ADVERTISEMENT

ഖസാക്കിന്റെ ഇതിഹാസത്തിലെ നായകൻ രവി അല്ലെന്ന് ഞാനുറച്ചു വിശ്വസിക്കുന്നു. അത് അള്ളാപ്പിച്ചാ മൊല്ലാക്കയാണ്.  എന്തിനു സംശയിക്കണം? 

മനസ്സിന്റെ മഴക്കാടുകളിലൂടെയുള്ള ഒരു ദീർഘസഞ്ചാരമാണ് ആ ഇതിഹാസമെങ്കിൽ അതിലേറ്റവും സങ്കടപ്പച്ചയുള്ള മഴക്കാട് അദ്ദേഹംതന്നെ.  എങ്കിലോ, ആ മഴ തീരാത്തത്; അഴൽ ഒഴിയാത്തത്.  ഖസാക്കിലേക്ക് ആദ്യമായി ചെന്നെത്താനായ ആ ദിവസം എനിക്കിപ്പോഴും ഒാർമയുണ്ട്. ആൺകൗമാരത്തിന്റെ മറ്റു വിശിഷ്‌ട ദിവസങ്ങൾ പോലെ തന്നെ. 

ആദ്യം. എങ്കിലോ, പിന്നെയൊരിക്കലും അതുപോലെ ആവർത്തിക്കാത്തത്.  മിലാസ് ഫോർമാൻ, മൊസാർട്ടിന്റെ ജീവിതത്തെ അടിസ്‌ഥാനമാക്കി സംവിധാനം ചെയ്‌ത ‘അമെദ്യൂസ്’  എന്ന സിനിമയിലെ ഗംഭീരമായ സിംഫണികൾ പിൽക്കാലത്ത് കേട്ടപ്പോൾ ഞാൻ എന്റെ ആദ്യ (പൂർണ) ഖസാക്ക് അനുഭവത്തെയാണ് ഓർമിച്ചത്. 

നൂറുകണക്കിനു വയലിനുകൾ ഒന്നിച്ച് ആകാശത്തേക്കുയരുന്ന ആ നിമിഷം. അല്ലെങ്കിൽ അത്രയും വയലിനുകൾ ഒരുമിച്ചു നിശ്ശബ്‌ദമായ ആ നിമിഷം.

അതിഗംഭീരമായ ആ സിംഫണിയുടെ  അപാരമായ ശബ്ദമൗനങ്ങളെ ഗ്രാഫിക്കലായി അടയാളപ്പെടുത്താമെങ്കിൽ അതോടൊപ്പം, അള്ളാപ്പിച്ചാ മൊല്ലാക്കയുടെ ജീവിതത്തെയും  മരണത്തെയുംകൂടി അടയാളപ്പെടുത്താം. എന്തൊരു ഗംഭീരനായ, ഏകാന്തനായ, വിഷാദിയായ, വിലാപിയായ നായകൻ! 

അള്ളാപ്പിച്ചാ മൊല്ലാക്ക ഖസാക്കിൽ നിറഞ്ഞുനിൽക്കുന്നു. ആ അർഥത്തിൽ, ഇതിഹാസഭൂമികയിലെ കഥാപുരുഷനും അദ്ദേഹംതന്നെ. 

ചെതലിമല വലിയൊരു കാന്തക്കല്ലിനെപ്പോലെ  ഖസാക്കിന്റെ പുരോഹിതന്മാരെ അവിടേക്കു വിളിക്കുകയായിരുന്നു. പുരോഹിതൻ മലയടിവാരത്തിൽ കാത്തുനിന്നു പിൻഗാമിയെ തേടിപ്പിടിച്ചു. അള്ളാപ്പിച്ചയുടെ മുൻഗാമിയായ വാവരു മൊല്ലാക്കയ്ക്കും അള്ളാപ്പിച്ച എന്ന പയ്യനെ കണ്ടുകിട്ടുകയായിരുന്നു . ചെതലിയുടെ അടിവാരത്തുനിന്ന് ൈനസാമലിയെയും അള്ളാപ്പിച്ചയ്ക്ക് അങ്ങനെയാണു കിട്ടിയത്. അന്നേരം പ്രകൃതി ഒാരോ നിമിത്തങ്ങളിലൂടെ  പുരോഹിതനുമായി സംസാരിച്ചു : ഗൗളിയുടെശബ്ദം., മഞ്ഞക്കിളിയുടെ കലമ്പൽ, ചെതലിയുടെ കരിന്തഴകളിലൂടെ വീശിയ കാറ്റ്, മലമുടിയിൽനിന്നു താഴേക്കു പടർന്ന കാട്ടുതീപ്പുക...

