sections
MORE

ആരോപണങ്ങളുടെ മുന്നിൽ നിശ്ശബ്ദമാകുന്നതിനെ കഴിവുകേടായി വ്യാഖ്യാനിക്കണോ?....

Subhadinam
SHARE

സ്കൂളിൽനിന്നു കിട്ടിയ വൃക്ഷത്തൈ അനുജൻ വീട്ടുമുറ്റത്തു നട്ടു. മുട്ടപ്പഴം ആണെന്നു കരുതിയാണ് നട്ടത്. അൽപം വലുതായപ്പോൾ ചേച്ചി പറഞ്ഞു: സബർജല്ലി ആണെന്ന്. ചേട്ടൻ അടുത്തുചെന്ന് അടിമുടി നോക്കി. ഒരിലയെടുത്തു ചവച്ചിട്ടു പറഞ്ഞു: ഇതു വെറും പാഴ്‌മരമാണ്. വെട്ടിക്കളയുന്നതാകും നല്ലത്.

അച്ഛന്റെ നിർബന്ധം കാരണം, ആരും മരം വെട്ടിയില്ല. വർഷങ്ങൾ കഴിഞ്ഞു. ഒരുനാൾ മരം കായ്‌ച്ചു. രുചിച്ചുനോക്കി അമ്മ പറഞ്ഞു: പനിനീർ ചാമ്പങ്ങയാണ്. ചേട്ടൻ ആരും കേൾക്കാതെ മരത്തോടു ചോദിച്ചു: ഞങ്ങൾ അത്രയൊക്കെ പറഞ്ഞിട്ടും നീ വീണുപോകാതിരുന്നത് എന്തുകൊണ്ടാണ്? മരം പറഞ്ഞു: ഞാൻ ആരാണെന്ന് എനിക്കറിയാമായിരുന്നു.

നിശ്ശബ്‌ദമാകണം; അർഥരഹിതമായ അഭിപ്രായങ്ങളുടെയും ആരോപണങ്ങളുടെയും മുന്നിൽ. അറിവില്ലാത്തതുകൊണ്ടും അപരിചിതമായതുകൊണ്ടും, ആവർത്തിക്കുന്നതാകും പല വിമർശനങ്ങളും. അറിയാത്ത കാര്യങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കുന്നതിൽ പരിശീലനം നേടിയവരാകും, പൊതുജനം. ആൾക്കൂട്ടത്തിനു നടുവിൽ നിന്നുള്ള വിശദീകരണശ്രമങ്ങളെല്ലാം പാഴാകും. എല്ലാ അധിക്ഷേപങ്ങളോടും പ്രതികരിച്ചു നടന്നാൽ സ്വയം വളരാൻ മറന്നുപോകും.

വാടരുത്, വീണുപോകരുത്. തളിരിടണം, പുതിയ നാമ്പുകളും വേരുകളും. ഒരു മരവും സ്വയം വളർച്ച അവസാനിപ്പിക്കില്ല. ആരും സ്വന്തം വളർച്ചയ്‌ക്കു തടസ്സമാകാൻ അത് അനുവദിക്കില്ല. നിങ്ങളാണ് എന്നെ തടഞ്ഞതെന്ന ന്യായീകരണം നിരത്തില്ല. ആവശ്യമുള്ള സൂര്യപ്രകാശവും വെള്ളവും തനിയെ വലിച്ചെടുത്ത് വെട്ടിക്കളയാൻ കൽപിച്ചവർക്കുപോലും അതു തണലാകും.

തിരിച്ചറിയാതെ തകർക്കരുത്, ഒന്നിനെയും. ഓരോന്നും ഫലം പുറപ്പെടുവിക്കുന്നത് അതതിന്റെ സമയങ്ങളിലാണ്. തുടക്കത്തിൽത്തന്നെ വിചാരണകളിൽ തട്ടിവീഴുന്നതുകൊണ്ടാണ് പലർക്കും തങ്ങളുടെ ദൗത്യങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ പോകുന്നത്.

English Summary : Subhadinam, Food For Thought

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;