ADVERTISEMENT

‘ജീവിച്ചിരിക്കുന്ന ഒരാളുടെ രൂപം തടി ചെത്തി മിനുക്കി, ചായം തേച്ച്, ചൈതന്യം സ്ഫുരിക്കുമാറ് നിർമിക്കുവാൻ മികച്ചൊരു കലാപ്രതിഭ തന്നെ വേണം. അത്തരത്തിൽ എന്റെ രൂപം നിർമിച്ച ശിൽപി ശ്രീ, സതീശൻ മുട്ടത്തറ ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. അതിന് അവസരമൊരുക്കിയ എന്റെ സുഹൃത്ത് ശ്രീ. സുമേധനോടുള്ള കൃതജ്ഞത ഹൃദയത്തിലും കിടക്കട്ടെ...’ – ഹൃദയത്തിൽനിന്നു സുകുമാർ അഴീക്കോട് കുറിച്ചതാണ് ഇൗ വരികൾ. വി. സുമേധൻ വെൺമനയുടെ തിരുവനന്തപുരം വെള്ളയാമ്പലത്തെ വീടിന്റെ സ്വീകരണമുറിയിൽ അതിഥികളെ സ്വീകരിക്കുന്നത് സുകുമാർ അഴീക്കോടിന്റെ ദാരുശിൽപമാണ്. ഇൗ വരികൾ മതി സുമേധനും സുകുമാർ അഴീക്കോടും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ തെളിവ്.

‘വാക്കുകളിലൂടെ അറിഞ്ഞ മഹാവ്യക്തിയെ നേരിട്ടു കണ്ടതു മുതൽ വിയോഗ ദിവസം വരെ കൂടെ നിൽക്കാൻ എനിക്ക് കഴിഞ്ഞു. മാഷിന്റെ സ്മരണ എന്നുമുണ്ടാവണം. അതിനാണ് ഈ ശിൽപം. എന്നും അദ്ദേഹത്തെ കാണാം. അദ്ദേഹം സമ്മാനിച്ച നല്ല ഒാർമകൾ ജീവിതത്തിന് ഇന്നും ഉൗർജം പകരുന്നു. അഴീക്കോട് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മാഷിന്റെ 94–ാം ജന്മദിന ആഘോഷത്തിന്റെ (മേയ് 12) ഭാഗമായുള്ള ഒത്തുചേരൽ കോവിഡ്–19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ചരമദിനമായ ജനുവരി 24 ന് ട്രസ്റ്റംഗങ്ങളും സുഹൃത്തുക്കളും പയ്യാമ്പലത്ത് ഒത്തുകൂടിയിരുന്നു. സാഹിത്യവിമർശകനും ഗ്രന്ഥകാരനും പ്രഭാഷകനും വിദ്യാഭ്യാസചിന്തകനുമായിരുന്ന അഴീക്കോട് മാഷിനോടൊപ്പം കുറച്ചു നാൾ ചെലവഴിക്കാൻ എനിക്ക് കഴിഞ്ഞത് ജീവിതപുണ്യമായി കരുതുന്നു’ – സുമേധൻ പറയുന്നു.

sukumar-azhikode-award-funtion
വക്കം വെൺമണയ്ക്കൽ വേലായുധൻ മെമ്മോറിയൽ അവാർഡ് സുകുമാർ അഴീക്കോടിനു സമർപ്പിക്കുന്ന ചടങ്ങ്. (ഇടത്തു നിന്ന്) ആർ.എം. മനക്കലാത്ത്, ഡോ.എൻ.എ. ഖരീം, എ.പി. ഉദയഭാനു, ലക്ഷ്മി എൻ. മേനോൻ, സുകുമാർ അഴീക്കോട്, സുഗതകുമാരി എന്നിവർ.

