ADVERTISEMENT

ട്രെയിൻ യാത്രയ്ക്കിടയിൽ സുഹൃത്തുക്കൾ തമ്മിൽ കലഹമായി. ചോക്കലേറ്റ് ആരുടേത് എന്നതിനെച്ചൊല്ലിയാണു തർക്കം. ഒരാളുടെ കയ്യിലിരുന്ന ചോക്കലേറ്റ് തട്ടിപ്പറിക്കാനായി രണ്ടാമൻ മുന്നോട്ടാഞ്ഞു. പെട്ടെന്ന്, വാതിൽപടിയിലുണ്ടായിരുന്ന പിടിത്തം വിട്ട് അവൻ പുറത്തേക്കു വീണു; ഒപ്പം സുഹൃത്തിന്റെ കയ്യിലിരുന്ന ചോക്കലേറ്റും.

ഏതു കലഹത്തിന്റെയും അടിസ്ഥാന കാരണം, ‘എന്റേതു മാത്രമാണ്’ എന്ന ചിന്തയാണ്. ആർക്ക് എന്തിനെയാണു സ്വന്തമെന്നു പറയാനാകുക? സ്വന്തമെന്നു കരുതുന്നതെല്ലാം, വ്യക്തികളായാലും വസ്തുക്കളായാലും സ്ഥാനമാനങ്ങളായാലും, മറ്റുള്ളവരുടേതും കൂടിയാണ്; പല രൂപത്തിലും ഭാവത്തിലും. ഭാര്യയും ഭർത്താവും അച്ഛനും അമ്മയും സുഹൃത്തും ആരുടേതും മാത്രമല്ല. ആ വേഷം മാത്രമാണു സ്വന്തം. ഭർത്താവ് പലരുടെയും സഹോദരനാണ്, സുഹൃത്താണ്, മകനാണ്.

പല കഥാപാത്രങ്ങളാകാതെ ആർക്കും നിലനിൽക്കാനാകില്ല. എല്ലാ വേഷങ്ങളും എനിക്കുവേണ്ടി മാത്രമാ കണമെന്ന സ്വാർഥചിന്തയുടെ അശുദ്ധവായു ശ്വസിച്ചാണ് പലരും ശ്വാസംമുട്ടി മരിക്കുന്നത്. സ്വന്തമെന്നു കരുതുന്ന വസ്തുക്കളെല്ലാം മറ്റാരുടേതോ ആയിരുന്നു; മറ്റുള്ളവർക്കു കൈമാറാനുള്ളതുമാണ്. ഓരോ സ്ഥാനവും താൽക്കാലിക കൂടാരങ്ങളാണ്. സ്വന്തം കരവലയത്തിനുള്ളിൽ പിടിച്ചുനിർത്തണമെന്നു കരുതുന്നതെല്ലാം ആ വലയം ഭേദിച്ചു പുറത്തുകടക്കും. അവയ്ക്കു കൊടുക്കേണ്ടിവരുന്ന വില പലപ്പോഴും ജീവിതത്തിന്റെ ആകെത്തുകയായിരിക്കും.

പിടിവാശി ചിലപ്പോൾ നല്ലതാകാം. എന്തിനുവേണ്ടിയാണ് ആ വാശി എന്നതിനെ ആശ്രയിച്ചിരിക്കുമത്. നിസ്സാരവും അനാവശ്യവുമായ കാര്യങ്ങൾക്കു വേണ്ടി നടത്തുന്ന ശണ്ഠകളാണ് ഗൗരവമുള്ള കാര്യങ്ങളെ അപ്രസക്തമാക്കുന്നത്. നേടിയ സ്ഥാനങ്ങളുടെയും സ്വത്തുക്കളുടെയും കണക്കിൽ അഭിമാനിക്കുമ്പോൾ, അവ നേടാനായി ബലികഴിച്ച മൂല്യങ്ങളെയും നിലപാടുകളെയും ബന്ധങ്ങളെയുംകൂടി കണക്കിലെടുക്കണം. സ്വന്തമാക്കുന്നതൊന്നും സ്വസ്ഥത നൽകുന്നില്ലെങ്കിൽ പിന്നെന്തിനാണു പിടിവാശി?

English Summary : Subhadinam, Food For Thought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com