ADVERTISEMENT

കൊച്ചി ∙ ഏകാന്തത നമുക്കു തന്ന നല്ല കൃതികളുണ്ട്. ഉത്കണ്ഠ പ്രതിപാദിക്കുന്ന കൃതികളുമുണ്ട്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ വന്നുചേർന്നിരിക്കുന്ന നിർബന്ധിത ഏകാന്തതയുടെ ഈ അനുഭവം നമുക്കു പുതിയതാണ്. ഇതു സാമൂഹികമായ അകലം പാലിക്കേണ്ട കാലമാണ്. ജനങ്ങളുമായി സംവേദനം നടക്കാത്ത, ജനങ്ങളോടു സംസാരിക്കാൻ പാടില്ലാത്ത കാലം.

ഇന്നു ലോകകവിതാദിനം. കോവിഡ് കാലത്തു സർഗാത്മക ലോകത്തെന്തു സംഭവിക്കുന്നെന്ന അന്വേഷണം ഈ ദിനത്തിൽ പ്രസക്തം. നിരന്തരം മനുഷ്യരുടെ ഇടപെടലുകളുമായി സംവദിക്കുന്ന കവികൾ നിർബന്ധിത തടവറയിലാണ്, എല്ലാവരെയുംപോലെ. ആഗോള ആശങ്കയുടെ ഭാഗമാണ് തങ്ങളുമെന്ന് ഇവരും തിരിച്ചറിയുന്നു.

കൊറോണയെന്ന പൊതുശത്രുവിനെ നേരിടാൻ ഇതുവരെ കാണാത്ത ഒരു ഊർജം മനുഷ്യരിലുണ്ട്. ചെയ്യുന്ന ഓരോ കാര്യത്തിലും അതു പ്രകടവുമാണ്. ഏതു ദുരിതാവസ്ഥകളെയും കവിതകൊണ്ടു നേരിടാനാകുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന കവികൾ കോവിഡ് കാലത്തെ തങ്ങളുടെ ലോകവും ചിന്തയും പങ്കുവയ്ക്കുന്നു;

കവിതയിലെ വൈറൽഭാവം

എസ്. കലേഷ്

കവിത ഒരു സാംക്രമികരോഗമാണ്. ഒരാളി‍ൽ നിന്നൊരാളിലേക്കും ആയിരങ്ങളിലേക്കും പടരാനും ചെന്നയിടം രൂപംമാറി സ്വന്തം ഇടമാക്കാനും കവിതയ്ക്ക് കഴിയും. അങ്ങനെ, കവിതയ്ക്ക് ഒരു വൈറൽഭാവമുണ്ട്. കവിത ബാധിച്ചാൽ രക്ഷപെടില്ല. കവിതയിൽ ശക്തരായവർ പോലും ജീവിതത്തിൽ ദുർബലർ. 

കവിതാവ്യാപനത്തിനു മുന്നിൽ ക്വാറന്റീൻ ഫലപ്രദമാകില്ല. കൊറോണയെ കൈകഴുകി പ്രതിരോധിക്കാം. കവിതയെ പ്രതിരോധിക്കാൻ ഐസലേഷൻ വാർഡിനും കഴിയില്ല. സൂക്ഷ്മമായ ജാഗ്രത മറികടന്ന് ആശുപത്രിതന്നെ അതു പിടിച്ചെടുക്കും. കവികളെ വെടിവച്ചു കൊന്നാലും കവിതകൾ തീരില്ല. കൊറോണ പടർന്നുപിടിച്ച ദിനങ്ങളിൽ കവിതാദിനം കടന്നുവരുന്നത് ഒട്ടും യാദൃച്ഛികമല്ല. ഈ വർഷമാണ് കവിതാദിനം ശരിക്കുമൊരു കവിതാദിനമായത്.