അക്ഷരങ്ങളിലൂടെ കണ്ടു, പിന്നെ ഒപ്പം നടന്നു

നാൽപത്  വർഷം മുൻപ് പ്രവാസ ജീവിതത്തിന്റെ തുടക്കത്തിൽ അബുദാബി ഗ്രാനൈറ്റ് കൺസ്ട്രക്‌ഷൻ കമ്പനിയിൽ പ്രോജക്ട് മാനേജരായി ജോലി ചെയ്യുമ്പോഴാണ് സുമേധൻ അക്ഷരങ്ങളിലൂടെ സുകുമാർ അഴീക്കോടിനെ അടുത്തറിയുന്നത്. പത്രത്തിൽ വരുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങളായിരുന്നു ഹരം. അഴീക്കോട് അബുദാബി സന്ദർശിച്ചപ്പോൾ സുഹൃത്ത് കെ.കെ.വിദ്യാധരൻ വഴി അദ്ദേഹത്തെ പരിചയപ്പെട്ടു. ആദ്യ കാഴ്ചയിൽത്തന്നെ മാഷിനോട് വല്ലാത്ത അടുപ്പം തോന്നിയെന്ന് സുമേധൻ. നാട്ടിൽ വരുമ്പോഴെല്ലാം അദ്ദേഹത്തെ കാണുകയും വ്യക്തിബന്ധം പുലർത്തുകയും ചെയ്തു. പിതാവിന്റെ വിയോഗത്തോടെ സുമേധൻ നാട്ടിലേക്കു മടങ്ങി. പിതാവ് വക്കം വെൺമണയ്ക്കൽ വേലായുധന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡിന്റെ ആദ്യ ജേതാവും സുകുമാർ അഴീക്കോടായിരുന്നു. സമൂഹതിന്മകൾക്ക് എതിരെ ശബ്ദിക്കുന്ന വ്യക്തികൾക്കായി ഏർപ്പെടുത്തിയ അവാർഡ് ഗാലപ്പ് പോളിലൂടെയാണ് കണ്ടെത്തിയിരുന്നത്. ചുരുക്കപ്പട്ടികയിൽ സ്ഥാനം നേടുന്ന വ്യക്തികളുടെ കഴിഞ്ഞ പത്ത് വർഷത്തെ പ്രവർത്തനവും വിലയിരുത്തിയിട്ടാണ് അവാർഡ് നൽകിയിരുന്നത്. മൂന്ന് വർഷം കൂടുമ്പോൾ നൽകിയിരുന്ന അവാർഡ് 96 ൽ നിർത്തുകയായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് 98–ൽ സുമേധൻ തിരികെ എത്തിയ നാൾ മുതൽ സുകുമാർ അഴീക്കോടിനൊപ്പം നിഴൽ പോലെ സുമേധൻ നടന്നു, വിയോഗ ദിനം വരെ.

കുഞ്ചപ്പന്റെ കേരള ഹൗസും പൊന്നാടയും

പ്രസംഗവേദികളെ ഇളക്കി മറിച്ചിരുന്ന സുകുമാർ അഴീക്കോട് പൊതുവേ ശാന്തനായിരുന്നുവെന്ന് സുമേധൻ. പ്രസംഗ വേദിക്കു പുറത്ത് പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്ന അഴീക്കോട് സൗഹൃദങ്ങൾ അമൂല്യമായി കാത്ത് സൂക്ഷിച്ചിരുന്നു. സുകുമാർ അഴീക്കോടിന്റെ തിരുവനന്തപുരം സന്ദർശനങ്ങൾ സുമേധനും സുഹൃത്തുകൾക്കും മറക്കാനാവാത്ത ദിനങ്ങളായിരുന്നു. വി.ദത്തൻ, കെ.എൻ. ഗോപാലകൃഷ്ണൻ നായർ എന്നിവർ ട്രിവാൻട്രം ഹോട്ടലിൽ സ്ഥിരമായി താമസിച്ചിരുന്ന മുറിയിലിരുന്ന് വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ. ഇൗയിടെ അന്തരിച്ച കേരള ഹൗസ് ഉടമ കെ.എം. കുഞ്ചപ്പനായിരുന്നു അഴീക്കോട് മാഷിന്റെ ഇഷ്ടവിഭവങ്ങൾ ഒരുക്കിയിരുന്നത്. കുട്ടനാട് രുചികൾ തലസ്ഥാനത്തിനു പരിചയപ്പെടുത്തിയ കുഞ്ചപ്പന്റെ  കേരള ഹൗസിൽ എത്രയോ സായാഹ്നങ്ങൾ ചെലവഴിച്ചിരുന്നു. നിരവധി .യോഗങ്ങളിൽ പങ്കെടുത്ത ശേഷം എത്തിയാലും സൗഹൃദ സദസ്സുകളിൽ അഴീക്കോട് മാഷ് ഉൗർജത്തോടെ സംസാരിക്കുമായിരുന്നു. ഒരു ദിവസം വൈകിട്ട് യോഗം കഴിഞ്ഞ് സുകുമാർ അഴീക്കോട് നേരെ വന്നത് കുഞ്ചപ്പന്റെ കേരള ഹൗസിൽ. ഭക്ഷണം കഴിക്കുന്നതിനു മുൻപ് അന്ന് തനിക്ക് ലഭിച്ച പൊന്നാട കു​​ഞ്ചപ്പനെ അണിയിച്ചതും മറക്കാനാവാത്ത ഒാർമയാണ്.

