ADVERTISEMENT

ശില്‍പത്തെക്കുറിച്ച് ഒരു സങ്കല്‍പമുണ്ട്. അത് ശിലയ്ക്കുള്ളിലെങ്ങോ ഒളിഞ്ഞിരിക്കുന്നുവെന്നും ശില്‍പി ശിലയിലെ അനാവശ്യ ഭാഗങ്ങളൊക്കെ തട്ടിയുടച്ചുകളഞ്ഞ് ആ ശില്‍പത്തെ കണ്ടെത്തുന്നുവെന്നുമാണു സങ്കല്‍പം. അഭിനേതാവ് ചെയ്യുന്നതും സത്യത്തില്‍ ഇതു തന്നെയാണ്. നോവലിലെ കഥാപാത്രത്തെ സ്വന്തം ശരീരവും മനസ്സും കൊണ്ട് കടഞ്ഞെടുക്കല്‍. മലയാളത്തിന്‍റെ മഹാനടനായ മോഹന്‍ലാല്‍ ഈ വിധത്തില്‍ കടഞ്ഞെടുത്ത പത്ത് കഥാപാത്രങ്ങളുടെ അവതരണമാണ് നാമിവിടെ കാണുന്നത്; അതും സവിശേഷമായ കഥാസന്ദര്‍ഭത്തില്‍.

 

തിരുവല്ലക്കാരനായ ആര്‍ച്ചു ഡീക്കന്‍ കോശിയുടെ ‘പുല്ലേലിക്കുഞ്ചു’വും മിസിസ് കോളിന്‍സിന്‍റെ സ്ലെയർ സ്ലൈനിന്‍റെ പരിഭാഷയായ ‘ഘാതകവധ’വും ഒക്കെ നേരത്തേ തന്നെ വന്നുവെങ്കിലും ഒ. ചന്തുമേനോന്‍റെ ഇന്ദുലേഖയാണ് ലക്ഷണയുക്തമായ ആദ്യ മലയാള നോവല്‍. അതുമുതല്‍ക്കിങ്ങോട്ട് മലയാള നോവല്‍ സാഹിത്യം സഞ്ചരിച്ച വഴികളിലൂടെയുള്ള പുനര്‍യാത്രയാണ് മോഹന്‍ലാല്‍ ഇവിടെ നടത്തുന്നത്. നാഴികക്കല്ലായ നോവലുകളിലെ ഉദ്വിഗ്നങ്ങളായ മുഹൂര്‍ത്തങ്ങളിലെ ഉജ്വലങ്ങളായ കഥാപാത്രങ്ങളെ സ്വന്തം അഭിനയപാടവം കൊണ്ട് പുനരുയിര്‍പ്പിക്കുന്ന സാഹിത്യതീർഥയാത്ര എന്നു പറയാം.

 

ഓരോ ദിവസം ഓരോ കഥാപാത്രത്തെയെന്ന നിലയിലാണ് ഈ ദിവസങ്ങളില്‍ ഞാന്‍ പരിചയപ്പെട്ടത്. രാവിലെ ഏതാണ്ട് പത്തരയോടെയാണ് ഓരോ കഥാപാത്രവും മോഹന്‍ലാലില്‍നിന്ന് എന്‍റെയടുത്തെ ത്തിയത്. മൂന്നു മിനിറ്റിനുള്ളില്‍ ഞാന്‍ അവരുള്‍പ്പെട്ട ഭാഗം കണ്ടു. കണ്ടുകഴിഞ്ഞ് ഏഴു മിനിറ്റിനുള്ളില്‍ അപ്പോള്‍ മനസ്സില്‍ തോന്നിയ പ്രതികരണം അദ്ദേഹത്തെ അറിയിച്ചു. ഒന്നും റഫര്‍ ചെയ്യാതെയുള്ള സ്വാഭാവികമായ പ്രതികരണം. ടി.കെ രാജീവ്കുമാറിന്‍റെ സംവിധാനത്തില്‍ മുമ്പു നടന്ന ഈ അവതരണം മലയാള നോവല്‍ സാഹിത്യത്തിനും മലയാള മനസ്സിനുമുള്ള മോഹന്‍ലാലിന്‍റെ പ്രണാമമാണ്. സാഹിത്യ ത്തോടും സംസ്കാരത്തോടും അങ്ങേയറ്റത്തെ സ്നേഹാദരവു പുലര്‍ത്തുന്ന ഒരു കലാകാരനില്‍നിന്നും മാത്രമുണ്ടാവുന്ന പ്രണാമം! കഥയാട്ടം! മലയാളത്തിന്‍റെ മണവും രുചിയും കനിവും നിറവും ഇതില്‍ ഓരോ കഥാപാത്രത്തില്‍നിന്നും തൊട്ടെടുക്കാം. ഇതിന് അരങ്ങൊരുക്കിയ മലയാള മനോരമയെ ഭാഷാസ്നേഹികള്‍ അഭിനന്ദിക്കേണ്ടിയിരിക്കുന്നു; നട്ടുവനായി വന്ന മോഹന്‍ലാലിനെയും.

Mohanlal As Soori Namboothirippadu

 

1. സൂരി നമ്പൂതിരി (ഇന്ദുലേഖ- ഒ ചന്തുമേനോന്‍)

 

വിവേകശൂന്യമായ വിഷയലമ്പടത്വത്തിന്‍റെ, വിടത്വത്തിന്‍റെ മൂര്‍ത്തീമദ്ഭാവമാണ് സൂരി നമ്പൂതിരിയുടേത്. ഇന്ദുലേഖയെ കാണാന്‍ എല്ലാം മറന്ന് ഇറങ്ങിപ്പുറപ്പെട്ട സൂരി നമ്പൂതിരിയെ വിടകേസരി എന്നേ വിശേഷിപ്പി ക്കാനാവൂ. ഭോഗലാലസതയാല്‍ അടയാളപ്പെടുത്തപ്പെട്ട നാടുവാഴിത്തത്തിന്‍റെ ജീര്‍ണശേഷിപ്പുകൊണ്ട് ചന്തുമേനോന്‍ ഉണ്ടാക്കിയതാവണം ഈ കഥാപാത്രത്തെ. എന്നാല്‍, ആവിഷ്കാരരംഗത്ത് ‘ഇന്ദുലേഖ’യില്‍ ഇതേക്കാള്‍ വെല്ലുവിളി ഉയര്‍ത്തുന്ന മറ്റൊരു കഥാപാത്രമില്ല. കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഈ കഥാപാത്രത്തെ എത്ര അയത്നലളിതമായും നിസര്‍ഗസുന്ദരമായും അവതരിപ്പിക്കുന്നു മോഹന്‍ലാല്‍!

 

Mohanlal As Chandrakkaran

 

ഫ്യൂഡല്‍ ജീര്‍ണതയുടെ മുദ്രയണിഞ്ഞുനില്‍ക്കുന്ന വികടശിരോമണിയായ സൂരിയെ ഹൃദയാവര്‍ജകമായി അന്തരീക്ഷത്തില്‍ സ്വന്തം ശരീരഭാഷകൊണ്ടു വരച്ചിടുകയാണ് ഭാവാഭിനയത്തിന്‍റെ, ശരീരാഭിനയത്തിന്‍റെ, ശബ്ദാഭിനയത്തിന്‍റെ പുതുമാനങ്ങള്‍ തേടിക്കൊണ്ട് മലയാളത്തിന്‍റെ അഭിമാനമായ ഈ കലാകാരന്‍.

