ADVERTISEMENT

പുനത്തിൽ കുഞ്ഞബ്‌ദുള്ളയുടെ ഒരു കരച്ചിൽ എന്ന ഈ കഥ വായിക്കുമ്പോൾ ഒരു ചെറുചിരി  ഊറി വരും. ഇൻജക്‌ഷൻ വയ്‌ക്കുമ്പോഴുള്ള ഒരു ചെറിയ വേദന ആദ്യം തോന്നാം. പെട്ടെന്ന് അത് മാറി നാം മന്ദഹസിക്കും. അതാണ് ഈ കഥ നൽകുന്നത്. യഥാർഥത്തിൽ ഒരു കഥ നൽകേണ്ടതും അതാണ്. സൂചി കുത്തിയിറക്കുന്നതു  പോലെയാവണമല്ലോ കഥ.

 

 

അതാണല്ലോ കുഞ്ഞുണ്ണി മാഷ് എഴുതിയത്,  നിങ്ങളൊരു കട്ടാരം എന്റെ കരളിലാഴ്‌ത്തുന്നു. ഞാനൊരു വാക്ക് നിങ്ങളിലാഴ്‌ത്തുന്നു. കട്ടാരം നിങ്ങളല്ലെങ്കിൽ മറ്റാരെങ്കിലും ഊരിയെടുക്കുന്നു. വാക്ക് നിങ്ങളിലും മറ്റുള്ളവരിലും വേരോടി വളർന്ന് പൂത്തു കായ്‌ക്കുന്നു എന്ന്. ഈ കഥയും നിങ്ങളിൽ നിന്ന് ഊരിയെടുക്കാനാവില്ല. 

 

 

‘ഞാൻ  കളിച്ചു നടക്കുന്ന കൊച്ചുകുട്ടിയായിരിക്കുമ്പോഴാണ് എന്റെ അമ്മ മരിച്ചത്. അന്ന്  ഞാൻ കരഞ്ഞില്ല. കാരണം മരണം എന്താണെന്ന് അന്നെനിക്കറിയില്ലായിരുന്നു. വർഷങ്ങൾ ഏറെ കഴിഞ്ഞു. എന്റെ അച്‌ഛനും മരിച്ചു. എന്നിട്ടും ഞാൻ കരഞ്ഞില്ല. കാരണം മരണം എന്താണെന്ന് അപ്പോഴേക്കും എനിക്കറിയാമായിരുന്നു”– എന്നത്രേ കഥ.

 

 

ചിലത് അറിയാതിരിക്കുന്നതാണ് നല്ലതെന്നു പറയാറുണ്ട്. മരണം എന്താണെന്ന് കുഞ്ഞുന്നാളിൽ അറിയാതിരുന്നതുകൊണ്ടാണ് കുഞ്ഞബ്‌ദുള്ള കരയാതിരുന്നത്. എന്നാലോ ചില കാലത്ത് ചിലത് അറിയുകയും വേണം. അതു കൊണ്ടാണ് അച്‌ഛൻ മരിച്ചപ്പോൾ കുഞ്ഞബ്‌ദുള്ള കരയാതിരുന്നത്. 

അച്‌ഛനമ്മമാർ മരിച്ചു പോയവർ ഈ കഥ വായിക്കുമ്പോൾ അന്ന് കരഞ്ഞതോർക്കും. അല്ലാത്തവർ അച്‌ഛനോ അമ്മയോ മരിക്കുമ്പോൾ ഈ കഥ ഓർക്കും. 

 

 

മരുന്ന് എഴുതിയെന്നു കരുതി കുഞ്ഞബ്‌ദുള്ളയ്‌ക്ക് വേറെ മരുന്ന് കുറിച്ചുകൂടെന്നില്ലല്ലോ. കരയാതിരിക്കാ നുള്ള ഒരു മരുന്ന് കുറിപ്പടിയാണിത്. മരുന്നു കുറിപ്പടിയുടെ നീളമേ ഈ  കഥയ്‌ക്കുള്ളൂ. ഇത് ദിവസവും നാലുനേരം തിളപ്പിച്ചാറിയ വെള്ളത്തിൽ  കഴിക്കണമെന്നല്ല, ജീവിതത്തിൽ ആകെ രണ്ടുനേരം കഴിച്ചാൽ മതി. അച്‌ഛൻ മരിക്കുമ്പോഴും അമ്മ മരിക്കുമ്പോഴും. 

