ADVERTISEMENT

യൂറോപ്പിലെ നഗരങ്ങൾ കൊറോണ വൈറസിന്റെ പിടിയിലായതോടെ ഫ്രഞ്ച് നോവലിസ്റ്റ് ആൽബേർ കമ്യുവിന്റെ 1945 ലിറങ്ങിയ നോവലായ ‘ദ് പ്ലേഗി’ന്റെ വിൽപന കുതിച്ചുയർന്നു. കഴിഞ്ഞ ദിവസം വായിച്ച ഒരു ലേഖനത്തിൽ പ്ലേഗിന്റെ പുതിയ ഇംഗ്ലിഷ് പരിഭാഷ ഇറങ്ങാനിരിക്കെയാണു കോവിഡ്19 അധിനിവേശം എന്നും സൂചിപ്പിക്കുന്നുണ്ട്. പുതിയ പതിപ്പിന് അവതാരിക എഴുതുന്ന പ്രഫ. ആലിസ് കപ്ലാൻ, മഹാമാരിയുടെ കാലത്ത് കമ്യുവിന്റെ നോവലിനെപ്പറ്റി ഹോങ്കോങ്ങിലെയും വുഹാനിലെയും വരെ കുട്ടികൾക്ക് ഓൺലൈനിൽ ക്ലാസെടുക്കേണ്ടി വന്നപ്പോഴുണ്ടായ അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്.

 

കമ്യുവിന്റെ നോവലിൽ അൽജീരിയയിലെ ഒറാൻ എന്ന നഗരത്തെയാണു മഹാമാരി ഗ്രസിക്കുന്നത്. എല്ലാവരും ഭയന്നോടുമ്പോൾ പ്ലേഗിനെതിരായ ചെറുത്തുനിൽപിനെ സൂചിപ്പിച്ചു ഡോക്ടറായ  കമ്യുവിന്റെ കഥാപാത്രം പറയുന്നത് ഇതാണ് – ‘ഇതിൽ ഹീറോയിസം ഒന്നുമില്ല. ഇത് പൊതു മര്യാദയുടെ കാര്യം മാത്രം. മറ്റാളുകൾക്ക് അതെന്താണ് അർഥമാക്കുക എന്നെനിക്കറിയില്ല. എനിക്കത് എന്റെ ജോലികൂടിയാണ്.’

 

രണ്ടാം ലോകയുദ്ധകാലത്തു ഫ്രാൻസിലെ ജർമൻ അധിനിവേശത്തിന്റെ അലിഗറിയായാണു നോവലിൽ കമ്യു പ്ലേഗിനെ ഉപയോഗിച്ചത്. നാത്‌‍സി അധിനിവേശത്തിനെതിരായ ചെറുത്തുനിൽപ് മനുഷ്യാന്തസ്സിന്റെ പ്രശ്നമാണെന്നാണു കമ്യു ആവർത്തിച്ചത്. നാത്‌‍സികൾ ഫ്രാൻസ് കീഴടക്കിയപ്പോൾ എത്രകാലം ആ അധിനിവേശം നീണ്ടുനിൽക്കുമെന്ന് ആർക്കുമറിയില്ലായിരുന്നു. ചിലർ കരുതി, നാം മാറിയ ലോകസാഹചര്യങ്ങളോടു പൊരുത്തപ്പെടണം. ഇനി മുതൽ ഫ്രാൻസ് എന്നും ജർമൻ നാത്‌‍സി സാമ്രാജ്യത്തിന്റെ ഭാഗമായിരിക്കും. മറ്റു ചിലരാകട്ടെ ആഴ്ചകൾക്കകം എല്ലാം പഴയതുപോലെയാകുമെന്നും.