അഴീക്കോടിനൊപ്പം പൊലീസ് സംരക്ഷണത്തിൽ ഒരു രാത്രി

സിപിഎമ്മിലെ വിഭാഗീയത കൊടുമ്പിരിക്കൊണ്ട കാലം. പിണറായി വിജയനെതിരെ വി.എസ്. അച്യുതാനന്ദൻ നടത്തിയ ഒരു പരാമർശം അഴീക്കോടിനെ പ്രകോപിപ്പിച്ചു.  അദ്ദേഹം വിഎസിനെതിരെ പരിഹാസരൂപേണ ‘ഇരിക്കുന്ന കൂട്ടിൽ തന്നെ കാഷ്ഠിക്കുന്ന’ പക്ഷിയുടെ ഒരുപമയായിരുന്നു പ്രയോഗിച്ചത്. അത് വിഎസ് പക്ഷക്കാരെ വല്ലാതെ പ്രകോപിപ്പിക്കുകയും അഴീക്കോടിനെതിരെ പ്രതിഷേധങ്ങളുയരുകയും ചെയ്തു. ആക്രമണ സാധ്യത കണക്കിലെടുത്ത് അഴീക്കോടിന്റെ ഇരവിമംഗലത്തെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ അഴീക്കോടിന്റെ മാനസികാവസ്ഥ മനസ്സിലാക്കിയ സുമേധൻ തൃശൂരിലേക്ക് തിരിച്ചു. സന്ധ്യക്ക് ത്യശൂരിലെ വീട്ടിലെത്തുമ്പോൾ പെരുമഴയായിരുന്നു. തുറന്നുകിടന്ന പ്രധാന വാതിലിന് പുറത്ത് ഇരുവശങ്ങളിലുമായി തോക്കേന്തിയ ഓരോ പൊലീസുകാർ നിൽപുണ്ടായിരുന്നു. കാറിന്റെ ശബ്ദം കേട്ടിറങ്ങി വന്ന അഴീക്കോട് അകത്തേക്കു വിളിച്ചു. ബാഗും തൂക്കി സുമേധൻ അഴീക്കോടിനോട് ഇങ്ങനെ പറഞ്ഞു : സർ... എന്റെ ജീവിതത്തിൽ സ്വപ്നത്തിൽ പോലും കാണാത്ത സൗഭാഗ്യമാണ് എനിക്കിന്ന്  ലഭിക്കുന്നത്. പൊലീസ് സംരക്ഷണത്തിൽ ഒരു രാത്രി അങ്ങയോടൊപ്പം കഴിയാൻ ലഭിക്കുന്ന ഈ അവസരം ഞാനെന്നും ഒാർത്തിരിക്കും...’ അന്ന് പൊലീസുകാരെക്കാളും ഏറ്റവുമധികം ചിരിച്ചത് സുകുമാർ അഴീക്കോടായിരുന്നുവെന്ന് സുമേധൻ ഒാർക്കുന്നു.

ദാരുശിൽപം പിറന്ന കഥ

ഹൃദയത്തിൽ ഗുരുവായി പ്രതിഷ്ഠിക്കപ്പെട്ട സുകുമാർ അഴീക്കോടിന്റെ ഓർമകളെ എങ്ങിനെ അടയാളപ്പെടുത്താമെന്ന ചിന്തയാണ് അർധകായ ദാരുശില്പ നിർമാണത്തിലേക്ക് സുമേധനെ എത്തിച്ചത്.  ആഗ്രഹം ഫോണിലൂടെ അഴീക്കോടിനോട് പറഞ്ഞപ്പോൾത്തന്നെ സമ്മതിച്ചു. നിർമാണത്തിന്റെ അവസാനഘട്ടത്തിൽ ശിൽപി സതീശൻ മുട്ടത്തറയുടെ വീട്ടിലെത്തി ശിൽപത്തിന്റെ പൂർത്തിയാകാറായ രൂപവും സുകുമാർ അഴീക്കോട് കണ്ടിരുന്നു. 

ഇൗ വർഷം സുകുമാർ അഴീക്കോടിന്റെ ജന്മദിനത്തിൽ ഒത്തുചേരാൻ ട്രസ്റ്റ് അംഗങ്ങളുമായുള്ള ഒത്തുചേരൽ നടക്കാത്തതിന്റെ സങ്കടത്തിലാണ് സുമേധൻ‌. ‘ഓരോ വാർത്ത‌ കേൾക്കുമ്പോഴും ഞാനോർക്കും. അഴീക്കോട് മാഷുണ്ടായിരുന്നെങ്കിൽ എങ്ങനെ അതിനോട് പ്രതികരിക്കുമെന്ന്..’ – സുമേധൻ പറഞ്ഞുനിർത്തുന്നു. 

English Summary : Sukumar Azhikode memoir by V Sumedhan Venmana

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com