 

‘ആസ്താം പീയുഷ ഭാവഃ’ എന്നു തുടങ്ങുന്ന ശ്ലോകം ചൊല്ലി ഇന്ദുലേഖയില്‍ മതിപ്പുളവാക്കാന്‍ നോക്കുകയും വാക്കുകളുടെ കുരുക്കിലുഴറി വീണ് അപഹാസ്യനാവുകയും ചെയ്യുന്ന കളിക്കമ്പക്കാരനായ സൂരി നമ്പൂതിരിയെ ഒന്നു സങ്കല്‍പിച്ചുനോക്കൂ. ആ സങ്കല്‍പത്തിനും മേലെയാണ് മോഹന്‍ലാലിന്‍റെ ഈ സൂരി നമ്പൂതിരി.

Mohanlal As Rikshakkaran Pappu

 

 

പഞ്ചുമേനവന്‍റെ അനന്തരവളുടെ മകനായ, പഠിപ്പുള്ള മാധവനും മകളുടെ മകളായ ഇന്ദുലേഖയും തമ്മില്‍ പ്രണയം. അതിനിടയ്ക്ക് വലിഞ്ഞുകയറി വരുന്ന വിഡ്ഢ്യാസുന്ദരനായ ഈ കാമാതുരനെ ഇതിലേറെ വശ്യസുന്ദരമായി അഭിനയിച്ചു ഫലിപ്പിക്കാന്‍ ആര്‍ക്കു കഴിയും? ഭാവദീപ്തമായ ആഖ്യാനചാതുരി എന്നു പറയണം നര്‍മമനോജ്ഞം കൂടിയായ ഈ ചിത്രണവൈഭവത്തെ! അനുപമമായ കലാമികവ്! അനനുകരണീയമായ ശബ്ദക്രമീകരണവൈഭവം! അനായാസസുന്ദരമായ ചിത്രണ വൈദഗ്ധ്യം!

 

Mohanlal As Ikkoran

 

2. ചന്ത്രക്കാറന്‍ ( സിവി കൃതികള്‍)

 

സി.വി. രാമന്‍പിള്ളയെ കടന്നുനില്‍ക്കുന്ന ചരിത്രാഖ്യായികാകാരന്‍ മലയാളത്തിലുണ്ടായിട്ടില്ല, ഉണ്ടാവാനുമിടയില്ല. സര്‍ വാള്‍ട്ടര്‍ സ്കോട്ടിന്‍റെ വഴിയേ സഞ്ചരിച്ച് മലയാളത്തില്‍ കല്‍പനാചാതുരിയുടെ ജ്വലനമാനങ്ങളുള്ള മാര്‍ത്താണ്ഡവര്‍മയും രാമരാജാ ബഹദൂറും ധര്‍മരാജായും ഒക്കെ സൃഷ്ടിച്ച നോവലിസ്റ്റ്. അനന്തപത്മനാഭനെയും പെരിഞ്ചക്കോടനെയും ചന്ത്രക്കാറനെയും മാണിക്യഗൗണ്ഡനെയും കാളിപ്രഭാവഭട്ടനെയും പോലെയുള്ള വിഭ്രാമക കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഭ്രമാത്മകതയ്ക്കു പുതുതലങ്ങള്‍ ചേര്‍ത്ത സിവിയുടെ ചന്ത്രക്കാറനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഭാവവും ചലനവും ശബ്ദവും ഒക്കെ ഒരേ തന്തിയില്‍ ഇണക്കിവെച്ചാലേ ‘ഇരുളാ വിഴുങ്ങ്’ പോലുള്ള സംഭാഷണങ്ങള്‍, അതാവശ്യപ്പെടുന്ന വന്യവിഭ്രാമകതയില്‍ അവതരിപ്പിക്കാനാവൂ. മോഹന്‍ലാല്‍ ഇവിടെ തമ്പിമാരും മാര്‍ത്താണ്ഡവര്‍മയും ഏറ്റുമുട്ടിയ ആ ചരിത്രകാലത്തേക്കു തന്നെ സ്വയം പറിച്ചുനടുകയാണ്; അനന്യമായ സിദ്ധിശക്തിയോടെ!

 

Mohanlal As Chempankunju

 

ഇതിഹാസത്തിന്‍റെ തീക്കടല്‍ കടഞ്ഞു കാലം കണ്ടെത്തിയ കനല്‍ക്കഥാപാത്രമാണ് കാലസാക്ഷിയായ ചന്ത്രക്കാറന്‍. യുഗപ്രഭാവനായ സിവിയുടെ അപരിമേയമായ മഹാപ്രതിഭയ്ക്കു മാത്രം സങ്കല്‍പിക്കാനാവുന്ന ഒന്നാണ് ‘അഗ്നിസാഗരം’. അഗ്നിസാഗരസമാനമായ ജ്വലിതമാനങ്ങളുള്ള കഥാപാത്രങ്ങ  ളാണ് ഐതിഹാസികതയുള്ള ആ ചരിത്രാഖ്യായികകളിലുള്ളത്. ആത്മസംഘര്‍ഷങ്ങളുടെ നീറുന്ന തീയുലകള്‍ ഉള്ളിലാവാഹിച്ചു വച്ചിട്ടുള്ള അത്തരം കഥാപാത്രങ്ങളിലൊന്നിനെ അജ്ഞേയമായ സങ്കല്‍പങ്ങളില്‍നിന്നു ജ്ഞേയമായ യാഥാർഥ്യത്തിലേക്കാന യിച്ച് അനുഭവിപ്പിക്കുന്നു മോഹന്‍ലാല്‍ കഥയാട്ടം രണ്ടാം സര്‍ഗ്ഗ    ത്തില്‍. ഭാവാഭിനയത്തിന്‍റെ ജ്വാലാമുഖിയായി തിളച്ചുനില്‍ക്കുന്ന കഥാപാത്രം. കരുത്തിന്‍റെ കാതലായി തിളങ്ങിനില്‍ക്കുന്ന കഥാപാത്രം. സിവിയുടെ ചരിത്രേതിഹാസത്തില്‍നിന്നു ചുവടുവച്ചിറങ്ങുന്നു നമ്മുടെ മനസ്സിലേക്ക്. കാലത്തിന്‍റെ അനശ്വരതയിലേക്ക്... നമ്മുടെ ഭാഷാസംസ്കൃതിയുടെ ഹൃദയത്തിലേക്ക്...

