ADVERTISEMENT

‘‘നിങ്ങളുടെ കവിതകളെ ഞാനെന്റെ ഹൃദയംകൊണ്ടു സ്നേഹിക്കുന്നു, പ്രിയ ബാരെറ്റ്...ആഴത്തിൽ വേരിറങ്ങി വളർന്ന നിങ്ങളെന്ന ചെടിയിൽ നിന്ന് തിരുത്ത് പറഞ്ഞ് പറിച്ചു മാറ്റുവാൻ ഒരു പൂവ് പോലുമില്ല...നിങ്ങളെഴുതിയതിനെയെല്ലാം ഞാൻ പ്രണയിക്കുന്നു...നിങ്ങളെയും’’

 

വിശ്വസാഹിത്യലോകത്ത് ഒരു സുന്ദര പ്രണയകവിതയ്ക്ക് വിത്തു പാകിയ വരികളാണിവ. വിക്ടോറിയൻ കവികളിൽ പ്രമുഖനായിരുന്ന റോബർട്ട്‌ ബ്രൗണിങ് പ്രിയ കവയിത്രി എലിസബത്ത് ബാരറ്റിനെഴുതിയ ആദ്യ കത്ത്. ആരാധകക്കുറിപ്പ്. പ്രേലേഖനം. കത്തിൽ നിറഞ്ഞുനിന്നതു ബ്രൗണിങ്ങിന് എലിസബത്തിനോടുള്ള സ്നേഹം. 

 

ഓർത്തെടുക്കുവാൻ നിറമുള്ള ഒരു ബാല്യം മാത്രമേ എലിസബത്തിന് ഉണ്ടായിരുന്നുള്ളൂ.കൗമാരത്തിൽ തന്നെ അവർ രോഗാതുരയായി. മരണം കാത്തിരിക്കുന്ന ദിവസങ്ങളായി ജീവിതം ചുരുങ്ങി. പക്ഷേ ദുർബലമായ ശരീരത്തിനുള്ളിലും ഒതുക്കി വയ്ക്കാൻ കഴിയാത്ത വിധം വളർന്നു പന്തലിച്ചിരുന്നു മനസ്സ്; പറന്നു നടക്കാൻ കൊതിച്ചു ചിന്തകളും. ഇംഗ്ലീഷ്, ഗ്രീക്ക്, റോമൻ ഭാഷകളോടുള്ള എലിസബത്തിന്റെ പ്രിയം വളർന്നു. വായനയും എഴുത്തുമായി പിന്നീടുള്ള കാലം. ‘പൊയംസ്’ എന്ന പേരിൽ 1844 ൽ പ്രസിദ്ധീകരിച്ച കവിതാ സമാഹാരം എലിസബത്തിനെ അറിയപ്പെടുന്ന എഴുത്തുകാരിയാക്കി. 

 

റോബർട്ട്‌ ബ്രൗണിങ് അക്കാലത്ത് വിമർശനങ്ങൾ ഏറെ ഏറ്റുവാങ്ങിയ പരാജിതനായ കവിയായിരുന്നു. കാവ്യരൂപമായി അവതരിപ്പിച്ച  ‘ഡ്രമാറ്റിക് മോണോലോഗ്’  നിരൂപകശ്രദ്ധ നേടാതെ വന്നപ്പോൾ തളർന്നു പോകേണ്ടിയിരുന്ന തുടക്കക്കാരൻ. പക്ഷേ, നിർലോഭം പിന്തുണച്ച് ഒരു എഴുത്തുകാരി മുന്നോട്ടു വന്നു. അതവരായിരുന്നു - എലിസബത്ത് ബാരറ്റ്. എലിസബത്തിന്റെ കവിതകളെ അതിനോടകം ബ്രൗണിങ് ഹൃദയത്തിൽ ഏറ്റുവാങ്ങിയിരുന്നു. 

 

ബ്രൗണിങ്ങിന്റെ ആദ്യ കത്തിന് നന്ദി പറഞ്ഞ് എലിസബത്ത് മറുപടിയയച്ചു. കവിയുടെ സ്നേഹവും സഹതാപവും മറ്റെന്തിലും പ്രിയപ്പെട്ടതാണെന്ന് അവർ തുറന്നെഴുതി. ശിശിരത്തിൽ ഒരു കൂടിക്കാഴ്ചയ്ക്ക് താൻ അശക്തയാണെന്നും വരുന്ന വസന്തത്തിൽ കാണാമെന്നും വാക്കു നൽകി. അഞ്ചു മാസങ്ങൾക്കു ശേഷം അവർ തമ്മിൽ കണ്ടു. ആദ്യ കാഴ്ചയിൽ തന്നെ ഇരുവരും പ്രണയം പങ്കിട്ടു. പിന്നീടും കത്തെഴുത്ത് അവസാനിച്ചില്ല. ഇരുപതു മാസങ്ങൾക്കിടയിൽ സ്നേഹവും സാഹിത്യവും നിറഞ്ഞ അഞ്ഞൂറിലേറെ സന്ദേശങ്ങൾ. പ്രണയമവരിലൊരു പൂവായി വിരിഞ്ഞു. 