 

 

ഒരു രോഗി പുറത്തേക്ക് പോവുകയും അടുത്ത രോഗി അകത്തേക്ക് കയറുകയും ചെയ്യുന്നതിനിടയിലുള്ള നേരം കൊണ്ട് ഒരു ഡോക്‌ടർക്ക് കഥയെഴുതാനാവുമോ? അത്ര കുറച്ചു നേരം കൊണ്ട് എഴുതിയ കഥയാണിതെന്നു തോന്നും. രോഗി പുറത്തേക്ക് പോയാലും അകത്തേക്ക് കയറിയാലും കഥ വായനക്കാരുടെ അകത്തേക്ക് കയറി എന്നുറപ്പ്. 

 

എത്രയോ നാൾ പുനത്തിൽ കുഞ്ഞബ്‌ദുള്ള ക്ലിനിക്കിൽ ഉണ്ടായിരുന്നു. ക്ലിക്കിൽ ഇല്ലായിരുന്നു. സാഹിത്യത്തിലെ ഒരു ക്ലിക്കിലും. എന്നിട്ടും ക്ലിക് ചെയ്‌തു അദ്ദേഹം എഴുതുന്നതെന്തും. ഈ കഥയും അതേ. ഡോക്‌ടർ രോഗിയുടെ പൾസ് തൊട്ടുനോക്കുന്നു. കുഴപ്പമൊന്നുമില്ലെന്നു പ്രഖ്യാപിക്കുന്നു. രോഗിയുടെ പൾസ് നോക്കി ഡോക്‌ടർ ചികിൽസ കുറിക്കുന്നു. പുനത്തിൽ വായനക്കാരുടെ പൾസറിഞ്ഞ് കഥ എഴുതുന്നു.   

 

 

മിക്ക ഡോക്‌ടർമാർക്കും കുറിക്കുന്നത് മാത്രമാണ് ഇഷ്‌ടം. കുറിക്കു കൊള്ളുന്നതു പോലെ എഴുതാനാണ് ഈ ഡോക്‌ടർക്ക് ഇഷ്‌ടം. അദ്ദേഹം കുറിച്ചു കൊണ്ടിരുന്നു. നമ്മൾ കൊറിച്ചുകൊണ്ടിരിക്കുന്ന ലാഘവ ത്തോടെ അതൊക്കെ വായിക്കുന്നു. ഒരു കരച്ചിൽ എന്ന കഥ വായിക്കുമ്പോൾ അറിയാം, കുറുക്കാനും അദ്ദേഹത്തിന് അറിയുമെന്ന്. ആറ്റിക്കുറുക്കാൻ. അങ്ങനെ കുറിക്കുന്നതിനെ കുറയ്‌ക്കുകയും വേണം. കഥയെ പരമാവധി കുറച്ചു കൊണ്ടുവന്നു. അപ്പോഴുണ്ട്  അതിൽ ഒരംശം കൂടുതലാണ്. കഥയുടെ അംശം.

 

 

ജീവിതമെന്ന സത്യം മാത്രം അതിൽ  കൂടുതലായി. പുനത്തിലിനു മാത്രമല്ല ആർക്കും പോക്കറ്റിലിട്ടു നടക്കാവുന്ന കഥയായി അത്. പോക്കറ്റ് കഥ. കഴുത്തിൽ സ്‌റ്റെതസ്‌കോപ്പും പോക്കറ്റിൽ കഥയുമിട്ട് അദ്ദേഹം  അങ്ങനെ നടക്കട്ടെ. 

 

English Summary : Kadhanurukku, Column, Short Stories By Punathil Kunjabdulla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com