 

 

3. പപ്പു (ഓടയില്‍നിന്ന്- പി കേശവദേവ്)

 

ഒരുകാലത്ത് നമ്മുടെ സാഹിത്യ കൃതികളില്‍ നായക കഥാപാത്രങ്ങളായി  ദൈവങ്ങളേയുണ്ടായിരുന്നുള്ളു. പിന്നീട് രാജാക്കന്‍മാരെയും രാജ്ഞിമാരെയുംകുറിച്ചു കൂടിയായി സാഹിത്യം. ഇരുപതാം നൂറ്റാണ്ടിലാണ് സാഹിത്യം സാധാരണ മനുഷ്യരിലേക്കു കടന്നത് എന്നു പറയാം. മനുഷ്യന്‍റെ പൊള്ളുന്ന ജീവിതാവസ്ഥകള്‍ ഇതിവൃത്തങ്ങളായി. രാജാക്കന്‍മാരെയും രാജ്ഞിമാരെയും ചാത്തനും ചിരുതയും പപ്പുവും ലക്ഷ്മിയും ഒക്കെ പകരംവച്ചു. സാഹിത്യത്തിന്‍റെ ജനാധിപത്യവല്‍ക്കരണമായിരുന്നു ഇത് എന്നു പറയാം.

 

Mohanlal As Vaikom Muhammed Basheer

 

ഈ ജനാധിപത്യവല്‍ക്കരണ പ്രക്രിയയിലെ നാഴികക്കല്ലാണ് പി.കേശവദേവിന്‍റെ ‘ഓടയില്‍നിന്ന്’. കൈവണ്ടിത്തൊഴിലാളി   യായ പപ്പുവിന്‍റെ, പപ്പു ഓടയില്‍നിന്ന് എടുത്തുവളര്‍ത്തിയ ലക്ഷ്മിയുടെ കഥ. സോഷ്യലിസ്റ്റ് റിയലിസത്തിന്‍റെ സങ്കേതത്തിലുള്ള കഥ. അതിലെ ജ്വലിക്കുന്ന കഥാപാത്രമാണ് പപ്പു. കാലത്തിന്‍റെയും ജീവിതത്തിന്‍റെയും പീഡനങ്ങളേറ്റു വെറും തൊണ്ടായി മാറിയ മനുഷ്യന്‍! ചുമച്ചു ചുമച്ചു ചോര തുപ്പുന്ന മനുഷ്യന്‍! പ്രിയപ്പെട്ടവരാല്‍ തള്ളിപ്പറയപ്പെടുന്ന മനുഷ്യന്‍.

 

Mohanlal As Mayan

 

ആ പപ്പുവിന്‍റെ യാതനകളും വേദനകളും സഹനങ്ങളും ആവാഹിച്ച് ഭാവതീവ്രമായി സംവേദനം ചെയ്യുന്നു മലയാളം വിശ്വനടനവേദിക്കു നല്‍കിയ കരുത്തനായ മോഹന്‍ലാല്‍ കഥയാട്ടത്തിന്‍റെ മൂന്നാം ഖണ്ഡത്തില്‍. ശബ്ദത്തില്‍, നോട്ടത്തില്‍, ചലനത്തില്‍ കഥാപാത്രവുമായി താദാത്മ്യം പ്രാപിച്ച് പരകായപ്രവേശം എന്ന സങ്കല്‍പത്തെ വേദിയില്‍ സമുജ്വല യാഥാർഥ്യമാക്കുന്നു ഇവിടെ മോഹന്‍ലാല്‍!

 

 

തീക്ഷ്ണ ജീവിതാനുഭവങ്ങളുടെ കഥാകാരനാണ് പി.കേശവദേവ്. സത്യസന്ധതയാണ് അദ്ദേഹത്തിന്‍റെ എഴുത്തിന്‍റെ മൗലികത. അതേ സത്യസന്ധയോടെയാണ് അഭിനയത്തെ അനുഭവം തന്നെയാക്കി മാറ്റിക്കൊണ്ട് അദ്ദേഹത്തിന്‍റെ ഉജ്വല കഥാപാത്രമായ പപ്പുവിനെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

 

4. ഇക്കോരന്‍ (നാടന്‍ പ്രേമം- എസ്.കെ. പൊറ്റെക്കാട്)

 

വ്യക്തിയിലൂടെ സമൂഹത്തെയാകെ വരച്ചിടുന്ന രീതിയാണ് എസ്കെയുടെ കൃതികളിലാകെയുള്ളത്. കാല്‍പനികതയും റിയലിസവും നിഴലും നിലാവും പോലെ പടര്‍ന്നൊഴുകുന്ന ഒരു അയിരാണിപ്പാടമാണ് ആ കഥാലോകം. അതിലെ ഏതു കഥാപാത്രത്തെ അവതരിപ്പിക്കണമെങ്കിലും ആ നാടിനെ പഠിച്ചിരിക്കണം. അവിടുത്തെ വ്യക്തിജീവിതത്തെയും സമൂഹജീവിതത്തെയും പഠിച്ചിരിക്കണം. ആ പഠനത്തിന്‍റെ ഗൃഹപാഠത്തോടെയാണ് മോഹന്‍ലാല്‍ നാടന്‍ പ്രേമത്തിലേക്കും ഇക്കോരനിലേക്കും കടന്നതെന്നതു വ്യക്തം. മോഹന്‍ലാലിന്‍റെ ഭാവപ്രകാശനസമർഥമായ മറ്റൊരു അഭിനയമുഹൂര്‍ത്തമാണ് നാടന്‍ പ്രേമത്തിലെ ഇക്കോരന്‍റെ ധര്‍മസങ്കടങ്ങളുടെ ആവിഷ്കാരത്തില്‍ ഇതള്‍ വിരിയുന്നത്.

 

Mohanlal As Allapicha Mollakka

 

അംഗവിന്യാസങ്ങളിലൂടെയും മുഖപേശീചലനങ്ങളിലൂടെയും കണ്‍വിലാസങ്ങളിലൂടെയും മാത്രമല്ല, സവിശേഷമായ ശബ്ദക്രമീകരണത്തിലൂടെയും സങ്കീര്‍ണഭാവങ്ങള്‍ സംവേദനം ചെയ്യാമെന്ന് തെളിയിച്ച ഒട്ടനവധി സന്ദര്‍ഭങ്ങള്‍ മോഹന്‍ലാലിന്‍റെ അഭിനയജീവിതത്തിലുണ്ട്. ആ ഭാവശൃംഖലയിലെ പുതുമയാര്‍ന്ന കണ്ണി എന്നു വിശേഷിപ്പിക്കാം ഇതിലെ ഇക്കോരന്‍റെ ഹൃദയഭാവാവിഷ്കാരത്തെ. നാടനാണ്, ശുദ്ധനാണ്; നല്ല മനസ്സുള്ളവനാണ് എസ്കെയുടെ നാടന്‍ പ്രേമത്തിലെ ഇക്കോരന്‍. 

