ADVERTISEMENT

‘‘തന്റേടത്തോടെ തല ഉയർത്തി നിൽക്കാനും തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇടംവലം നോക്കാതെ പറയാനും എഴുതാനും കെൽപുള്ളവരുടെ തലമുറയിലെ അവസാനത്തെ കണ്ണികളിലൊന്നാണ് കോവിലന്റെ വേർപാടോടെ അടർന്നുപോയിരിക്കുന്നത്.’’

 

കോവിലന് ഒരു ഭാഷയേ വശമുണ്ടായിരുന്നുള്ളൂ, പറയാനും എഴുതാനുമായി. അതു ജീവിതത്തിന്റെ ഭാഷയായിരുന്നു, ദേശത്തിന്റെ ഭാഷയായിരുന്നു; അതിനായി വേറൊരു ഭാഷ നിർമിക്കാൻ അദ്ദേഹം തയാറായിരുന്നില്ല. കേൾക്കേണ്ടവർ കേട്ടാൽ മതി, വായിക്കേണ്ടവർ വായിച്ചാൽ മതി എന്ന മട്ട്. അതുകൊണ്ടുതന്നെ ഏതോ അഭിമുഖത്തിൽ തന്റെ രചനകൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടെന്നു സൂചിപ്പിക്കപ്പെട്ടപ്പോൾ, അൽപം ക്ലേശിക്കാൻ തയാറുള്ളവർ മാത്രം തന്റെ കൃതികളെ സമീപിച്ചാൽ മതിയെന്നു പറയാനുള്ള ഔദ്ധത്യം അദ്ദേഹം കാട്ടി. അതു ധിക്കാരമായിരുന്നില്ല, തന്റെ സൃഷ്‌ടികളുടെ എല്ലുറപ്പിനെക്കുറിച്ചു നല്ല ബോധ്യമുള്ള ഒരു എഴുത്തുകാരന്റെ ആത്മവിശ്വാസമായിരുന്നു.

 

 

 

വായനയെന്നതു വെറും നേരംപോക്കല്ല, അൽപം ഗൗരവബോധത്തോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണെന്ന് ഓർമിപ്പിക്കുകയായിരുന്നു അദ്ദേഹം. അൻപതുകളിൽ വ്യക്‌തിദുഃഖങ്ങളുടെ കദനകഥകളുമായി കാൽപനികത ജനപ്രീതിയാർജിച്ചു നിന്നിരുന്ന കാലത്താണ് വേറൊരു ലോകത്തിന്റെ നീറുന്ന കഥകളുമായി കോവിലൻ കടന്നുവരുന്നത്.

 

 

പാൽപായസം കുടിച്ചു മയങ്ങിക്കിടക്കുന്നവരുടെ പിൻതലയിൽ കിട്ടിയ പ്രഹരമായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ കഥകൾ. ആരും കാണാത്ത ജീവിതം, ആരും പറയാത്ത കഥകൾ. ഒരുപക്ഷേ, ഭാരതീയ സാഹിത്യത്തിൽത്തന്നെ ആദ്യമായി ഇരുളും വെളിച്ചവും കലർന്ന, ‘അറിയപ്പെടാത്ത മനുഷ്യജീവികളുടെ’ പുതിയൊരു ലോകം വിടർന്നുവരികയായിരുന്നു. പട്ടാളബാരക്കുകളിൽ ഒതുങ്ങിപ്പോയവരുടെ അമർത്തിയ തേങ്ങലുകളും മോഹങ്ങളും മോഹഭംഗങ്ങളും പതിഞ്ഞ പ്രതിഷേധങ്ങളുമെല്ലാം ആ മുൾവേലികൾ ക്കകത്തുതന്നെ ഒതുങ്ങിക്കിടന്നു.

 

 

രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള, പല ഭാഷകൾ സംസാരിക്കുന്ന, പല സാംസ്‌കാരിക മേഖലയിലുള്ളവരുടെ ഒരു പരിച്‌ഛേദം. ഓരോരുത്തർക്കും ഓരോ കാഴ്‌ചകളുണ്ട്; പറയാൻ ഓരോ ജീവിതവും. അവരുടെ ജീവിതകഥകളിലൂടെ ആദ്യമായി മലയാള കഥയിൽ ഒരു ‘പാൻ ഇന്ത്യൻ’ പരിസരം തെളിഞ്ഞുവരികയായിരുന്നു. അതിനു മുൻപു പൊറ്റക്കാടിന്റെ ചില കഥകളിലല്ലാതെ ഇത്തരമൊരു ലോകം നമുക്കു കാണാനായിട്ടില്ല.

 

പക്ഷേ, ഇത്തരം പട്ടാളക്കഥകൾക്കപ്പുറമായി മനുഷ്യാവസ്‌ഥയെക്കുറിച്ചുള്ള തീവ്രമായ ആശങ്കകളും ആകുലതകളും തുടിച്ചുനിന്നിരുന്നു അദ്ദേഹത്തിന്റെ പിൽക്കാല രചനകളിൽ. തനിക്കു നേർപരിചയമുള്ള ഗ്രാമീണജീവിതം പകർത്തുമ്പോഴും അതിരുകൾക്കപ്പുറമായൊരു സാർവലൗകികതയും മാനവികതയും കാണാനായിരുന്നു ഈ കൃതികളിൽ. അതിലൂടെ കണ്ടാണശേരിക്കാരനായ അയ്യപ്പൻ ഈ ലോകത്തിന്റെ സമസ്‌ത ആധികളും ഉത്‌കണ്‌ഠകളും തന്നിലേക്ക് ആവാഹിച്ചെടുക്കുകയായിരുന്നു.