S. Kalesh
എസ്. കലേഷ്

പാഠപുസ്തകത്തിലല്ലാതെ, ആദ്യമായി കേട്ടുതറഞ്ഞു കൂടെക്കൂടിയ രണ്ടുവരി കവിത:

‘ആനയെക്കുഴിച്ചിട്ട കിണറ്റിൻവക്കത്തുണ്ടൊ-

രാൽമരം പന്തലിച്ചു പടുകൂറ്റനായ് നിൽപൂ’

എന്റെ ചെറുപ്പത്തിൽ പ്രീഡിഗ്രി വിദ്യാർഥിയായിരുന്ന അമ്മയുടെ അനിയൻ പഠിക്കാനായി വീട്ടിൽ വരും.‍‍‍‍ അമ്മാവൻ ഒരുവക പഠിക്കുന്നത് ഞാൻ കണ്ടിട്ടില്ല. രാത്രിയിൽ പുസ്തകം നോക്കി ഒരു കവിത നീട്ടിച്ചൊല്ലും. അങ്ങനെ രണ്ടുവരി ഞാൻ മനഃപാഠമാക്കി. ആന ചത്തുപോയെന്നു തുടങ്ങുന്ന ഒരു കവിതയായിരുന്നു അത്. പിന്നീട് ഞാൻ ആൽ കാണുമ്പോഴെല്ലാം സമീപത്ത് കിണർ തിരഞ്ഞു. കിണറു കാണുമ്പോൾ അതിൽ ആനയെ കുഴിച്ചിട്ടിട്ടുണ്ടോയെന്നു എത്തിക്കുത്തി നോക്കി. സമീപത്ത് ആലും തിരഞ്ഞുനടന്നു. എത്രയോ വർഷങ്ങൾക്കുശേഷമാണ് എൻ.വി.കൃഷ്ണവാരിയർ എഴുതിയ ആനക്കാരൻ എന്ന കവിതയായിരുന്നു അതെന്നു മനസ്സിലായത്. കവിതയുടെ സാംക്രമികതാശേഷി !

കോളജ് പഠനകാലത്തു കവിതയുടെ അസുഖമുള്ള പെണ്ണിനെ പ്രേമിച്ച ഒരു കൂട്ടുകാരനുണ്ടായിരുന്നു. റേഷൻ പോലെ കിട്ടിക്കൊണ്ടിരുന്ന പ്രേമം ഒന്നൂടെ വിശാലമാക്കാൻ പ്രേമലേഖനത്തിനൊപ്പം ഒരു കവിതകൂടി അവൻ എഴുതിവച്ചു. അമേരിക്കൻ കവിയായ കിമികോ ഹാന്റെ (Kimiko Hahn) ഇറോട്ടിക് ഭാവങ്ങളുള്ള ഒരുഗ്രൻ പ്രണയകവിത- ‘തൊണ്ണൂറ്റിയൊൻപതാം രാവിൽ കോമാച്ചി ഷോഷോയോട്’ ഡി.വിനയചന്ദ്രൻ മാഷിന്റേതായിരുന്നു വിവ‍ർത്തനം.

‘എന്റെ അനുഭൂതി ഞാൻ നിന്നോട് പറയാം എന്നു തുടങ്ങുന്ന കവിതയുടെ മൊഴിമാറ്റത്തിൽ മാഷ് ഭാഷയിലെ സദാചാരബോധം അടർത്തിമാറ്റി പച്ചമലയാളം വാക്കുകൾ പ്രയോഗിച്ചിരുന്നു. അയ്യപ്പപണിക്കർ സാർ എഡിറ്റ് ചെയ്തിരുന്ന കേരള കവിതയിൽ വന്ന കവിത. എന്റെ കൈവശമിരുന്ന പുസ്തകത്തി‍ൽ നിന്നാണു സുഹൃത്ത് വടിവൊത്ത അക്ഷരത്തിൽ പച്ചമഷിയിൽ കവിത പക‍ർത്തിയെഴുതിയത്. കത്തു കിട്ടിയ കാമുകി കവിത വായിച്ചശേഷം മേശവലിപ്പിലിട്ടു കുളിക്കാൻ പോയി. ചായയുമായി വന്ന അമ്മയ്ക്ക് നല്ല കാവ്യബോധം ഉണ്ടായിരുന്നു. കുളികഴിഞ്ഞുവന്നപ്പോഴേക്കും അവളുടെ കല്യാണത്തീയതി ഉറപ്പിച്ചിരുന്നു. കവിതയുടെ പ്രഹരശേഷി !

