ADVERTISEMENT

കവിയായതുകൊണ്ടോ ശാസ്ത്രജ്ഞനായതുകൊണ്ടോ ഒരു വ്യക്തിയുടെ സ്വത്വം അയാളുടെ മത– സാമുദായിക– ദേശ– ഭാഷകളിൽനിന്നു സ്വതന്ത്രമായിരിക്കുമോ? ഇല്ലെന്നാണ് ഉത്തരം. ഓരോ മനുഷ്യനും തനിക്ക് ഇഷ്ടമുള്ള സ്വത്വങ്ങൾ ആർജിക്കാനും തന്റേതായ സ്വത്വബോധം ഉണ്ടാക്കാനും ശേഷിയുണ്ടെങ്കിലും ജന്മം കൊണ്ടോ സ്ഥലം കൊണ്ടോ തനിക്കുമേൽ ചുമത്തപ്പെട്ട മത–ജാതി–വർണ–ഭാഷാ–രാഷ്ട്ര സ്വത്വങ്ങളെ ഇല്ലായ്മ ചെയ്യാൻ അയാൾക്കു സാധിക്കുകയില്ല. 

പുതിയ മതത്തിൽ ചേരാൻ ഒരാൾക്കു കഴിഞ്ഞേക്കുമെങ്കിലും അയാളുടെ പൂർവമതം അയാളെ പിന്തുടരും. പുതിയ മതം സ്വീകരിക്കുന്ന പലരും തങ്ങളുടെ പുതിയ പേരിനൊപ്പം പഴയ പേരും നിലനിർത്താറുണ്ട്. തന്റെ പേരിനൊപ്പം തന്റെ പഴയ സ്വത്വം ഓർമയായി തുടരണമെന്ന് അവർ തീരുമാനിക്കുന്നു. ജാതിയുടെ കാര്യത്തിൽ പക്ഷേ ഇത്തരം തിരഞ്ഞെടുപ്പുകൾ സാധ്യമല്ലാത്തതിനാൽ അതുണ്ടാക്കുന്ന സ്വത്വസങ്കീർണതകളും വളരെ വലുതാണ്. 

കീഴാളജാതിക്കാരൻ കവിയോ ശാസ്ത്രജ്ഞനോ നടനോ ആയിത്തീർന്നാലും പുതിയ മതം സ്വീകരിച്ചാലും അയാളുടെ ജാതി അയാളുടെ നെറ്റിയിലെഴുതിവച്ച പോലെ പിന്തുടരും. മഹാകവി കുമാരനാശാൻ മരിച്ചപ്പോൾ ഒരു ഈഴവ കവി മരിച്ചുവെന്നാണ് അധ്യാപകൻ ക്ലാസിൽ പറഞ്ഞതെന്നു വൈലോപ്പിള്ളി തന്റെ സ്മരണകളിൽ എഴുതുന്നുണ്ട്.

Joseph Brodsky
ജോസഫ് ബ്രോഡ്സ്കി

ചിലപ്പോൾ ഒരാൾ സ്വന്തം നാടോ രാജ്യമോ തന്നെയും ഉപേക്ഷിച്ചു പോയാലും അയാൾ താൻ ഉപേക്ഷിച്ച രാജ്യത്തിൽനിന്നു പൂർണമായ മോചനം നേടുന്നില്ലെന്നു കാണാം. സോവിയറ്റ് റഷ്യയിൽനിന്നു പലായനം ചെയ്ത കവി ജോസഫ് ബ്രോഡ്സ്കി അമേരിക്കയിൽ അഭയം തേടുകയും യുഎസ് പൗരത്വം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹം ഇംഗ്ലിഷ് പഠിക്കുകയും പിന്നീടു കവിതകളും ലേഖനങ്ങളും ആ ഭാഷയിൽ എഴുതി വിജയിക്കുകയും ചെയ്തു. എന്നിട്ടും ജോസഫ് ബ്രോഡ്സ്കി നമുക്കു റഷ്യൻ കവിയാണ്, അമേരിക്കൻ കവിയായില്ല. 

