sections
MORE

ചാൾസ് ഡിക്കൻസ് സ്വന്തം ജീവിതം കൊണ്ട് എഴുതി, ഒളിപ്പിച്ച പ്രണയകഥ!

HIGHLIGHTS
  • ജൂണ്‍ 9– ചാൾസ് ഡിക്കൻസ് ദിനം.
Charles Dickens
ചാൾസ് ഡിക്കൻസ്
SHARE

ട്രെയിനിൽ എന്നോടൊപ്പമുണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ സ്വർണമാലയും വാച്ചും 'എലെൻ' എന്ന് പേരു കൊത്തിയ സ്വർണ ലോക്കറ്റും നഷ്ടപ്പെട്ടിട്ടുണ്ട്. കണ്ടു കിട്ടിയാൽ ദയവായി അറിയിക്കണം.

1865 ല്‍ റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് ഇങ്ങനെ കത്തെഴുതിയത് ഒരു വിശ്വസാഹിത്യകാരൻ. ദരിദ്രബാല്യത്തിന്റെ, നഗരങ്ങളുടെ, സ്വപ്നപ്രണയങ്ങളുടെ കഥയെഴുത്തുകാരൻ ചാൾസ് ഡിക്കൻസ്. ലോകം ഇന്നും ആരാധിക്കുന്ന എഴുത്തുകാരന്റെ ജീവചരിത്രത്തില്‍ എലെന്‍ ഇല്ല; എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഭാര്യയേക്കാള്‍ സ്ഥാനമുണ്ടായിരുന്നു എലെന്. പരമ രഹസ്യവും പരമ പവിത്രവുമായി ഒരു പ്രണയത്തിലെ നായികയായി. രഹസ്യം വെളിപ്പെടുത്തിയ കത്തിൽ നിന്നു പുറത്തുവരുന്നത് പുരാവസ്തുവിന്റെ പഴകിയ മണമല്ല, പടര്‍ന്നുപന്തലിച്ച ജീവിതവൃക്ഷത്തില്‍ വൈകിമാത്രം പൊടിച്ച പച്ചപ്പിന്റെ  പ്രണയകഥ. 

അതൊരു ഡിക്കൻസ് കഥ പോലെ ആകാംക്ഷാനിര്‍ഭരം. കണ്ണുനീരും വിയർപ്പും ഏകാന്തതയും സ്വപ്നങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞത്. ഒപ്പം ഹൃദയരക്തത്തില്‍ ചാലിച്ചെഴുതിയ പ്രാണവേദനയുടെയും. 

ട്രെയിനപകടം നടന്നത് 1865 ൽ. ലണ്ടനിലെ സ്റ്റേപ്പിൾഹർസ്‌റ്റിൽ. കൊല്ലപ്പെട്ടവരും മുറിവേറ്റവരുമായി അൻപതോളം യാത്രക്കാർ. അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട യാത്രക്കാരില്‍ ഒരാളായിരുന്നു ചാൾസ് ഡിക്കൻസ്.

അപകടത്തിൽ പരിക്കേറ്റവരെ സഹായിക്കുന്ന കഥാകാരൻ പിറ്റേന്നു വാര്‍ത്തകളിലെ താരമായി. മുറിവേറ്റു കിടക്കുന്നവരുടെ  ചുണ്ടുകളിലേക്ക് ബ്രാണ്ടി പകരുന്ന ഡിക്കൻസിന്റെ ചിത്രം വര്‍ത്തമാന പത്രങ്ങളിൽ നിറഞ്ഞു. എന്നാൽ ഡിക്കൻസ് ഫ്രാൻസിലേക്കു നടത്തിയ യാത്രയുടെ ലക്ഷ്യം മാത്രം മറച്ചുവയ്ക്കപ്പെട്ടു. 

ഒന്നോകാല്‍ നൂറ്റാണ്ടിനു ശേഷം ക്ലെയർ ടൊമാലിൻ എന്ന ചരിത്രകാരിയുടെ 'ദ് ഇൻവിസിബിൾ വുമൺ' (1990) എന്ന പുസ്തകത്തിൽ രഹസ്യത്തിന്റെ  ചുരുളഴിഞ്ഞു. അന്നത്തെ ട്രെയിൻ യാത്രയിൽ ഡിക്കൻസിനൊപ്പം ഒരാൾ കൂടി ഉണ്ടായിരുന്നു. അപകടത്തിൽ നിന്നു രക്ഷപെട്ട അദ്ദേഹം ആദ്യം ഓടിയടുത്തതും അവരുടെ അടുത്തേക്ക്. ആ യാത്ര ലോകമറിയരുതെന്ന് ഡിക്കൻസ് ആഗ്രഹിച്ചു. അപകടത്തിനു ദൃക്‌സാക്ഷി പറയുന്നതിൽ നിന്നു പോലും വിട്ടു നിന്നു. എന്നാൽ മൂന്നു ദിവസത്തിനു ശേഷം അദ്ദേഹം സ്റ്റേഷൻ മാസ്റ്റർക്ക് എലെനു വേണ്ടി കത്തെഴുതി. 

