ADVERTISEMENT

സാമൂഹ്യ അകലം പാലിച്ച് വീട്ടിനുള്ളിലിരുന്ന് നമ്മള്‍ കൊറോണ വൈറസ് എന്ന മഹാമാരിയെ തോല്‍പ്പി ക്കാന്‍ തീരുമാനിച്ചതോടെ വായനയുടെ പുതുവസന്തം കൂടിയാണ് പിറന്നത്. ക്വാറന്റൈനിലുള്ളവരും വീട്ടില്‍ ബോറടിച്ചിരിക്കുന്നവരുമെല്ലാം ഇപ്പോള്‍ പുസ്തകങ്ങള്‍ക്ക് പിന്നാലെയാണ്. നിങ്ങളില്‍ കായിക പുസ്തക ങ്ങള്‍ ഇഷ്ടപ്പെടുന്നവരുണ്ടെങ്കില്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ചില സ്‌പോര്‍ട്‌സ് ബുക്കുകളാണ് പരിചയപ്പെടുത്തുന്നത്. നേരിട്ട് കടയില്‍ പോയി വാങ്ങിക്കണമെന്നില്ല, ഇവയെല്ലാം ആമസോണ്‍ കിന്‍ഡിലില്‍ വായിക്കാവുന്നതാണ്.

 

1. ദ് ആര്‍ട്ട് ഓഫ് ക്രിക്കറ്റ്, ഡൊണാള്‍ഡ് ബ്രാഡ്മാന്‍

 

ക്രിക്കറ്റില്‍ ഒരേ ഒരു ഡൊണാള്‍ഡ് ബ്രാഡ്മാനേയുള്ളൂ. അദ്ദേഹമെഴുതിയ പുസ്തകമാണ് ‘ദ ആര്‍ട്ട് ഓഫ് ക്രിക്കറ്റ്’. ക്രിക്കറ്റിന്റെ ബൈബിളെന്ന് തന്നെ പറയാം ഈ പുസ്തകത്തെ. ആദ്യമായി പ്രസിദ്ധീകരിച്ചത് 1958ലാണ്. എന്നാല്‍ ക്രിക്കറ്റിന്റെ ഈ അത്യാധുനിക കാലത്തും പ്രസക്തമാണ് ഈ പുസ്തകം. ക്രിക്കറ്റെന്ന ജനകീയ കായിക വിനോദത്തിന്റെ അടിസ്ഥാനം വളരെ വിശദമായി പ്രതിപാദിക്കുന്നു. എങ്ങനെയാണ് ക്രിക്കറ്റില്‍ പൂര്‍ണത നേടാനാവുകയെന്നും വരച്ചിടുന്നു ഈ പുസ്തകം. ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന ഓരോരുത്തരും നിര്‍ബന്ധമായും വായിച്ചിരിക്കണം, സൂക്ഷിച്ചുവെക്കണം ഇത്. ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റാണ് ബ്രാഡ്മാന്‍ എന്നതുതന്നെ കാരണം.

 

2. സണ്ണി ഡെയ്‌സ്, സുനില്‍ ഗവാസ്‌കര്‍

 

ഒരു ത്രില്ലിങ് യാത്രയാണ് സണ്ണി ഡെയ്‌സ്. സുനില്‍ ഗവാസ്‌ക്കറെന്ന ഇന്ത്യ കണ്ട മികച്ച ക്രിക്കറ്റ് താരത്തിന്റെ ആത്മകഥയെന്ന് പറയാം. 1971ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള തന്റെ കന്നി സീരീസില്‍ 774 റണ്‍സ് അടിച്ചുകൂട്ടിയതടക്കമുള്ള വീരഗാഥകള്‍ ഇതിലുണ്ട്. 1971ലാണ് ആദ്യമായി പ്രസാധനം ചെയ്യപ്പെട്ടത്. ഒരു ഇന്ത്യക്കാരന്‍ എഴുതിയ ഏറ്റവും കൂടുതല്‍ വിറ്റുപോയ കായിക പുസ്തകമാണ് ‘സണ്ണി ഡെയ്‌സ്’. ഗവാസ്‌കറിലെ എഴുത്തുകാരന്റെ മികച്ച പ്രതിഫലനം.

 

3. ദ ഫൈറ്റ്, നോര്‍മന്‍ മെയ്‌ലര്‍

 

രണ്ട് തവണ പുലിറ്റ്‌സര്‍ സമ്മാനം നേടിയ എഴുത്തുകാരനാണ് മെയ്‌ലര്‍. അദ്ദേഹത്തിന്റെ മികച്ച പുസ്തകം, അതും ഇതിഹാസ ബോക്‌സര്‍ മുഹമ്മദ് അലിയെ കുറിച്ചുള്ളത്. ജോര്‍ജ് ഫോര്‍മാനും മുഹമ്മദ് അലിയും തമ്മില്‍ 1975ല്‍ നടന്ന ഇതിഹാസ ഫൈറ്റിന് മുമ്പ് മുഹമ്മദ് അലിയുമായി എഴുത്തുകാരന്‍ സംസാരിച്ചതടക്കമുള്ള കാര്യങ്ങള്‍ പുസ്തകത്തിലുണ്ട്. ഈ ഫൈറ്റിനെ ആസ്പദമാക്കിയുള്ള പുസ്തകമാണിത്.

 

4. ദ വൈല്‍ഡസ്റ്റ് ടെസ്റ്റ്‌സ്, റേ റോബിന്‍സണ്‍

 

ഇതുമൊരു ക്രിക്കറ്റ് പുസ്തകം തന്നെ, ഓസ്‌ട്രേലിയയിലെ പ്രമുഖ എഴുത്തുകാരനായ റേ റോബിന്‍സണിന്റെ വക. ക്രിക്കറ്റിന്റെ മറുവശം തുറന്നു കാട്ടുന്ന പുസ്തകമാണിത്. മാന്യന്മാരുടെ കളിയുടെ പ്രതിച്ഛായ തകര്‍ക്ക 14 മല്‍സരങ്ങളെ കുറിച്ചാണ് റോബിന്‍സണ്‍ ഇതില്‍ പറയുന്നത്. 1967ല്‍ കൊല്‍ക്കത്തയിലും 1969ല്‍ ഹൈദരാബാദിലും നടന്ന കളികളും ഇതില്‍ പെടും.

 

5. കാര്‍ഡസ് ഓണ്‍ ക്രിക്കറ്റ്, നെവില്‍ കാര്‍ഡസ്

 

ഏറ്റവും മികച്ച ക്രിക്കറ്റ് എഴുത്തുകാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന നെവില്‍ കാര്‍ഡസിന്റെ മികച്ച എഴുത്തുകളുടെ സമാഹരണമാണ് ഈ പുസ്തകം. 1949ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ഭാഷയുടെ മനോഹാരിതയാണ് ഈ പുസ്തകത്തിന്റെ വലിയ മേന്മ. ക്രിക്കറ്റുമായുള്ള എഴുത്തുകാരന്റെ പ്രണയം പുസ്തകത്തില്‍ നിഴലിക്കുന്നു. വീണ്ടും വീണ്ടും വായിക്കാന്‍ പറ്റിയ പുസ്തകമാണിത്.

 

English Summary : Sports Fans Should Read This Books in Quarantine Period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com