ADVERTISEMENT

ഇലകൾക്കിടയിലും മറ്റും ഉണ്ടാവുന്ന ചിലയിനം പുഴുക്കളെ കാണുമ്പോൾ  നാം പറയാറുണ്ട്, അതൊരു ചിത്രശലഭമാവുമെന്ന്. തനിക്ക് ഒരു മകൻ പിറന്നപ്പോഴേ അവൻ ഒരെഴുത്തുകാരനാവുമെന്ന് ആ അച്‌ഛന് അറിയാമായിരുന്നു എന്നതു പോലെ. എന്നിട്ട് താൻ ഏറെ ആരാധിക്കുന്ന നോവലിസ്‌റ്റ് കെ. സുരേന്ദ്രന്റെ പേരു തന്നെ അദ്ദേഹം മകനിട്ടു. മകൻ പിന്നീട് കഥാകൃത്തും നോവലിസ്‌റ്റുമായ പി.സുരേന്ദ്രനായി. പുഴുവിൽനിന്നു ചിത്രശലഭത്തിലേക്കുള്ള ജൈവപരിണാമം പോലെയൊന്ന്. 

 

 

പുഴു എന്ന പേരിൽ പി.സുരേന്ദ്രന്റെ ഒരു കഥയുണ്ട്. പുഴുവിനോളം ചെറിയ കഥ. ‘ഇങ്ങനെ അരിച്ചരിച്ചു പോവുമ്പോൾ നിന്റെ മുഖത്തെ അറപ്പും വെറുപ്പും ഞാൻ കാണുന്നുണ്ട്. നോക്കിക്കോ, ഒരു ചിത്രശലഭമായ് ഞാൻ മടങ്ങി വരും’ എന്ന ഒറ്റവരിക്കഥയാണത്.

 

എന്നാൽപ്പിന്നെ ചിത്രശലഭത്തിലേക്കു തന്നെ മടങ്ങിവരാം. ഇത്തവണ  ശലഭം സുരേന്ദ്രന്റേതല്ല, ഫ്രഞ്ച് എഴുത്തുകാരൻ ഷാങ് കൊക്‌തോയുടേതാണ്. അദ്ദേഹം എഴുതിയ ഒരു കഥയുണ്ട്. ചിത്രകാരൻ ഗ്രാമത്തിൽ അലഞ്ഞുതിരിയുമ്പോൾ ഒരു ചിത്രശലഭത്തെ കണ്ടു. അയാൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സുന്ദരമായ ശലഭമായിരുന്നു അത്. വീട്ടിലെത്തിയതും ഓർമയിൽനിന്ന് അയാളതിനെ വരയ്‌ക്കാൻ തുടങ്ങി. ചിത്രം പൂർത്തിയാവാൻ നൂറു വർഷം എടുത്തു. മരിക്കുന്നതിന്റെ തലേന്ന് അയാൾ ചിത്രം പൂർത്തിയാക്കി. പക്ഷേ അപ്പോഴേക്കും ശലഭം കാൻവാസിൽനിന്ന് പറന്നു പോയി എന്നതാണ് കഥ. ചിത്രശലഭം എന്ന പേര് ഇതിനെക്കാൾ നന്നായി എങ്ങനെ അന്വർഥമാവാൻ? ചിത്രത്തിൽനിന്നു ജീവനെടുത്ത ചിത്രശലഭം. 

 

കഥയിലെ ചിത്രകാരൻ വരയ്‌ക്കാനിരുന്നതു പോലെ സുരേന്ദ്രനും എഴുതാനിരുന്നു. ഹരിതവിദ്യാലയം മുതൽ പുഴു വരെയുള്ള ചെറുതും വലുതുമായ എത്രയോ കഥകൾക്കായി പ്രകൃതിയെക്കുറിച്ചു തന്നെ ചിന്തിച്ചിരുന്നു. നൂറു വർഷമെടുത്തില്ലെങ്കിലും നൂറു ദിവസമെടുത്തുകാണും 111 ചെറിയ കഥകൾ എന്ന പുസ്‌തകം സുരേന്ദ്രൻ എഴുതാൻ. അങ്ങനെ പുഴു എന്ന കഥയെഴുതിയപ്പോൾ ചിത്രശലഭം സുരേന്ദ്രന്റെ കടലാസിൽ നിന്നു പറന്നു പോയി. എഴുത്തായാലും വരയായാലും അതു തന്നെ ധ്യാനിച്ചിരിക്കുമ്പോൾ കലാസൃഷ്‌ടിക്ക് ജീവൻ വയ്‌ക്കുന്നു. സുരേന്ദ്രനാവട്ടെ ചിത്രകലയിൽ എന്തെന്നില്ലാത്ത താൽപര്യവുമുണ്ട്. 