ഇപ്രകാരം ചിലർ സ്വേച്ഛയാൽ തങ്ങളുടെ ഭാഷാ സ്വത്വത്തെയും രാഷ്ട്രസ്വത്വത്തെയും മാറ്റിമറിക്കാൻ ശ്രമിക്കാറുണ്ട്. പ്രവാസികളായിത്തീരുന്ന  മനുഷ്യരിൽ പലരും അവർ ചെല്ലുന്ന രാജ്യത്തെ വസ്ത്രം, ഭക്ഷണം, ജീവിതശൈലി എന്നിവയടക്കമുള്ള സാംസ്കാരികഘടകങ്ങളെ സ്വീകരിക്കുന്നു. അപ്പോഴും അവരിൽ ഏറെപ്പേരും തങ്ങൾ ജനിച്ചുവളർന്ന പ്രദേശത്തെ ഓർത്തുകൊണ്ടിരിക്കും. ഗൃഹാതുരത എന്ന പദത്തിൽ ഒരു വീട് ഇരിക്കുന്നതു കണ്ടില്ലേ? അതിനാൽ ഒരാൾ സ്വന്തം വീട്ടിലോ നാട്ടിലോ രാജ്യത്തോ തിരസ്കൃതനോ അപമാനിതനോ ആയിത്തീരുമ്പോൾ അയാൾ ഏറ്റവും ദുഃഖിതനായിത്തീരുന്നു. 

എഡ്വേഡ് സെയ്ദ് ആത്മകഥയ്ക്ക് ഇട്ട പേര് ഔട്ട് ഓഫ് പ്ലേസ് എന്നാണ്. നിങ്ങൾ ആഗ്രഹിച്ചാലുമില്ലെങ്കിലും ചില സ്വത്വഭാവങ്ങളുടെ പ്രതിനിധാനമായി നിങ്ങൾ തീരുന്ന ഒരു സാഹചര്യമുണ്ട്. ഉദാഹരണത്തിന് ഹിറ്റ്ലറുടെ ജർമനിയിലെ ജൂതനും ജിപ്സിയും അവരുടെ വംശീയസ്വത്വത്താലാണു വേട്ടയാടപ്പെട്ടത്. ഒരാൾ മതവിശ്വാസിയാണോ സെക്യുലറാണോ എന്നതൊന്നുമല്ല അപ്പോൾ പരിശോധിക്കപ്പെടുക. 1984 ൽ ഡൽഹിയിലുണ്ടായിരുന്ന ഒരു സിഖുകാരനു തന്റെ സിഖുസ്വത്വം ഉപേക്ഷിക്കാനാവുന്ന ഒന്നല്ല. അയാൾ മതവിശ്വാസിയാണോ അല്ലയോ എന്നതല്ല ഘടകം. സമൂഹത്തിൽ വർഗീയവിഭജനം ഉണ്ടാകുമ്പോഴും ഇതേ പോലെ, അതേ വരെ പ്രകടമല്ലാതിരുന്ന സ്വത്വങ്ങൾ പൊടുന്നനെ പുറത്തേക്കു ചാടുകയാണു ചെയ്യുന്നത്. 

അൻവർ അലിയുടെ ‘കൊണ്ടോട്ടി എയർപോർട്ടിൽനിന്ന് അവിശ്വാസിയായ ഒരിടത്തരം വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോൾ’ എന്ന കവിത, സ്വത്വഭാരങ്ങളെ അഴിച്ചുനോക്കുന്നതു നോക്കുക.

Anwar Ali
അൻവർ അലി

വെള്ളിയാഴ്ച ഉച്ചനേരം ആളൊഴിഞ്ഞ ഒരു ഓഫിസിൽ ‘ധൂമാവിഷ്ടനായ ഒരു കാഫിർ’, ഒരു കവി,  തന്റെ സമുദായത്തെ അഴിച്ചുനോക്കുകയും അങ്ങനെ കണ്ടതിനെയെല്ലാം പലതായി ചിതറിക്കുകയും ചെയ്യുന്നു. കലയാലും രാഷ്ട്രീയത്താലും ഭാഷയാലും സ്വപ്നത്താലും നാം വാരിപ്പിടിച്ചതെല്ലാം കൊഴിഞ്ഞുതീരുന്ന ഒരു കാലത്ത് ഈ കവിത അഗാധമായ രാഷ്ട്രീയവിഷാദത്തെ വഹിക്കുന്നു.

