ADVERTISEMENT

ഒരിക്കലല്ല, പലവട്ടം ആലോചിച്ചിട്ടുണ്ട് ആ അമ്മയെക്കുറിച്ച്; അച്ഛനെക്കുറിച്ചും. അവരില്‍ ആരാണു തെറ്റു ചെയ്തതെന്നും. ഇല്ല, അവര്‍ തെറ്റ് ചെയ്തില്ല. അതിനും മാത്രം തിന്‍മ അവരുടെ മനസ്സില്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും വിധി അവര്‍ക്കു സമ്മാനച്ചിത് വിഷാദമാണല്ലോ.അകാലത്തില്‍ പൊലിയാനായിരുന്നല്ലോ ആ അമ്മയുടെ വിധി. ഓര്‍മയില്‍ നീറി മരിക്കാതെ ജീവിച്ച അച്ഛനും. 

 

ടി. പത്മനാഭന്റെ ഏറ്റവും മികച്ച കഥകളിലൊന്നാണ് കടല്‍. ആ കഥയിലാണ് മനസ്സിനെ നോവിപ്പിക്കുന്ന അമ്മയുള്ളത്. ചെയ്യാത്ത തെറ്റിന്റെ ശിക്ഷയനുഭവിച്ച അച്ഛനുള്ളത്. അവര്‍ക്കിടയില്‍ മൂകസാക്ഷിയായ മകളും. പിന്നെ ബനാറസിലെ ആ ഗുരുനാഥനും. 

 

കടലിലെ അമ്മയെക്കുറിച്ച് വീണ്ടും ആലോചിക്കാന്‍ കാരണമുണ്ട്. ആ കഥാസമാഹാരം എഴുത്തുകാരന്‍ സമര്‍പ്പിച്ചത് കടലിലെ അമ്മയ്ക്കാണ്. അവര്‍ കേവലം ഒരു കഥാപാത്രമല്ല എന്നതിനു തെളിവാണത്. അവര്‍ ജീവിച്ചിരുന്നു. ഒരുപക്ഷേ, എത്രയോ പേരുടെ മനസ്സില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. 

 

50 വയസ്സായിരുന്നു അമ്മയ്ക്ക്്. അതു മരിക്കാനുള്ള പ്രയമല്ല. പ്രത്യേകിച്ച് എന്തെങ്കിലും അസുഖങ്ങളും ഉണ്ടായിരുന്നില്ല. എന്നിട്ടും അമ്മ ക്ഷീണിതയായിരുന്നു. നടക്കാന്‍ തന്നെ ബുദ്ധിമുട്ടിയിരുന്നു. കട്ടിലില്‍ ഇരിക്കാനാവാതെ അവര്‍ ചാരിക്കിടക്കുകയായിരുന്നു. എന്തായിരുന്നു അമ്മയുടെ അസുഖം ? 

 

ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള സ്നേഹത്തിന്റെ വ്യാപ്തി  കടലു പോലെയാണ്. നോക്കിനില്‍ക്കെ വലുതാകുന്ന കടലു പോലെ. കടലിലെ അമ്മയുടെ മനസ്സില്‍ ഭര്‍ത്താവ് അല്ലാതെ മറ്റൊരു പുരുഷന്‍ കൂടിയുണ്ടായിരുന്നു. സംഗീതം പഠിപ്പിച്ച ബനാറസിലെ ഗുരുനാഥന്‍. ദൃഡമായിരുന്നു അവര്‍ തമ്മിലുള്ള ബന്ധം. സ്നേഹത്തിന്റെ ലോലമെങ്കിലും അതിശക്തമായ പൊന്‍നൂല് കൊണ്ടു കെട്ടിയിടപ്പെട്ട ജീവിതം. 

 

 

ബനാറസില്‍ നിന്നു മടങ്ങിയതിനുശേഷവും അവര്‍ തമ്മിലുള്ള ബന്ധം നിലനിന്നിരുന്നു. കത്തുകളിലൂടെ. ആ കത്തുകളൊക്കെ അമ്മ സൂക്ഷിച്ചുവച്ചിരുന്നു. ഒരിക്കല്‍ അവര്‍ ആഗ്രഹിച്ചത് കത്തുകള്‍ തന്റെ ചിതയില്‍ കത്തിത്തീരട്ടെ എന്നാണ്. പിന്നീടത് വേണ്ടുവച്ചു. അതില്‍ രഹസ്യങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലല്ലോ. ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ലായിരുന്നല്ലോ. എന്നാല്‍ ആ കത്തുകളെക്കുറിച്ച് അറി‍ഞ്ഞ അച്ഛന്‍ ഒരിക്കല്‍ അമ്മയറിയാതെ അവയെടുത്ത് വായിച്ചുനോക്കി. അതാണ് അവര്‍ തമ്മിലുള്ള ബന്ധം തകരാന്‍ കാരണമായത്. 

