ADVERTISEMENT

ഇവി‌ടെ ആർക്കാണ് കുറവുള്ളത്? കൊടുംപകയോടെ അവളെ കൊന്നുകളഞ്ഞവർക്കോ അതോ അൽപം മന്ദതയുള്ളതിനാൽ കുറവുകൾ ഉള്ളതെന്ന് സമൂഹം വിളിച്ച ഉത്രയെന്ന പെൺകുട്ടിക്കോ?. ‘കുറവുകൾ’ ഉള്ളതിനാൽ ഓരോ സെക്കൻഡിലും അവളെ ഓർത്തും ശ്രദ്ധിച്ചും അതീവജാഗ്രതയോടെ വളർത്തിയ ആ അച്ഛനമ്മമാരും ഇനി ഒരിക്കലും സ്വസ്ഥതയില്ലാതെ,  ജീവിതാവസാനം വരെ അവളെ ഓർത്ത് നീറിപ്പിടയുകയും ചെയ്യും. കുറവുള്ളവൾ എന്ന പേരിൽ അവൾ ഭർത്തൃഗൃഹത്തിൽ കുത്തുവാക്ക് കേൾക്കാതിരിക്കാൻ അവർ അവൾക്ക് നൽകിയത് ലക്ഷക്കണക്കിന് രൂപയുടെ സമ്പത്തും മറ്റ് സൗകര്യങ്ങളുമാണ്. കേരളത്തെ നടുക്കിയ ഉത്രയുടെ കൊലപാതകത്തെ സ്ത്രീധനമെന്ന വിപത്തിന്റെയും സദാചാരക്കാരെന്നു നടിക്കുന്ന നമ്മുടെ സമൂഹത്തിന്റെ നാട്യത്തിന്റെയും വീക്ഷണ കോണിലൂടെ ചൂണ്ടിക്കാട്ടുകയാണ് മാധ്യമ പ്രവർത്തകയായ സിന്ധു നായർ. സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം–

uthra-sooraj-vishu

അല്പം മന്ദതയുള്ളതിനാൽ മാത്രം 'കുറവുകൾ ഉള്ളവൾ' എന്ന് വിളിപ്പേര് കിട്ടിയ ഒരു പെൺകുട്ടി- ഉത്ര,  ഇന്ന് കേരളം ചർച്ച ചെയ്യുന്ന ഏറ്റവും ക്രൂരമായ കൊലപാതകങ്ങളിലൊന്നിന്റെ ഇര. രണ്ടു കൊല്ലം അവളെ ഒരു തുള്ളി പോലും സ്നേഹിക്കാതെ അവളുടെ മനസ്സും ശരീരവും ധനവും കൈക്കലാക്കി, ഒരിക്കൽ ഏറ്റ പാമ്പുകടിയിൽ നിന്ന് അവൾ പൂർണ്ണസുഖം പ്രാപിച്ചു വരാൻ  പോലും സമ്മതിക്കാതെ,  കൊടുംപകയോടെ അവളെ കൊന്നു കളഞ്ഞവനെ നമ്മൾ വിളിച്ചത് സുന്ദരനായ, യോഗ്യൻ ആയ  ചെറുപ്പക്കാരൻ. സത്യത്തിൽ ഇവിടെ ആർക്കാണ് കുറവ്?  ഒരു രോഗം അല്ലെങ്കിൽ ഒരു അവസ്ഥ മൂലം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ത ആയ ഉത്രയ്‌ക്കോ അതോ മനസ്സിന് വിഷം പടർന്നു സ്നേഹം എന്ന വികാരം തന്നെ കുറവുള്ള, അത്യാഗ്രഹം കൊണ്ടു മനസ്സിന് വൈകല്യം ബാധിച്ച  സൂരജ് എന്ന അവളുടെ ഭർത്താവിനോ?  എന്താണ് കുറവ് എന്നതിന് മാനദണ്ഡം?  സ്നേഹമില്ലെങ്കിൽ മനുഷ്യനെ എന്തിന് കൊള്ളാം? മാതാപിതാക്കൾ പോലും 'കുറവുകളുള്ള കുട്ടി' എന്ന പേരിൽ ഉത്രയ്ക്ക് കൊടുത്ത ഇരട്ടി സ്നേഹം,  