കൊറോണയെക്കുറിച്ചു കവിതയെഴുതാനൊന്നും കവികൾ ഇതുവരെ മുതിർന്നിട്ടില്ല. കൊറോണക്കവിതക ളൊന്നും കണ്ടില്ലല്ലോയെന്ന് ഫെയ്സ്ബുക്കിൽ കവികൾ പരിഹസിക്കപ്പെടുന്നുണ്ട്. പത്രവാർത്തകളെടുത്തു പേരും നാളും മാറ്റി കഥകളെഴുതുന്ന കഥാകൃത്തുക്കളോളം പരിഹാസത്തിനർഹരല്ല മലയാളകവികൾ. ഏതു ദുരിതാവസ്ഥകളെയും കവിതകൊണ്ടു നേരിടാനാകും. വരികളിലൊളിപ്പിച്ച ഒരുതരി സിദ്ധാന്തങ്ങൾ തന്നെ കവിതകൾ. പലകാലങ്ങൾ വരുതിക്കു നിറുത്താൻ ഒരുവരി മതി. ‍‍

പ്രയോഗിച്ചു പ്രയോഗിച്ച് അർഥം തേഞ്ഞുപോയ ഒരു വാക്യം ഈ ദിവസങ്ങളിൽ ഒന്നൂടെ എടുത്തെഴുതാൻ തോന്നുന്നു. സന്തോഷകാലങ്ങളിൽ വായിച്ചാൽ സന്താപം വരുന്നതും സന്താപകാലങ്ങളിൽ വായിച്ചാൽ സന്തോഷം വിടരുന്നതുമായ വാക്യം. റൂമിയുടെയും ബീർബലിന്റെയുമൊക്കെ പേരിൽ അറിയപ്പെടുന്ന ആ വരിയാണ് ഈ ദിവസം വായിക്കേണ്ട അർഥപൂർണമായ ഒരേയൊരു കവിതയെന്നും തോന്നുന്നു:

‘This too shall pass’

ഈ കാലവും കടന്നുപോകും !

സമൂഹസമ്പർക്കം നഷ്ടപ്പെട്ടു; നീട്ടിവച്ച പദ്ധതികൾ  പൂർത്തിയാക്കണം

കെ. സച്ചിദാനന്ദൻ

ഡൽഹിയിൽ കഴിയുന്ന ഞാൻ യാത്രകൾ ചുരുക്കി. പാർക്ക് വരെയുള്ള നടത്തമാണ് ഇപ്പോഴത്തെ പതിവുയാത്ര. 7നു ബെംഗളൂരുവിൽ പോയശേഷം എങ്ങും പോയിട്ടില്ല. കൂടുതൽ എഴുതാനും വായിക്കാനും സാധിക്കുമെന്നാണു കരുതുന്നത്. യാത്രയുടെ ഇടവേളകളിൽ കൂടുതലും വിമാനത്താവളങ്ങളിൽ ഇരുന്നു വായന തുടർന്ന എനിക്ക് ഇപ്പോൾ വീട്ടിലിരുന്നു വായിക്കാൻ സാധിക്കുന്നുവെന്നതാണു പ്രധാന വ്യത്യാസം. എഴുത്തിന് ഏകാന്തത ആവശ്യമാണെങ്കിലും സമൂഹവുമായി നിരന്തരം തുടർന്നുപോന്ന സമ്പർക്കമാണ് എഴുത്തിന് ശ്വാസം പകർന്നിരുന്നത്. അതു നഷ്ടപ്പെട്ടിരിക്കുകയാണ്. പാലിക്കാതെ വയ്യല്ലോ. അതു നാം മറ്റുള്ളവർക്കുവേണ്ടിക്കൂടി ചെയ്യേണ്ട കാര്യമാണല്ലോ.

K. Satchidanandan
കെ. സച്ചിദാനന്ദൻ

അതേസമയം, കുറേ നാളായി നീട്ടിവച്ച 2 പദ്ധതികൾ പൂർത്തിയാക്കാൻ ഈ സമയം പ്രയോജനപ്പെടുത്താൻ സാധിക്കുമോ എന്നു ശ്രമിക്കുന്നുണ്ട്. അതിലൊന്ന് അയ്യപ്പപ്പണിക്കരെക്കുറിച്ചു മോണോഗ്രാഫ് തയാറാക്കലാണ്. സാഹിത്യ അക്കാദമി ഏൽപിച്ചതാണത്. മരിച്ചുപോയ കവികളെക്കുറിച്ചു തയാറാക്കുന്ന പരമ്പരയുടെ ഭാഗമാണത്.

