ADVERTISEMENT

അവർ മൂന്നുപേരും റെയിൽവേ സ്റ്റേഷനിലേക്കു കുതിക്കുകയാണ്. ട്രെയിൻ പുറപ്പെടാനുളള സമയമായി രുന്നു. ഓടുന്നതിനിടെ അവരിലാരോ ഒരാൾ ഒരു പഴക്കൂടയിൽ തട്ടി. പഴങ്ങൾ നാലുപാടും ചിതറി. ട്രെയിൻ നഷ്ടമാകാതിരിക്കാൻ അവർ തിരിഞ്ഞുപോലും നോക്കാതെ ഓടി. വളരെ കഷ്‌ടപ്പെട്ടാണെങ്കിലും ട്രെയിനിൽ കയറിപ്പറ്റി.

 

 

പക്ഷേ, ഒരാൾ മാത്രം തിരിച്ചിറങ്ങി, തട്ടിമറിച്ച പഴക്കൂടയുടെ അടുത്തെത്തി. അന്ധയായ ഒരു പെൺകുട്ടി തപ്പിത്തടഞ്ഞ് ഓരോ പഴവും പെറുക്കി കൂടയിലിടുന്നു. എന്താണു സംഭവിച്ചതെന്നു പോലും അവൾക്കു മനസ്സിലായിട്ടില്ല. അയാൾ ഓടിച്ചെന്ന് അവളെ സഹായിച്ചു. തിരിച്ചുനടക്കാൻ തുടങ്ങിയ അയാളോട് അവൾ ചോദിച്ചു: താങ്കളാണോ ദൈവം?

 

 

നേട്ടങ്ങളുടെ കഥ പറയുന്ന ചില നഷ്‌ടങ്ങളുണ്ട്. എന്തെങ്കിലും നഷ്‌ടപ്പെടുമ്പോൾ, അവ നൽകുന്ന പാഠം നഷ്‌ടപ്പെടുത്തരുത് എന്നതു പ്രായോഗിക ജ്‌ഞാനം. എന്തൊക്കെ നഷ്‌ടം സഹിച്ചാലും ജീവിതത്തിൽ മുറുകെപ്പിടിക്കുന്ന ചില പ്രമാണങ്ങൾ ഉണ്ടാകണമെന്നത്, പ്രവൃത്തികളുടെ തെളിമയും നൈർമല്യവും നിലനിർത്താൻ അത്യാവശ്യം. എല്ലാ വിജയങ്ങൾക്കും മെഡൽ ആവശ്യമില്ല. സ്വയം പരാജയപ്പെട്ടിട്ട് മറ്റുള്ളവരെ തോൽപിക്കുന്നതിൽ എന്തുകാര്യം?

 

 

മെഡലുകളില്ലാതെ വിജയിച്ചവർ മനുഷ്യത്വത്തിന്റെ ഇതിഹാസങ്ങൾ രചിച്ചവരാകും. നേട്ടങ്ങൾക്കുവേണ്ടി മാത്രം ഓടിയവരെല്ലാം പലരുടെയും നഷ്‌ടങ്ങൾക്കു കാരണമായിട്ടുണ്ട്. വെന്നിക്കൊടി പാറിച്ച് വിജയകിരീടംചൂടി നിൽക്കുമ്പോൾ, ചവിട്ടിയരയ്‌ക്കപ്പെട്ടവർ വഴിയരികിലിരുന്നു കരയുന്നുണ്ടാകരുത്.

 

തക്കസമയത്ത് ഇടപെടുകയും കൈപിടിക്കുകയും ചെയ്യുന്നവരെ, ആരും ഈശ്വരതുല്യം ബഹുമാനിക്കും. ഈശ്വരന്റെ അവതാരമാകേണ്ടത് ജന്മത്തിലൂടെയല്ല, കർമത്തിലൂടെയാണ്. ഒരു കടപ്പാടും ഇല്ലാത്തവരോടും വീണ്ടുമൊരിക്കൽ കണ്ടുമുട്ടാൻ സാധ്യതയില്ലാത്തവരോടും പുലർത്തുന്ന മനോഭാവമാണ് ചിലരെ ഈശ്വരതുല്യരാക്കുന്നത്. എന്തു ചെയ്യണമെന്നറിയാതെ അന്ധാളിച്ചു നിൽക്കുമ്പോൾ അപ്രതീക്ഷിതമായി കടന്നുവന്ന് കൂടെനിന്ന് അപ്രത്യക്ഷരാകുന്ന ചിലരുണ്ട്. അവരാകും, നഷ്‌ടപ്പെട്ടുപോയി എന്നു കരുതിയ ജീവിതത്തെ തുന്നിച്ചേർക്കുന്നത്.

 

എല്ലാ ദേവാലയങ്ങളും സന്ദർശിച്ചില്ലെങ്കിലും എല്ലാ തീർഥയാത്രകളിലും പങ്കെടുത്തില്ലെങ്കിലും, ഒരാളുടെയെങ്കിലും ജീവിതത്തിനു വഴിത്തിരിവുണ്ടാക്കാൻ കഴിഞ്ഞാൽ ഈശ്വരന്റെ മനുഷ്യാവതാരം നമ്മിലൂടെ സാധ്യമാകും.

 

English Summary : Subhadinam, Food For Thought

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com