പുകയുടെ വിരലുകൾ നീല നിഴലിച്ച മലഞ്ചെരുവിൽ ഷെയ്ഖ് തങ്ങളുടെ തിരുമൊഴി കുറിച്ചുകാട്ടിയത് ഖസാക്കിലെ പുരോഹിതൻ മാത്രം കണ്ടു. പക്ഷേ, പ്രവചനദൃശ്യം നൽകിയ അഭൗമികത മായിച്ച് നൈസാമലി നടന്നുപോയി. എല്ലാമറിഞ്ഞ് മൊല്ലാക്ക ഉള്ളിൽ സങ്കടപ്പെട്ടു.

‘...തമ്പുരാനേ, ഈ ഒറ്റയടിപ്പാത നീയെനിക്കു കാണിച്ചുതന്നു.  മേടു കേറി, പള്ളിയാലോരം പറ്റി, ഞാനതിലൂടെ കടന്നു, കാലു വ്രണപ്പെട്ടു..’

വ്രണപ്പെട്ട ആ പുരോഹിതപാദങ്ങളുടെ വ്രണിത തീർഥാടനം കൂടിയാണ് ഖസാക്കിന്റെ ഇതിഹാസം. പക്ഷേ വ്രണപ്പെട്ടതു കാലല്ലായിരുന്നുവെന്നു പിന്നീട് ഒ.വി. വിജയനറിഞ്ഞു. ഇതിഹാസകഥനത്തിന്റെ ഒറ്റയടിപ്പാതയിലൂടെ  വ്രണിതമായ പെരുവിരലുമായി ഒരായുഷ്കാലമത്രയും നടന്നുതീർത്ത പുരോഹിതൻ പക്ഷേ ജീവിതത്തിലവസാനിച്ചത് അങ്ങനെയല്ലായിരുന്നുവെന്ന് വിജയൻ അറിഞ്ഞത് ഖസാക്ക് ഇറങ്ങി എത്രയോ വർഷത്തിനുശേഷം. 

കഥാപാത്രത്തിന്റെ പ്രോട്ടോടൈപ്പായി തസറാക്കിലുണ്ടായിരുന്ന അള്ളാപ്പിച്ചാ മൊല്ലാക്കയുടെ മരണം അർബുദം ബാധിച്ചുതന്നെയായിരുന്നു. പക്ഷേ, വിജയൻ എഴുതിയതുപോലെ  പെരുവിരലിനായിരുന്നില്ല, തൊണ്ടയിൽ!

അതറിഞ്ഞപ്പോൾ വിജയൻ ഏറ്റുപറഞ്ഞിട്ടുണ്ട്:

‘ ദൈവമേ, ഒരു ദുരന്തപ്രവചനത്തിന്റെ ഉപകരണമാകാൻ ഞാൻ വിധിക്കപ്പെട്ടത് എന്തിന്? എന്റെ പ്രാർഥനകളിൽ ഞാൻ അള്ളാപ്പിച്ചാ മൊല്ലാക്കയോടു ക്ഷമ ചോദിച്ചു. എന്റെ ശിൽപകൗശലത്തിനു  മാപ്പുതരിക. ഈ കൗശലങ്ങളെക്കൊണ്ട് ഞാൻ പണിതെടുത്ത ഇതിഹാസത്തേക്കാൾ  എത്രയോ മടങ്ങ് ധന്യമാണ് പാനീസ് വിളക്കും തൂക്കി ആ ഒറ്റയടിപ്പാതയിലൂടെ താങ്കൾ നടത്തിയ പദയാത്രകൾ. ശാസ്ത്രത്തിലും ഗ്രന്ഥത്തിലും ഞാൻ നേടിയ അറിവുകളെക്കാൾ മാഹാത്മ്യമുറ്റതാണ് ഈ പാതയിൽ താങ്കൾക്കുണ്ടായ ദൈവാനുഭവം..’

തസറാക്കിൽ അറബിക്കുളത്തിനടുത്തുള്ള പളളിക്കാട്ടിൽ അള്ളാപ്പിച്ചാ മൊല്ലാക്ക ഇപ്പോഴും ഉറങ്ങുന്നുണ്ട്. നെല്ലിക്കാടു നിറഞ്ഞ കാട്ടുപൊന്തകൾ, കരിമ്പനക്കാടുകൾ, മീസാൻകല്ലുകൾ.. ഈ കാട്ടിൽ മുൻപു മയിലുകൾ ഒാടിനടന്നിരുന്നു; കുഞ്ഞാമിനയുടെ മയിലുകൾ... 

