ADVERTISEMENT

വായിച്ച എല്ലാ കഥയും ഓ‍ർത്തിരിക്കണമെന്ന് എനിക്കാഗ്രഹമുണ്ട്; വായിച്ച എല്ലാ പുസ്തകവും. കുറച്ചുമാത്രം, കുറച്ചു കാലമേ വായിക്കുന്നുള്ളുവെങ്കിൽ അതെല്ലാം ഓ‍ർക്കാൻ എളുപ്പമുണ്ട്. കുറേക്കാലമായി, പലതായി വായിക്കുമ്പോൾ കടന്നുപോയ കഥകളുടെ പ്ലോട്ട് പോലും ഓ‍ർമ വരില്ല. കവിതയാണെങ്കിലോ, ഈരടി പോലും. നല്ലതായിരുന്നു ആ വായനകൾ, നല്ലതായിരുന്നു ആ യൗവനം. പക്ഷേ നല്ലത് എന്താണ്, അതിപ്പോൾ എവിടെയാണെന്ന് ഓ‍ർമ പിടിതരില്ല.

വായിച്ച പുസ്തകങ്ങളെല്ലാം നല്ല ഓ‍ർമയോടെ തിരിച്ചെടുക്കാൻ എന്താണു വഴിയെന്ന് ഈയിടെ ഒരാൾ ചോദിച്ചു. സൂത്രവിദ്യ ഉണ്ടോ? എനിക്കറിയില്ല. ഞാനും വായിച്ചതൊക്കെ മറക്കുന്നയാളാണ്. ചില ഓർമകൾ പിടിച്ചുനിർത്തുക, വായിച്ച പുസ്തകത്തിലേക്ക് ഇടയ്ക്കിടെ തിരിച്ചുചെന്നാണ്. വിട്ടുപോന്നിടത്തേക്ക് ആദ്യമായി മടങ്ങിച്ചെല്ലുമ്പോൾ പഴയ അടയാളങ്ങൾ ഒന്നുമുണ്ടാവണമെന്നില്ല, എങ്കിലും അങ്ങനെ ചെല്ലുമ്പോൾ, അതൊരു ശീലമാവുമ്പോൾ ചില വസ്തുക്കൾ നമുക്കു തിരിച്ചുകിട്ടുന്നു.

c-radhakrishnan-ezhuthumesha

മനുഷ്യന്റെ തലച്ചോറ് അവനു ദൈനംദിന പ്രവൃത്തികളിൽ ആവശ്യമുള്ള ഓർമകളെ മാത്രം വിളിച്ചുവരുത്തുന്ന ഒരു സംവിധാനമാണ്. അത്തരമൊരു തലച്ചോറിനു മുന്നിൽ, വായന കഴിയുന്നതോടെ നിങ്ങൾ പുസ്തകം ഉപേക്ഷിക്കുന്നുവെങ്കിൽ, ആ പുസ്തകത്തിന് ഓർമയായി പിന്തുടരാൻ ബാധ്യതയുണ്ടോ? പതിവായി വേണ്ടാത്ത എല്ലാം നമ്മെ വിട്ടുപോകും.  ഈ ലോക്ഡൗൺ കാലത്തു കേട്ട നല്ലൊരു വാക്യം, അഥവാ ട്രോൾ, ഇതാണ്- ‘ഞാൻ മരിച്ചുപോയെന്ന് എന്റെ ഷൂ വിചാരിച്ചിട്ടുണ്ടാവും!’ 

