ADVERTISEMENT

ബൽസാക്കിനെക്കുറിച്ചുളള കാർലോസ് ഫുവന്റസിന്റെ ലേഖനം ആരംഭിക്കുന്നത്, ‘ഞാൻ ബൽസാക്കിൽ വിശ്വസിക്കുന്നു’ എന്ന പ്രഖ്യാപനത്തോടെയാണ്. അതിങ്ങനെയാണ് - ‘സെർവാന്റസും ഫോക്നറും കഴിഞ്ഞാൽ ഞാൻ ബൽസാക്കിൽ വിശ്വസിക്കുന്നു’. മൂന്നു വിശ്വാസങ്ങൾ ഒന്നാകുന്ന ആ വാക്യം എനിക്ക് ഇഷ്ടമായി.

 

ഒരാൾ മറ്റൊരാളെ വിശ്വസിച്ചുതുടങ്ങുന്നത് അയാൾ തനിക്കൊ പ്പമാണ് എന്ന ബോധ്യത്തിൽനിന്നാണ്. ദൈവം തനിക്കൊപ്പമുണ്ട് എന്ന ബോധ്യം പോലെ ഫിക്‌ഷൻ തനിക്കൊപ്പമുണ്ടെന്ന ബോധ്യവും ഒരാളെ മരണത്തെ അഭിമുഖീകരിക്കാൻ പ്രാപ്തനാക്കുന്നുണ്ട്. ഒരാൾ തന്റെ മരണത്തിനു തൊട്ടുമുൻപു വരെ പ്രാർഥിക്കുക മാത്രമല്ല വായിക്കുകയും ചെയ്യുന്നു.

 

എല്ലാ വിശ്വാസങ്ങളും അനുഭൂതികളുടെ ലോകത്താണു വസിക്കുന്നത്. ഏതെങ്കിലും മതവിശ്വാസി, തന്റെ വിശ്വാസം ബോറടിച്ച് അതു നിർത്തിയതായി കേട്ടിട്ടുണ്ടോ? ദിവസവും ഒരേ പ്രാർഥന, ഒരേ ആചാരം. എങ്കിലും വിശ്വാസിക്ക് വിരസതയില്ല. അയാൾ കുടുംബത്തിലോ ഓഫിസിലോ വിരസതയുടെ ഇരയാകാം. എന്നാൽ മതവിശ്വാസത്തിൽ അതല്ല. ഒരാൾ അത് ഉപേക്ഷിക്കുന്നതു വിശ്വാസം നഷ്ടമാകുമ്പോൾ മാത്രമാണ്, അല്ലാതെ വിരസത അലട്ടിയിട്ടല്ല. വിശ്വാസത്തിൽ മുങ്ങുന്തോറും  കൂടുതൽ ആഴത്തിലേക്കു പോകാനാകും ത്വര. ആവർത്തിക്കുന്തോറും ലഹരി പുതിയതാകുന്നു.

 

 

shakespear
വില്യം ഷേക്സ്പിയർ

കലാനുഭൂതിയുടെ ഒബ്സഷൻ വിശദീകരിക്കാൻ ശ്രമിക്കുമ്പോഴെ ല്ലാം എന്റെ മനസ്സിലേക്കു വരുന്ന ചിത്രം ഒരു വിശ്വാസിയുടേ താണ്. വായിച്ചു പഴക്കം ചെല്ലുന്തോറും വായനക്കാർ കൂടുതൽ ഉന്മത്തരാകുന്നു. കൂടുതൽ മൗലികവാദിയാകുന്നു. പത്തൊൻപതാം വയസ്സിൽ ഒരാൾ ഒരു കഥയിൽ എപ്രകാരം സ്വയം മറന്നുവോ അതേ ഉന്മത്തത അറുപതാം വയസ്സിലും പിന്തുടരുന്നു. ഇക്കാരണത്താലാണ് ഉന്മാദികളായ വായനക്കാരുടെ മുറി പുസ്തകങ്ങളാൽ നിറയുകയും അവിടേക്കു വീട്ടുകാർ പോലും കടന്നുചെല്ലാ താകുകയും ചെയ്യുന്നത്. ഇനി അഥവാ ആ അവസ്ഥയിൽ ഒരാൾ സാഹിത്യത്തെയോ കലയെയോ ഉപേക്ഷിച്ചാലും അയാൾ പോകുക മറ്റേതെങ്കിലും തീവ്രമായ വിശ്വാസമാർഗത്തിലേക്കാവും.