∙ഖസാക്കിൽനിന്ന് അധികം കരിമ്പനക്കാറ്റുകളുടെ ദൂരമില്ല എന്റെ നാട്ടിലേക്ക്.

പതിനേഴു വർഷം മുൻപ്, ‘കഥയാട്ട’ത്തിലെ ഖസാക്ക് ഖണ്ഡം ചിത്രീകരിച്ചത് അവിടെയായിരുന്നു. ലൊക്കേഷൻ കണ്ടെത്തുന്നതിൽ മുതൽ ചിത്രീകരണം തീരുവോളം ഒപ്പമുണ്ടാവാൻ സാധിച്ചത് എന്റെ ഭാഗ്യം. 

മൊല്ലാക്കയുടെയും  നൈസാമലിയുടെയും കൂടിക്കാഴ്ചയായിരുന്നു ചിത്രീകരിച്ചത്.  

ക്യാമറയ്ക്കു മുന്നിലെത്തിയ അള്ളാപ്പിച്ചാമൊല്ലാക്കയെ കണ്ടുണ്ടായ വിസ്മയം ഇപ്പോഴും ഞാൻ മറന്നിട്ടില്ല. 

എവിടെയാണ് ഇത്രയും നേരം ഒപ്പമുണ്ടായിരുന്ന മോഹൻലാൽ? 

ഇത് മറ്റൊരാൾ. 

ഖസാക്കിലെ മൊല്ലാക്ക. 

ഏകാന്തനായ, വിഷാദിയായ, വിലാപിയായ അതേ ഗംഭീരനായകൻ!

കണ്ണുകളിൽ കാലം ഖനീഭവിച്ചുകിടക്കുന്നു.

ഇതിഹാസത്തിന്റെ താളുകളിൽനിന്ന് അനന്യമായ ഒരു വേഷപ്പകർച്ച ഉണ്ടാവുകയാണ്.

‘നീ ഉണ്മയാ പൊയ്യാ? മൊല്ലാക്ക ചോദിച്ചു

‘ഉണ്മൈ’ നൈസാമലി പറഞ്ഞു.

വിജയനെഴുതിയതിന്റെ അടുത്ത അടരിൽനിന്ന് അറിയാതെ കൈവന്ന ചില ചേഷ്ടകൾ നൈസാമലിയുമായുള്ള  ആ കൂടിക്കാഴ്ച അഭിനയിക്കുന്നതിനിടെയുണ്ടായത് പിന്നീട് തന്നെ അതിശയിപ്പിച്ചതായി മോഹൻലാൽ എന്നോടു പറഞ്ഞിട്ടുണ്ട്. ഇന്നു സംസാരിക്കുമ്പോഴും അദ്ദേഹം അത് ഓർമിച്ചു. 

അതു ചിത്രീകരിക്കുമ്പോൾ സ്വയമറിയാതെ ശരീരം നടത്തിയ, കഥാപാത്രത്തിലേക്കുള്ള അതിസുന്ദരമായ ആൽക്കെമി! 

വിജയനെ ഞാൻ ജീവിതത്തിലാദ്യമായി കണ്ടത് ദശാബ്ദങ്ങൾക്കു മുൻപ് ഡൽഹിയിലാണ്. ചാണക്യപുരിയിലെ ആ വീട്ടിൽ: പാതിയൊഴിഞ്ഞ മദ്യ ഗ്ലാസ്. പാതിവായിച്ചുവച്ച ഏതോ പുസ്‌തകം.

അപ്പോഴേക്കും പാതിജീവിതത്തിലേറെ ജീവിച്ചുകഴിഞ്ഞ വിജയൻ. 

അന്ന് അദ്ദേഹം പറഞ്ഞത് ഇപ്പോഴും ഒാർമയുണ്ട്.

– മൊല്ലാക്കയാണ് ഖസാക്കിലെ നായകനെന്നാണ് എന്റെയൊരു തോന്നൽ. നിങ്ങൾക്ക് അങ്ങനെ തോന്നണമെന്നില്ല.

‘കഥയാട്ട’ത്തിലെ അള്ളാപ്പിച്ചാ മൊല്ലാക്കയെ വിജയൻ കണ്ടിരുന്നെങ്കിൽ ആ തോന്നൽ അദ്ദേഹം ഉറപ്പിക്കുമായിരുന്നു, തീർച്ച.

English Summary : Allapicha Mollakka in O.V, Vijayan's Khasakinte Ithihasam was an unconventional hero

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com