The Magic Mountain
ദ് മാജിക് മൗണ്ടൻ

 

 

കൊറോണ വൈറസ് പടർന്നതോടെ തിരക്കൊഴിയാത്ത പാരിസ് നഗരം പൊടുന്നനെ വിജനമായി. പ്ലേഗിനെ പരാമർശിക്കാതെ ഒരു ഫ്രഞ്ച് ദിനപത്രവും കഴിഞ്ഞ ഒരു മാസത്തിനിടെ ഇറങ്ങിയില്ല. കമ്യുവിന്റെ നോവലിനെ ഒരു വാക്സിൻ പോലെയാണ് ആളുകൾ സമീപിച്ചതെന്ന് ആലീസ് കപ്ലാൻ സൂചിപ്പിക്കുന്നുണ്ട്, നമ്മെ സുഖപ്പെടുത്തുന്ന എന്തോ ഒന്ന് അതിലുണ്ടെന്ന്. അല്ലെങ്കിൽ ഈ മഹാമാരിയെക്കുറിച്ച് ഉൾക്കാഴ്ച പകരുന്ന എന്തെങ്കിലും ആ താളുകളിലുണ്ടാകാം എന്ന്.

 

 

‘ക്വാറന്റീൻ’ എന്ന ആശയം വിശദീകരിക്കുന്നതിനിടെ ഒരാൾ ഏകാന്തതയും ഒറ്റപ്പെടലും തമ്മിലുള്ള വ്യത്യാസം സൂചിപ്പിക്കുകയായിരുന്നു. ഏതു ജനസഞ്ചയത്തിനു നടുവിലും സ്നേഹിതർക്കു നടുവിലും നാം ഏകാന്തരാകാറുണ്ട്. മനുഷ്യരിൽനിന്ന് വിട്ടുനിൽക്കുന്നതിന്റെ ആത്മീയാവശ്യം കൂടിയാണത്, ഏകാന്തത. എന്നാൽ ഒറ്റപ്പെടൽ എന്നത് സാമൂഹികാവസ്ഥയാണ്. അത് ഒരാൾക്കു മേൽ അടിച്ചേൽപിക്കുന്നതാണ്. മനുഷ്യരോടു ബന്ധപ്പെടാനായി നിരന്തരം കൊതിച്ചുകൊണ്ടിരിക്കുമ്പോഴും അതിനു സാധിക്കാതെ എനിക്കു വേണ്ടപ്പെട്ടവരിൽനിന്നു ഞാൻ പിരിഞ്ഞുനിൽക്കേണ്ടി വരുന്ന നിർബന്ധിത സാഹചര്യമാണു ക്വാറന്റീൻ.

Thomas-Mann
തോമസ് മൻ

 

 

രണ്ടാം ലോകയുദ്ധകാലത്തു ജർമനിയിൽ ഹോളോകോസ്റ്റ് യാതനകളിലൂടെ കടന്നുപോയ ജൂതരിൽ ചിലർ പിന്നീടു മറ്റു നാടുകളിലേക്കു കുടിയേറി അവിടെ നല്ല പദവിയും സൗകര്യങ്ങളുമെല്ലാം നേടിയെങ്കിലും ഭക്ഷ്യവസ്തുക്കൾ അമിതമായി ശേഖരിക്കുന്ന ശീലം ഉപേക്ഷിക്കാത്തതിനെപ്പറ്റി വായിച്ചതോർക്കുന്നു. യുദ്ധകാല ഭീതികൾ അവരെ വിട്ടുപോകുന്നില്ല. നമ്മുടെ ഈ ക്വാറന്റീൻ കാലം കഴിഞ്ഞാലും ഇപ്പോൾ നാം പാലിക്കുന്ന ചില ശീലങ്ങൾ വീണ്ടും തുടർന്നേക്കുമോ...

 

 

Blindness
ബ്ലൈൻഡ്നെസ്സ്

പൊതുടാപ്പിലെ വെള്ളം മലിനമാണെന്ന പ്രശ്നം പരിഹരിച്ചാലും പിന്നീടൊരിക്കലും പൊതുടാപ്പിലെ വെള്ളം കുടിക്കാൻ ഒരാൾക്കു സാധിക്കാത്തതുപോലെ, സാമൂഹിക അകലത്തിനായുള്ള നിയന്ത്രണങ്ങൾ ആ സാഹചര്യങ്ങൾ ഇല്ലാതായാലും തുടരുമോ? ഹസ്തദാനത്തിനു മടിക്കുക, തുടർച്ചയായി കൈകഴുകിക്കൊണ്ടിരി ക്കുക, തിരക്കുളള ഇടങ്ങളെ ഭയക്കുക. 

