sections
MORE

മരണത്താൽ മാത്രം തുറക്കുന്നൊരു വാതി‍ൽ; അപ്പുറം ഓർമ പൂക്കുന്ന സൂര്യകാന്തിപ്പാടം!

HIGHLIGHTS
  • വിടപറഞ്ഞ എഴുത്തുകാരൻ ഇ. ഹരികുമാറിനെപ്പറ്റി ഒരു ഓർമക്കുറിപ്പ്
E.Harikumar
ഇ.ഹരികുമാർ
SHARE

മരണംകൊണ്ടു മാത്രം തുറക്കാനാവുന്ന ഒാർമയുടെ ചില വാതിലുകളുണ്ട്. എത്രയോ വർഷംമുൻപ്, കൊച്ചിയിലെ ആ ഫ്ളാറ്റിലിരുന്ന് കുലീനസുന്ദരമായി എന്നോടു ജീവിതം പറഞ്ഞ ഹരികുമാറിനെ ഇന്നോർമിക്കാൻ മരണത്തോളം കൺവിൻസിങ് ആയ മറ്റൊരു കാരണമെന്തിന്്?

മലയാളമത്രയും അറിയപ്പെട്ടിരുന്ന കവിയുടെ മകൻ. എഴുതാൻ വാസനയുണ്ടെന്നു സ്വയമറിയാം. പക്ഷേ, ആശങ്ക നന്നായുണ്ട്. ആൽമരത്തിന്റെ ചുവട്ടിലെ തൈ വളരുമോ? ആർക്കറിയാം. മനസ്സിൽ തെളിമയുള്ള മഴയായി അച്ഛൻ പെയ്യുന്നൊരു മകന് പക്ഷേ, എഴുതാതിരിക്കാൻ ആവില്ലായിരുന്നു. വാക്കുകളെ അത്രമാത്രം സ്നേഹിച്ച്, സൂക്ഷ്മതയോടെ കൈകാര്യം ചെയ്ത ഇടശ്ശേരിയുടെ മകൻ. ബിംബങ്ങളേറെയുള്ള കവിതപോലെ മനോഹരമായ പൊന്നാനിയിലെ ആ വീട്ടിൽ എന്നും സാന്ദ്രമായ സാഹിത്യാന്തരീക്ഷമായിരുന്നു.

(ഹരികുമാർ തന്നെപ്പറ്റി പറയുമ്പോഴൊക്കെയും അച്ഛനെപ്പറ്റി പറഞ്ഞു. ആത്മകഥനങ്ങളൊക്കെയും അച്ഛനെ തൊട്ടാവുന്നത് ഒരാളുടെ ഭാഗ്യമോ നിർഭാഗ്യമോ? അറിയില്ല.)

അമിത സന്തോഷവും സങ്കടവും പുറത്തുകാണിക്കാത്തയാളായിരുന്നു ഇടശ്ശേരി. ആ അച്ഛനെക്കുറിച്ചു ഹരികുമാർ പിൽക്കാലത്തൊരു കഥയെഴുതി: ‘പ്രാകൃതനായ തോട്ടക്കാരൻ’ . അച്ഛൻ മക്കളെക്കാൾ സാഹിത്യത്തെയായിരുന്നു സ്നേഹിച്ചിരുന്നതെന്ന് ഹരിക്കു തോന്നിയിട്ടുമുണ്ട്. പക്ഷേ, ആ തോന്നലായിരുന്നില്ല സത്യം. ഊണു കഴിക്കുമ്പോൾ, എല്ലാവരും വയറു നിറയെ കഴിക്കുന്നില്ലേ എന്നു നോക്കാൻ അച്ഛൻ അരികിൽ വന്നിരിക്കുമായിരുന്നു . ‘ എന്റെ ഭീമസേനന് കുറച്ചൂടെ ചോറ് കൊടുക്ക്’ എന്ന് അമ്മയോടു പറയും. ഭീമസേനന് പക്ഷേ താനെഴുതിയ കഥകൾ അച്ഛനെ കാണിക്കാൻ മടിയായിരുന്നു. രാവിലെ ഇടശ്ശേരി ചായ കുടിക്കുമ്പോൾ പതിയെ, വിവർണ മുഖത്തോടെ, തലേന്നെഴുതിയ കഥയുമായി മകൻ അരികിൽ വന്നുനിൽക്കും... എത്ര വലുതായിട്ടും, എത്ര കഥയെഴുതിയിട്ടും അച്ഛനെ കഥ കാണിക്കാൻ അതേ മടി ഹരിയ്ക്കൊപ്പമുണ്ടായി.

