sections
MORE

അച്ഛനോടൊപ്പം ചേർന്ന് അമ്മയെ പരിഹസിച്ചു, തൊഴിലാളി ബലാൽസംഗം ചെയ്തു; തിരിച്ചറിവുകൾക്കൊടുവിൽ അവൾ ചെയ്തത്...

A Woman Book By Sibilla Aleramo
പ്രതീകാത്മക ചിത്രം
SHARE

അച്ഛന് അറിവുണ്ട്. ഏതു ചോദ്യത്തിനും ഉടന്‍ മറുപടി. അച്ഛനു പണമുണ്ട്; അദ്ദേഹമാണു കുടുംബം നോക്കുന്നത്. കരുത്തനാണ് അച്ഛന്‍; ദുര്‍ബലനായി കണ്ടിട്ടേയില്ല. അച്ഛന്‍ ചിരിക്കാറുണ്ട്; കരയാറേയില്ല. സിബില്ലയും അച്ഛനെ സ്നേഹിച്ചു. ബഹുമാനിച്ചു. ആരാധിച്ചു. സമപ്രായക്കാരായ മറ്റു പെണ്‍കുട്ടികളെ പ്പോലെ. പുച്ഛമായിരുന്നു അമ്മയോട്. ആ കവിള്‍ എപ്പോഴും നനഞ്ഞിട്ടാണ്; വറ്റാത്ത കണ്ണീര്‍ച്ചാലിന്റെ അടയാളം. കണ്ണുകള്‍ എപ്പോഴും നിറഞ്ഞിട്ടാണ്; മുഖം കരച്ചിലിന്റെ വക്കിലും. എന്തു ചോദിച്ചാലും മറുപടിയില്ല; ഒന്നും അറിയില്ലായിരിക്കും. ചെറിയൊരു കാറ്റില്‍ പോലും ആടിയുലയും; ഒന്നും കഴിക്കാറില്ലായിരിക്കാം.

ചിരിച്ചുകണ്ടിട്ടേയില്ല; കരയാനേ അറിയൂ. പണമൊന്നുമില്ല കയ്യില്‍; അച്ഛന്‍ കൊടുക്കുന്ന പണമാണ് ആശ്രയം. അച്ഛനൊപ്പം സിബില്ലയും അമ്മയെ പരിഹസിച്ചു. കളിയാക്കി. ദുര്‍ബലയാകരുതെന്ന് ഉപദേശിച്ചു. തട്ടിവീഴരുതെന്ന് വിലക്കി. അയ്യോ പാവം എന്നു സഹതപിച്ചു. ആ കാലം നീണ്ടുനിന്നില്ല. ഇറ്റലിയിലെ മിലാനില്‍ നിന്ന് കുടുംബം തെക്കന്‍ പ്രവിശ്യയിലേക്ക്. പുതിയ വീട്. വ്യത്യസ്തമായ ചുറ്റുപാടുകള്‍. 

അവിടെ സിബില്ല ആദ്യത്തെ ഞെട്ടല്‍ നേരിട്ടു. ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ ആദ്യത്തെ തിരിച്ചറിവ്. അമ്മയുടെ ആത്മഹത്യാശ്രമം. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ദുരന്തത്തില്‍ നിന്ന് അവര്‍ മുക്തയായില്ല; കുടുംബവും. അതൊരു തുടക്കം മാത്രമായിരുന്നു. സിബില്ലയുടെ ജീവിതത്തിലെ അഗ്നിപരീക്ഷകളുടെ. 

അന്നു പ്രായം വെറും 15. അച്ഛന്റെ ഫാക്ടറിയില്‍ പോകും. കഴിയുന്ന ജോലികളൊക്കെ ചെയ്യും. ഒരു തൊഴിലാളി സിബില്ലയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം അയാളുടെ കയ്യില്‍പെട്ടു. ക്രൂരമായ ബലാല്‍സംഗം. സിബില്ല ചിന്തിച്ചു: താന്‍ അയാളുടേതല്ലേ. ഇനിയൊരിക്കലും മാറ്റാരുടേയും ആരുമാകാന്‍ തനിക്കു കഴിയില്ലല്ലോ’. 

സിബില്ല അയാളെത്തന്നെ വിവാഹം കഴിച്ചു; പീഡിപ്പിച്ച പുരുഷനെത്തന്നെ. അവര്‍ക്കൊരു മകനുണ്ടായി.  അതിനു ശേഷമാണ് ഒരു സ്ത്രീയെന്ന നിലയില്‍ സിബില്ല ചിന്തിക്കാന്‍ തുടങ്ങുന്നത്. എവിടെയാണു തനിക്കു പിഴച്ചത്. തെറ്റിപ്പോയത്. അപ്പോള്‍ അവള്‍ അമ്മയെക്കുറിച്ച് ആലോചിച്ചു. ഇരുട്ടിന്റെ മുറിയില്‍ അവഗണി ക്കപ്പെട്ട അമ്മ. കുട്ടിക്കാലത്ത് താന്‍ കളിയാക്കുകയും പരിഹസിക്കുകയും ചെയ്ത ജീവി. ഇതാ ഇപ്പോള്‍ തനിക്കും അതേ വിധി. ഇനി തനിക്കു ജീവിക്കേണ്ടത് അമ്മയുടെ ജീവിതം, കണ്ണീര്‍, ആത്മനിന്ദ, പരിഹാസം. അവസാനം ഒരു മുഴം കയറില്‍.... 