 

 

ക്വാറന്റീൻ ആശയത്തെ മനുഷ്യഭാവന ഏതെല്ലാം രീതിയിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് ഞാൻ ആലോചിച്ചുനോക്കി. ഒരാൾ മറ്റെല്ലാവരിൽനിന്നും അകന്നു ജീവിക്കേണ്ടി വരുമ്പോൾ എന്തെല്ലാം സംഭവിക്കാം. ടോം ഹാങ്ക്സ് നായകനായ ‘കാസ്റ്റ്എവേ’ എന്ന സിനിമ ഓർമയില്ലേ. അതിലെ നായകൻ നാലുവർഷമാണ് മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിൽ കഴിഞ്ഞുകൂടുന്നത് - ഒരു വോളിബോൾ മാത്രമായിരുന്നു അയാൾക്കു കൂട്ട്. ബോളിന് ഒരു മുഖം വരച്ചശേഷം അതിനെ വിൽസൻ എന്നാണ് ടോം ഹാങ്ക്സിന്റെ കഥാപാത്രം വിളിച്ചിരുന്നത്. നാലുവർഷം വോളിബോളിനോടു സംസാരിച്ച് അയാൾ ജീവിതം മുന്നോട്ടുകൊണ്ടുപോയി. മനുഷ്യബന്ധം ജൈവികമായ ദാഹമാണ്, അതടങ്ങാതെ മനുഷ്യന് അതിജീവിക്കാനാവില്ല.

 

 

ഒന്നാം ലോകയുദ്ധത്തിനു മുൻപു വരെ ക്ഷയരോഗികളെ തനിച്ചു പാർപ്പിക്കുന്ന സാനിട്ടോറിയങ്ങൾ യൂറോപ്പിലുണ്ടായിരുന്നു. സാമ്പത്തികശേഷിയുള്ള കുടുംബങ്ങളിലെ ആളുകൾ ക്ഷയരോഗികളായാൽ ഈ സ്ഥലങ്ങളിൽ പോയി ചികിത്സ തുടരും. മനോഹരമായ പർവതപ്രദേശം, ശുദ്ധവായു, പ്രശാന്തത. സ്വിറ്റ്സർലൻഡിലെ ദാവൂസിൽ ആൽപ്സ് പർവതനിരയിലെ ഇത്തരമൊരു സാനിറ്റോറിയത്തിലേക്കു സന്ദർശകനായി പോകുന്ന ഹാൻസ് കാസ്റ്റോ എന്ന ചെറുപ്പക്കാരൻ അവിടെ ഏഴു വർഷം ചെലവഴിക്കേണ്ടി വരുന്ന കഥയാണ് തോമസ് മൻ രചിച്ച വിഖ്യാതമായ ‘ദ് മാജിക് മൗണ്ടൻ’(1924). 

 

 

മൂന്നാഴ്ച തങ്ങാൻ വേണ്ടി അവിടേക്കെത്തുന്ന ഹാൻസ് കാസ്റ്റോയോട് അവിടെ താൻ ആറുമാസത്തോ ളമായി താമസിക്കുന്നുവെന്ന് കസിൻ പറയുമ്പോൾ അയാൾ അന്തം വിടുന്നുണ്ട് - ആറുമാസമോ.. ആർക്കാണ് അത്രയും സമയം അവിടെ ചെലവഴിക്കാനാകുക..! ഇതിനു കസിൻ നൽകുന്ന മറുപടി രസകരമാണ്. സമയം സംബന്ധിച്ച മനുഷ്യന്റെ സങ്കല്പങ്ങൾ മാറ്റിമറിക്കപ്പെടുന്ന സ്ഥലമാണത്. മൂന്നാഴ്ച അവിടെ രണ്ടു ദിവസം മാത്രമാണ്.

 

 

ബാഹ്യലോകം പുറത്താക്കുന്ന ഒരു അന്തരീക്ഷത്തിൽ കാലം മറ്റൊരു അനുഭവമാകുന്നു. ആർഭാടമായ കാലം എന്നാണ് അതിനെ വിളിക്കുക. മാജിക് മൗണ്ടന്റെ രചനയ്ക്കു കാരണമായ സംഭവം തോമസ് മൻ ഒരിക്കൽ വിവരിക്കുകയുണ്ടായി. 1912 ൽ അദ്ദേഹത്തിന്റെ ഭാര്യക്ക് ശ്വാസകോശ സംബന്ധമായ ചില അസുഖങ്ങളു ണ്ടായി. അതു ഗുരുതരമായിരുന്നില്ല. എങ്കിലും ദാവോസിലെ സാനിറ്റോറിയത്തിൽ ആറുമാസം ചെലവഴി ക്കാൻ ഡോക്ടർ നിർദേശിച്ചു. ഭാര്യയുടെ സാനിറ്റോറിയം വാസത്തിനിടെ ഒരു ദിവസം ഹ്രസ്വ സന്ദർശന ത്തിന് തോമസ് മൻ അവിടെ എത്തുന്നുണ്ട്. 