E. Harikumar
ഇ.ഹരികുമാർ

ഹരിയുടെ ജീവിതത്തിന്റെ ആദ്യപാതി നഷ്ടപ്പെടലുകളുടേതായിരുന്നു. കൊൽക്കത്തയിലും തുടർന്ന് ഡൽഹിയിലും മുംബൈയിലുമൊക്കെ ജോലി നോക്കി. മുംബൈയിൽവച്ച്, ജോലി രാജിവച്ച് യന്ത്രസാമഗ്രികളുടെ ഒരു ബിസിനസ് തുടങ്ങി. ആ ബിസിനസ് പൊളിഞ്ഞു. ചീത്തക്കാലമായിരുന്നു അത്. കര കയറാൻ എല്ലാം വിൽക്കേണ്ടിവന്നു. മുംൈബയിലെ സ്വന്തം ഫ്ളാറ്റ് വിറ്റ്, ഹതാശനായി നാട്ടിലേക്കു തിരിച്ചു.

ആ ട്രെയിൻയാത്രയിൽ വിസ്മയം പോലെ, പ്രത്യാശയേകാൻ ഒരു കാഴ്ച ഹരിയെ കാത്തിരിക്കുന്നുണ്ടായിരുന്നു. പുണെ എത്തുന്നതിനുമുൻപ്. ലോനാവിലയിലെ മലയുടെ താഴ്‍വാരത്താണു ഹരി അതു കാണുന്നത്. പൂത്തുനിൽക്കുന്ന കാശിത്തുമ്പയുടെ ഒരു കടൽ! 

എന്തോ, ആ കാഴ്ച ഹരിയെ ചലിപ്പിച്ചു. വരുംപാതകളിൽ പ്രത്യാശയുടെ പ്രകാശമുണ്ടെന്ന് ഒാർമിപ്പിച്ചു. സർവവും വിറ്റ്, മടക്കത്തീവണ്ടിയിൽ തിരിച്ചുവരുന്ന ആ യാത്രക്കാരൻ എവിടെയോ പ്രതീക്ഷിക്കാൻ, എന്തോ ഉണ്ടെന്നറിയുകയായിരുന്നു.. ആ അറിവ് പിന്നീട് യാഥാർഥ്യമായി. ഹരി തിരിച്ചുവന്നത് തിരിച്ചുനേടലിന്റെ , തൃപ്തിയുടെ ലോകത്തേക്കായിരുന്നു.

ഈ അനുഭവത്തെ 1987 ജനുവരിയിൽ ഹരികുമാർ ചെറുകഥയിലാക്കി. ‘സൂര്യകാന്തിപ്പൂക്കൾ’ എന്നു പേരിട്ട ആ കഥ ആശയറ്റവന്റെ മുന്നിൽ തുറന്ന പ്രത്യാശയുടെ പൂക്കടലാണ്.

സുന്ദരമായ ഈ കഥയുടെ കഥ അതിലും സൗന്ദര്യത്തോടെ എന്നോടു പറഞ്ഞ ആ സുഹൃത്ത് യാത്രയായിരിക്കുന്നു.

E. Harikumar
ഇ. ഹരികുമാർ

ലോനാവിലയിലെ മലയുടെ താഴ്‍വാരത്ത് ഇപ്പോഴും ആ കാശിത്തുമ്പക്കടൽ ഉണ്ടാവുമോ, ആവോ? ഉണ്ടെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു.

മരിക്കാനുള്ളതല്ല, ചില ഒാർമകൾ.

English Summary : In Memory Of Writer E. Harikumar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA
;