ADVERTISEMENT

വിരുന്നുകാരില്ലാത്ത, വിളിച്ചുണർത്താനാരുമില്ലാത്ത പാളയത്തെ പൂവാകത്തണലിൽ  പുന്നയൂർക്കുളത്തിന്റെ പ്രിയകവയിത്രി പള്ളിയുറങ്ങിയിട്ടു പതിനൊന്നാണ്ട്. കമല. അവരൊരു രാജ്ഞിയായിരുന്നല്ലോ. പ്രണയത്തിന്റെ, പെണ്ണെഴുത്തിന്റെ രാജ്ഞി. പൊതിഞ്ഞു വയ്ക്കാനൊന്നുമില്ലാത്ത പരസ്യപ്പെടുത്തലുകളുടെ രാജ്ഞി. സ്നേഹമായിരുന്നു കമലാ ദാസിന്റെ മതം. പ്രണയം ഭാഷ, രതി ലഹരി. സാർവലൗകികമായ സ്നേഹം; ദാസിന്റെ കവിതകളുടെ സാരമതു തന്നെ. സ്നേഹത്തെയും സ്നേഹരാഹിത്യത്തെയും കുറിച്ചവരെഴുതി. സ്നേഹിക്കപ്പെടുവാനുള്ള ദാഹത്തിൽ സന്ദേഹമെന്യേ സഞ്ചരിച്ചു. സ്നേഹമലിഞ്ഞു ചേർന്ന സ്ത്രൈണ ചേതനകളെ സ്വത്വഭാവമായി കണ്ടു.  സ്വവർഗസ്നേഹത്തെ പരിഹസിച്ച ‘സദാചാര’ത്തിനു മേൽ സ്വാതന്ത്ര്യ  പ്രഖ്യാപനം നടത്തി. സ്നേഹത്തിന്റെ  സമസ്ത വൈകാരിക തലങ്ങളിലും മനസ്സു സന്നിവേശിപ്പിച്ചു. സ്നേഹമില്ലാതെ തനിക്കു കവിതയില്ലെന്നു വരെ പാടി. സ്നേഹം, അതവർക്കു ജീവിതമായിരുന്നു. സ്നേഹവഴികളിലെ ശരീര കാമനകളെ കവയിത്രി ഭയന്നിരുന്നില്ല. മാംസ നിബദ്ധം കൂടിയാണ് രാഗം എന്നവരുറച്ചു വിശ്വസിച്ചു. തോന്നിയതു  തുറന്നെഴുതിയായിരുന്നു കമലയ്ക്കു ശീലം.

‘ഇവിടെ ഇതാ, ബഹുലമായ ലൈംഗികചോദനകളുമായി ഒരുവൾ..’

രതിയും ലൈംഗികതയും അവരുടെ പ്രിയ വിഷയങ്ങളായി. പെണ്ണുടലിന്റെ ഭൂപട വിന്യാസങ്ങൾ വരച്ചു കാട്ടി കവിതകൾ പലതും പിറന്നു. നഗ്‌നതയെ സൃഷ്ടിയുടെ സൗന്ദര്യമായി കമല വർണിച്ചു. ശരീരത്തിന്റെ ഗൂഢവിസ്മയങ്ങൾ ഇഷ്ടപ്പെട്ട പുരുഷനു നിവേദിക്കാനുള്ളതാണെന്നും അവരെഴുതി. എല്ലാം അസംസ്‌കൃത രചനകൾ.

‘ലുക്കിങ് ഗ്ലാസ്‌’ എന്ന കവിതയിൽ കമലയുടെ പ്രണയതീക്ഷ്ണത അത്രമേൽ പ്രകടം : 

‘നിന്റേതെല്ലാം അയാൾക്കു സമ്മാനിക്കുക.

നിന്നെ സ്ത്രീയാക്കുന്നതെന്തൊ അതെല്ലാം.

നിന്റെ നീണ്ട മുടിയിഴകളുടെ ഗന്ധം,

മാറിലെ വിയർപ്പു തുള്ളികളുടെ കസ്തൂരിമണം, 

ആർത്തവരക്തത്തിന്റെ ചുടുപ്രഹരം, 

നിന്റെ അന്തമില്ലാത്ത പെൺ തൃഷ്ണകൾ, അവയെല്ലാം..’

കവിതകളിലെ സൂക്ഷ്മമായ രതിവിവരണങ്ങൾ കമലയുടെ ആത്മദാഹത്തിന്റെ ബഹിർസ്ഫുരണങ്ങളായിരുന്നു.വിളിച്ചു പറഞ്ഞ ശരീരവാഞ്ഛകൾ കടുപ്പമുള്ള തുറന്നെഴുത്തും. വികാര വേലിയേറ്റങ്ങൾക്കു മേൽ അവരൊരു കടിഞ്ഞാണും വച്ചില്ല. കടലാസുകളിൽ കമല കുമ്പസാരക്കൂടുകളെ കണ്ടു. ഉള്ളാഴങ്ങളിലെ നിശബ്ദതകളിൽ നിന്നു ജന്മം കൊണ്ട കൂർത്ത ഇലകളായിരുന്നു അക്ഷരങ്ങളവർക്ക്.