 

 

അവിടെത്തെ അന്തരീക്ഷവും ഏകാന്തതയും രസിച്ച മൻ അവിടെ ഏതാനും ദിവസം തങ്ങാൻ തീരുമാനിക്കു കയാണ്. മാജിക് മൗണ്ടനിലെ നായക കഥാപാത്രം തീരുമാനിക്കുന്നതുപോലെ തന്നെ. അങ്ങനെയിരിക്കെ ചുമയും ജലദോഷവും അനുഭവപ്പെട്ട മൻ, സാനിറ്റോറിയത്തിലെ ഡോക്ടറെ സമീപിക്കുകയാണ്. അദ്ദേഹം പരിശോധനയിൽ തോമസ് മന്നിനു ക്ഷയരോഗ ലക്ഷണം കാണുകയും അദ്ദേഹത്തോട് അവിടെ 6 മാസം തുടരാൻ നിർദേശിക്കുകയുമാണ്. 

 

 

സന്ദർശകനായി വന്നയാൾ രോഗിയായി അവിടെ കുടുങ്ങിപ്പോകേണ്ടിവരുന്ന അവസ്ഥയാണു മാജിക് മൗണ്ടന്റെ പിറവിക്കു കാരണമായത്. ആറുമാസം അവിടെ കഴിയുന്നതിനു പകരം തിരിച്ചെത്തി മാജിക് മൗണ്ടൻ എഴുതാൻ തുടങ്ങി തോമസ് മൻ. നോവലിൽ മൂന്നാഴ്ച സന്ദർശനത്തിനെത്തിയ ഹാൻസ് കാസ്റ്റോ സാനിറ്റോറിയത്തിൽ ചെലവഴിക്കുന്നത് ഏഴു വർഷമാണ്.

 

ബാഹ്യലോകത്തുനിന്നകന്നു ചെറിയ ഒരു സംഘത്തിനകത്തു ജീവിതം കഴിക്കുന്നതിനെ തോമസ് മൻ ‘സബ്സ്റ്റിറ്റ്യൂട്ട് എക്സിസ്റ്റൻസ്’ എന്നാണു വിളിക്കുന്നത്. യഥാർഥജീവിതം അസാധ്യമാക്കുന്ന ഇത്തരം സാനിറ്റോറിയങ്ങൾ ക്ഷയരോഗചികിത്സയ്ക്കു പുതിയ വഴികൾ തെളിഞ്ഞതോടെ ഒന്നാം ലോകയുദ്ധ ത്തോടെ യൂറോപ്പിൽനിന്ന് അപ്രത്യക്ഷമായി. സ്വിസ് മലനിരകളിലെ സാനിറ്റോറിയങ്ങളെല്ലാം പിന്നീടു വിനോദസഞ്ചാരികൾക്കു താമസിക്കാനുള്ള ഹോട്ടലുകളായും പരിവർത്തനം ചെയ്തു.

 

കോവിഡിനുശേഷമുള്ള ലോകം എങ്ങനെയായിരിക്കുമെന്നു നമുക്ക് ഇപ്പോൾ പ്രവചിക്കാനാവില്ല. ജീവിതം ഒരുപക്ഷേ കുറച്ചുകൂടി സമാധാനപൂർണമായേക്കാം. ഒരുപക്ഷേ, കൂടുതൽ അന്ധകാരം നമ്മെ ബാധിക്കുമോ? ദുരന്തങ്ങൾക്കു നടുവിൽ മനുഷ്യർ മറ്റെല്ലാം മറന്ന് ഒരുമിക്കുമെന്നതു മാനവരാശിയുടെ വലിയ സങ്കൽപ മാണ്. യാഥാർഥ്യം അങ്ങനെയാവണമെന്നില്ല. ഷുസെ സരമാഗുവിന്റെ രണ്ടാമതൊരു വട്ടം എനിക്ക് വായിക്കാനാവാത്ത ഒരു നോവലേ ഉളളു, അത് ‘ബ്ലൈൻഡ്നസ്’ ആണ്. 