ലോകത്തിലെ ഏതു ദേശത്തിൽനിന്നുള്ള കവിത വായിക്കുമ്പോഴും ഞാൻ അൻവർ അലിയെ ഓർക്കാറുണ്ട്, കാരണം അയാളിൽ ഈ ലയമെങ്ങനെ പകരും, അയാൾ ഇതേ ആധിക്ക് എന്താവും എഴുതുക,  ഇനി അയാളുടെ പേരിൽ ഞാനെഴുതുകയാണങ്കിലോ- എന്നെല്ലാം. റെയ്മണ്ട് കാർവറുടെ ഓട്ടോപ്സി റൂം എന്ന കവിതയുണ്ട്. കവി പോസ്റ്റ്മോർട്ടം റൂം വൃത്തിയാക്കുന്ന ജോലി ചെയ്തിരുന്ന കാലം. ഓരോ പോസ്റ്റ്മോർട്ടത്തിനുശേഷവും ആ ടേബിൾ കഴുകിത്തുടയ്ക്കണം. ഒരു ദിവസം അവിടെ കഴുകാൻ ചെല്ലുമ്പോൾ ആ ടേബിളിൽ എടുക്കാൻ മറന്നതുപോലെ ഒരു യുവതിയുടെ മുറിച്ചെടുത്ത കാൽത്തുട മാത്രം ഒരു പാത്രത്തിൽ വച്ചിരുന്നു. ഈ ഓർമയിൽ, ഭാര്യയുടെ കാൽത്തുടയിൽ മുഖമർത്തി അന്നു രാത്രി കവി കരയുകയാണ്.

ഇത് അൻവറിന്റെ കവിതയായാൽ എങ്ങനെയിരിക്കും എന്നു ഞാൻ ഓർത്തിട്ടുണ്ട്. കാരണം ശരീരത്തെയും മാംസത്തെയും ഇറച്ചിയെയും പറ്റി അൻവർ എഴുതിയ കവിതകൾ എനിക്ക് ഓർമയുണ്ട്. അതിലൊന്ന് ബക്രീദിന്റെ തലേന്ന് പോത്തിറച്ചി വാങ്ങി സൈക്കിളിൽ വരുന്ന ഒരു പയ്യൻ ലോറിക്കടിയിൽ പെടുന്നതാണ്. ഇറച്ചിച്ചോരയുള്ള ആ കവിത അച്ചടിച്ചു വന്നിട്ടും അൻവർ രണ്ടോ മൂന്നോ വട്ടം തിരുത്തിയെന്നാണ് എനിക്കു തോന്നുന്നത്. വാരികയിൽ അച്ചടിച്ചു വായിച്ചതുപോലെ അല്ല അതു പുസ്തകത്തിൽ കണ്ടത്. ആട്ടിറച്ചീം മാട്ടിറച്ചീം കണ്ടുമുട്ടീ പണ്ട്, ചോരയോടെ പെറ്റുവീണ സ്ളോട്ടർ ഹൗസിൽ വച്ച് എന്നു തുടങ്ങുന്ന ഇറച്ചി, മക്കൾ എന്ന കവിതയാണു മറ്റൊന്ന്.. എല്ലാ ഇറച്ചികളുടെയും പേരാകുന്നു ആണൂറ്റപ്പന്നിമാടുകളായി അത് അമറിക്കൊണ്ടിരിക്കുന്നു എന്ന് rape  എന്ന കവിതയിലും. 

കവിതയിലെ ലിറിസിസത്തെ ഏറ്റവും സംശയത്തോടെ നോക്കുന്ന ഈ കവിയിലാണ് ഏറ്റവും വലിയുള്ള വാക്കുകൾ, ഏറ്റവും ദീനമായ നോട്ടങ്ങൾ വസിക്കുന്നത്. പെട്ടെന്നൊരു സങ്കടം വന്നെന്റെ കണ്ണിന്റെ തുഞ്ചത്തു നിൽക്കുന്ന പോലെ നീ, അതുമല്ലെങ്കിൽ, ഒടുവിൽ, പെട്ടെന്നൊരോർമ മകനായി മുറ്റത്ത് എന്ന് അറിയുന്നത്,  അതിനെ താലോലിക്കണോ തള്ളണമോ എന്ന സന്ദേഹത്തോടെ കവിയും കവിതയും നമ്മുടെ മുന്നിൽ നിൽക്കുന്നതും നാം കാണുന്നു.

അൻവർ അലിയുടെ പുതിയ സമാഹാരം മെഹ്ബൂബ് എക്സ്പ്രസിലെ 

‘ഇന്റർനെറ്റിൽ

അൽപം മുൻപ്

കണ്ടുമുട്ടിയ ഒരിടം പോലെ

25 കൊല്ലം മുൻപത്തെ 

നമ്മൾ’