വായിച്ച പുസ്തകങ്ങളെ അവയുടെ സ്വഭാവം നോക്കാതെ പരസ്പരം കൂട്ടിക്കെട്ടുന്ന ഒരു ശീലമുണ്ട്. അതതു ദിവസം സംഭവിക്കുന്ന ചില കാര്യങ്ങളുമായി മുൻപു വായിച്ച കാര്യങ്ങളെ ബന്ധിക്കുന്നതാണ് ഓ‍ർമയെ ഒപ്പം നിർത്താനുള്ള ഒരു മാർഗം. വായനയുടെ ചെറിയ കുറിപ്പുകൾ സൂക്ഷിക്കുന്നത്, വായിച്ച പുസ്തകത്തിൽ പലയിടത്തായി അടയാളങ്ങൾ വയ്ക്കുന്നത്, വായിച്ച പുസ്തകത്തിലെ ഏതെങ്കിലും ഒരു സംഭവം സുഹൃത്തുക്കളുമായി സംസാരിക്കുന്നത് എന്നിവയെല്ലാം മനസ്സിനു നല്ല ഉന്മേഷം പകരും, ഓർമ പൊഴിയാതെ നിൽക്കും. എല്ലാ നല്ല എഴുത്തുകാരും അവ‍ർക്കു മുൻപേയുള്ള പല എഴുത്തുകാരുമായും തീവ്രമായ ബന്ധങ്ങൾ ഉള്ളവരാണ്. ഹൃദയബന്ധങ്ങളുടെ ആ ഞരമ്പുകൾ സൂക്ഷിച്ചുനോക്കിയാൽ വായനക്കാർക്കും കാണാം.

m-mukundhan-ezhuthu

ഒ.വി. വിജയന്റെ ‘പ്രവാചകന്റെ വഴി’ വാരികയിൽ അച്ചടിച്ചുവന്നുകൊണ്ടിരുന്ന കാലത്ത്, അത് ഓരോ ആഴ്ചയും വായിച്ചിട്ട് ഞാനും എന്റെ ഒരു മുതിർന്ന സ്നേഹിതനും പതിവായി സംസാരിച്ചിരുന്നു. മിക്കവാറും എവിടെയെങ്കിലും ഒഴിഞ്ഞ ഒരു മൂലയിൽ നിന്നോ, ഇരുന്നോ.. വലിയ തർക്കങ്ങൾ ഉണ്ടാക്കിയിരുന്നു അന്നത്തെ വായനകൾ. എം മുകുന്ദന്റെ ‘ആദിത്യനും രാധയും മറ്റു ചിലരും’ അച്ചടിച്ചുവന്നപ്പോഴും ഇതേ പോലെ മുടങ്ങാതെ വായനകൾ നടന്നു. സി. രാധാകൃഷ്ണന്റെ ‘മുൻപേ പറക്കുന്ന പക്ഷിക’ളാണു മറ്റൊരു നോവൽ. ഇവയെല്ലാം വെവ്വേറെ ശൈലികളും സമീപനങ്ങളും പിന്തുടർന്നവയായിരുന്നു. സാഹിത്യത്തിലെ സമകാലികതയുടെ ആ ഓർമ പരസ്പരബന്ധിതമായി കരുതിയ വായനക്കാരുടെ അലമാരകളിൽ ആ പുസ്തകങ്ങൾ ഒരുമിച്ചിരുന്നു. പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ ‘കന്യാവനങ്ങൾ’ ആയിരുന്നു പ്രകമ്പനമുണ്ടാക്കിയ മറ്റൊരു കൃതി. അവ വാരികകളിൽ ഖണ്ഡശഃ വരികയായിരുന്നു. ഞാൻ ആദ്യം പുനത്തിലിനെ കാണുമ്പോൾ ഞാൻ ഈ കൃതിയെപ്പറ്റിയാണ് അദ്ദേഹത്തോടു സംസാരിച്ചത്. പക്ഷേ എന്റെ ഉള്ളിൽ ആനന്ദായിരുന്നു പ്രധാനപ്പെട്ട എഴുത്തുകാരൻ. അദ്ദേഹത്തിന് അതു രസിച്ചില്ല. ആനന്ദിന്റേത് സാഹിത്യമല്ലെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. അത്തരം എഴുത്തുകളിൽ കൃത്രിമത്വം ഉണ്ടെന്നായിരുന്നു പുനത്തിൽ വാദിച്ചത്. 