 

 

സരമാഗുവിന്റെ ഏറ്റവും പേരുകേട്ട രചനകളിലൊന്നാണത്. ഒരു രാജ്യത്ത് അന്ധത മഹാമാരിയായി പടരുന്നതാണ് ഇതിവൃത്തം. കോവിഡ്19 പടരുന്നതുപോലെ അതിവേഗം അന്ധത ഒരാളിൽനിന്ന് മറ്റൊരാളിലേക്കു പടരുന്നു. ട്രാഫിക് സിഗ്നൽ കാത്തുകിടക്കുമ്പോഴാകാം, അല്ലെങ്കിൽ അപാർട്മെന്റിലേക്കുള്ള പടികൾ കയറുമ്പോൾ, അതുമല്ലെങ്കിൽ ഇണ ചേരുന്നതിനിടെ അന്ധത നിങ്ങളെ ബാധിക്കും. ഇങ്ങനെ അന്ധരായവരെ സർക്കാർ കൂട്ടത്തോടെ ഒരു വലിയ കെട്ടിടസമുച്ചയത്തിൽ ഐസലേഷനിൽ പാർപ്പിക്കുന്നു. എന്നിട്ട് ആ പ്രദേശത്തു ശക്തമായ സൈനിക കാവലേർപ്പെടുത്തുകയാണ്, ആരും ചാടിപ്പോകാതിരിക്കാൻ.

 

 

അന്ധർ അന്ധരെ നയിക്കുന്ന ആ കേന്ദ്രത്തിൽ പിന്നീടു സംഭവിക്കുന്ന കാര്യങ്ങൾ വായനക്കാരെ ഞെട്ടിക്കും. ബലം കുറഞ്ഞവരെ ബലം കൂടിയവർ അടിമകളാക്കുന്നു. അന്ധരുടെ ലോകത്ത് ഒരു പുതിയ ഭരണക്രമം രൂപം കൊള്ളുന്നു. കഷ്ടപ്പാടുകൾക്കും ദുരന്തങ്ങൾക്കും നടുവിൽ മനുഷ്യനിലെ ഏറ്റവും ഹീനമായ വാസനകൾ ആധിപത്യം നേടുന്നു. ദയ, സഹാനുഭൂമി തുടങ്ങിയ വികാരങ്ങൾ അപരിചിതമാകുന്നു.

 

 

ഒരു മഹാമാരിയുടെ നടുവിൽ ലക്ഷക്കണക്കിനു മനുഷ്യർ ആരോരുമില്ലാതെ നമ്മുടെ മഹാരാജ്യത്തിന്റെ തെരുവിലൂടെ കുഞ്ഞുങ്ങളെയും കയ്യിലേന്തി നടന്നുപോകുന്നതിന്റെ കാഴ്ചകൾ നാം ഇപ്പോൾ കണ്ടുകഴിഞ്ഞതേയുള്ളു. പണിതേടി നാടുവിട്ടുപോയവർ തിരിച്ചെത്തുമ്പോൾ നാട് അവരെ പുറത്താക്കുന്നു. അവരാണു നമ്മുടെ ദുരിതത്തിനു കാരണമെന്നു നാം വിശ്വസിക്കുന്നു. അവരുടെ ക്വാറന്റീൻ പക്ഷേ നമ്മുടേതു പോലെയല്ല അവസാനിക്കുക എന്ന് നാം ഇപ്പോൾ ഓർക്കേണ്ടതുണ്ട്. കമ്യു പറഞ്ഞതുപോലെ, ഇതിൽ ഹീറോയിസം ഒന്നുമില്ല. നമ്മുടെ മര്യാദ നമ്മെ എന്തു ചെയ്യാൻ അനുവദിക്കുന്നു എന്നതുമാത്രമാണു കാര്യം.

 

English Summary : Albert Camus ‘The Plague’  lessons about fear, quarantine 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com