 

കയ്‌പു നിറഞ്ഞ ജീവിതത്തിലൂടെ കടന്നുപോന്നയാൾക്ക് ജീവിതത്തിന്റെ കാൽപനികഭംഗി കാണാനുള്ള കണ്ണില്ലായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിനു പറയാനുള്ള ജീവിതവും പരുക്കനായിരുന്നു. തന്റെ സമകാലീനരുടെ കാവ്യമയമായ ശൈലി കോവിലനു വഴങ്ങുകയില്ലായിരുന്നു. സംസ്‌കൃതം പഠിച്ചിട്ടുള്ള കോവിലൻ തന്റെ എഴുത്തിൽനിന്നു സംസ്‌കൃതപദങ്ങളെ മനപ്പൂർവമായി ഒഴിച്ചുനിർത്തി.

 

അദ്ദേഹത്തിന്റെ രചനകളിലൂടെ കടന്നുപോകുമ്പോൾ നാം കാണാതെപോയ ഈ വാക്കുകളെല്ലാം നമ്മുടെ ഇടയിൽത്തന്നെ ഉണ്ടായിരുന്നല്ലോ എന്ന് അതിശയിച്ചുപോകാറുണ്ട്. കോവിലൻ എന്ന എഴുത്തു പേരിനെ പ്പോലെതന്നെ ദ്രാവിഡത്തനിമയുള്ള നാടൻ വാക്കുകൾ കൊരുത്തു പുതിയൊരു ആസുരതാളം ചിട്ടപ്പെടു ത്തുകയായിരുന്നു അദ്ദേഹം. ആ വാക്കുകളുടെ തുടികൊട്ടലുകളിലൂടെ, നാടൻ ശീലുകളിലൂടെ, വംശസ്‌മൃതി കളിലൂടെ ഒരു തട്ടകത്തിന്റെ ഗോത്രപ്പെരുമ വിടർന്നുവരികയായിരുന്നു. ഭാരതീയ സാഹിത്യത്തിലെതന്നെ വിസ്‌മയമായ ‘തോറ്റങ്ങൾ’ വേണ്ട രീതിയിൽ വായിക്കപ്പെടാതെ പോയതിന്റെ പോരായ്‌മ മലയാളി സമൂഹത്തിന്റേതുതന്നെയാണ്. 

 

 

പട്ടാളത്തിൽനിന്നു പിരിഞ്ഞുപോന്നിട്ടും ഏറെക്കാലം പട്ടാളക്കഥാകാരനെന്ന ലേബലിൽത്തന്നെ ഒതുക്കിയിടു കയായിരുന്നു കോവിലനെ. അതുകൊണ്ടുതന്നെ ‘തട്ടക’ത്തിനു പുറമേ ‘ഹിമാലയ’വും ‘ഭരതനു’മൊന്നും ആസ്‌ഥാന നിരൂപകരുടെ കണ്ണിൽ പെട്ടില്ല; വേണ്ടത്ര രീതിയിൽ വിലയിരുത്തപ്പെട്ടില്ല.

 

 

പരസ്‌പരം പുറംചൊറിയുന്നവരുടെയും സ്‌പോൺസേർഡ് നിരൂപണക്കാരുടെയും കാലത്ത് ലോബികളോ പിൻപാട്ടുകാരോ ഇല്ലാത്ത, ആരെയും പ്രസാദിപ്പിക്കാൻ അറിയാത്ത, അപ്രിയ സത്യങ്ങൾ വിളിച്ചുപറയാൻ മടിയില്ലാത്തയാളുടെ ചുറ്റും ആളുകൾ കൂടാത്തതു സ്വാഭാവികമായിരുന്നു.

 

സാഹിത്യ സാംസ്‌കാരിക രംഗത്തെ മുതിർന്നവർകൂടി അധികാരസ്‌ഥാനങ്ങൾ വലിച്ചെറിയുന്ന അപ്പക്കഷണങ്ങൾക്കു വേണ്ടി തലകുനിക്കാൻ തയാറാവുമ്പോൾ കോവിലനെ പ്പോലെയുള്ളവർ ഏതർഥത്തിലും ഒറ്റയാന്മാരായിരുന്നു. അതുകൊണ്ടുതന്നെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് തൊട്ട് പല അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയതു വളരെ വൈകിയായിരുന്നു. എന്നും ഒറ്റയാനായി നിൽക്കാൻ ഇഷ്‌ടപ്പെട്ടിരുന്ന തന്റേടി അപ്പോഴൊക്കെ ഉള്ളിൽ ചിരിച്ചുകാണണം.

 

 

തന്റേടത്തോടെ തല ഉയർത്തി നിൽക്കാനും തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇടംവലം നോക്കാതെ പറയാനും എഴുതാനും കെൽപുള്ളവരുടെ തലമുറയിലെ അവസാനത്തെ കണ്ണികളിലൊന്നാണ് അടർന്നുപോയിരിക്കുന്നത്. ഇത്തരം ജന്മങ്ങൾ അപൂർവമായി വരുന്ന കാലമാണല്ലോ ഇത്.

 

English Summary : Novelist Sethu Writes About Kovilan 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com