ഈ എഴുത്തുകാരുടെ ഭിന്നതകൾ അവരെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു അടയാളമായി വച്ചാണു വായനക്കാർ അവരെ സ്വീകരിച്ചത്.

പുസ്തകങ്ങളെ ബന്ധിപ്പിച്ചു വായിക്കുമ്പോൾ തനിക്ക് ഏത് അനുഭൂതി മണ്ഡലമാണു പ്രിയങ്കരം എന്നു തിരിച്ചറിയാനും അതു വായനക്കാരനെ സഹായിക്കും. ഇത്തരം അങ്ങോട്ടുമിങ്ങോട്ടുമുള്ള വായനകൾ- ‘സിഗ്‌സാഗ് റീഡിങ്’ എനിക്കു വളരെ ഇഷ്ടമാണ്; അന്നുമിന്നും. എം. കൃഷ്ണൻനായർ മികച്ച കവിതയായി പതിവായി ഉദ്ധരിച്ചിരുന്നതു വള്ളത്തോളിന്റെ വരികളാണ്. അല്ലെങ്കിൽ ചങ്ങമ്പുഴ. ജി.ശങ്കരക്കുറുപ്പാണു മറ്റൊരു പ്രധാനപ്പെട്ട ആൾ. മോശം കവികളുടെ പട്ടികയിലാണ് അദ്ദേഹം വൈലോപ്പിള്ളിയെ പെടുത്തിയിരുന്നത്. അത് എന്നെ അദ്ഭുതപ്പെടുത്തി. അതേസമയം എം.എൻ. വിജയൻ ആകട്ടെ പ്രധാന കവിയായി നിരന്തരം ഉദ്ധരിച്ചുകൊണ്ടിരുന്നതു വൈലോപ്പിള്ളിയെയാണ്. ഒരു കാവ്യപ്രേമിക്ക് ഇപ്പറഞ്ഞവരെ മാറിമാറി വായിച്ചുനോക്കാവുന്നതാണ്. അപ്പോൾ അയാളുടെ ഓ‍ർമകൾക്കു മൂർച്ചയേറും, അതു ഭിന്നകാവ്യാനുഭൂതികളെ സമർഥമായി കൂട്ടിക്കെട്ടും.

punathil-kunhabdulla-ezhuthumesha

ഇംഗ്ലിഷ് കവി ഡബ്ള്യൂ.എച്ച്. ഓഡൻ എഴുതിയ A Certain World മുഴുവനായും താൻ വായിച്ച കൃതികളിൽനിന്നുള്ള ഉദ്ധരണികളുടെ പുസ്തകമാണ്. A Common Place Book എന്ന ഉപശീർഷകമുള്ള, മുന്നൂറിലേറെ താളുകളുള്ള ഈ പുസ്തകം 1970 ലാണു പ്രസിദ്ധീകരിച്ചത്. അതിൽ വിവിധ വിഷയങ്ങളിൽ വിവിധ കൃതികളിൽനിന്നുള്ള ചെറുതും വലുതുമായ ഉദ്ധരണികൾ മാത്രമേയുള്ളു. ഈരടികൾ മുതൽ നോവൽഭാഗങ്ങളും ചരിത്രവും തത്വചിന്തയും നീണ്ട കവിതകളും വരെയുണ്ട്. ഈ പുസ്തകം ഒരുരീതിയിൽ തന്റെ ആത്മകഥയാണെന്നും ഓഡൻ എഴുതുന്നു. കവിയുടെ ആത്മപ്രപഞ്ചത്തിലേക്കു പ്രവേശിക്കാനുള്ള ഭൂപടമായി ആ പുസ്തകം മാറുന്നുണ്ട്. തന്നെ കവിയാക്കിയതെന്തെല്ലാമെന്നു വന്നു കാണൂ എന്നു വായനക്കാരെ ക്ഷണിക്കുകയാണ് ആ ഉദ്ധരണികൾ. അതിൽനിന്ന് ഓഡൻ ആവർത്തിച്ചുവായിച്ച എഴുത്തുകാരുടെ ഒരു പാറ്റേൺ നമുക്കു കിട്ടും. തന്നെ സ്പർശിച്ചവയെ പറ്റി– ചിലപ്പോൾ അതു മനുഷ്യരാകാം, ജന്തുക്കളാവാം, പുസ്തകങ്ങളാവാം– എഴുത്തുകാരൻ പറഞ്ഞുകൊണ്ടിരിക്കുന്നു. പലതരം സ്പർശനങ്ങളുടെ ഓർമകൾ ഒരുമിച്ചു ചേരുന്നതിന്റെ മനോഹാരിതയാണ് ഏറ്റവും അസൽ അനുഭവമെന്ന് എനിക്കു തോന്നുന്നു. എഴുത്തുകാരന്റെ ഒറിജിനാലിറ്റി, മൗലികത എന്നു നാം കരുതുന്ന പലതും അതുവരെയുള്ള അയാളുടെ അനുഭവങ്ങളുടെയും ഭാവനകളുടെയും നിഗൂഢമായ മിശ്രിതത്തിൽനിന്നുണ്ടാകുന്നവയാണ്. 