ഉത്രയുടെ ചിത്രവുമായി അമ്മ മണിമേഖലയും അച്ഛൻ വിജയസേനനും
ഉത്രയുടെ ചിത്രവുമായി അമ്മ മണിമേഖലയും അച്ഛൻ വിജയസേനനും

 

കുറവുള്ളവൾ എന്ന പേരിൽ അവൾ ഭർത്തൃഗൃഹത്തിൽ കുത്തുവാക്ക് കേൾക്കാതിരിക്കാൻ അവർ അവൾക്ക് നൽകിയ ലക്ഷക്കണക്കിന് രൂപയുടെ സമ്പത്തും മറ്റ് സൗകര്യങ്ങളും. ചോദിക്കുമ്പോൾ എല്ലാം, മാസം തോറും 8000 രൂപ ഉൾപ്പടെ സൂരജ് എന്ന ഭർത്താവുദ്യോഗസ്ഥൻ കണക്ക് പറഞ്ഞു വാങ്ങിയതും ഈ 'കുറവുകൾ' കൊണ്ടാണ്. എവിടെയാണ് നമ്മൾ പ്രകീർത്തിക്കുന്ന പ്രണയം,  കുടുംബം,  സ്നേഹം ഒക്കെ? പൈസ കൊടുത്ത് വാങ്ങുന്ന സ്നേഹം യഥാർത്ഥ സ്‌നേഹമല്ല എന്ന് ആ അച്ഛനമ്മമാരും, ഭാര്യ എന്നാൽ ഒരു ബാദ്ധ്യത അല്ല,  ഹൃദയത്തിന്റെ പാതി ആണെന്നും ഭാര്യയുടെ അച്ഛൻ അദ്ധ്വാനിച്ചുണ്ടാക്കിയത് വാങ്ങി കുടുംബം പോറ്റുന്നവൻ നാണം കെട്ടവനാണ് എന്ന് സൂരജിനും കൂട്ടർക്കും അറിയാഞ്ഞിട്ടാണോ? ബുദ്ധിയും  സ്വത്തും പൈസയും ജോലിയും ആണോ ഒരു കുടുംബത്തിന്റെ അടിത്തറ?  സ്നേഹം എന്ന വാക്കിന് അവിടെ ഒരു വിലയുമില്ലേ?  ഒരു തരിമ്പ് സ്നേഹം ഇല്ലാതെ ഭാര്യയുടെ ഒപ്പം കഴിഞ്ഞവൻ, അവളുടെ ശരീരം പങ്കിട്ടവൻ,  യഥാർഥത്തിൽ ഒരു റേപ്പിസ്റ്റ് അല്ലേ?   

 