 

 

മാളുവിനെ രണ്ടു വിധത്തിലാണ് രണ്ടു ഘട്ടങ്ങളിലായി ഇക്കോരന്‍ രക്ഷിച്ചത്. പുഴയില്‍നിന്നു കരയിലേക്ക്; സങ്കടക്കടലില്‍നിന്നു സ്വന്തം ജീവിതത്തിലേക്ക്. ഒടുവില്‍ ആ മാളു താന്‍ നിരൂപിച്ചിട്ടില്ലാത്ത അർഥം സദുദ്ദേശ ത്തോടെ ചെയ്ത ഒരു കര്‍മത്തിനു കല്‍പിക്കുന്നു. ജീവിതത്തില്‍നിന്നു വിടവാങ്ങാന്‍ നിശ്ചയിക്കുന്നു. അവ ള്‍ക്കൊപ്പം അന്തിമ യാത്രയ്ക്കു തയാറാകുന്ന ഇക്കോരന്‍. സുതാര്യശുദ്ധമെങ്കിലും സങ്കീര്‍ണതാജടിലമാണ് ആ മനസ്സ്. അത് ആവിഷ്കരിക്കാന്‍ അസാമാന്യമായ അഭിനയസിദ്ധി വേണം. ആ അഭിനയസിദ്ധിയുടെ അധിക്യതയെ അളന്നുകുറിക്കുന്നു മോഹന്‍ലാല്‍ ഇവിടെ, ‘നാടന്‍ പ്രേമ’ത്തിലെ ജീവിതമുഹൂര്‍ത്തത്തെ ആവിഷ്കരിച്ചുകൊണ്ട്!

 

5. ചെമ്പന്‍കുഞ്ഞ് (ചെമ്മീന്‍ - തകഴി)

 

Mohanlal As Dasan

ദുരയുടെയും ദുരന്തത്തിന്‍റെയും കഥാപാത്രമാണ് ചെമ്മീനിലെ ചെമ്പന്‍കുഞ്ഞ്. മലയാളം കണ്ട ഏറ്റവും വലിയ പ്രണയകഥകളിലൊന്നായ ചെമ്മീന്‍ ശ്രദ്ധേയമായത് പ്രത്യേക മനസ്സുള്ള ചെമ്പന്‍കുഞ്ഞിന്‍റെ സങ്കീര്‍ണമായ മനോഘടന അതില്‍ വഹിക്കുന്ന ദുരന്താത്മകമായ പങ്കു കൊണ്ടു കൂടിയാണ്. അതിനെ സത്യാത്മകമാക്കുകയാണ് ഇവിടെ മോഹന്‍ലാല്‍. 

 

 

പുറക്കാട്ടെ കടപ്പുറത്തു തലമുറകളായി നിലനിന്ന ഒരു അന്ധവിശ്വാസമുണ്ട്. അതാണു തകഴിയുടെ ചെമ്മീനിന് അടിസ്ഥാനം. അതില്ലെങ്കില്‍ ചെമ്മീനില്ല.

വയലാര്‍ നാലുവരികളിലായി അതു കോറിയിട്ടു. 

‘അരയത്തിപ്പെണ്ണു തപസ്സിരുന്നു. അവനെ കടലമ്മ കൊണ്ടുവന്നു.

Mohanlal As Bheeman

അരയത്തിപ്പെണ്ണു പിഴച്ചു പോയി; അവനെ കടലമ്മ കൊണ്ടു പോയി!’

ഇതിലുണ്ട് തകഴിയുടെ ചെമ്മീനാകെ.

 

ആ ചെമ്മീനിലെ ചെമ്പന്‍ കുഞ്ഞിനെ ആര്‍ക്കാണു മറക്കാനാവുക! കടലില്‍ ആഴച്ചുഴികള്‍; കരളില്‍ ദുഃഖച്ചുഴികള്‍! സ്വന്തമായി ഒരു വള്ളവും വലയും എന്ന സ്വപ്നത്തിനും സമസ്ത സ്വപനങ്ങളും കടല്‍പ്പാറക്കെട്ടുകളിലടിച്ചു തകരുന്ന ദുരന്ത യാഥാർഥ്യത്തിനുമിടയില്‍ കൊടുങ്കാറ്റില്‍ പെട്ട കരിമ്പന പോലെ ഉഴലുന്ന ചെമ്പന്‍കുഞ്ഞ്. അനന്തമായ അഭിനയ സാധ്യതകളുടെ മഹാകാശമാണ് ആ കഥാപാത്രത്തിനു ള്ളിലുള്ളത്. ആ ആകാശത്തെ സ്വന്തം മനസ്സിലേക്കു സമഗ്രതയില്‍ പകര്‍ത്തിയെടുത്തു പുനരാവിഷ്ക്കരിക്കുന്നു മോഹന്‍ലാല്‍ ഇവിടെ. 

 

 

ആ കഥാപാത്രത്തിന്‍റെ ഉള്ളടരുകള്‍, അവയ്ക്കുള്ളിലെ വികാരവിക്ഷുബ്ധതകള്‍ അയത്നലളിതമായി പ്രേക്ഷക മനസ്സുകളിലേക്കു സംക്രമിപ്പിക്കുന്നു ചെമ്മീനിലെ ഒരേയൊരു നിമിഷത്തെ മാത്രം പശ്ചാത്തല മാക്കി സമാനതകളില്ലാത്ത ഭാവതലങ്ങളിലൂടെ മലയാണ്മയുടെ അനുഗൃഹീതനായ കലാകാരന്‍!

 

6. ബഷീർ (ബഷീറിന്‍റെ കൃതികള്‍)

 

‘അനന്തമായ സമയം അല്ലാഹുവിന്‍റെ ഖജനാവില്‍ മാത്രം’ എന്ന ഒറ്റവരി മതി കഥാകാരനായ വൈക്കം മുഹമ്മദ് ബഷീറിന്‍റെ മനസ്സില്‍ ഓളം വെട്ടി നില്‍ക്കുന്ന കവിത മനസ്സിലാക്കാന്‍! മണ്ണില്‍ നിന്നും മനസ്സില്‍ നിന്നുമല്ലാതെ അദ്ദഹം ഒന്നും എഴുതിയിട്ടില്ല. ലളിതവും സുതാര്യ സുന്ദരവുമായ രചനകള്‍ കൊണ്ട് മലയാളത്തിന്‍റെ ലജന്‍ഡായി ഈ സുല്‍ത്താന്‍! മരണത്തിനപ്പുറം ഒരു ജീവിതമുണ്ട് നല്ല കലാകാരന്മാര്‍ക്ക്- ജനഹൃദയങ്ങളിലുള്ള ജീവിതം! സുല്‍ത്താന്‍ ആ നിരയിലുള്ള കലാകാരനാണ്. ആ കഥാപാത്രങ്ങള്‍ക്കും മരണമില്ല. അല്ലെങ്കില്‍ത്തന്നെ അവരൊക്കെ നമ്മുടെ ചുറ്റുപാടുകളില്‍ത്തന്നെയില്ലേ; അയല്‍പക്കങ്ങളിലില്ലേ? നമ്മളില്‍ തന്നെയില്ലേ?