ചങ്ങമ്പുഴ മരിച്ചപ്പോൾ, അക്കിത്തം  എഴുതിയ കവിതയിലെ വരികൾ-

‘കാലമെൻ വപ നാളെപ്പിഴിഞ്ഞാൽ, പരമാണു കീറിയാൽ, 

കാണും നിന്റെ സംഗീതധൂളിപൂരം. 

മറക്കാനാവാഞ്ഞല്ലോ വന്നു ഞാൻ കുട, വടി 

ചെരുപ്പും കുപ്പായവുമില്ലാത്തൊരാത്മാവോടെ.’

ഇതിലും നന്നായി ഒരു വലിയ കവിക്കു തന്റെ കാലത്തെ മറ്റൊരു വലിയ കവിയോട് ആദരം പ്രകടിപ്പിക്കാനില്ല. തന്റെ പരമാണു കീറിയാൽ അതിൽ ചങ്ങമ്പുഴയുണ്ടാവും എന്ന കൃതജ്ഞതാബോധമാണു കവിയുടെ ബലം.

സ്വന്തം ഭാഷയിലെ മാത്രമല്ല മറ്റെല്ലാ ഭാഷയിലെ കവികളുമായും ഇത്തരമൊരു സാഹോദര്യം വായന കൊണ്ടുവരുന്നു. മറ്റു ജനതയുടെ ഭാവനകളുമായും അനുഭവങ്ങളുമായും എത്ര കൂടിക്കലരുന്നുവോ അത്രത്തോളം നവീനമാവും അതിൽനിന്നുണ്ടാകുന്ന എഴുത്തും ഭാവുകത്വവും. അതുകൊണ്ടാണ് ആയിരത്തൊന്നു രാവുകൾ പോലെ പൗരസ്ത്യസംസ്കൃതിയുടെ ഉള്ളിൽനിന്ന് ഉടലെടുത്ത ഭാവനാപ്രപഞ്ചം, അതിരുകൾ ലംഘിച്ചു പടിഞ്ഞാറു ചെന്നു ലയിച്ചത്..

മറ്റു ദേശങ്ങളുടെയും ഭാഷകളുടെയും വിസ്തൃതിയിലേക്ക് ചെന്നു ചേരുമ്പോൾ വായനക്കാരന്റെ അനുഭൂതി മണ്ഡലങ്ങളിലും കാലാവസ്ഥാമാറ്റമുണ്ടാകുന്നു. കൊടുങ്കാറ്റുകൾ അയാൾ അറിയുന്നു. താൻ മറ്റൊരാളുടെ സ്വാധീനം പിന്തുടരുന്നു, താൻ മറ്റൊരാളിൽനിന്നു പഠിക്കുന്നു എന്നതെല്ലാം കലയുടെ ലോകത്തെ ശീലങ്ങളാണ്. ശുദ്ധിയുടെ മതം അവിടെ തിരസ്കരിക്കപ്പെടുന്നു. സായാഹ്നങ്ങളുടെ ഏകതാനത ആസ്വാദ്യകരമാണ്, പക്ഷേ സാഹിത്യത്തിന് അത്രയും വിരസത താങ്ങാനാവില്ലെന്നാണ് എനിക്കു തോന്നുന്നത്.

