ADVERTISEMENT

മുണ്ടൂർ കൃഷ്‌ണൻകുട്ടി മൂന്നാമതൊരാൾ എഴുതിയത് നമുക്കറിയാം. അപ്പോൾ  ഒന്നാമതൊരാളെക്കുറിച്ച് എവിടെയാണ് അദ്ദേഹം എഴുതിയത്? മുണ്ടൂരിന്റെ മകൻ എന്ന കഥയിലാണ്  ഒന്നാമൻ കടന്നു വരുന്നത്. എഴുതുന്ന പരീക്ഷയിലെല്ലാം മകൻ ഒന്നാമൻ. അച്‌ഛന് സങ്കടമായി. ഇവന് ഒരു മന്ത്രിയോ എംപിയോ ആവാൻ യോഗമില്ലാതെയായല്ലോ. ഐഎഎസ് കഴിഞ്ഞ് വാലാട്ടി നിൽക്കാനും ചീത്ത വിളി കേൾക്കാനു മാവും ഇവന്റെ തലേലെഴുത്ത്– പാവം. ഇത്ര മാത്രമുള്ള ഒരു പാവം കഥയാണത്. ഇവിടെ മുണ്ടൂർ പുതുമയുള്ള ഒരു പരീക്ഷ നടത്തുകയാണ്, കുട്ടികളുടെ അച്‌ഛനമ്മമാർക്കായി. മക്കളെ എങ്ങനെ വളർത്തണം എന്നതിനെക്കുറിച്ച്, സ്വന്തം നാടിനെക്കുറിച്ച്  നടത്തുന്ന പരീക്ഷയിൽഅവർ പരാജയപ്പെടുന്നു. 

 

 

മക്കളെ  പഠിപ്പിച്ച് ആരാക്കണമെന്ന് സ്വപ്‌നം കാണുന്നവരാണ് മിക്ക അച്‌ഛനമ്മമാരും. മക്കളെ പഠിപ്പിക്കാതെ ആരാക്കണമെന്നു സ്വപ്‌നം കാണുന്നയാളാണ് ഈ കഥയിലെ അച്‌ഛൻ. മകൻ പഠിച്ചു മിടുക്കനാവണമെന്നല്ല പഠിക്കാതെ മിടുക്കനാവണമെന്നാണ് അയാളുടെ ആഗ്രഹം. മോന് പഠിച്ച് ആരാവാനാണ് ആഗ്രഹമെന്ന് ചോദിച്ചു നോക്കൂ, അവർ പറയും ഞാൻ അച്‌ഛനോടും അമ്മയോടും ചോദിച്ചിട്ട് നാളെ പറയാമെന്ന്. 

 

 

നാളെ പറയേണ്ട, മറ്റന്നാൾ പറഞ്ഞാൽ മതി. പക്ഷേ അച്‌ഛനോടും അമ്മയോടും ചോദിക്കാതെ പറയണം എന്നു പറഞ്ഞിട്ട് അവനു മനസ്സിലാവുന്നില്ല. ‘ദൈവമേ എന്നെ ആരാക്കിത്തീർക്കാൻ നീ ആഗ്രഹിക്കുന്നുവോ എന്നെ അതാക്കിത്തീർക്കേണമേ’ എന്നായിരുന്നു കസാൻദിസാക്കിസിന്റെ എല്ലാക്കാലത്തെയും പ്രാർഥന. ഇവിടെ എന്നെ ആരാക്കിത്തീർക്കാൻ  അച്‌ഛനുമമ്മയും ആഗ്രഹിക്കുന്നോ എന്നെ അതാക്കണേ എന്ന് കുട്ടികൾ പ്രാർഥിക്കുന്നു. 

 

പഠിച്ചു മിടുക്കനായിട്ട് യാതൊരു കാര്യവുമില്ല എന്നു രക്ഷിതാവ് ചിന്തിക്കുന്നെങ്കിൽ അത് അവരുടെ കുഴപ്പമാണ്, വ്യവസ്‌ഥിതിയുടെയും. ചുരുക്കത്തിൽ, കൊടി പിടിക്കുന്നവർ ഒരു വശത്ത്, അവർക്കു കുട പിടിക്കുന്നവർ മറ്റൊരു വശത്ത്. ഇവർക്കിടയിൽ ഒരു വടി പിടിച്ചു കൊണ്ട് നിൽക്കുന്നു കഥാകൃത്ത്. 

