞ്ജനം) കൂടി 48 അക്ഷരമാലയായി  അവതരിപ്പിക്കുന്നു. കൾ, മാർ, അർ തുടങ്ങി ബഹുസംഖ്യാ പ്രത്യയങ്ങളും മറ്റും  ഭാഷയുടെ വൃത്തപരിധിയിലേക്കു കടന്നുവരുന്നത് ഈ ഗ്രന്ഥം വഴിയാണ്.  214 പേജുകളുള്ള ഈ പുസ്തകത്തിൽ 47 വകുപ്പുകളാണുള്ളത്. 

നവഭാഷയുടെ സാരോപദേശം 

1867 ൽ കൊല്ലം ഡിവിഷൻ കച്ചേരിയിൽ ദിവാ‍ൻ രാമരായരുടെ നിർദേശപ്രകാരം നടത്തിയ പ്രഭാഷണത്തിന്റെ ഫലമാണ് ബാലാഭ്യസനം എന്ന വിദ്യാഭ്യാസ ഗ്രന്ഥം.  മാതൃഭാഷ മഹത്തരമാണെന്നും അധ്യയനം അതിലേക്കു മാറണമെന്നും ഇതു ഭരണഭാഷയാകണമെന്നും അച്ചൻ അന്നേ വാദിച്ചു. ശീലദോഷത്തിനല്ലാതെ ബുദ്ധിക്കുറവിന് ശിക്ഷിക്കരുത്. കുട്ടികളുടെ ശിക്ഷിക്കേണ്ടത് ഏതു സാഹചര്യത്തിലാണെന്ന സാരോപദേശവും ഇതിൽ കാണാം.

‘‘കുരള എന്നത് ഭീരുക്കളുടെ കോട്ടയും അടിമകളുടെ പരിചയും പെണ്ണുങ്ങളുടെ സങ്കേതവും ഏഷണിക്കാരുടെ വാളുമാകുന്നു’’ സത്യവാദഖേടം എന്ന പ്രബന്ധത്തിൽ അച്ചൻ നയം വ്യക്തമാക്കുന്നു. 

കലണ്ടറില്ലാ കാലത്തെ ജ്യോതിശാസ്ത്രജ്ഞൻ

കലണ്ടർ ഇല്ലാത്ത കാലത്ത് കറുത്തവാവും വെളുത്തവാവും കൃത്യമായി പറയുമായിരുന്ന അച്ചൻ തച്ചുശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം എന്നിവയിൽ അഗ്രഗണ്യനായിരുന്നു. കേരള വർമ വലിയ കോയിത്തമ്പുരാന്റെയും ഗുണ്ടർട്ടിന്റെയും ഒപ്പം ഭാഷയ്ക്കു സംഭാവന നൽകിയ അച്ചനെ ഓർമിക്കാൻ മാവേലിക്കര കോളജിൽ മാത്രമാണ് ഒരു പഠനവേദിയുള്ളത്. 

ഗദ്യരചനയുടെയും ആധുനിക പത്രഭാഷയുടെയും പുതുശൈലിയുടെ ആദ്യരൂപം  ജോർജ് മാത്തനിലൂടെയാണ് മലയാളത്തിലേക്കു വരവറിയിക്കുന്നത്. കേവലം 10 വർഷക്കാലമാണ് ഭാഷയ്ക്കായി അദ്ദേഹം പൂർണമായും മാറ്റിവയ്ക്കുന്നത്. ആത്മീയതയെയും സാഹിത്യത്തെയും രണ്ടായി കാണാനുള്ള വിശാലതയും വിവേകവും മാത്തനച്ചൻ പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ ഉള്ളു നേരിൽക്കണ്ട മഹാകവി ഉള്ളൂർ പറഞ്ഞത് ഇങ്ങനെ: മലയാള ഗദ്യത്തിന് റവ. ജോർജ് മാത്തൻ കത്തനാർ സുസ്ഥിരമായ അസ്ഥിവാരം പണിതു. 

