ADVERTISEMENT

ഞാന്‍ മുറിയില്‍ ഒറ്റയ്ക്കിരിക്കുന്നു

ജനലിലൂടെ പുറത്തേക്കു നോക്കുന്നു, 

ലോകം പുറത്തില്ലേ എന്നറിയാന്‍. 

 

ഒറ്റവാക്കില്‍ കോവിഡ് കാലത്തെ വികാര വിചാരങ്ങളത്രയും സ്വാംശീകരിക്കുന്ന സച്ചിദാനന്ദന്റെ കവിത: ‘ഒറ്റ’. ഒറ്റയ്ക്കൊറ്റയ്ക്കായിപ്പോയ ജനങ്ങള്‍ക്കിടിയില്‍ കവിയും ഒറ്റയ്ക്കാണ്. പക്ഷേ, തന്റെ ജീവിതചര്യയില്‍ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. 

 

 

കവിതകള്‍ക്കുള്ള വിഷയങ്ങള്‍ ധാരാളമായി കിട്ടിക്കൊണ്ടിരുന്ന പുലര്‍കാല സവാരികള്‍ നഷ്ടപ്പെടുന്നു. തന്നെ പുനരുജ്ജീവിപ്പിക്കുന്ന, ഉണര്‍വും ഉന്‍മേഷവും പ്രദാനം ചെയ്യുന്ന രാജ്യത്തിനകത്തെയും പുറത്തെയും യാത്രകളാണു മറ്റൊരു നഷ്ടം. എന്നാലും.  കവിതയ്ക്കൊപ്പം കഥയിലും സജീവമായി കോവിഡിനെ അക്ഷരങ്ങള്‍ കൊണ്ടു പ്രതിരോധിക്കുകയാണ്  സച്ചിദാനന്ദന്‍. 

 

 

പുതിയ കാലം സമ്മാനിച്ച അധിക സമയത്തില്‍ രണ്ടു പുതിയ പദ്ധതികള്‍ പൂര്‍ത്തിയാക്കുകയാണ് സച്ചിദാനന്ദന്‍. കബീറിന്റെ തിരഞ്ഞെടുത്ത കവിതകളുടെ മലയാള വിവര്‍ത്തനമാണ്  ഒന്നാമത്തേത്. മൂല കൃതികളില്‍നിന്ന് ഇംഗ്ലിഷ് കമന്ററികളുടെ സഹായത്തോടെയാണ് മൊഴിമാറ്റം. കബീറിന്റെ കവിതകള്‍ക്ക് ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ നിര്‍ണായക സ്വാധീനമുണ്ടെന്നു കവി വിശ്വസിക്കുന്നു. പ്രത്യേകിച്ചും ചിലര്‍ മന:പൂര്‍വം വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന കാലത്ത്. 

 

 

സ്വന്തം മതം മാത്രമാണ് മികച്ചതെന്നും മറ്റെല്ലാ മതങ്ങളെയും നിഷ്കാസനം ചെയ്യണമെന്നും പ്രചരിപ്പിക്കുമ്പോള്‍ പ്രത്യേകിച്ചും. സ്വപ്നപദ്ധതി തന്നയായിരുന്നു ഈ വിവര്‍ത്തനം; പല കാരണങ്ങളാല്‍ പല കാലത്തു യാഥാര്‍ഥ്യമായില്ലെന്നു മാത്രം. രണ്ടാമത്തെ പദ്ധതി ഒരു അമേരിക്കന്‍ കവിയുമായി സഹകരിച്ച് രാജ്യാന്തര രംഗത്തെ സമകാലിക കവിതകള്‍ സമാഹരിക്കുക എന്നതാണ്. കോവിഡ് കാലത്തെ പ്രത്യക്ഷമായും പരീക്ഷമായും വിഷയമായി സ്വീകരിച്ച കവിതകളുടെ സവിശേഷ സമാഹാരം. 

 

കവിതാ രചനയില്‍ അനന്യമായ പാടവത്താല്‍ മലയാളികളെ അത്ഭുതപ്പെടുത്തിയ സച്ചിദാനന്ദന്‍ 2018 മുല്‍ കഥകളും എഴുതിത്തുടങ്ങി. ചെറുകഥകള്‍. കോവിഡ് കാലത്തും അദ്ദേഹം രണ്ടു കഥകള്‍ കൂടിയെഴുതി; 

പൂച്ചയെ കേന്ദ്ര കഥാപാത്രമാക്കി  എഴുതിയ ഫ്യുജിമോറി ഉള്‍പ്പെടെ. 

 

കോവിഡ് കാലം കടന്നുവരുന്ന സച്ചിയുടെ പുതിയ കവിതയായ ഒറ്റയില്‍ ജീവിതത്തിനൊപ്പം മരണവുമുണ്ട്. അവയ്ക്കിടയില്‍ ഊഞ്ഞാലാടുന്ന ജീവന്റെ നിസ്സഹായതയും 

ഞാന്‍ മുറിയില്‍ ഒറ്റയ്ക്കിരിക്കുന്നു 

ലോകം പുറത്ത് ഒറ്റയ്ക്കിരിക്കുന്നു. 

നാട്ടിന്‍ പുറത്തെ പുളിമരത്തിന്റെ കൊമ്പിലെ ഊഞ്ഞാലില്‍ ആടി, ഏകാന്തതയുടെ സങ്കടത്തെ ഒരു കുട്ടിയിലൂടെ അതിജീവിക്കുകയാണ് കവി. 

 

English Summary : The Art Of Solitude Poem By K Satchidanandan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com