 

 

ആ കഥാപാത്രങ്ങളെ ശബ്ദം കൊണ്ട്, ഭാവം കൊണ്ട്, അംഗചലനങ്ങള്‍ കൊണ്ട് നമ്മളില്‍ തന്നെ ഉണര്‍ത്തിയെടുക്കുന്നു അഭിനയകലയുടെ സാരസ്വതസത്ത ഉള്ളിലാവാഹിച്ച മോഹന്‍ലാല്‍! ദേവിയുടെ പ്രണയ സുരഭിലമായ സൗമ്യദീപ്തി മുതല്‍ നാരായണിയെ മണം കൊണ്ട് അനുഭവിച്ചറിയുന്ന ഭാവമാന്ത്രികത വരെ  ഭാവത്തിന്‍റെ ചെപ്പിലടച്ച്, ശബ്ദത്തിന്‍റെ ശ്രുതിഭേദത്തിലൊളിപ്പിച്ച് വച്ചു നീട്ടുന്നു ഈ മാഹേന്ദ്രജാല മഹാവിസ്മയം കഥയാട്ടത്തിന്‍റെ ആറാം എപ്പിസോഡില്‍! മിസ്റ്റിക് ഭാവങ്ങളുള്ള കഥാപാത്രങ്ങളാണ് വൈക്കം മുഹമ്മദ് ബഷീറിന്‍റേത്. കാലത്തെയും ദേശത്തെയും കടന്നുനില്‍ക്കുന്ന കഥാപാത്രങ്ങള്‍!

 

 

7. മായന്‍ (ഉമ്മാച്ചു- ഉറൂബ്)

 

‘മനുഷ്യന്‍ ഹാ എത്ര മനോഹരമായ പദം’ എന്ന് എഴുതിയത് മാക്സിം ഗോര്‍ക്കിയാണ്. മനുഷ്യന്‍റെ മനോഹാരിത വാക്കിന്‍റെ ഇതള്‍വിടര്‍ത്തി അനുഭവിപ്പിച്ചുതന്ന മഹാനായ കഥാകാരനാണ് ‘സുന്ദരികളും സുന്ദരന്‍മാരും’ എഴുതിയ ഉറൂബ് എന്ന പി.സി. കുട്ടികൃഷ്ണന്‍. സ്നേഹത്തിന്‍റെയും വിദ്വേഷത്തിന്‍റെയും വിദേഷ്വത്തെ മനുഷ്യത്വത്തിലലിയിച്ചെടുക്കുന്ന സ്നിഗ്ദ്ധമായ ആര്‍ദ്രതയുടെയും ജീവതാളം തുടിക്കുന്ന നിമിഷങ്ങളാണ് ഉറൂബിന്‍റെ ‘ഉമ്മാച്ചു’വിലുള്ളത്.  ഉമ്മാച്ചുവിലെ മായന്‍ ഉറൂബിന്‍റെ അനശ്വര കഥാപാത്രങ്ങ ളിലൊന്നാണ്. ഉമ്മാച്ചുവിന്‍റെ ബാല്യകാല സുഹൃത്താണ് മായന്‍. മായനെ ഇഷ്ടപ്പെട്ടിരുന്ന ഉമ്മാച്ചുവിന് ഇഷ്ടമില്ലാത്ത ബീരാനെ നിക്കാഹ് കഴിക്കേണ്ടിവരുന്നു. മായനാകട്ടെ നാടുവിടേണ്ടിവരുന്നു. ബീരാന്‍റെ മരണശേഷവും പ്രണയം കൊണ്ടുനടന്ന ഉമ്മാച്ചുവിനും മായനും ഇടയിലും വാപ്പയുടെ മരണത്തിനുത്തരവാദി മായനാണെന്ന് അറിയുന്ന ഉമ്മാച്ചുവിന്‍റെ മകന്‍ അബ്ദുവിനും മായനും ഇടയിലും ഒക്കെയുള്ള ബന്ധം അതിസങ്കീര്‍ണമാണ്.  ആ മാനസിക ഭാവങ്ങളെ കൂടി കോറിയിടുകയാണ് മോഹന്‍ലാല്‍.

 

‘സ്വര്‍ഗ്ഗമാക്കിടാം ഊഴിയെ ഒറ്റ

സ്വച്ഛപുഷ്പത്തിന്‍ നീഹാരനീരാല്‍,

ദേവി ആര്‍ദ്രതയല്ലീ ഭരിപ്പൂ

ജീവിതത്തെ, യെന്തീമൃതിയേയും!’

എന്നു മഹാകവി വൈലോപ്പിള്ളി. ജീവിതത്തെയും മരണത്തെയും ഭരിക്കുന്ന ആര്‍ദ്രതയുടെ കുളിര്‍സ്പര്‍ശ മാണ് ഉമ്മാച്ചുവിലെ കഥാപാത്രങ്ങളുടേത്. മതങ്ങളുടെ വിലക്കുകളെ കടന്നുനില്‍ക്കുന്ന മനുഷ്യസ്നേഹം കൂടി ഉമ്മാച്ചുവില്‍ ഉദ്ദീപ്തമാകുന്നു.

 

 

ഉള്ളു കടയുന്ന നീറ്റലും മനഃസാക്ഷിയെ നടുക്കുന്ന തിരിച്ചറിവുകളും കണ്ണീരിന്‍റെ നനവുമുള്ള സ്നേഹസ്മൃതികളും ഇടകലര്‍ന്നു തെളിയുന്ന ഭാവങ്ങളോടു കൂടിയ കഥാപാത്രത്തെ ആവിഷ്കരിക്കല്‍ ഏതൊരു നടനും വലിയ ഒരു വെല്ലുവിളിയാണ്. മലയാളത്തിന്‍റെ മഹാനടനായ മോഹന്‍ലാലില്‍ എത്രമേല്‍ മംഗളകരമാം വിധം ഭദ്രമായിരിക്കുന്നു ഉറൂബിന്‍റെ മനസ്സില്‍ നിന്നിറങ്ങിവന്ന മായന്‍! പൊന്നാനിച്ചുവയുള്ള മാപ്പിളമലയാളത്തിന്‍റെ വശ്യസുന്ദരമായ ആ താളക്രമം എത്ര നന്നായി മോഹന്‍ലാലിന്‍റെ നാവിന്‍തുമ്പില്‍ ഭാവപ്രകാശനസമർഥമാം വിധം ഇണങ്ങിനില്‍ക്കുന്നു!

 

 

രണ്ടു തലമുറകളുടെ ജീവിതങ്ങള്‍ ചിത്രീകരിക്കപ്പെടുന്ന ഉമ്മാച്ചുവില്‍ ഏറ്റവും ശ്രദ്ധേയം മായന്‍റെയും ഉമ്മാച്ചുവിന്‍റെയും പ്രണയബന്ധം തന്നെയാണ്. വ്യക്തിബന്ധങ്ങളിലെ മാനസിക താളലയങ്ങളും ഭൗതിക താളഭംഗങ്ങളും ഊടും പാവുമായി നില്‍ക്കുന്നു, മലബാറിലെ സാമൂഹിക സാഹചര്യങ്ങളെ പശ്ചാത്തല മാക്കുന്ന ഉറൂബിന്‍റെ കൃതികളില്‍. അതിലേക്ക് കണ്ണയയ്ക്കുകയാണ് ഇവിടെ മോഹന്‍ലാല്‍.