 

 

ഫിക്‌ഷൻ വായിക്കുന്ന ഒരാൾക്ക് ദുഃഖത്തെയോ സ്മരണകളെയോ പുറത്തിട്ട് അടയ്ക്കാനാവില്ല. ഒരു കഥാപാത്രത്തിന്റെ അനുഭവങ്ങൾ അയാൾക്ക് അകലെയായി തോന്നുകയില്ല, തനിക്കുള്ളിലാണ് അതു സംഭവിക്കുന്നതെന്ന് അയാൾ അറിയുന്നു. എന്തൊരു വലിയ യാഥാർഥ്യമാണത്. ഈ അനുഭൂതി മണ്ഡലമാണ് അയാൾക്കു പരമാനന്ദനം നൽകുന്നതെന്ന് എനിക്കു തോന്നുന്നു.

 

 

എന്നാൽ വായനക്കാരൻ, താൻ വായിക്കുന്ന പുസ്തകം മാത്രമല്ലെ ന്നും നമുക്കറിയാം. വായനക്കാരുടെ ജീവിതം അവരുടെ വായന  യില്ലായ്മ കൂടിയാണ്. പുസ്തകമില്ലാത്ത സമയം അയാൾ ചെയ്യുന്ന ജോലികൾ, കടന്നുപോകുന്ന സംഘർഷങ്ങൾ, ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങൾ, അനുഭവിക്കുന്ന ആഹ്ലാദങ്ങൾ എന്നിവ യെല്ലാം വായനയില്ലായ്മ എന്ന യാഥാർഥ്യത്തെ നിർമിക്കുന്നു. ഈ സങ്കീർണതയെ ജയിക്കുക യാണോ നല്ല പുസ്തകം ചെയ്യുന്നത് ?  നല്ല വായനക്കാർ നല്ല മനുഷ്യരായിരിക്കുമെന്ന പ്രതീക്ഷ അങ്ങനെ ജനിക്കുന്നതാണ്.

 

 

വായനക്കാരൻ അയാൾ വായിച്ച പുസ്തകം അല്ലെന്നതുപോലെ, എഴുത്തുകാരൻ അയാൾ എഴുതിയ പുസ്തകവുമല്ല. ഒരിക്കൽ സൂസൻ സൊന്റാഗിനോട് ഒരാൾ ചോദിച്ചു, ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരൻ ആരാണ്’. സൊന്റാഗ് പറഞ്ഞു, ഒരു പേരു മതിയെങ്കിൽ, അത് ഷെയ്ക്സ്പീയർ ആണ്. ചോദ്യകർത്താവിന് ആ മറുപടി തൃപ്തിയായില്ല. നിങ്ങൾ ഷെയ്ക്സ്പീയർ എന്നു പറയുമെന്നു ഞാൻ ഒരിക്കലും കരുതിയില്ല എന്നയാൾ പറഞ്ഞു. ദൈവമേ, അതെന്തുകൊണ്ടാണ്, സൊന്റാഗ് ചോദിച്ചു. കാരണം, അയാൾ പറഞ്ഞു, നിങ്ങൾ ഷെയ്ക്സ്പീയറെപ്പറ്റി ഒന്നും എഴുതിയിട്ടില്ല.

 

 

‘അപ്പോൾ ഞാൻ എഴുതിയതാണോ ഞാൻ’ എന്ന് സൂസൻ സൊന്റാഗ് അമ്പരന്നു. ‘സിംഗിൾനസ്’ എന്ന പേരിൽ അവർ എഴുതിയ ഒരു ലേഖനം ഈ വിഷയമാണു ചർച്ച ചെയ്യുന്നത്. താനും താനെഴുതിയതും രണ്ടാണെന്ന് സൊന്റാഗ് പറയുന്നു. തന്നിലുള്ളതെല്ലാം എഴുത്തായി മാറുന്നില്ല. തനിക്കു കഴിയുന്നതു മാത്രമാണു താനെഴുതുന്നത്. അതിനാൽ നമുക്കിഷ്ടമുള്ള എല്ലാ എഴുത്തുകാരെയും സംബന്ധിച്ച് നാമെഴുതണമെന്നില്ല. എഴുത്ത് എന്ന ആന്തരിക സ്വാതന്ത്ര്യത്തിലേക്കു വരാത്ത ഒരു ഞാൻ പുറത്തുണ്ട്. ഇതിനർഥം ഷെയ്ക്സ്പീയറെ ഏറ്റവും രസിക്കുന്ന ഒരു സൂസൻ സൊന്റാഗ്, എഴുത്തുകാരിയായ സൂസൻ സൊന്റാഗിനു പുറത്തു വസിക്കുന്നുണ്ടെന്നാണ്.