‘ചുളിവുകളേറെയുള്ള എന്റെ ഭൂതകാലത്തിൽ നിന്നു ഞാൻ ചൂണ്ടയിട്ടു പിടിച്ചതാണെന്റെ കവിതകൾ’

പ്രണയം മാത്രമല്ല, പ്രണയിക്കപ്പെടാൻ ആഗ്രഹിച്ചു ചതിക്കപ്പെട്ടവളുടെ തളർച്ചകളും അവ പാടി. ‘ക്യാപ്റ്റീവ്’ എന്ന കവിത തന്നെ ഉദാഹരണം.

‘പ്രദർശനത്തിനു മാത്രം കൊള്ളാവുന്ന, ഉള്ളിലൊന്നുമില്ലാത്ത പൊള്ളയായ സമ്മാനമാണെന്റെ സ്നേഹം’. ‘തടിച്ചു കൊഴുത്ത ചിലന്തിക്കു മുന്നിലൊരു ചത്ത കിളിയായി’ കിടന്നു കൊടുത്ത് കമലയ്ക്കു മടുത്തിരുന്നു. 

‘എന്റെ ചുണ്ടുകൾക്കവയുടെ ദാഹം ശമിച്ചിരിക്കുന്നു, പാട്ടുകാരി പക്ഷികളെന്നേ പറന്നു പോയിരിക്കുന്നു..’ - ദാമ്പത്യത്തിലെ ശ്രുതിഭംഗങ്ങളും കവയിത്രി മറച്ചു പിടിച്ചില്ല. വിളക്കുകളണഞ്ഞ പഴയൊരു കളിവീടു മാത്രമാണു മനസ്സെന്ന് അവരാവർത്തിച്ചു. കെട്ടുപാടുകൾക്കു പുറത്ത് കമല സ്നേഹം തേടിയലഞ്ഞു. വിവാഹേതര പ്രണയങ്ങൾ അവർക്കു തന്റെ അസംതൃപ്ത മോഹങ്ങളിൽ നിന്നുള്ള വിമോചനമായിരുന്നു. അപരിചിത ധാരകളിലൂടെ ആത്മപൂർണതയ്ക്കുള്ള അന്വേഷണം. മതമോ പ്രായമോ ലിംഗമോ ദേശമോ അതിനുണ്ടായിരുന്നില്ല. ‘സ്നേഹിക്കപ്പെടാനല്ലെങ്കിൽ മരണമാണെനിക്കു പ്രിയം’ എന്നായിരുന്നു നിലപാട്.

‘എനിക്കെന്നും സ്നേഹം വേണ്ടിയിരുന്നു, വീട്ടിലതു കിട്ടിയില്ലെങ്കിൽ പുറത്തു തിരഞ്ഞു പോകില്ലേ’? 

ചോദ്യം പുരുഷാധിപത്യ സമൂഹത്തിനു മേൽ ഏല്പിച്ച ആഘാതം ചെറുതല്ലായിരുന്നു. അധിനിവേശാനന്തര സ്ത്രീത്വത്തിന്റെ പോർവഴികളെ തെളിച്ചുവിട്ട തൂലിക കമലയ്ക്കു തന്നെ ഇന്നും സ്വന്തം. സ്നേഹം കൊതിക്കുന്ന എല്ലാ സ്ത്രീയിലും തന്നെ കാണുന്നുവെന്ന് അവർക്കല്ലാതെ ആർക്കു പറയാൻ കഴിയും! താനിങ്ങനെയാണെന്നും തന്റെ ചാപല്യങ്ങളാണ് തന്നെ കമലയാക്കുന്നതെന്നും മരണം വരെ അവർ പറഞ്ഞു കൊണ്ടേയിരുന്നു.  നീർമാതളത്തിന്റെയോ  നീലാംബരിയുടെയോ തരളഭാവങ്ങളിലേക്കു മാത്രമായി കമലാദാസ് എന്ന പെൺകവിത നിർവചിക്കപ്പെടുന്നത് ഭീകരമാണ്. സ്നേഹത്തിന്റെ, വഞ്ചനയുടെ തൃഷ്ണകളുടെ തുറന്ന പുസ്തകമായിരുന്നു കമല.അനന്തമായ മനുഷ്യചേതനകളെ തുറന്നെഴുതിയ തെളിഞ്ഞ പുഴയായി കൂടി അവരൊഴുകട്ടെ.വിരുന്നുകാരില്ലാതെ... വിളിച്ചുണർത്താനുമാരുമില്ലാതെ.

English Summary : Kamala: An open book of desires and gratifications

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com