മുണ്ടൂരിന്റെ ഇരുട്ടിൽ ഇരുട്ട് പോലെ എന്ന ഒരു കഥയുണ്ട്. മകൻ എന്ന കഥ വായിക്കുന്നവർക്കും ഇരുട്ടിൽ ഇരുട്ട് പോലെ എന്നു  തോന്നും. മന്ത്രിയാണോ എംപിയാണോ ഐഎഎസുകാരനാണോ കേമൻ എന്നു തിരിച്ചറിയാൻ വയ്യായ്‌ക. ഇരുട്ടിൽ ഇരുട്ട് പോലെ ഇവരിൽ ആരാണ് ഭേദമെന്നത് പെട്ടെന്നൊന്നും ഉത്തരം കിട്ടാത്ത  കടംകഥയാണ്. 

 

 

ചിലപ്പോൾ തോന്നും മുണ്ടൂർ ഒരു കടംകഥാകൃത്ത് ആണെന്ന്. കണാരന്റെ വിധി എന്ന കഥയിലെ കണാരനെ ആരോ ആക്രമിക്കുന്നത് എന്തിനാണെന്ന് അയാൾക്കു പോലും അറിയില്ല. ഒടുവിൽ അയാൾ നാടുവിട്ടു. കണാരൻ ഒരു രഹസ്യമായി മാറുകയാണ് എന്ന് ആ കഥയിലുള്ളതു പോലെ സ്വകാര്യദുഃഖങ്ങൾ അലട്ടിയിരുന്ന മുണ്ടൂരും ജീവിതത്തിൽ ഒരു രഹസ്യമായി മാറുകയായിരുന്നു.

 

 

മുണ്ടൂരിന്റെ പല കഥകളിലും ഇരുട്ട് ശക്‌തമാണ്. ആ കഥകളിലേക്കു വെളിച്ചം വീശുന്നതു തന്നെ ഇരുട്ടാണ്. ഇരുട്ടിലേക്കു ടോർച്ചടിക്കുകയല്ല, ടോർച്ചിലേക്ക് ഇരുട്ടടിക്കുന്ന കഥകൾ. ഇരുട്ടടി ഭയന്നു നടക്കുന്ന എത്രയോ നിഷ്‌കളങ്ക മനുഷ്യർ ആ കഥകളിലുണ്ട്. ഈ കഥയിലും ഇരുട്ടുണ്ട്. നാടിന്റെ സ്‌ഥിതിയാണ് ഇവിടെ ഇരുട്ട്. ഇവിടെ ഐഎഎസുകാരനെയും മന്ത്രിയെയും ഇരുട്ടത്തു നിർത്തിയിരിക്കയാണ്. പവറിന്റെ ലോകമാണെങ്കിലും എപ്പോൾ വേണമെങ്കിലും പവർ കട്ടാവുന്ന ലോകമാണിത്. 

 

 

മരിച്ചു പോയ ഭാര്യയെക്കുറിച്ചുള്ള തന്റെ കണ്ണീർയമുനയുടെ കരയിൽ സ്വന്തം കൈ കൊണ്ട് ഒരു കഥമഹൽ പണികഴിപ്പിച്ചതാണല്ലോ മുണ്ടൂരിന്റെ മൂന്നാമതൊരാൾ. പക്ഷേ ഈ കഥയിൽ നാം പണി കഴിപ്പിച്ചതിനെയൊ ക്കെ മുണ്ടൂർ ഇളക്കിമറിക്കുകയാണ്. മക്കളെ ആരാക്കണമെന്നതിനെക്കുറിച്ച് ഗോപുരം പോലെ നാം കെട്ടിപ്പൊക്കിയ സങ്കൽപം ഇവിടെ ഇടിഞ്ഞു വീഴുന്നു. കാരണം അതൊരു ചരിഞ്ഞ ഗോപുരമായിരുന്നു.

 

 

ഷാരത്തിരുന്ന്  മുണ്ടൂർ എഴുതി. ഒരു തുഷാരം പോലെ കടന്നുപോയി. പനിനീർപ്പൂവിന്റെ നെറുകയിൽ ഇരിക്കുമ്പോഴും തുഷാരത്തിന് മുള്ളുകളെ പേടിയായിരുന്നു. നിന്റെ ഇതളുകളുടെ അത്ര കട്ടി പോലും എനിക്കില്ല. മുള്ളുകൾ കൊണ്ട് എന്നെ ഒന്നും ചെയ്യരുതേ എന്ന് അത് പൂവിനോട് അപേക്ഷിച്ചു. കാറ്റടിച്ചാൽ താൻ വീഴുന്നത് മുള്ളുകളിലേക്കായിരിക്കും എന്ന പേടി അതിന് എപ്പോഴും ഉണ്ടായിരുന്നു. ഏറ്റവും മുകളിലെത്തിയാലും എന്തിനെയെല്ലാം ഭയക്കണമെന്നാണല്ലോ ഈ കഥ ഓർമിപ്പിക്കുന്നതും..

 

English Summary : Kadhanurukku, Column, Short Stories By Mundur Krishnankutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com