 

ചിത്രശലഭം പറന്നു പോയെങ്കിലും സുരേന്ദ്രൻ വിഷമിച്ചില്ല. അത് പൂന്തേൻ കുടിക്കാനാണല്ലോ പോയത്. പൂക്കൾക്കു ചുറ്റും താൻ പഠിപ്പിച്ച കുട്ടികൾ  കാണും. അവർ അവരുടെ മാഷിന് ആ ശലഭത്തെ കാട്ടിക്കൊടുക്കും. അതിനു പകരമായി കുട്ടികളെ അടുത്തു വിളിച്ച് സുരേന്ദ്രൻ ഒരു കഥ പറഞ്ഞു കൊടുക്കും. അദ്ദേഹം എഴുതിയ ചെറുത് എന്ന കഥ. ആൽമരത്തിന്റെ അടുത്തു വളർന്ന ഒരു മഷിത്തണ്ടു ചെടിയുടെ കഥയാണത്. മഷിത്തണ്ടു ചെടിയോട് ആൽമരം ചോദിച്ചു: ‘നിന്നെയൊക്കെ ദൈവം സൃഷ്‌ടിച്ചിരിക്കുന്നത് എന്തിനാണ്? ഈ ഭൂമിയിൽ എന്തു പ്രസക്‌തിയാണ് നിനക്കുള്ളത്? എത്രയോ സംന്യാസിമാരും മഹാന്മാരും എന്നെ അന്വേഷിച്ചു വരുന്നു. അതു നീ കാണുന്നില്ലേ?’ ഇതായിരുന്നു ആൽമരത്തിന്റെ ചോദ്യം. പാവം മഷിത്തണ്ട്  ഒരു തണ്ടും കാണിക്കാതെ ആൽമരത്തോടു പറഞ്ഞത്: എന്നെ അന്വേഷിച്ച് കുട്ടികൾ വരുമല്ലോ, കുട്ടികൾക്ക് കൈയെത്താത്ത ഉയരത്തിലല്ലേ നിന്റെ ഇലകൾ. അഥവാ കിട്ടിയാൽത്തന്നെ അവർക്കെന്തു പ്രയോജനം? നീരില്ലാത്ത ഇലകളാണ് നിന്റേത്. അതുകൊണ്ട് സ്ലേറ്റ് മായ്‌ക്കാൻ പറ്റില്ലല്ലോ. മായ്‌ച്ച സ്ലേറ്റിൽ നിന്നാണ് ആൽമരം പോലും പിറക്കുന്നത് എന്നത്രേ. 

 

മഷിത്തണ്ടു ചെടിയെക്കൊണ്ടെന്ന പോലെ ചെറിയ കഥകളെക്കൊണ്ടും ഉപകാരമുള്ളവരുണ്ട്. ചെറുതായാലും വലുതായാലും നീരുള്ള കഥകളാണ് സുരേന്ദ്രൻ എഴുതുന്നത്. മായ്‌ച്ച സ്ലേറ്റിൽ നിന്നാണ് ആൽമരം പോലും പിറക്കുക എന്നതു പോലെ സുരേന്ദ്രന്റെ ഇതേ കഥാമനസ്സിൽ നിന്നാണല്ലോ ഭൂമിയുടെ നിലവിളി, തുള വീണ ആകാശം, ബർമുഡ തുടങ്ങിയ വലിയ കഥകളും പിറന്നത്.

 

English Summary : Kadhanurukku, Column Short Stories By P.Surendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com