കഴിഞ്ഞ 20 കൊല്ലമായി ഞാൻ  അമേരിക്കയിൽ വന്നിട്ട്.. സദാചാരക്കാർ അടങ്ങുന്ന നമ്മുടെ സമൂഹം പുച്ഛത്തോടെ നോക്കുന്ന അമേരിക്കൻ സംസ്ക്കാരത്തിൽ ഇന്ന് വരെ ഒരു സ്ത്രീധനമരണവും കേട്ടിട്ടില്ല. സെലിബ്രിറ്റികളെയും പണച്ചാക്കുകളെയും തല്ക്കാലത്തേക്ക് മാറ്റി നിർത്തി പറയട്ടെ, സ്നേഹത്തിനു വേണ്ടി അല്ലാതെ വിവാഹം കഴിക്കുന്ന ദമ്പതിമാരെക്കുറിച്ചും കേട്ടിട്ടില്ല. ഓരോ വിവാഹവും പ്രണയത്തിന്റെ ആഘോഷം മാത്രം ആണ് ഇവിടെ. അവിടെ സ്ത്രീ എന്ത്‌ കൊണ്ടു വന്നു എന്നതിന്റെ അളവിലല്ല സ്നേഹം നിശ്ചയിക്കപ്പെടുന്നത്. പെണ്ണിന്റെ അച്ഛൻ ഉണ്ടാക്കിയ സ്വത്ത്‌ കിട്ടാത്തതിനാൽ ഒരു സ്ത്രീയെയും അവർ അപഹസിക്കുന്നതായും അറിവില്ല.  അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് സ്വന്തം വിവാഹം പോലും നടത്തുന്നതും. ഇവിടെ വിവാഹങ്ങൾ മറ്റുള്ളവർക്ക് വേണ്ടിയല്ല.  പരസ്പരം സ്നേഹിക്കുന്ന രണ്ടു പേർക്ക് വേണ്ടിയാണ്.  സ്നേഹം അഭിനയം ആയി തുടരാൻ കഴിയാത്തപ്പോൾ പരസ്പരബഹുമാനത്തോടെ  പിരിയുകയും ചെയ്യുന്നു.  ഒരിക്കൽ സ്നേഹിച്ചു പോയതിന്റെ പേരിൽ,  പിരിഞ്ഞു കഴിയേണ്ടി വന്നാൽ പോലും ആജന്മശത്രുക്കൾ ആയി കഴിയുന്നതും ഇല്ല.

 

ഇനി എന്നാണ് നമ്മുടെ സമൂഹത്തിനും ഇത് പോലെയുള്ള ദുരാചാരങ്ങളിൽ നിന്ന് മോചനം?  ജാതകവും ജോലിയും കുടുംബമഹിമയും നോക്കിയും, ചെറുക്കനെയും പെണ്ണിനേയും പറ്റി രണ്ടു പേരോട് തിരക്കി conduct certificate വാങ്ങിയും, മക്കളെ വിൽക്കുന്ന ഏർപ്പാട് ഇനി എന്നാണ് നമ്മൾ നിർത്തുന്നത്?  മനസ്സിൽ നന്മയുള്ളവർ ആണ് ഏറ്റവും യോഗ്യർ എന്ന്,  ബാക്കി എന്തൊക്കെ ഉണ്ടെങ്കിലും സ്നേഹിക്കാൻ അറിയില്ലെങ്കിൽ അവർ ആണ് കുറവുകൾ ഉള്ളവർ  എന്ന്  ഇനി എന്നാണ് നമ്മൾ തിരിച്ചറിയുക?  ഒരു പെൺകുട്ടിയെ ഇത്രയും പകയോടെ കൊല്ലാൻ കഴിഞ്ഞവനെ ഏതു രീതിയിൽ ആണ് ന്യായീകരിക്കുക?  നേരിട്ട് അറിയില്ലെങ്കിലും  നിർഭാഗ്യവശാൽ എന്റെ നാട്ടുകാരൻ കൂടിയാണ് ഈ കാപാലികൻ. ഉത്രയുടെ അച്ഛൻ പറഞ്ഞത് അനുസരിച്ച് പത്ത് മിനിറ്റ്  സംസാരിച്ചാൽ കേട്ടിരിക്കുന്നവരെ പാട്ടിലാക്കാൻ വല്ലാത്തൊരു കഴിവുള്ളവൻ ആണത്രേ അവൻ.. ചിരിയുടെയും  സത്സ്വഭാവത്തിന്റെയും മുഖംമൂടികൾ അണിഞ്ഞ എത്ര കുടിലമനസ്സുകൾ ആണ് നമുക്ക് ചുറ്റും.. അവർക്ക് നേർവഴി പറഞ്ഞു കൊടുക്കാത്ത എത്ര മാതാപിതാക്കൾ ആണ് ചുറ്റും..  

