ADVERTISEMENT

ഞാൻ കുടുംബസമേതം ഭൂട്ടാനിൽ പോകാൻ തീരുമാനിച്ചിരുന്നു. അന്തരീക്ഷം  മൊത്തം അനുകൂലമല്ല എന്ന സൂചന കിട്ടിയപ്പോൾ തന്നെ മാസങ്ങൾക്കു മുന്‍പേ യാത്ര മാറ്റിവച്ചു. അതേപോലെ സാംസ്കാരിക യാത്രകളും. ഏറ്റവും ഒടുവിൽ പങ്കെടുത്തത് മുംബൈയിലെ ഗേറ്റ് വേ ലിറ്ററേച്ചർ ഫെസ്റ്റ് ആയിരുന്നു. കേരളത്തിൽ നിന്ന് അടൂർ ഗോപാലകൃഷ്ണനും കഥാകൃത്ത് ഉണ്ണി ആറും ഉണ്ടായിരുന്നു. ഫെബ്രുവരി 14,15 തീയതികളിലായിരുന്നു ഞാൻ കവിതാ സെഷനിൽ പങ്കെടുത്തത്. അന്ന് കോവിഡ് സംബന്ധിച്ച് ഒരു ഉത്കണ്ഠയും രാജ്യത്ത് ഉണ്ടായിരുന്നില്ല. 

 

 

അതിനു ശേഷം കാര്യമായ യാത്രയുണ്ടായില്ല. കുറെ സാംസ്കാരിക  പരിപാടികളുണ്ടായിരുന്നു. കവിതാ ക്യാംപുകളും പുസ്തക പ്രകാശന ചടങ്ങുമെല്ലാമായി. അതെല്ലാം  മാറ്റിവച്ചു. കവിതകളൊന്നും എഴുതിയി ട്ടില്ല. പലയിടത്തായി എഴുതിയ ലേഖനങ്ങൾ സമാഹരിച്ചു. ‘നല്ല മാഷല്ല ഞാൻ’,‘നാടകപ്പച്ച’, ‘ഓട്ടുചിലമ്പിൻ കലമ്പലുകൾ’ എന്നീ 3 പുസ്തകങ്ങൾ ഇ പുസ്തകങ്ങളായി ആമസോൺ കിൻഡിൽ പ്രസിദ്ധീകരിച്ചു. ഇ റീഡർ ആപ് ഉപയോഗിച്ചു വാങ്ങി വായിക്കാം. 

 

അധ്യാപക ജോലിയിൽ നിന്നു സ്വയം വിരമിച്ചതിനാൽ കുറച്ചുകാലമായി വീട്ടിലിരിപ്പു തന്നെയാണ്. കുടുംബ ആവശ്യങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കുമായിരുന്നു പുറത്തുപോയിരുന്നത്. ഇപ്പോഴത്തെ ലോക്ഡൗൺ അതുകൊണ്ടു തന്നെ എന്നെ നിരാശനാക്കിയിട്ടില്ല. ഇപ്പോൾ മനസ്സുകൊണ്ടു സഞ്ചരിക്കുന്നു, ശരീരം കൊണ്ടില്ലെങ്കിലും.

 

 

മുഖംമൂടിയില്ലാതെയാണ് ഇപ്പോൾ മനുഷ്യർ ജീവിക്കുന്നത്. പുറത്തുപോകുമ്പോഴൊക്കെ നമ്മൾ നമ്മുടെ ഉള്ളിൽ നിന്നു പുറത്തുപോകും. യഥാർഥ സ്വത്വത്തെ മറച്ചുവച്ചാണു പുറത്തിറങ്ങുന്നത്. ഇപ്പോൾ നമ്മൾ വീട്ടിനകത്തായിരിക്കുന്നതുപോലെ നമ്മൾ നമ്മുടെ മനസ്സിനകത്താണ്. നാട്യത്തിന്റെ ആവശ്യമില്ല.  സമൂഹമാധ്യമമൊക്കെ നോക്കിയാൽ കാണാം, ഡൈ ചെയ്തിരുന്നവർ ഇപ്പോൾ ഡൈ ചെയ്യുന്നില്ല. ചിലർ തല മുണ്ഡനം ചെയ്തിരിക്കുന്നു. യഥാർഥ രൂപത്തിലും യഥാർഥ നിറത്തിലുമാണിപ്പോൾ മനുഷ്യരെ കാണുന്നത്. 

 

 

പ്രപഞ്ചത്തിന്റെ ആരോഗ്യത്തിന്റെ കാര്യം നോക്കുമ്പോൾ നല്ലൊരു  സമയമായിട്ടാണ് എനിക്കു തോന്നുന്നത്. പ്രകൃതി ചികിത്സയിൽ പറയും ഉപവാസം നല്ലതാണെന്ന്.  ലോകത്തിന്റെ ഉപവാസ കാലമായിട്ടു കണ്ടാൽ മതി ലോക്ഡൗൺ. ആത്മാവിനോട് അടുത്തിരിക്കുക എന്നാണ് ഉപവാസത്തിന്റെ അർഥം. ഓരോരുത്തർക്കും അവനവന്റെ ആത്മാവിനോടു നീതിപുലർത്താൻ കഴിയാറില്ല ഈ തിരക്കേറിയ ലോകത്ത്. പലതരം  നാട്യങ്ങളോടെ പുറത്തു സഞ്ചരിച്ച് അലയേണ്ടി വരുന്നവരായിരുന്നു ഇത്രയും കാലം. ലോക്ഡൗൺ അതിനുള്ള അവസരമുണ്ടാക്കി. 

 

English Summary : Poet P.P Ramachandran Talks About Lock Down Period Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com