അന്നാദ്യമായി അച്ഛനെ സിബില്ല വെറുത്തു. അമ്മയെ നിലയില്ലാ കണ്ണീരിലേക്ക് വലിച്ചെറിഞ്ഞു ചിരിച്ച അച്ഛനെ. അദ്ദേഹത്തെ ആരാധിച്ച നിമിഷങ്ങളെ. അമ്മയെ വെറുത്ത ദിവസങ്ങളെ. അമ്മയെപ്പോലെയാ കാന്‍ ഇല്ലെന്ന് ഉറപ്പിച്ചു. അതൊരു ഫെമിനിസ്റ്റിന്റെ ജീവിതത്തിന്റെ തുടക്കമായിരുന്നു. ഇനിയൊരു പെണ്‍കുട്ടിയും അമ്മയെ അറിയാതെയെങ്കിലും വെറുക്കരുതെന്ന് ആഗ്രഹിച്ചു. 

ഈ കണ്ണീര്‍ അനുഗ്രഹിക്കപ്പെട്ടത്. എനിക്കിന്ന് എന്നെ മനസ്സിലായി. ഇനി ഞാന്‍ ഒറ്റയ്ക്കു തന്നെ നടക്കും. ഇനി ജോലിയെല്ലാം തനിച്ച്. ചിരിക്കുന്നതും കരയുന്നതും പോലും ഒറ്റയ്ക്ക്. അമ്മമാരുടെ ത്യാഗത്തെ പാടിപ്പുകഴ്ത്തേണ്ടതില്ലെന്ന് സിബില്ല ഉറപ്പിച്ചു. അതൊരു ചതിയാണ്. ദുരിതങ്ങളുടെ ചെളിക്കുണ്ടില്‍ എന്നെന്നും അവരെ തളച്ചിടാനുള്ള തന്ത്രം. തലമുറകളായി പെണ്‍കുട്ടികളില്‍ നിന്ന് അമ്മമാരിലൂടെ അതൊരു ചങ്ങല പോലെ നീളുന്നു. അതു മുറിക്കാന്‍ തന്നെ സിബില്ല തീരുമാനിച്ചു. 

a-woman

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് സിബില്ല ഇറ്റലിയില്‍ ജീവിച്ചിരുന്നത്. അന്നു സാഹിത്യമെന്നാല്‍ പുരുഷന്‍മാരുടെ സൃഷ്ടികള്‍ മാത്രമായിരുന്നു. അക്കാലത്ത്  ഇറ്റലിയില്‍ സിബില്ല ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ‘എ വുമണ്‍’. പെണ്‍ ആത്മകഥ. സിബില്ല അലെര്‍മോയുടെ ആദ്യത്തെ പുസ്തകം. സിബില്ല തൂലികാ നാമമായിരുന്നു. മാര്‍ത ഫെലിസിന ഫാഷ്യോ എന്നായിരുന്നു യഥാര്‍ഥ പേര്. ഇറ്റലിയില്‍ നിന്നു തുടങ്ങി ലോകമാകെ വിപ്ലവം സൃഷ്ടിച്ച ആത്മകഥ. 

മുറിയില്‍ വാതില്‍ അടച്ചു വായിക്കുന്നതിനു പകരം ഉറക്കെ വായിക്കാന്‍ ഫെമിനിസ്റ്റുകള്‍ ആഹ്വാനം ചെയ്ത  പുസ്തകം. 1980-കള്‍ക്കു ശേഷം ലഭ്യമല്ലാതിരുന്ന ‘എ വുമണ്‍’ വീണ്ടും വായനക്കാരുടെ കൈകളി ലേക്ക്.  സിമോണ്‍ കാര്‍നെല്‍, എറിക സെഗ്രി എന്നിവരുടെ പുതിയ പരിഭാഷയില്‍. 

സിബില്ലയുടെ കഥ പക്ഷേ, പുസ്തകത്തിലും തീര്‍ന്നില്ല. മകന് ആറു വയസ്സുള്ളപ്പോള്‍ സിബില്ല അവനെ വിട്ടുപോയതാണ്. സ്വന്തം വ്യക്തിത്വം തിരിച്ചുപിടിക്കാനുള്ള ഏകാന്ത യാത്ര. 30 വര്‍ഷത്തിനുശേഷം ആ അമ്മ സ്വന്തം മകന് എ വുമണ്‍ അയച്ചുകൊടുത്തു. വായിക്കാന്‍. ഉള്‍ക്കൊള്ളാന്‍. തിരിച്ചറിയാന്‍. ഓരോ പെണ്‍കുട്ടികളുടെയും ജീവിതം. സ്ത്രീകളുടെ ജീവിതം. ഒപ്പം സിബില്ലയുടെയും. മാര്‍തയുടെയും. 

തൂലികാ നാമത്തില്‍ ഒളിച്ചിരുന്ന് ഇറ്റലിയില്‍ നിന്ന് ബെസ്റ്റ് സെല്ലറുകള്‍ എഴുതുന്ന എലേനെ ഫെറന്റേയുടെ പ്രചോദനവും സിബില്ല എന്ന മാര്‍ത തന്നെ.  ‘ദ് ലോസ്റ്റ് ഡോട്ടര്‍’ എന്ന നോവലില്‍ എലേന എഴുതി: 

എന്റെ യൗവനത്തിലെ പ്രതീക്ഷകള്‍ നഷ്ടപ്പെടുത്തിയ സിബില്ല. അമ്മയിലേക്ക്, അമ്മൂമ്മയിലേക്ക് ചാരാന്‍ ശ്രമിച്ച എന്നെ വിളിച്ചുണര്‍ത്തിയ സിബില്ല. കാരിരുമ്പിന്റെ ചങ്ങല അറുത്തുമാറ്റാന്‍ എന്നോടു മന്ത്രിച്ച സിബില്ല..

English Summary : A Woman Book By Sibilla Aleramo

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;