മറ്റൊന്നു ഭക്തകവിതകളുടെസമാഹാരമാണ്. നമ്മുടെ കവിതാപാരമ്പര്യത്തിൽ ചോദ്യം ചെയ്യലിന്റെ സാന്നിധ്യം വ്യക്തമാക്കുന്നതായിരിക്കും ഈ സമാഹാരം. 14 മുതൽ 19 വരെയുള്ള നൂറ്റാണ്ടുവരെയുള്ള ഇന്ത്യൻ ഭക്തകവികളിൽ 20 പേരെ അവതരിപ്പിച്ചുകൊണ്ടായിരിക്കും നമ്മുടെ ചോദ്യം ചെയ്യലിന്റെ പാരമ്പര്യത്തെ എടുത്തുകാണിക്കുക. 

സമത്വത്തിനുവേണ്ടി, മതത്തിനകത്തുനിന്നു സംഘടിതമതത്തിന്റെ കൊള്ളരുതായ്മകൾക്കെതിരെ ശബ്ദിച്ച ഇവരുടെ കവിതകളുടെ മലയാളവിവർത്തനത്തോടെ 3 മാസത്തിനകം ഇതു പൂർത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ. അക്കമഹാദേവി, ബസവണ്ണ, തുക്കാറാം, നാമദേവ്, ലാൽബഡ്, നരസിമേത്ത, കബീർ, സൂർദാസ് തുടങ്ങിയവരുടെ കൃതികൾ ഇതിലുൾപ്പെടുത്തും. കവിതയ്ക്കു പുറമേ ഞാൻ എഴുതിയ കഥകൾ സമാഹരിക്കാനും ആലോചിക്കുന്നു. 14 കഥകളുടെ സമാഹാരം പ്രസിദ്ധീകരിക്കാനാണ് ആലോചന.

ആഴത്തിൽ വായിക്കാനാകുന്നു, മനുഷ്യനെയും ജീവിതമെന്ന മഹാഗ്രന്ഥത്തെയും

കെ.ജി.ശങ്കരപ്പിള്ള

കഴിഞ്ഞ 10 വർഷമായി ഞാൻ ബെംഗളൂരുവിൽ സ്ഥിരതാമസമാണ്. ഇതുപോലൊരു ബെംഗളൂരു കണ്ടിട്ടില്ല. വഴികളെല്ലാം വിജനമാണ്. കടകൾ അടഞ്ഞുകിടക്കുന്നു. ഭയം വ്യാപിച്ചു. ഭയക്കേണ്ടതുണ്ട്. ഇപ്പോൾ ശരീരംകൊണ്ടു പുറത്തിറങ്ങാനാകുന്നില്ലെങ്കിലും മനസ്സ് പുറംരാജ്യങ്ങളിൽ സഞ്ചരിക്കുകയാണ്. ഹോങ്‌കോങ്ങിന്റെയും മറ്റും ഇന്നത്തെ അവസ്ഥ കാണുമ്പോൾ ഞാൻ പണ്ടു യാത്ര ചെയ്ത കാലം ഓർത്തുപോകുന്നു.

മാധ്യമങ്ങൾ വഴി എല്ലാ നാട്ടിലെയും വിവരങ്ങൾ തൽസമയം അറിയുന്ന നാം ആഗോള ആശങ്കയിലാണ്. മനസ്സ് കലുഷിതമായതിനാൽ ഒന്നും ചെയ്യാനാവാത്ത അവസ്ഥ. പ്രളയമാണെങ്കിൽ നമ്മുടെ അരിയും സാധനങ്ങളും മറ്റുള്ളവർക്കു പങ്കുവയ്ക്കാമായിരുന്നു. ഇതു പരസ്പരം സഹായിക്കാനാവാത്ത സാഹചര്യവുമാണ്

100 ശതമാനം നിസ്സഹായത. ഉപദേശങ്ങൾ പകരാം. അതു മാത്രമേ സാധിക്കൂ.

ബോധവൽക്കരണത്തിന്റെ കാര്യത്തിൽ മാധ്യമങ്ങൾ വഹിക്കുന്ന സേവനം സമാനതകളില്ലാത്തതാണ്. സമൂഹത്തെ ആശങ്കയിലാഴ്ത്താതിരിക്കാൻ നല്ല ശ്രദ്ധയും നൽകുന്നു. മനുഷ്യത്വം, മൂല്യങ്ങളുടെ അതിജീവ നം അതൊക്കെയാണ് ഇപ്പോൾ കാണാനാകുന്നത്.