 

8. അള്ളാപ്പിച്ചാ മൊല്ലാക്ക (ഖസാക്കിന്‍റെ ഇതിഹാസം- ഒ വി വിജയന്‍)

 

ചില കൃതികള്‍, അവയുടെ രചനയ്ക്കു മുമ്പും ശേഷവും എന്ന നിലയില്‍ സാഹിത്യ ചരിത്രത്തില്‍ ഒരു അതിര്‍ത്തിരേഖ കുറിച്ചിടും. അത്തരത്തിലുള്ള അപൂര്‍വം കൃതികളുടെ നിരയിലാണ് ഒ.വി. വിജയന്‍റെ ‘ഖസാക്കിന്‍റെ ഇതിഹാസ’ത്തിനുള്ള സ്ഥാനം. അതിലെ ജീവന്‍ തുടിക്കുന്ന കഥാപാത്രമാണ് അള്ളാപ്പിച്ചാ മൊല്ലാക്ക.

 

 

ചിതലിമലയുടെയും കരിമ്പനക്കാടുകളുടെയും നാട് രൂപപ്പെടുത്തിയ പ്രാദേശിക മിത്തുകളില്‍നിന്നു രൂപം കൊണ്ടതാവാം ഈ കഥാപാത്രം. തസ്രാക്കില്‍ താമസിച്ച ഘട്ടത്തില്‍ പരിചയപ്പെട്ട മൊല്ലാക്കയുമായുണ്ടായ അടുപ്പത്തില്‍ നിന്നുയര്‍ന്നുവന്നതാവാം. മുഹ്യുദ്ദീന്‍ മാല മുതല്‍ ഖുറാന്‍ വരെയും ബദര്‍മാലാപ്പാട്ടു മുതല്‍ സൂഫിസം വരെയും പരിചയപ്പെട്ട സവിശേഷ സംസ്കൃതിയില്‍ നിന്നൂര്‍ന്നുവന്നതുമാവാം. ഏതായാലും നാട്ടുമുസ്‌ലിമിന്‍റെ അകളങ്ക മനഃശുദ്ധിയും സ്നേഹനൈര്‍മല്യവും തുളുമ്പിനില്‍ക്കുന്നുണ്ട് ഈ കഥാപാത്ര ത്തില്‍. അതേസമയം, പൗരോഹിത്യത്തിന്‍റെ സംരക്ഷകന്‍ എന്ന നിലയ്ക്കും രവിയുടെ ഏകാധ്യാപക വിദ്യാലയത്തിനെതിര്‍ നിന്ന അപരിഷ്കൃതന്‍ എന്ന നിലയ്ക്കും ഉള്ള വിമര്‍ശനങ്ങള്‍ക്കും ഇരയായിട്ടുണ്ട് ഈ കഥാപാത്രം.

 

 

അതുകൊണ്ടുതന്നെ പ്രശ്നസങ്കുലവും സങ്കീര്‍ണവുമായ മനസ്സിന്‍റെ ഉടമ എന്ന നിലയ്ക്ക് അവതരണ കാര്യത്തില്‍ വലിയ ഒരു വെല്ലുവിളിയാണ് അള്ളാപ്പിച്ചാ മൊല്ലാക്ക ഉയര്‍ത്തുന്നത്. ആ വെല്ലുവിളിയാണ് മോഹന്‍ലാല്‍ ഏറ്റെടുത്തത്. അള്ളാപ്പിച്ചാ മൊല്ലാക്കയുടെ നാട്ടുശീലങ്ങളും ഇസ്‌ലാമിക നൈര്‍മല്യവും ഒക്കെ ശുഭ്രശുദ്ധമായ പഞ്ഞിയാല്‍ പനിനീര്‍ എന്നപോലെ വാസനാസൗകുമാര്യത്തോടെ അവതരിപ്പിക്കുന്നു മോഹന്‍ലാല്‍. മാന്ത്രിക മനോജ്ഞമായ അവതരണം!

 

 

മലയാള സാഹിത്യത്തില്‍ ഏതു നടനും അവതരിപ്പിക്കാവുന്ന കഥാപാത്രങ്ങളുണ്ട്. അഭിനയത്തില്‍ ജീനിയസായ ഒരു നടനുമാത്രം അവതരിപ്പിക്കാവുന്നവയുമുണ്ട്. ഇതില്‍ രണ്ടാമത്തേതില്‍പ്പെടുന്നു അള്ളാപ്പിച്ചാ മൊല്ലാക്ക. നോവലിന്‍റെ വിഭ്രമാത്മകമായ ആഴങ്ങളിലേക്ക് ആണ്ടിറങ്ങിചെല്ലാനാവുന്ന സഹൃദയത്വമാര്‍ന്ന ഒരു മനസ്സിനു മാത്രമേ അള്ളാപ്പിച്ചാ മൊല്ലാക്കയെ അവതരിപ്പിക്കാനാവൂ. ആ കടലിന്‍റെ ആഴത്തില്‍ ചെന്ന് ഒരു പൊന്‍മുത്തെടുത്തുയര്‍ന്നു വന്നിരിക്കുന്നു മോഹന്‍ലാല്‍. ആ കഥാപാത്രത്തെ കാണൂ; മൊല്ലാക്കയുടെ കൈകള്‍ ചേര്‍ത്തുപിടിച്ച നിമിഷം നൈജാം അനുഭവിച്ച ആ കുളിര്‍മയുണ്ടല്ലൊ, അത് മനസ്സുകൊണ്ട് നിങ്ങള്‍ക്കും അനുഭവിക്കാം. ‘നീ ഉണ്‍മയാ, പൊയ്യാ?’ അജ്ഞേയമായ ഏതോ മായികതയില്‍പ്പെട്ട് നമ്മളും ചോദിച്ചുപോകും.

 

 

മാന്ത്രികമനോജ്ഞമായ ഏതോ ഒരു അജ്ഞേയാവരണത്താല്‍ വലയിതമായി നില്‍ക്കുന്ന കഥാപാത്രമാണ് ഒ.വി. വിജയന്‍റെ അള്ളാപ്പിച്ചാ മൊല്ലാക്ക. ശില്‍പപരമായും ഭാവപരമായും നൂതനത പുലര്‍ത്തുന്ന ഖസാക്കിന്‍റെ ഇതിഹാസത്തിലെ ഈ കഥാപാത്രത്തെ കഥ ആവശ്യപ്പെടുന്ന പുതുമയാര്‍ന്ന രീതിയില്‍ തന്നെ സമീപിച്ചിരിക്കുന്നു കാലാനുസൃതമായ ഭേദശ്രുതികളോടെ മോഹന്‍ലാല്‍. കാവ്യാത്മകമായ ലയം ആ ആവിഷ്കാരഭംഗിയില്‍ അന്തര്‍ധാരയായി നില്‍ക്കുന്നു.

