sections
MORE

അനശ്വരതയുടെ നിത്യകാമുകൻ; ഒഎൻവിയെന്നു പേരുള്ള നിലാക്കവിത!

ONV Kurupu
ഒഎൻവി
SHARE

ഒരു ഗ്രാമത്തെയാകെ പിടിച്ചുകുലുക്കിയ കൊടുങ്കാറ്റിന്റെ അന്ത്യം. എല്ലാം വീണ്ടും സ്വച്ഛശാന്തം. നിശ്ശബ്ദതയെ ഭേദിക്കുന്നത് ഒരു ഇടയബാലൻ തന്റെ പുല്ലാങ്കുഴലിൽ പാടുന്ന പാട്ട് പാത്രം. നന്ദി ചൊല്ലുകയാണ്; പ്രകൃതിക്ക്. സ്തുതിക്കുകയാണ്; ജീവന്റെ ഉറവിടമായ ശക്തിയെ.  ബിഥോവന്റെ ആറാം സിംഫണിയിലെ അവസാന ഭാഗത്തെ അനശ്വരചിത്രം. ഭൂമിക്ക് ഒരു ചരമഗീതം ഉൾപ്പെടെയുള്ള കവിതകൾ എഴുതുമ്പോൾ ഒഎൻവിയുടെ മനസ്സിൽ നിറഞ്ഞുനിന്നതും ബിഥോവൻ. അതിജീവനത്തിന്റെ ആനന്ദരാഗം പാടുന്ന ഇടയബാലൻ. 

കേൾക്കാൻ കൊതിച്ച നാദങ്ങൾ നിഷേധിക്കപ്പെട്ട പാട്ടുകാരൻ കൂടിയാണ് ബിഥോവൻ. കേട്ടു മതിവരാത്ത ഗാനങ്ങൾക്ക് ചെവിയോർത്തിട്ടും നിശ്ശബ്ദതയെ അനുഭവിക്കേണ്ടിവന്ന ഹതഭാഗ്യൻ. ബിഥോവനെക്കുറിച്ച് ഒട്ടേറെ കവിതകളെഴുതിയ ഒഎൻവിക്ക് അദ്ദേഹം കഥയും കഥാപാത്രവുമായിരുന്നു. എഴുതി മുഴുമിക്കാത്ത കവിത. ബധിരതയുടെ നാളുകൾ ജീവിതത്തെ അഭിശപ്തമാക്കിയെങ്കിലും അപ്പോഴേക്കും അനേക ജൻമങ്ങളുടെ സ്വരങ്ങളും സ്വരഭേദങ്ങളും ശേഖരിച്ചുവച്ചിരുന്നു ആ  പാട്ടുകാരൻ. മനസ്സിൽ സ്വരുക്കൂട്ടിയ സ്വര രാഗ താളങ്ങളുടെ അക്ഷയപാത്രത്തിൽനിന്നാണ് പിൽക്കാല ജീവിതത്തിലെ അദ്ദേഹത്തിന്റെ സിംഫണികൾ പിറന്നത്. ഒഎൻവിയുടെ ഹൃദയത്തിൽ എന്നപോലെ അദ്ദേഹം എഴുതിയ കവിതകളുടെ ആത്മാവിലും ബിഥോവനുണ്ട്. കാലത്തെ അതിജീവിച്ച സിംഫണികളുടെ ശ്രുതിയുണ്ട്. 

ബാധിര്യം ബാധിക്കുന്നതുമുൻപുള്ള ബിഥോവനാണ് ഒഎൻവിയുടെ നിലാവിന്റെ ഗീതത്തിലെ  നായകൻ. അന്നത്തെ അദ്ദേഹത്തിന്റെ ഒരനുഭവമാണ് ‘സോങ് ഓഫ് ദ് മൂൺലൈറ്റ്’ എന്ന സിംഫണിക്ക് പ്രചോദനമായത്. കെട്ടുകഥയാകാം.  എന്നാൽ ആ കഥ ഒഎൻവിക്ക് പ്രിയപ്പെട്ടൊരു കവിതയായി: നിലാവിന്റെ ഗീതം.  

