ADVERTISEMENT

ആനകളുടെ പരിശീലനകേന്ദ്രത്തിൽ എത്തിയതാണ് അയാൾ. വലിയ തുമ്പിക്കൈയും കൊമ്പുകളുമുള്ള അനേകം കൊമ്പന്മാർ വെറും തോട്ടിയുടെയും വടത്തിന്റെയും മുന്നിൽ അനുസരണയോടെ നിൽക്കുന്നു. 

അയാൾ പരിശീലകനോടു ചോദിച്ചു: ഇത്രയും കരുത്തുള്ള മൃഗത്തിന് ഈ വടം പൊട്ടിക്കാവുന്നതല്ലേയുള്ളൂ. പിന്നെ എങ്ങനെയാണ് നിങ്ങളെ അനുസരിക്കാൻ ഇവ തയാറാകുന്നത്? പരിശീലകൻ പറഞ്ഞു: ഈ വടം പൊട്ടിക്കാനുള്ള കരുത്ത് തങ്ങൾക്കുണ്ടെന്ന് അവർക്കറിയില്ല. അവരുടെ അറിവില്ലായ്മയാണ് ഞങ്ങളുടെ ശക്തി! 

 

 

വളർത്തുന്നവരുടെ വൈദഗ്ധ്യത്തിനും വൈകല്യത്തിനും അനുസരിച്ചു മാത്രമേ, വളരുന്നവർ രൂപപ്പെടൂ. എത്രപേരെ വളർത്തി എന്നതിനെക്കാൾ, അവരെ എങ്ങനെ വളർത്തി എന്നതാണു പ്രധാനം. തലയ്ക്കു മുകളിൽ പറക്കാൻ പഠിപ്പിക്കുന്നവരും കാൽച്ചുവട്ടിൽ കൂടണയാൻ പരിശീലിപ്പിക്കുന്നവരുമുണ്ട്.  എല്ലാവർ ക്കും ഗുരുവാകാൻ കഴിയില്ല. ശിഷ്യരുടെ സ്വപ്നങ്ങളും സാധ്യതകളും അവരെക്കാൾ വേഗത്തിൽ തിരിച്ചറിയു കയും അവരുടെ പൂർണവളർച്ചയ്ക്കു വഴിയൊരുക്കുകയും ചെയ്യുന്നവർക്കു മാത്രം അവകാശപ്പെട്ട പേരാണ് ഗുരു. 

 

 

പരിശീലകരുടെ അറിവില്ലായ്മയും അനുഭവമില്ലായ്മയുമാണ് പഠിതാക്കളുടെ ദുർവിധി. ചെറിയ ലോകത്ത് ഇടുങ്ങിയ ചിന്തകളുമായി ജീവിക്കുന്നവരുടെ കീഴിൽ പരിശീലനം നേടേണ്ടി വരുന്നവർക്ക് വിശാല ചിന്തകളു മായി വലിയ ലോകത്തു പ്രവേശിക്കാനാകില്ല. ജനിക്കുന്ന ഇടം ആർക്കും തീരുമാനിക്കാനാകില്ല. പക്ഷേ വളരുന്ന ഇടം, ഒരു പ്രായത്തിനു ശേഷമെങ്കിലും സ്വയം തീരുമാനിക്കണം. ഉരഗങ്ങളുടെ കൂടെ വളർന്നാൽ ഇഴഞ്ഞു നടക്കും; പറവകളുടെ കൂടെ വളർന്നാൽ പറന്നു നടക്കും. 

 

 

അനുസരണം അടിമത്തത്തിനു വഴിമാറരുത്. ആയുഷ്കാല വിധേയത്വവും അടിമത്തവും സൃഷ്ടിക്കുക എന്ന ദുരുദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന എല്ലാ പരിശീലന ഇടങ്ങളും ആനകളിൽനിന്നു കുഴിയാനകളെ സൃഷ്ടി ക്കും. ഓരോരുത്തരെയും യോജിച്ച വഴികളിലൂടെ അവരർഹിക്കുന്ന സ്ഥലത്ത് എത്തിക്കാനറിയുന്ന പരിശീലന കേന്ദ്രങ്ങളാണ് വളർച്ചയുടെ മൂലക്കല്ല്.  

 

English Summary : Subhadinam, Food For Thougt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com