 

 

ഒരു പുസ്തകം എഴുതിക്കഴിയുന്നതോടെ അതു പൂർണമാകുന്നു. എന്നാൽ എഴുതിയോ ആളോ, തുടരുന്നു. അയാൾ കൃതിയിൽനിന്ന് പുറത്തേക്കു വീണ്ടും സഞ്ചാരം തുടരുന്നു. ഒരാളുടെ സൃഷ്ടിയും അയാളും തമ്മിലുള്ള ഈ വേർപാട് പ്രശ്നപൂർണമാണെന്നു നമുക്കറിയാം. നിങ്ങൾ ഒരു വായനക്കാരനാണെന്നോ എഴുത്തുകാരനാണെന്നോ പറഞ്ഞ് മുഴുവൻ സമയം അടച്ചിരുന്നാൽ വീട്ടിൽനിന്നും നാട്ടിൽനിന്നും നിങ്ങൾ പുറത്താകും. അതുകൊണ്ടു കൃതിയോ ജീവിതമോ- രണ്ടിലൊന്നു നിങ്ങൾ തിരഞ്ഞെടുക്കണമെന്നു പറഞ്ഞത് യേറ്റ്സാണ്. 

 

 

പറ്റില്ല, കൃതിയും ജീവിതവും, രണ്ടും കളയാനില്ലെന്നു നാം പറയും. രണ്ടും ബാലൻസ് ചെയ്യുകയല്ലേ നല്ലത് എന്നാണു മറുവാദം. എന്നാൽ ഒരാൾ തന്റെ കൃതി മാത്രമാകുമ്പോൾ, അതിന് പുറത്ത് അയാൾക്കു കാലു പൊള്ളുമ്പോൾ എന്തു സംഭവിക്കും? കലാനുഭവത്തിന്റെ ആനന്ദത്തിൽ സ്വയം എരിഞ്ഞടങ്ങുന്ന മാർഗമാണത്.

 

 

ജോർജ് പിറക്കിന്റെ ‘ലൈഫ് എ യൂസേഴ്സ് മാനുവലി’ൽ ഒരു ട്രപ്പീസുകലാകാരന്റെ കഥ പറയുന്നുണ്ട്. അയാളുടെ കലാഭ്യാസം കാണാൻ ജനക്കൂട്ടം തിങ്ങിക്കൂടുമായിരുന്നു. യൗവനത്തിൽ അയാൾ യൂറോപ്പിലെയും ഉത്തര ആഫ്രിക്കയിലെയും മധ്യപൗരസ്ത്യ ദേശത്തെയും പ്രധാന നഗരങ്ങളിലെല്ലാം ട്രപ്പീസിൽ വിസ്മയങ്ങൾ കാട്ടി. ചെല്ലുന്നിടത്തെല്ലാം ജനക്കൂട്ടത്തെ രസിപ്പിച്ചു. എന്നാൽ പ്രായം ചെല്ലുന്തോറും അയാൾ ട്രപ്പീസിൽ ചെലവഴിക്കുന്ന സമയം വർധിച്ചു.

 

 

കലാപ്രകടനം മതിയാവാത്ത അവസ്ഥ. തന്റെ പെർഫോമൻസ് പൂർണമായില്ലെന്ന തോന്നലിൽ അതു തുടർന്നുകൊണ്ടേയിരിക്കുക. ഭക്ഷണം കഴിക്കുന്നതും മുഖം മിനുക്കുന്നതും മയങ്ങുന്നതുമെല്ലാം ട്രപ്പീസിലിരുന്നു തന്നെ. മറ്റു പരിപാടികൾ അരങ്ങിൽ നടക്കുമ്പോൾ വേദിയുടെ ഒരു മൂലയിൽ ട്രപ്പീസിൽ അയാളുണ്ടാകും. ഒടുവിലാകുമ്പോൾ അതിൽനിന്നിറങ്ങുന്നതും കാറിലേക്കോ റൂമിലേക്കോ തിരിച്ചെത്തുന്നതും അയാൾക്കു സഹിക്കാൻ കഴിയാത്ത കാര്യമായി. 