അതിനിടെ നമ്മൾ നടപ്പാക്കിയ വധശിക്ഷയോട് എനിക്ക് യോജിക്കാനാവുന്നില്ല. എനിക്ക് വിശ്വാസമില്ല. നാം നടപ്പാക്കുന്ന ശിക്ഷയും മറ്റൊരു കൊലപാതകമാണ്. 4 മനുഷ്യരെ കൊന്നതുകൊണ്ട് കൊല്ലപ്പെട്ട കുട്ടിയെ തിരിച്ചുകിട്ടില്ല. ആജീവനാന്ത തടവിലിടാം. അതല്ലെങ്കിൽ ഈ മനുഷ്യ ശക്തിയെ മറ്റു രീതിയിൽ ഉപയോഗപ്പെടുത്താം. ശിക്ഷ മനുഷ്യരെ മാറ്റിയെടുക്കാൻ വേണ്ടിയാവണം. ഇവർ ചെയ്ത തെറ്റ് ലോകഹീനം തന്നെ. പക്ഷെ അതിന് ഇതല്ല ശിക്ഷ.

അക്രമങ്ങൾ കുറയുന്നു. ലോകം ജാഗ്രതയിലാണ്. എല്ലാവരും മനസ്സുകൊണ്ട് ഒന്നിക്കുന്നു. പൊതുശത്രുവി നെ കിട്ടുമ്പോൾ ഒന്നിക്കുന്നതാവാം. തമ്മിലടിക്കുന്ന രാഷ്ട്രീയക്കാർപോലും. ഇതിനു സമാനമായ യുദ്ധ കാലത്ത് സാധനങ്ങൾ പൂഴ്ത്തിവയ്ക്കുന്നതടക്കമുള്ള തിന്മകൾ ഉണരുന്ന പതിവുണ്ട്. എന്നാൽ അതൊന്നും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

kuzhur-wilson
കുഴൂർ വിൽസൺ

അതേസമയം ഈ അനുഭവങ്ങളിൽനിന്നു കവിതയുടേതായ രൂപത്തിലേക്ക് ഒന്നും സംഭവിച്ചിട്ടുമില്ല. മുങ്ങിയും പൊങ്ങിയും ഇതേ അനുഭവത്തിൽ കിടക്കുകയാണ്. ആഴത്തിൽ മനുഷ്യനെ വായിക്കാനാകുന്നുണ്ട്. കഴിഞ്ഞ മാസം വരെ നടക്കാൻ പോയിരുന്ന സ്ഥലം അടഞ്ഞു. പാർക്ക് അടച്ചു. ഒഴിഞ്ഞ വഴികളിൽ നടക്കാനാവാത്ത ഭയം. എതിരെ വരുന്ന അപരിചിതർ വൈറസ് വാഹകരാണോ എന്ന ഭയം.

കോവിഡ് സാഹചര്യത്തിൽ പുറത്തിറങ്ങാനാവാത‌ കഴിയുന്ന കവി കുഴൂർ വിൽസൺ രചിച്ച കവിത

മുഷിഞ്ഞു കിടന്ന വീടിനെ‌

പെങ്ങൾ വന്നു പൊടി തട്ടിയെ‌ുത്തു

കറപിടിച്ചു കിടന്ന പാത്രങ്ങൾ കഴുകി

കമഴ്ത്തി വച്ചു

പഞ്ചസാര അതിന്റെ സ്ഥലത്തു തന്നെ

പോയി ഇരിപ്പായി

അടങ്ങി ഒതുങ്ങി ഇരിക്കുന്ന തക്കാളികളെ കണ്ട് ചിരിപൊട്ടി

വേലിത്തലപ്പിലെ പൂക്കൾ അടുക്കളയിലേ

ക്കൊളിഞ്ഞു നോക്കി

അരി തിളച്ചു തൂവുന്നതിന്റെ മണം വിട്ട് വീട

തിന്റെ ഗമ കാട്ടി

മുറ്റവുമടിച്ചു പോകാൻ നേരം

നെറുകയിൽ ഒരുമ്മയും കൊടുത്തു

പെങ്ങൾ പോയപ്പോൾ

വീടുവിങ്ങിപ്പൊട്ടി

വീടിന്റെ അമ്മയാണു വന്നുപോയതെന്ന്

കരച്ചിലിൽ തോന്നി.

English Summary :  Writers Talks About World Poetry Day And Quarantine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com