റവ. ജോർജ് മാത്തന്റെ ജീവിതവഴി 

ജനനം: 1819 സെപ്റ്റംബർ 25 കിടങ്ങന്നൂർ ഗ്രാമത്തിൽ.  

മാതാപിതാക്കൾ: പുത്തൻകാവ് കിഴക്കേത്തലയ്ക്കൽ പുളിയേലിൽ മാത്തൻ തരകനും പുത്ത‍ൻവീട്ടിൽ അന്നമ്മയും. 

കാറോയ പട്ടം: ചേപ്പാട്ട് മാർ ദിവന്ന്യാസ്യോസിൽ നിന്ന് 9–ാം വയസ്സിൽ.

പഠനം: കോട്ടയം പഴയ സെമിനാരിയിൽ. അധ്യാപകർ: റവ ജെ ഫിറ്റു സായിപ്പ്, ഫെൻ, ബേക്കർ, ബെയിലി, പാലക്കുന്നത്ത് ഏബ്രഹാം മൽപ്പാൻ.

ഉന്നത വിദ്യാഭ്യാസം: മദ്രാസ് ബിഷപ് കോറീസ് സ്കൂൾ.  ഒരു മാസം കൊണ്ട് നടന്നും ചക്കടാ വണ്ടിയിലും മദ്രാസിലെത്തി.

ഭാഷകൾ: മലയാളം, ഇംഗ്ലീഷ്, ലത്തീൻ, ഗ്രീക്ക്, എബ്രായ, സംസ്കൃതം, തമിഴ്.  വിഷയം: തത്വജ്ഞാനം, ഗണിതം. 

ശെമ്മാശ പട്ടം: 1844 ജൂൺ 2, മദ്രാസ് ചർച്ച് മിഷൻ സൊസൈറ്റി, ആംഗ്ലിക്കൻ സഭാംഗം. തിരുവിതാംകൂർ നാട്ടുവൈദികനായി മാവേലിക്കരയിൽ ആദ്യനിയമനം.

വിവാഹം:1845 സെപ്റ്റംബർ 1 ന് മല്ലപ്പള്ളി പന്നിക്കുഴിയിൽ മറിയാമ്മയെ വിവാഹം കഴിച്ചു.

വീണ്ടും നിയമനം: 1847 ഏപ്രിൽ 4 വൈദികനായി മല്ലപ്പള്ളി ഇടവകയിൽ. മല്ലപ്പള്ളിലച്ചൻ എന്നറിയപ്പെട്ടു.

പ്രസ്ബിറ്റർ പട്ടം: 1847 ൽ ഊട്ടിയിൽ നിന്ന്. 

സാമൂഹിക പ്രവർത്തനം: പിന്നാക്ക സമുദായങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനം. 

സാഹിത്യ പ്രവർത്തനം: 1860– 1870.

ഗ്രന്ഥങ്ങൾ: മലയാഴ്മയുടെ വ്യാകരണം, സത്യവാദഖേടം, സംയുക്തി,  ബാലാഭ്യസനം, മറുജന്മം, മരുമക്കത്തായത്താലുള്ള ദോഷങ്ങൾ, 

ലേഖനങ്ങൾ; വിദ്യാസംഗ്രഹം, ജ്ഞാനനിക്ഷേപം എന്നീ പ്രസിദ്ധീകരണങ്ങളിൽ.

തിരുവല്ലയിൽ: തുകലശേരി ഇടവക വികാരിയായി 1860 ൽ. പരിഭാഷകൾ ആരംഭിച്ചു.

സ്ഥലംമാറ്റം: 1869  ൽ തലവടിയിലേക്കു സ്ഥലം മാറ്റം.ഡൊമസ്റ്റിക് ചാപ്ലൈനായി.

രോഗബാധ: 1862 ൽ രോഗബാധ.

വേർപാട്: 1870 മാർച്ച് 4 ന് ജീവിതയാത്ര അവസാനിച്ചു. അന്ത്യവിശ്രമം: തലവടി സിഎസ്ഐ പള്ളിയിൽ. 

English Summary : In Memory Of Rev. George Mathen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com