 

കണ്ടെത്തുകയും നേടുകയും സൂക്ഷിക്കുകയും ചെയ്യുന്ന സ്നേഹത്തോളം വില വരില്ല കലയും കവിതയും സംഗീതവും നിറഞ്ഞ ഭൂമിയ്ക്കു പോലും എന്ന് ബ്രൗണിങ് എഴുതിയിട്ടുണ്ട്. എലിസബത്തിനുമത് തോന്നിയിരിക്കണം. സ്വന്തം കാലിൽ തനിയെ നിൽക്കാൻ പോലും ബലമില്ലാത്ത ജീവിതത്തിലേക്കാണ് ക്ഷണം ചോദിച്ചു ചെല്ലുന്നതെന്ന് ബ്രൗണിങ്ങിന്  അറിയാമായിരുന്നു. രോഗിയായ തന്റെ കൂട്ട് കവിക്കൊരു ഭാരമാകരുതെന്ന് എലിസബത്തും ആഗ്രഹിച്ചിരുന്നു. പക്ഷേ തങ്ങളുടെ സ്നേഹത്തിൽ അവരിരുവരും വിശ്വസിച്ചു. പിതാവിന്റെ ശാസനകൾക്ക് പോലും വഴങ്ങാതെ എലിസബത്ത് ബാരറ്റ് റോബർട്ട്‌ ബ്രൗണിങ്ങിനെ വിവാഹം ചെയ്തു. ആളാരവമില്ലാതെ, ആരുമറിയാതെ ഒരു ശരത്കാലത്തിൽ അവർ ജീവിതത്തിൽ ഒന്നിച്ചു. ഇംഗ്ലണ്ട് വിട്ട് ഇറ്റലിയിലേക്ക്. 

 

ബ്രൗണിങ്ങിനോടുള്ള സ്നേഹത്തിൽ എലിസബത്ത് എഴുതിയ ‘സോണെറ്റ്സ് ഫ്രം ദി പോർച്ചുഗീസ്’ വിവാഹശേഷം പ്രസിദ്ധീകരിച്ചു. സാഹിത്യലോകത്ത് ഇതുവരെ എഴുതപ്പെട്ട ഏറ്റവും സുന്ദരമായ പ്രണയലേഖനങ്ങളുടെ സമാഹാരം. തന്റെ ഹൃദയത്തിനു മേൽ തന്നെക്കാൾ അധികാരമുള്ളത് ബ്രൗണിങ്ങിനാണെന്ന് അതിലൂടെ അവർ ലോകത്തോട് വിളിച്ചു പറഞ്ഞു. ഇറ്റലിയിലെ ഫ്ലോറെൻസിൽ അവരുടെ ജീവിതം പുഷ്പിച്ചു. കുഞ്ഞു പിറന്നു. പക്ഷേ എലിസബത്തിന്റെ ആരോഗ്യ സ്ഥിതിയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. 

 

 

പ്രിയപ്പെട്ടവളുടെ ഓരോ ചെറിയ ആവശ്യവും നിർവഹിച്ച് ബ്രൗണിംഗ് അരികിൽ തന്നെയിരുന്നു.മണിക്കൂറുക ളോളം വായിച്ചു കൊടുത്ത് സന്തോഷം പകർന്നു. എങ്കിലും 1861ലെ ജൂണിൽ പ്രിയതമന്റെ മടിയിൽ കിടന്ന്, ഒരു പൂവ് ഞെട്ടറ്റു വീഴും പോലെ, ബ്രൗണിങ്ങിന്റെ ‘ലിറ്റിൽ പോർച്ചുഗീസ്’ വിടവാങ്ങി. വസന്തത്തിൽ മൊട്ടിട്ട പ്രണയപ്പൂവിലെ ഒരിതൾ വർഷകാലത്തെ മഴപ്പെയ്ത്തിൽ അടർന്നു വീണു.

 

മരിക്കും മുൻപ് എലിസബത്ത് പറഞ്ഞ അവസാന വാക്ക് ‘‘സുന്ദരം’’ എന്നായിരുന്നത്രെ. ഉപാധികളില്ലാത്ത സ്നേഹത്തെക്കുറിച്ച് അതിൽക്കൂടുതലെന്തു പറയാൻ. മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷം ബ്രൗണിങ്ങും യാത്രയായി.

 

‘‘ദൈവമനുവദിച്ചാൽ, മരണ ശേഷമാകും ഞാൻ നിങ്ങളെ കൂടുതൽ പ്രണയിക്കുക’’ എന്നൊരിക്കൽ എലിസബത്ത് പറഞ്ഞു. അതു സത്യമാണെങ്കിൽ, വെല്ലസ്‍ലി കോളേജിൽ സൂക്ഷിച്ചിരിക്കുന്ന കത്തുകളിലൂടെ എലിസബത്തും ബ്രൗണിങ്ങും ഇപ്പോഴും പ്രണയിക്കുന്നുണ്ടാകണം. ഋതുഭേദങ്ങളറിയാതെ പിന്നെയും പിന്നെയും എഴുതിക്കൊണ്ട്.... 

 

English Summary : Unconditional Love Story Of Elizabeth Barret And Robert Browning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com