നല്ല നിലാവുള്ള രാത്രിയിലൂടെ നടക്കുന്ന ബിഥോവൻ. വിജനമായ വഴിയിൽ  ഒറ്റയ്ക്ക്, സ്വന്തം നിഴലിന്റെ മാത്രം കൂട്ടുകാരനായി. പിയാനോയിൽ നിന്ന് ഒഴുകുന്ന ഒരു പാട്ട് ഇടയ്ക്കെപ്പൊഴോ അദ്ദേഹത്തിന്റെ യാത്രയെ തടസ്സപ്പെടുത്തുന്നു. അതദ്ദേഹത്തിന്റെ തന്നെ പാട്ടാണ്.  അജ്ഞാതയായ ആരുടെയോ ശബ്ദത്തിൽ ആ പാട്ട് ഒഴുകിവരികയാണ്. രാത്രിയിലെ ഏകാന്തതയിലും ഉണർന്നിരുന്ന് സ്നേഹദുഃഖത്തെ ശുശ്രൂഷിക്കുന്ന ആരോ ഒരാൾ. ഇനിയും വിളക്ക് കെടുത്താത്ത ഒരു വീട്ടിൽ നിന്ന്. ബിഥോവൻ അവിടേക്കു നടന്നു. മുൻവാതിലിലെ ക്രൂശിത രൂപത്തെ കണ്ടു കുരിശു വരച്ച് അകത്തേക്ക്. സ്വർണച്ചുരുൾമുടിക്കാരിയായ ഒരു പെൺകുട്ടിയാണ് ആ രാത്രിയെ വ്യാമുഗ്ധയാക്കി വൈകിയ വേളയിലും പാടുന്നത്. 

പിയാനോയിലേക്ക് മുഖം കുനിച്ച് ആർക്കും വേണ്ടിയല്ലാത്ത പാട്ട്. ഓർമയിൽനിന്ന് വിരൽത്തുമ്പിലേക്ക് ആവാഹിച്ച് അടർന്നുവീഴുന്ന വരികൾ. സ്വരരാഗങ്ങളുടെ രാജശിൽപി ഒരു നിമിഷം നിന്നു. അയാളെ അറിഞ്ഞിട്ടെന്നവണ്ണം പെൺകുട്ടി പാട്ടു നിർത്തി ആരെന്ന് അന്വേഷിക്കുന്നു. നിലാവുള്ള രാത്രികളുടെ നിത്യകാമുകൻ എന്നാണദ്ദേഹത്തിന്റെ മറുപടി. ആ വാക്കുകൾ പെൺകുട്ടിക്കു സമ്മാനിക്കുന്നത് ദുഃഖം. അന്ധയായ അവൾ എങ്ങനെ നിലാവിനെ കാണാൻ. അറിയാൻ.  ഇതുവരെ നിലാവിനെ കണ്ടിട്ടില്ല ആ കുട്ടി; ഇനിയൊരിക്കലും കാണാൻ കഴിയുമെന്ന പ്രതീക്ഷയുമില്ല. ആ കണ്ണുകൾ കാഴ്ചകൾക്കു നേരെ കൊട്ടിയടയ്ക്കപ്പെട്ടവയാണ്. 

കാണാം നിനക്കും നിലാവിനെ ഓമനേ... എന്നു പറഞ്ഞുകൊണ്ട് ബിഥോവൻ അന്നു പിയോനോയിൽ വായിച്ചതാണ് സോങ് ഓഫ് ദ് മൂൺലൈറ്റ് എന്ന പേരിൽ പിന്നീട് പ്രശസ്തമായ ഗാനം. 

എന്തു കുളുർമ നിലാവിന് ! സ്വർഗത്തു 

നിന്നെന്റെയമ്മ വന്നെന്നെത്തൊടും പോലെ ! 

നന്ദി! അങ്ങാരാണ് ?- ചൊല്ലുമോ ? നീയുടൻ 

ചൊന്നൂ: ‘‘ നിലാവിന്റെ ഗീതം രചിച്ചയാൾ’’. 

നിലാവിന്റെ ഗീതങ്ങളാണ് മലയാളികൾക്ക് ഒഎൻവിയുടെ ഈരടികൾ. ദുഃഖത്തിൻ വെയിലാറുന്ന മനസ്സിൽ വിരിഞ്ഞ കാവ്യാക്ഷരങ്ങൾ. വേദനയുടെ അമാവാസിയിലും കവിതയുടെ നിലാവുദിപ്പിച്ച സ്നേഹചന്ദ്രിക. ആ നിലാവിൽ കുളിക്കാത്ത മലയാളികളില്ല. ആ ശബ്ദസൗകുമാര്യം അനുഭവിക്കാത്ത മലയാളി മനസ്സുകളില്ല. 

English Summary : In Memories Of ONV Kuruppu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;