28–ാം വയസ്സിൽ കന്നി നോവൽ ബുക്കര്‍ പ്രൈസ് ചുരുക്കപ്പട്ടികയില്‍; ചരിത്രം കുറിച്ച് മാരികെ...

Marieke Lucas Rijneveld
മാരികെ ലുക്കാസ് റിജന്‍വെല്‍ഡ്
SHARE

ലോകപ്രശസ്തമായ ബുക്കര്‍ പ്രൈസിന്റെ ചുരുക്കപ്പട്ടികയില്‍ ഇത്തവണ ഒരു 28 വയസ്സുള്ള വ്യക്തിയുടെ കന്നിനോവലും. ലോങ് ലിസ്റ്റില്‍ നിന്ന് 6 പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചപ്പോഴാണ് ബുക്കര്‍ പുരസ്കാരത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരില്‍ ഒരാളും ശ്രദ്ധയില്‍പ്പെട്ടത്. ഡച്ച് നോവലിസ്റ്റായ മാരികെ ലുക്കാസ് റിജന്‍വെല്‍ഡ് ആണ് തന്റെ ആദ്യത്തെ നോവലുമായി പ്രശസ്തിയുടെ പടിവാതില്‍ക്കല്‍ നില്‍ക്കുന്നത്. 

മുന്‍പ് 2018 ല്‍ ഒരു 27 വയസ്സുകാരി ബുക്കറിന്റെ ചുരുക്കപ്പട്ടികയില്‍ എത്തിയിരുന്നു. ബ്രിട്ടിഷ് എഴുത്തുകാരിയായയ ഡെയ്സി ജോണ്‍സണ്‍. ഡച്ച് നോവലിസ്റ്റായ മാരികെ ബഹുവചന നാമങ്ങളിലാണ്  സ്വയം പരിചയപ്പെടുത്തുന്നത്. 

താന്‍ എന്നതിനു പകരം തങ്ങള്‍. അവന്‍, അവൾ എന്നതിനു പകരം അവര്‍ എന്ന രീതിയില്‍. ‘ദ് ഡിസ്കംഫര്‍ട് ഓഫ് ഈവനിങ്’ എന്നാണ് നോവലിന്റെ പേര്. ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്തത് മൈക്കല്‍ ഹച്ചിന്‍സന്‍. ഒരു പെണ്‍കുട്ടിയാണ് നോവലിലെ നായിക. കഥയ്ക്ക് ആധാരം നോവലിസ്റ്റിന്റെ‌ സ്വന്തം അനുഭവങ്ങള്‍ തന്നെ. മാരികെയുടെ 12 വയസ്സുള്ള സഹോദരന്‍ ഒരു ബസ് അപകടത്തിലാണ് മരിക്കുന്നത്. അതാണ് നോവലിന്റെ പ്രമേയവും. 

ഒരു പെണ്‍കുട്ടിയുടെ കണ്ണുകളിലൂടെ ലോകത്തെ കാണുന്നതിന്റെ എല്ലാ പ്രത്യേകയുമുണ്ട് നോവലിന്റെ ഭാഷയ്ക്കെന്ന് വിധകര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. അക്രമവും കൊലപാതകവും പീഡനങ്ങളും എല്ലാം നിറഞ്ഞ ലോകത്തെ നിഷ്കളങ്കയായ ഒരു കുട്ടി നോക്കിക്കാണുമ്പോള്‍ അനാവരണം ചെയ്യപ്പെടുന്നതു പുതിയൊരു ലോകമാണ്.

The Discomfort of Evening
‘ദ് ഡിസ്കംഫര്‍ട് ഓഫ് ഈവനിങ്’

ബുക്കര്‍ ചുരുക്കപ്പട്ടികയെത്തില്‍ എത്തിയ മറ്റു നോവലുകള്‍: 

1. ദ് എന്‍ലൈറ്റന്‍മെന്റ് ഓഫ് ദ് ഗ്രീന്‍ഗേജ് ട്രീ. 

   ഷൊക്കേഫെ അസര്‍ 

2. ദ് അഡ്‍വെഞ്ച്വേഴ്സ് ഓഫ് ചൈന അയണ്‍ 

  ഗബ്രിയേല കാബ്സണ്‍ കാമറ 

3. ടില്‍ 

   ഡാനിയേല്‍ കേല്‍മാന്‍ 

4. ഹറീകേന്‍ സീസണ്‍ 

   ഫെര്‍ണാണ്ഡ മെല്‍ച്ചര്‍ 

5. ദ് മെമ്മറി പൊലീസ് 

    യോക്കോ ഒഗോവാ 

അടുത്ത മാസം 19 ന്  ബുക്കര്‍ രാജ്യാന്തര സാഹിത്യ സമ്മാന ജേതാവിനെ അറിയാം. അതിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇനി സാഹിത്യലോകം. 

English Summary : International Booker prize shortlist led by 28-year-old’s debut

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;