 

 

ഒരു നഗരത്തിലെ വേദിയിൽനിന്ന് മറ്റൊരു നഗരത്തിലേക്കു ചെന്നാൽ അയാൾ നേരെ ട്രപ്പീസിലേക്കാണു പോകുക. ഒരു മിന്നൽ പോലെയാണ് അയാൾ പാഞ്ഞുകയറുക. അവിടെ കഴിയുന്ന സമയം മാത്രം അയാൾ ഏറ്റവും സന്തോഷഭരിതനായി കാണപ്പെട്ടു. ഒരു ദിവസം ഷോ കഴിഞ്ഞിട്ടും അയാൾ ട്രപ്പീസിൽനിന്നിറങ്ങാൻ വിസ്സമ്മതിച്ചു. കാണികൾ ഓരോരുത്തരായി പുറത്തേക്കിറങ്ങുകയായിരുന്നു. മാനേജരും സഹപ്രവർത്തകരും ചെന്ന് എത്ര അപേക്ഷിച്ചിട്ടും അയാൾ വഴങ്ങിയില്ല. അതിനിടെ ട്രപ്പീസിൽനിന്നു താഴേക്കിറങ്ങാൻ ഉപയോഗിക്കുന്ന കയറും അയാൾ മുറിച്ചു കളഞ്ഞു. എന്നിട്ട് എല്ലാവരും അന്തം വിട്ടുനിൽക്കേ, നിർത്താതെയുള്ള അഭ്യാസം ആരംഭിച്ചു. പുറത്തേക്കുപോകുകയായിരുന്നവരിൽ ഒരു സംഘം അതു കാണാൻ തിരികെയെത്തി. 

 

 

രണ്ടു മണിക്കൂറോളം നീണ്ട ആ പ്രകടനം കണ്ട് കുറേപ്പേർ ബോധംകെട്ടു വീണു. ഒടുവിൽ പൊലീസ് എത്തി. അയാളെ താഴെയിറക്കാനായി ഒരു വലിയ ഏണി കൊണ്ടുവന്നു. ചിലർ അതു വിലക്കിയെങ്കിലും പൊലീസ് വകവച്ചില്ല. ലാഡറിലൂടെ ഒരാൾ കയറാൻ തുടങ്ങിയതും ട്രപ്പീസ് കലാകാരൻ തന്റെ കൈ വിട്ടു. നൂറടിയോളം ഉയരത്തിൽനിന്നു അയാൾ താഴേക്കു വീണുചിതറി.

 

 

തന്റെ കലാവിഷ്കാരത്തിനു പുറത്ത് ഒരാൾക്കു മറ്റേതെങ്കിലും ആവിഷ്കാരങ്ങൾ കൂടി ഉണ്ടാകുന്നതു നല്ലതാണ്. എന്നാൽ കലാകാരനോ എഴുത്തുകാരനോ പൂർണതയ്ക്കായി ദാഹിക്കുമ്പോൾ, അയാളുടെ കുരിശ് മാത്രം അവശേഷിക്കുകയും  അയാളുടെ ബലി അനശ്വരമാകുകയും ചെയ്യുന്നു. ഇതു മാരക വായനക്കാർക്കും പറഞ്ഞിട്ടുള്ള വിധിയാണ്. 

 

 

താനും തന്റെ പുസ്തകവും രണ്ടാണെന്നു പറഞ്ഞ സൂസൻ സൊന്റാഗ്, ഈ വിഭജനം ഇല്ലാതാക്കിയാണു താൻ ‘വോൾക്കാനോ ലവ്വർ’ എന്ന നോവൽ രചിച്ചതെന്നു പറയുകയുണ്ടായി. 30 വർഷം കാത്തിരുന്ന ശേഷമായിരുന്നു അത്. കൃതിയും കർത്താവും ഒന്നാകുന്ന അവസ്ഥ സ്വാതന്ത്ര്യത്തിന്റേതാണ്- പക്ഷേ അത് ഏകാന്തവും ഭയങ്കരവുമാണ്.

 

English Summary : Susan Sontag Explian About Life And Writing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com