ADVERTISEMENT

എസ്.വി. വേണുഗോപൻ നായർ തന്റെ ഏറ്റവും നല്ല കഥകൾ എഴുതിയത് ഇന്നോ ഇന്നലെയോ അല്ല. പക്ഷേ ഇപ്പോഴാണ് വാരികകളിൽ നിറഞ്ഞുനിൽക്കുന്നത്. ഇത് ആറന്മുള വിമാനത്താവളം പോലെയാണ്. ആറന്മുളയ്‌ക്ക്  പണ്ടു തൊട്ടേ മാഹാത്മ്യം ഉണ്ടെങ്കിലും ഇപ്പോഴാണല്ലോ ചർച്ചാവിഷയമായത് .

 

പാർഥസാരഥി എന്നൊരു കഥ ആറന്മുളയുടെ വിവാദ പശ്‌ചാത്തലത്തിൽ എസ്‌വി എഴുതിയിട്ടുണ്ട്. ആറന്മുളയിൽ ചെറിയൊരു വിമാനത്താവളം വരുന്നതാണല്ലോ തർക്കവിഷയം. എസ്‌വി ആറന്മുളയെക്കുറിച്ചെഴുതിയതും അദ്ദേഹത്തിന്റെ ഏറ്റവും ചെറിയ കഥയായി. ആറന്മുള വള്ളംകളി കൊണ്ട് പ്രശസ്‌തമായ നാട് ഇപ്പോൾ ആറന്മുള വിമാനം കളി എന്ന വിവാദക്കളി കൊണ്ട് പ്രശസ്‌തമായി.

 

‘തിരുവാറന്മുളയിലൊന്നു പോയി. മന്ദഹാസമോ പരിഹാസമോ എന്നു വ്യവച്‌ഛേദിക്കാനാവാത്ത ഒരു പുഞ്ചിരി തൂകി മായാമയൻ. അനന്തരം പിന്നെന്തു വിശേഷം എന്നു ചോദിക്കും മട്ടിൽ ആ പുരികമൊന്നു യർത്തി. ഞാൻ ഉണർത്തിച്ചു. ഇപ്പോഴീ പ്രപഞ്ചത്തിന്റെ ശ്രദ്ധ മുഴുവൻ ഇവിടെയാണല്ലോ. വിമാനത്താവളം വരുന്നതിനെപ്പറ്റി അങ്ങയുടെ അഭിപ്രായം? നീലക്കാർവർണൻ പൊട്ടിച്ചിരിച്ചു. വരട്ടെ. വിമാനങ്ങളങ്ങനെ ഈ മണ്ണിൽ പറന്നിറങ്ങട്ടെ. ഈ പാർഥസാരഥി എന്ന വിളി കേട്ടു മടുത്തു. ഇക്കാലത്ത് ഒരു തേരും ഉരുട്ടിച്ചെന്ന് ഏത് യുദ്ധം ജയിക്കാൻ? ഒരു സ്‌റ്റൈലൻ പോർവിമാനത്തിൽ അർജുനനെയും കയറ്റി ഇരമ്പിക്കുതിച്ചു പോവാം... മന്ദഹസിക്കുന്ന ദേവകീനന്ദനന്റെ മുഖം ക്രമേണ വാടി. ‘വിമാനം ഇറങ്ങും മുൻപ് ഇവിടം തന്നെ ഒരു കുരുക്ഷേത്രമാവുന്ന ലക്ഷണമാണ്. അറിയില്ലേ.’ കണ്ണൻ ഒന്നു നെടുവീർപ്പിട്ടു...’ ഇങ്ങനെ പോവുന്നു കഥ.

 

എസ്‌വിയുടെ എഴുത്തും പാർഥസാരഥിയുടെ ചിരി പോലെയാണ്. മന്ദഹാസമോ പരിഹാസമോ എന്നു തിരിച്ചറിയാനാവില്ല. എരുമ പോലെ പ്രശസ്‌തമായ കഥകൾ എഴുതിയ എസ്‌വി പക്ഷേ ഒരിക്കലും കഥാലോകത്ത് എരുമയെപ്പോലെ അമറിയില്ല. കഥയുടെ നാൽക്കവലയിലൂടെ വിരണ്ടോടിയ പോത്തിനെയോ എരുമയെയോ പോലെ  പ്രശസ്‌തിക്കു വേണ്ടി ചിലർ കാണിക്കുന്ന സൂത്രപ്പണികൾ കണ്ട് വിരണ്ടില്ല. 

 

പാർഥസാരഥി എന്ന വിളി കേട്ട് കൃഷ്‌ണന് മടുത്തെന്ന് കഥാകൃത്ത്. ചില വിളികൾ സ്‌ഥിരമായി കേട്ടാൽ മനുഷ്യർക്കു പോലും മടുക്കും. അപ്പോൾപ്പിന്നെ ദേവന്മാരുടെ കാര്യം പറയണോ? അതുകൊണ്ടാണ്  അന്തരിച്ച സംവിധായകൻ ജോൺ എബ്രഹാമിനു തോന്നിയത്, പരസ്‌പരം കാണുമ്പോഴുള്ള ഹൗ ആർ യു എന്ന  ചോദ്യം മറ്റുള്ളവർക്കു മടുക്കുമെന്ന്.  ജോൺ സുഹൃത്തുക്കളായ കലാകാരന്മാരെ കാണുമ്പോൾ ഹൗ ആർ യു എന്നതിന‌ു പകരം  ആർ യു ഫങ്‌ഷനിങ് എന്നു ചോദിച്ചു. വള്ളംകളിയുടെ നാട്ടിൽ ജനിച്ച ജോൺ വെള്ളംകളിയുടെ കൂടി പ്രതിനിധിയായിരുന്നു എന്നത് തൽക്കാലം മറന്ന് നമുക്ക് വള്ളംകളിയുടെ നാടായ ആറന്മുളയിലേക്കു തന്നെ മടങ്ങിവരാം. 