 

വല്ലാത്ത  വേദന ആണ് ഉത്ര. രണ്ടു കൊല്ലം അവനെ അവൾ സ്നേഹിച്ചപ്പോഴും ചോദിച്ചതെല്ലാം കൊടുത്തിട്ടും പകയും വെറുപ്പും മാത്രം തിരികെ വാങ്ങേണ്ടി വന്ന പാവം പെണ്ണ്.  ഉറങ്ങാൻ കഴിയാത്ത നോവായി അവൾ ഉണ്ടാകും ഇനി ദിവസങ്ങളോളം ഒരു പക്ഷേ മാസങ്ങളോളം മനസ്സിൽ. കുറച്ചു കഴിഞ്ഞ് എല്ലാം മറന്നു നമ്മൾ മുന്നോട്ട് പോകുമ്പോഴും അമ്മയില്ലാത്ത ഒരു കുഞ്ഞും കുഞ്ഞിലേ മുതലേ ''കുറവുകൾ ' ഉള്ളതിനാൽ ഓരോ സെക്കന്റിലും അവളെ ഓർത്തും ശ്രദ്ധിച്ചും അതീവജാഗ്രതയോടെ വളർത്തിയ ആ അച്ഛനമ്മമാരും ഇനി ഒരിക്കലും സ്വസ്ഥതയില്ലാതെ,  ജീവിതാവസാനം വരെ അവളെ ഓർത്ത് നീറിപ്പിടയുകയും ചെയ്യും.

 

വൈകല്യം അല്ലെങ്കിൽ കുറവുകൾ ഉള്ളവൾ  എന്ന ലേബൽ പതിഞ്ഞു കിട്ടിയ ഒരു മകളുടെ അമ്മ  എന്ന നിലയിൽ, ഉറങ്ങുമ്പോൾ പോലും അവളുടെ ശ്വാസഗതിയ്ക്ക് പോലും കാവൽ ഇരിക്കുന്ന, അച്ഛനമ്മമാർ എന്ന നിലയിൽ തന്നെ അറിയാം,  ആ അമ്മയുടെ നെഞ്ചിലെ  അഗ്നിയും അച്ഛന്റെ ഉള്ളിലെ ചൂടും  ഇനി എത്ര നാൾ കഴിഞ്ഞാലും മാറില്ല.  അതിൽ അവർ വെന്തുരുകി കൊണ്ടേയിരിക്കും.  അവൾ ജനിച്ച നാൾ  മുതൽ അവളെ ഓർത്ത് ഉരുകുന്നവർ.  ഇനിയും അവർ  സ്നേഹവും വേദനയും കുറ്റബോധവും  എല്ലാം തീർത്ത തീയിൽ പിടഞ്ഞു ജീവിക്കും. അവർക്കായി കാത്തു വെയ്ക്കാൻ ഒരു പ്രാർത്ഥനയേ ഉള്ളൂ..  എല്ലാം സഹിക്കാൻ അവർക്ക് ഈശ്വരൻ ശക്‌തി നൽകട്ടെ എന്ന പ്രാർഥന.  എത്രയും വേഗം അവർക്ക് നീതി കിട്ടട്ടെ എന്ന പ്രാർഥനയും.. മുന്നോട്ട് പോകാൻ ഉത്രയുടെ കുഞ്ഞിന്റെ മുഖം എങ്കിലും അവർക്ക് കരുത്തേകട്ടെ.. ഇനിയും  ഉത്രമാർ ഉണ്ടാവാതിരിക്കട്ടെ.. സൂരജിനെയും വീട്ടുകാരെയും പോലെയുള്ള  വിഷപ്പാമ്പുകളും..

English Summary : Anchal Uthra Murder Case - Social Media Post by Sindhu Nair 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com