എപ്പോൾ വേണമെങ്കിലും തിരികെച്ചെല്ലാവുന്ന സ്ഥലമായി  കവിതയെ വേണമെങ്കിൽ സങ്കൽപിക്കാം. കവിതയിലേക്കു മാത്രമല്ല സ്വന്തം വീട്ടിലേക്കും സ്വന്തം നാട്ടിലേക്കും സ്വന്തം ഇഷ്ടങ്ങളിലേക്കും അങ്ങനെ തിരിച്ചുചെല്ലാൻ എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നു. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നുളള കവിതയിലായാലും ഞാൻ തിരയുന്ന ഒന്നുണ്ട്. എത്ര ഭാഷകൾ സഞ്ചരിച്ചാലും വാക്കുകളിൽനിന്ന് അടർന്നുപോകാത്ത ഒരു ഗന്ധമാണത്, അൻവറിന്റെ വാക്കുകളിൽ പറഞ്ഞാൽ ഒരു മുടിയൻ മണം. ഈ മണം നമ്മുടെ സ്വത്വഭാവത്തിൽനിന്നു കൂടിയാണു പുറപ്പെടുന്നത്. 

കവിതയിലെ ലയമെന്നാൽ, ഈ ഗന്ധത്തിലോ അല്ലെങ്കിൽ ആ ഗന്ധം കൊണ്ടുവരുന്ന സ്പർശത്താലോ അതുമല്ലെങ്കിൽ ഒരു സ്വരത്താലോ എല്ലാവരും നോക്കിയിരിക്കെ വാക്കുകളുടെ വക്കിൽനിന്ന് ഏതോ കൊക്കയിലേക്കു കുഴയുന്നതാണ്. നടുക്കവും ആനന്ദവും കൂടിക്കലരുന്നതാണ് ആ നിമിഷം. അങ്ങനെയാണു മെഹബൂബ് എക്സ്പ്രസ് എന്ന കവിതയിൽ, ട്രെയിനിന്റെ ഒച്ചയിലൂടെ സ്വതന്ത്രഭാരത ചരിത്രവിചാരം സംഭവിക്കുന്നത്. ഓടുന്ന ട്രെയിൻ, കുലുങ്ങുന്ന ട്രെയിൻ, ഒടുവിലത് ഒഴുകുന്ന ട്രെയിനാകുമ്പോൾ, അതിന്റെ സ്വരരാഹിത്യത്തേക്കു രാഷ്ട്രം മറഞ്ഞതായും കവിക്കു തോന്നുന്നു. മെഹബൂബ് എക്സ്പ്രസ് ബിംബമോ പ്രതീകമോ അല്ല, അതു വൈകാരികമാണ്, രാഷ്ട്രീയമാണ്, വ്യക്തിപരമാണ്, നൈരാശ്യമാണ്, ഭയാനകവുമാണ്.

കുഴഞ്ഞ നാവുകൾ കൊണ്ടു വരച്ച

ഒരമൂർത്ത ചിത്രത്തിലെ

ഈണത്തരികൾ പോലെ

ഒരുനാൾ

നമ്മളോരോരുത്തരായി ഇല്ലാതാകും

ഈ പാടം ഈ നാട് ഈ ഭൂമി

എരകപ്പൊന്ത പുതച്ചു

ശൂന്യതയുടെ അപ്പൂപ്പൻതാടിപ്പുറത്ത്

അലഞ്ഞുതിരിയും

എന്നു കൂടി സ്നേഹിതരുടെ അസാന്നിധ്യങ്ങളിൽ കവി വിചാരിക്കുന്നുണ്ട്. കവിതയെ സംബന്ധിച്ചു മലയാളത്തിലെ ഏറ്റവും പുതിയ സങ്കൽപങ്ങൾ എന്തായാലും സമുദായികസ്വത്വത്തിനകം മനുഷ്യൻ പ്രവാസിയാകേണ്ടി വരുന്ന സാഹചര്യങ്ങളുടെ രാഷ്ട്രീയം കവിതയിലും പ്രധാനമാണെന്നു ഞാൻ കരുതുന്നു. ഒരാൾ താൻ ഇതേ വരെ ജീവിച്ച ജീവിതത്തെ എടുത്തു നോക്കാനായി കവിത ഉപയോഗിക്കുമെങ്കിൽ ഇക്കാലത്ത് അത് നൈരാശ്യം കലർന്ന രാഷ്ട്രീയാനുഭവമായി പരിണമിക്കുന്നു. നാം ഇതേവരെ കൊണ്ടു നടന്ന വാക്കുകൾക്കും നിർമിച്ച ഭാവനകൾക്കും അകലെയാണു യഥാർഥ ജീവിതം നമ്മെ കൊണ്ടുപോയി എത്തിക്കുന്നതെന്ന വിഷമം കവിയെ കൂടുതൽ സംശയാലുവാക്കുകയും ചെയ്യുന്നു.

English Summary : Unbearable burden of identity 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com