 

9. ദാസന്‍ (മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ - എം മുകുന്ദന്‍)

 

ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലും എണ്‍പതുകളിലും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ദാസനുമായി താദാത്മ്യം പ്രാപിക്കാത്ത യുവാക്കള്‍ കേരളക്കരയിലുണ്ടായിരുന്നിട്ടില്ല. ഇത്രമേല്‍ യുവതലമുറയെ സ്വാധീനിച്ച മറ്റൊരു കഥാപാത്രമില്ല എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. സൂര്യവെളിച്ചത്തില്‍ തിളങ്ങിനില്‍ക്കുന്ന വെള്ളിയാങ്കല്ലില്‍നിന്ന് പറന്നെത്തി അവിടേക്കു തന്നെ പോകാന്‍ വിധിക്കപ്പെട്ട തുമ്പികള്‍ ആത്മാക്കളാണ്. അതിലൊന്നാണ് ദാസന്‍. അസ്തിത്വവ്യഥയുടെ മൂര്‍ത്തീഭാവമെന്നു വിശേഷിപ്പിക്കാവുന്ന ദാസന്‍.

 

 

അസ്തിത്വവാദമാവട്ടെ, മലയാളിക്കു പുതുമയുള്ളതല്ല. മലയാളിയായ ആദിശങ്കരന്‍ 

‘നളിനീദളഗതജലമതിതരളം; 

തദ്വത് ജീവിതം അതിശയചപലം’ എന്ന് എഴുതിയില്ലേ പണ്ടേ തന്നെ. താമരയിതളില്‍ വീണ വെള്ളത്തുള്ളി പോലെ അസ്ഥിരമാണ് ജീവിതം എന്ന ആ ശങ്കരവാക്യം ഓറിയന്‍റല്‍ ഫിലോസഫി ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ച അസ്തിത്വവാദം തന്നെയാണ്. അതു പണ്ടേ ഉള്ളിലുള്ളതു കൊണ്ടാവണം, സാര്‍ത്രിന്‍റെ ‘ഓണ്‍ ബീയിങ് ആന്‍റ് നതിങ്നെസ്’ പോലുള്ള കൃതികള്‍ അസ്തിത്വവാദ സത്തയുമായി പിറന്നപ്പോള്‍ അതുമായി സാത്മ്യം പ്രാപിക്കാന്‍ മലയാളിക്ക് വിഷമമുണ്ടായില്ല.

 

 

ആ മലയാളിയുടെ പ്രതീകമാണ് എം മുകുന്ദന്‍. അസ്തിത്വവ്യഥയുടേതായ നോവല്‍ മയ്യഴിയില്‍ നിന്നല്ലാതെ, മുകുന്ദനില്‍ നിന്നല്ലാതെ പിറക്കുക വയ്യ. ദ്വന്ദ്വങ്ങളുടെ സംഗമസ്ഥാനമാണ് മയ്യഴി. ഫ്രഞ്ച് ഭരണവും ഇന്ത്യന്‍ ഭരണവും. ഫ്രഞ്ച് ഭാഷയും മലയാള ഭാഷയും. ഫ്രഞ്ച് സംസ്കാരവും ഇന്ത്യന്‍ സംസ്കാരവും. ദ്വന്ദ്വാത്മകത യിലെ ഈ ഏകാത്മകതയാവണം ദാസന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. പൗരാണിക സംസ്കാരവും ആധുനിക സംസ്കാരവും തമ്മിലുള്ള കലര്‍പ്പിലൂടെയുണ്ടായ പാത്രസൃഷ്ടിയാണത്. നാട്ടുവിശ്വാസങ്ങളും കമ്യൂണിസവും തമ്മിലും പ്രാക്തനമായ ആചാരങ്ങളും ആധുനികമായ ജീവിതരീതികളും തമ്മിലുമുള്ള കലര്‍പ്പു കൂടി ഇവിടെ എടുത്തുപറയണം.

 

 

 

ജീവിതഭാരങ്ങള്‍ കൊഴിച്ചുകളയാനാഗ്രഹിക്കുന്ന ആ കഥാപാത്രം കാലത്തിന്‍റെ കൂടി സൃഷ്ടിയാണ്. മദ്യമില്ലാത്ത മാഹിയുടെ മ്ലാനമായ അന്തരീക്ഷത്തില്‍ സ്വന്തം മനസ്സിനെ കണ്ടെത്തുന്ന ദാസന്‍! ആ മനസ്സിന്‍റെ പല അടരുകള്‍ മാറ്റി മാറ്റി ചെന്നാലേ ആ ആത്മസത്തയെ കണ്ടെത്താനാവൂ. ആ സത്തയെ അഭിനയകല യിലൂടെ അനാവരണം ചെയ്യുകയാണ് സത്യത്തില്‍ മോഹന്‍ലാല്‍. പ്രത്യക്ഷത്തില്‍ ലളിതമെങ്കിലും ആന്തരിക തയില്‍ സങ്കീര്‍ണമായ കഥാപാത്രമാണത്. അതിലേക്കുള്ള പരകായ പ്രവേശം നിസര്‍ഗസുന്ദരമായ അഭിനയ കലയാല്‍ അനവദ്യസുന്ദരമാക്കിയിരിക്കുന്നു മോഹന്‍ലാല്‍. ഒരു നിമിഷം കൊണ്ട് മയ്യഴിയുടെ ഭൂമിശാസ്ത്ര പരവും രാഷ്ട്രീയവും സാമൂഹികവുമായ മാനങ്ങളിലേക്കു കൂടി വെളിച്ചം വീശുന്നു ഈ കഥാപാത്ര ആവിഷ്കാരത്തിലൂടെ  മോഹന്‍ലാല്‍.

 

 

10. ഭീമന്‍ (രണ്ടാമൂഴം - എം ടി)

‘യദ്ഹാസ്തി തദന്യത്ര, യന്നേഹാസ്തിന കുത്രചിത്’ - ഇതിലുള്ളതു മറ്റെവിടെയും ഉണ്ടാവാം; എന്നാല്‍ ഇതിലില്ലാത്തതൊന്നും മറ്റെവിടെയും കാണാനാവില്ല. മഹാഭാരതത്തെക്കുറിച്ച് പറയുന്ന ഈ കാര്യം മോഹന്‍ലാലിന്‍റെ അഭിനയത്തെക്കുറിച്ചും പറയാം. ആ സമഗ്രതയെ ഓര്‍മിപ്പിക്കുന്നു രണ്ടാമൂഴത്തിലെ ഭീമന്‍റെ അവതരണം.