 

വിമാനം ഇറക്കണമെങ്കിൽ കാലാവസ്‌ഥ അനുകൂലമായിരിക്കണം. ഇവിടെ വിമാനത്താവളത്തിനു തന്നെ കാലാവസ്‌ഥ പറ്റിയതല്ല. എസ്‌വിയുടെ ചില കഥകളുണ്ട് രാഷ്‌ട്രീയ കാലാവസ്‌ഥകളിൽ മനം മടുത്തെഴുതിയതായി. അവശനായ നേതാവ് മൂന്നു വർണങ്ങളുള്ള കമ്പിളിയെടുത്ത് പുതയ്‌ക്കുമ്പോൾ ലക്ഷം സൂചികൾ കുത്തിക്കയറുന്നതുപോലെ തോന്നി എന്ന് ദക്ഷിണായനം എന്ന കഥയിലുണ്ട്. മൂന്നു വർണങ്ങൾ മുന്നൂറുകോടി ജനങ്ങളുടെ സൂചനയാവാം. അവരെ കട്ടുമുടിച്ചതിലുള്ള പശ്‌ചാത്താപത്തിന്റെ സൂചിമുനകളല്ല അതെന്ന് ആർക്ക് പറയാനാവും? വെറുതെയല്ല ഇത്തരം കഥകൾ കാലത്തിന്റെ ആറന്മുളക്കണ്ണാടിയാവുന്നത്. 

 

എസ്‌വി കഥയെഴുതുമ്പോൾ അതിൽ കഥാകൃത്തിന്റെ വ്യക്‌തിത്വം തെളിഞ്ഞുവരും. കഥയാണെന്നു പറഞ്ഞ് നാറുന്ന അശ്ലീലമെഴുതുന്ന പെൺകുട്ടികളെ ഈയിടെ എസ്‌വി ശകാരിച്ചിരുന്നു. ഞങ്ങളുടെ നാട്ടിൽ മീൻവിൽക്കുന്ന ചില സ്‌ത്രീകൾ പണ്ട് റോഡിലിരുന്ന് മൂത്രമൊഴിക്കുമായിരുന്നു. അത് ആരും കഥയാക്കാറില്ല എന്നാണ് എസ്‌വി പറഞ്ഞത്. മരത്തെ അതിന്റെ ഫലം കൊണ്ടെന്ന പോലെ മനുഷ്യനെ അവന്റെ വാക്കു കൊണ്ടറിയാം എന്നു ബൈബിൾ വചനം. രതിയുടെ തുറന്നെഴുത്താണ് എന്നു പറഞ്ഞ് കഥയ്‌ക്ക് യൂറിനറി ഇൻഫെക്‌ഷൻ വരുത്തുന്ന കഥാകാരികളെ അവരുടെ കഥകൊണ്ടറിയാം. എസ്‌വി ഇതു പറയുമ്പോൾ ആ കഥാകാരികളെ സൂക്ഷിച്ചൊന്നു നോക്കാൻ ഇവിടെ എസ്‌വിയുടെ ആരാധനാപാത്രമായ സി.വി. രാമൻപിള്ള ഇല്ലാതെപോയി. ഉണ്ടായിരുന്നെങ്കിൽ  എസ്‌വിയുടെ നാട്ടിലെ ചില മീൻകാരിപ്പെണ്ണുങ്ങൾ റോഡിലിരുന്നു ചെയ്‌തത് ഈ കഥാകാരികൾ അറിയാതെ ചെയ്‌തേനെ. 

 

ഒരു കഥയിൽ എസ്‌വി എഴുതുന്നു, മുളംചില്ലകൾ കാറ്റിൽ ചൂളമടിക്കുമ്പോൾ ആ പൊള്ളയായ ശബ്‌ദത്തിന്റെ ഹരത്തിൽ വൃദ്ധൻ ഊറിയൂറിച്ചിരിച്ചു എന്ന്. പൊള്ളയായവർ മാത്രമേ മറ്റുള്ളവരെ പരിഹസിച്ച് ചൂളമടിക്കുന്നുള്ളൂ. അതുകണ്ടാണ് വൃദ്ധന് ചിരി വരുന്നത്. ആറന്മുളയുടെ ചില്ലകളിൽ വിവാദക്കാറ്റ് പിടിച്ചപ്പോൾ കേട്ട ചൂളംവിളിയോർത്ത് കൃഷ്‌ണന് ചിരി വന്നതിന്റെ കാരണവും മറ്റൊന്നല്ല. എസ്‌വിക്ക് ചിരിവരുന്നതിന്റെയും..

English Summary : Kadhanurukku, Column, Short Stories By S V Venugopan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com