 

 

രഹസ്യം കണ്ടുപിടിക്കുന്ന കുറ്റാന്വേഷകനെപ്പോലെ എന്തിന് ആ കത്തുകള്‍ മോഷ്ടിച്ചെടുത്തു എന്നതായിരുന്നു അമ്മയുടെ ചോദ്യം. നിന്റെ ജീവിതത്തില്‍ ഞാനല്ലാതെ വേറെയൊരു പുരുഷനോ എന്നതായിരുന്നു അച്ഛന്റെ ചോദ്യം. ഞാന്‍ നിന്നെ വഞ്ചിച്ചിട്ടില്ലല്ലോ. പിന്നെ നീ എന്തിന് എന്നെ വഞ്ചിച്ചു എന്ന ചോദ്യവും. അതോടെ അവരുടെ ബന്ധം തകര്‍ന്നു. ഒരു വീട്ടിലാണെങ്കിലും പരസ്പരം കാണാതെയായി. സംസാരിക്കാതെയായി. ഒരിക്കലും അടുക്കാനാവാത്ത രീതിയില്‍ അകന്നു.  അതോടെ അമ്മയുടെ ആരോഗ്യവും ക്ഷയിച്ചു. കിടപ്പിലായി. എന്നാല്‍ അവര്‍ കിടപ്പിലാകാന്‍ മറ്റൊരു കാരണം കൂടിയുണ്ടായിരന്നു എന്ന് അച്ഛന്‍ കഥയില്‍ വെളിപ്പെടുത്തുന്നുണ്ട്. മകളോട്. 

 

 

അച്ഛന്റെ ഒരു കുറ്റസമ്മതം കൂടിയുണ്ട് കഥയുടെ അവസാനം. ‘എനിക്ക് ഒന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഒന്നും. പക്ഷേ, കവിതയും സംഗീതവുമൊന്നും ഒരിക്കലും എന്റെ വിഷയങ്ങളായിരുന്നില്ലല്ലോ. അതുകൊണ്ട്.... ഇല്ല , ഒന്നും മനഃപൂര്‍വമായിരുന്നില്ല’. 

 

കവിതയും സംഗീതവുമാണ് കടല്‍ എന്ന കഥയുടെ ജീവന്‍. ഒരിക്കലും കടലു കാണാത്ത, എന്നാല്‍ സംഗീതം ഇഷ്ടപ്പെട്ട അമ്മയും. കടല്‍ കാണാന്‍ കഴിയാത്തതിലുള്ള ദുഃഖം. കാണാനുള്ള ആഗ്രഹം. കടലിന്റെ ഒരു ഭാഗമായി, തിരയായി, ചുഴിയായി, ചലനമായി, ആഴമായി. ആര്‍ത്തട്ടഹസിക്കുന്ന കടലിന്റെ മുകളിലൂടെ തെളിഞ്ഞ സൂര്യപ്രകാശത്തില്‍ ഒരു ശലഭമായി പറന്നുയര്‍ന്ന് ഒടുവില്‍ ക്ഷീണിതയാകുമ്പോള്‍ ശാന്തമായ കടലിന്റെ മാറില്‍ വീണുമയങ്ങി... 

 

കടല്‍ എന്ന  കഥ മാത്രം ഒരു ഗവേഷണ പ്രബന്ധത്തിനു വിഷയമാക്കാവുന്നതാണ്. ടി. പത്മനാഭന്‍ എന്ന കഥയുടെ കുലപതിയുടെ ഏതു കഥയും അങ്ങനെതന്നെ. കഥ മാത്രം എഴുതി, കഥയില്‍ തന്നെ ഉറച്ചുനിന്ന്, സ്വയം ഒരു കഥയായ എഴുത്തുകാരന്‍. സ്നേഹത്തിന്റെ സുവര്‍ണനൂലിനാല്‍ ചുറ്റപ്പെട്ട അദ്ദേഹത്തിന്റെ കഥാപ്രപഞ്ചം. 

 

English Summary : Vyanamuri, Coulumn, Kadal Short Story By T. Padmanabhan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com