 

വലിയ അന്തഃസംഘര്‍ഷങ്ങളൊന്നുമുള്ള കഥാപാത്രമല്ല മഹാഭാരതത്തിലെ ഭീമന്‍. കര്‍ണനോ അര്‍ജുനനോ ഉള്ള മിഴിവുമില്ല. താരതമ്യേന പ്രധാനമല്ലാത്ത ലളിതമാനസനായ ഒരു ബൃഹദ് കഥാപാത്രം. അത്രമാത്രം. എന്നാല്‍, ആ കഥാപാത്രത്തെ അന്തഃസംഘര്‍ഷങ്ങളുടെ മൂര്‍ത്തിമദ്ഭാവമായി പരിവര്‍ത്തിപ്പിച്ചവതരിപ്പിച്ചു ‘രണ്ടാമൂഴ’ത്തില്‍ എംടി. അത് എംടിയുടെ സര്‍ഗ്ഗാത്മകമായ മൗലികത! ആ പ്രക്രിയയില്‍ പുതിയ ഒരു ഭീമന്‍ രൂപപ്പെട്ടു. ആ ഭീമനെ തീക്ഷ്ണതരമായ അനുഭവമാക്കി പ്രേക്ഷകന്‍റെ ഹൃദയദര്‍പ്പണത്തില്‍ പതിപ്പിക്കുക യാണ് മോഹന്‍ലാല്‍. അത് ആ മഹാനടന്‍റെ ഭാവോദാത്തമായ സിദ്ധിവിശേഷം! ഒരു മഞ്ഞുതുള്ളിയില്‍ പ്രപഞ്ചം; ഒരു നിമിഷാർധത്തില്‍ മഹാഭാരതം! ഒരു മോഹന്‍ലാലിനു മാത്രം കഴിയുന്നതാണ് ഈ ഭാവാവിഷ്കാര ചാതുരിയുടെ സമഗ്രത!

 

 

ദ്രൗപദിക്കു വേണ്ടി കല്ലും മലയും താണ്ടി കല്യാണസൗഗന്ധികം തേടിപ്പോയ ആളാണ്. ദുഃശാസനന്‍റെ മാറുപിളര്‍ന്ന് ആ രക്തംകൊണ്ട് അവളുടെ മുടി കെട്ടിക്കൊടുത്തയാളാണ്. എന്നാല്‍, ദ്രൗപദിയുടെ മനസ്സിലോ? പ്രഥമസ്ഥാനം അര്‍ജുനന്! അര്‍ജുനന്‍റെ മകന്‍ അഭിമന്യു പത്മവ്യൂഹത്തില്‍പ്പെട്ട് മരിച്ചപ്പോള്‍ ഇതിഹാസകാരനുപോലും വര്‍ണിക്കാന്‍ വാക്കു മതിയാവുന്നുണ്ടായിരുന്നില്ല. ‘നല്ല മരതകക്കല്ലിനോടൊ ത്തോരു കല്യാണരൂപന്‍ കുമാരന്‍ മനോഹരന്‍...’ അങ്ങനെയങ്ങനെ. എന്നാല്‍, ഭീമന്‍റെ മകന്‍ ഘടോല്‍ക്കചന്‍ കൊല്ലപ്പെട്ടപ്പോഴോ? ഇതിഹാസകാരനു വര്‍ണിക്കാന്‍ വാക്കേ ഉണ്ടായില്ല. 

 

 

ദ്രൗപദിയാല്‍ മുതല്‍ കൃഷ്ണദ്വൈപായനനായ വ്യാസനാല്‍ വരെ അവഗണിക്കപ്പെട്ടയാളാണു ഭീമന്‍ എന്ന് എംടിക്ക് തോന്നിക്കാണണം. ആ തോന്നലാവണം കേവലത്വത്തില്‍നിന്ന് ആ കഥാപാത്രത്തെ അതീതത്വത്തിലേക്കു മോചിപ്പിക്കാന്‍ എം ടിയെ പ്രേരിപ്പിച്ചത്.

 

 

മഹാഭാരതം ഭീമനു രണ്ടേ രണ്ടു ഗുണങ്ങളേ കല്‍പിച്ചുനല്‍കുന്നുള്ളു. ഒന്ന്: നന്‍മ. രണ്ട്: ശക്തി. ദുര്യോധനാദികളെ ബാല്യത്തില്‍ ഭീമന്‍ വിഷമിപ്പിച്ചതിനെ ബാലസഹജമായ കൗതുകമായേ ആദിപര്‍വം ഗണിക്കുന്നുള്ളു.

 

‘അപ്രിയേധിഷ്ഠദത്യന്തം ബാല്യാന്നദ്രോഹചേതസാ’ എന്നാണല്ലൊ പറയുന്നത്. ദ്രോഹിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. കുലം നിലനില്‍ക്കട്ടെ എന്നു കരുതി ദുര്യോധനനെ കൊല്ലാതെ വിടാം എന്നു വിചാരിക്കുന്നുണ്ട് ഒരു ഘട്ടത്തില്‍ ഭീമന്‍. കൗരവര്‍ക്ക് അപ്രിയമായതൊന്നും അറിയാതെ പോലും പറയരുത് എന്ന് ദൂതിനുപോവുന്ന കൃഷ്ണനോട് അപേക്ഷിക്കുന്നുണ്ട്. ഇതൊക്കെ നന്‍മയുടെ വശങ്ങള്‍. ഒറ്റയ്ക്ക് ആറ് അക്ഷൗഹിണിപ്പടകളെ തകര്‍ത്താണ് ഭീമന്‍ ഭീമസേനനാകുന്നത് എന്നത് ശക്തിയുടെ വശം.

 

ഇത്രയൊക്കെയേ ഉള്ളോ ഭീമന്‍? അല്ല, ഇതിനപ്പുറം പലതുമാണ് എന്നു കാട്ടിത്തന്നു എംടി. താന്‍ യഥാർഥത്തില്‍ ആരാണ് എന്നു കര്‍ണനെപ്പോലെ സന്ദേഹത്തിന്‍റെ അനന്തപഥങ്ങളില്‍ ഉള്ളാലേ അലറിവിളിച്ച് അലഞ്ഞ ഏകാകി! എന്നും എന്തിനും ഏതിനും രണ്ടാമൂഴക്കാരനായി ഒതുങ്ങിനില്‍ക്കേണ്ടി വന്നവന്‍! ഒടുവില്‍ മഹാപ്രസ്ഥാനത്തിനുമുമ്പ്, കാട്ടാളന്‍റെ മകനാണു താന്‍ എന്ന സത്യത്തിനു മുമ്പില്‍ സ്തംഭിച്ചുനില്‍ക്കേണ്ടി വന്നവന്‍. 

 

 

വായുദേവന്‍റെ പുത്രന്‍ എന്ന അഹങ്കാരത്തിന്‍റെ മസ്തകം തകര്‍ന്ന നിലയില്‍ ജീവിതത്തില്‍നിന്നു പിന്‍വാങ്ങേണ്ടിവന്നവന്‍! തോറ്റു പിന്‍വാങ്ങി തകര്‍ന്നടിയുന്നവന്‍. മഹാഭാരതം അവതരിപ്പിച്ചിട്ടില്ലാത്തതും എംടി അവതരിപ്പിച്ചതുമായ ആ ഭീമനെ സമസ്ത ഭാവസൂക്ഷ്മതയോടും കൂടി പ്രേക്ഷകഹൃദയവേദിയില്‍ ജ്വാലാസന്നിഭമായി സ്ഥാപിക്കുന്നു മോഹന്‍ലാല്‍!

‘വിസ്മയം പോലെ ലഭിക്കും നിമിഷത്തി-

നര്‍ത്ഥം കൊടുത്തു പൊലിപ്പിച്ചെടുക്ക’ എന്ന കവിവാക്യം ഇവിടെ സഫലമാവുന്നു.

 

English Summary : Prabha Varma Talks About Kadhayattam And Mohanlal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com