ലോക്‌ഡൗൺ തുടരുമ്പോൾ വ്യക്തികൾ ഒരിടത്തു തന്നെ രാപകലുകൾ കഴിയുന്നതിന്റെ പല അളവിലുള്ള മടുപ്പ് മിക്കവാറും ആളുകൾ അനുഭവിക്കുന്നുണ്ട്. അതേസമയം, അടച്ചിരിക്കാൻ ഇടമില്ലാത്ത, വീടില്ലാത്തവരും അലയുന്നവരുമായ മറ്റൊരു വലിയ ജനവിഭാഗം തീരാത്ത യാതനകളിലൂടെ നടപ്പു തുടരുന്നു. 

പുറത്തേക്കിറങ്ങാനോ ചുറ്റിനടക്കാനോ കഴിയാതെ ഒരിടത്തു ജീവിക്കുമ്പോൾ പകരം കിട്ടുന്ന ഒന്നും പോരാതെ വരുമെന്നതാണു സത്യം. പുസ്തകങ്ങൾ മടുക്കുന്നു, സിനിമകൾ മടുക്കുന്നു വീട്ടുകാരെ മടുക്കുന്നു. കോവിഡ് കാലത്തിനു മുൻപ് പകലെല്ലാം വീട്ടിൽ തനിച്ചിരുന്നു ശീലമുള്ള ഒരാൾ, ലോക്‌ഡൗൺ തന്റെ ഏകാന്തതയെ കവർന്നെടുത്തുന്നുവെന്ന് എന്നോടു പറഞ്ഞു. സത്യമാണ്, ഭൂമിയിൽ എത്ര തിരക്കിട്ടുപായുമ്പോഴും മനുഷ്യർക്ക് ഏകാന്തരായിരിക്കാൻ ഇടങ്ങളുണ്ട്. തൊഴിൽസ്ഥലത്ത് ആരോടു സംസാരിക്കാതെ ജോലിയെടുക്കുന്ന ഒരാൾ തനിക്കു ചുറ്റും സൃഷ്ടിക്കുന്ന ഏകാന്തത പ്രധാനമാണ്. അതില്ലാതെ വരുമ്പോൾ തനിക്കു തൊഴിൽ ഇല്ലെന്നുമാത്രമല്ല തന്റെ ഏകാന്തതയും നഷ്ടമായെന്ന് അയാൾ തിരിച്ചറിയുന്നു. 1972 ൽ സുഫലയ്ക്കുളള ആമുഖത്തിൽ ഒളപ്പമണ്ണ എഴുതി-

‘പലരാം ഞാൻ:

കച്ചവടക്കാരൻ, കൃഷിക്കാരൻ, മകൻ, അച്ഛൻ, ഭർത്താവ്, സ്നേഹിതൻ.

ഇപ്പോൾ നിങ്ങളുടെ ചോദ്യം:

ഈ തിരക്കിൽ എങ്ങനെ കവിതയെഴുതാൻ പറ്റുന്നു?

മറുപടി: 

ഇതെന്റെ ജീവിതമാണ്, കുറെ മുഖങ്ങൾ, ഈ മുഖങ്ങളെല്ലാം കൂടിയതാണ് എന്റെ മുഖം. നാനാമുഖങ്ങളായ ജീവിതത്തിന്റെ മുഖം. സമഗ്രമുഖം.’

English Summary : Ezhuthumesha Column : Why we forget most of the books we read ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com