എലെൻ റ്റെർനാനുവേണ്ടി. ചെമ്പൻ മുടിയും നീലക്കണ്ണുകളുമുള്ള പെൺകുട്ടി. അഭിനേത്രി. ഡിക്കൻസിന്റെ 'ദ് ഫ്രോസൺ ഡീപ് ' എന്ന നാടകത്തിൽ അഭിനയിക്കാനെത്തിയ കൗമാരക്കാരി. എലെന് അന്ന് 18 വയസ്സ്. ഡിക്കൻസിനു 45-ഉം. ആഴ്ചകൾക്കു ശേഷം മറ്റൊരു നാടകത്തിനായി അവർ വീണ്ടും കണ്ടു. അവശനായ വൃദ്ധന്റെയും സഹായിയായ യുവതിയുടെയും പ്രണയകഥ. ഏറെക്കുറെ ഡിക്കൻസിന്റെ തന്നെ ജീവിതമായിരുന്നു 'അങ്കിൾ ജോൺ' എന്ന ആ നാടകം. നായകൻ ഡിക്കൻസ്. നായിക എലെൻ. നാടകത്തിനൊടുവിൽ ഇരുവരും അടുപ്പത്തിലായി; പ്രണയത്തിലും. എന്നാല്‍ അതീവ രഹസ്യ ബന്ധം. 

'ദ് ക്രിക്കറ്റ്‌ ഓൺ ദ് ഹെർത്ത്' എന്ന സൃഷ്ടി പ്രസിദ്ധി നേടിയ സമയം. ഡിക്കൻസിന്റെ ഭാര്യ കാതറിന് ഒരു ജൂവലറിയുടെ പാർസൽ കിട്ടുന്നു. അതിലൊരു സ്വർണ ബ്രേസ്‌ലെറ്റ്. കാതറിനുള്ളതാണെന്ന് തെറ്റിദ്ധരിച്ച് ലണ്ടനിലെ ഒരു ആഭരണവ്യാപാരി മാറി അയച്ചത്. ഒപ്പമുള്ള കുറിപ്പിൽ നിന്ന് സമ്മാനം എലെനുള്ളതാണെന്നു വ്യക്തം. കാതറിൻ രോഷാകുലയായി. എലെൻ നിഷ്കളങ്കയും പരിശുദ്ധയും സ്വന്തം പെൺമക്കളെ പോലെ നല്ലവളുമാണെന്ന് ഡിക്കൻസ്. മറുപടി വിശ്വാസ്യകരമായിരുന്നില്ല. 

ഭാര്യ– ഭർതൃ ബന്ധം തകർന്നു. 

കഥാകൃത്ത് കള്ളം പറഞ്ഞതല്ല. കാമുകിയല്ല, ദേവതയായിരുന്നു ഡിക്കൻസിന് എലെൻ. 'നെല്ലി' എന്ന് അദ്ദേഹമവളെ സ്നേഹത്തോടെ വിളിച്ചു. ബന്ധം ലോകമറിഞ്ഞാൽ താൻ വ്യഭിചരിക്കുകയാണെന്ന് ലോകം വിധിച്ചേക്കുമെന്ന ഭയം. എന്നാല്‍ പ്രണയം തുടരാൻ അതും  തടസ്സമായില്ല. രഹസ്യ ഭാഷയിൽ കത്തുകളെഴുതിയും കഴിയുന്നത്ര ഒരുമിച്ചു സഞ്ചരിച്ചും അവർ ജീവിതമാസ്വദിച്ചു. ഫ്രാൻസിൽ സ്വപ്നക്കൂട്ടിൽ പൂവിട്ട പ്രണയം. 

കാലം പോകെ ഡിക്കൻസ് - എലെൻ ബന്ധത്തിലും വിള്ളലുകളുണ്ടായി. അദ്ദേഹത്തിന്റെ അവസാന നോവലുകളിലതു പ്രമേയവുമായി. ഔവർ മ്യൂച്വൽ ഫ്രണ്ട്, ദ് മിസ്റ്ററി ഓഫ് എഡ്വിൻ ഡ്രൂഡ്... ജീവിതത്തിലെ അഭിനയങ്ങളും പ്രണയത്തിലെ അസ്വാരസ്യങ്ങളുമവ പങ്കിട്ട സൃഷ്ടികള്‍. 

58-ാം വയസ്സിൽ ഡിക്കൻസിന്റെ മരണം. പ്രിയപ്പെട്ടവന്റെ സ്മരണയിൽ ആറു വർഷങ്ങളുടെ ഏകാന്തതയിൽ എലെൻ. പിന്നീട് ഭൂതകാലം മറച്ചുവച്ച് വിവാഹം. 1914 ൽ വിധവയായി എലെനും മരിച്ചു. അമ്മയുടെ പഴയ ചില കത്തുകൾ കണ്ടെടുത്ത മകൻ ഡിക്കൻസിന്റെ കുടുംബവുമായി ബന്ധപ്പെട്ടു. സത്യമറിഞ്ഞു. എലെനോട് ഒരു കാലത്തും മകനു പൊറുക്കാനായിരുന്നില്ല.

ഡിക്കൻസിന്റെ ജീവചരിത്രമെഴുതിയ ജോൺ ഫോസ്റ്റർ പോലും എലെനെക്കുറിച്ച് നിശ്ശബ്ദനായി. അവരെക്കുറിച്ച് ഡിക്കൻസിന്റെ  എഴുത്തുകളിലുള്ള പരാമർശങ്ങള്‍ പോലും മനപ്പൂർവം ഒഴിവാക്കപ്പെട്ടു. എലെനെ അറിയാതെ ലോകം.

ക്ലെയറിന്റെ പുസ്തകത്തിലെ എലെൻ 'നേർത്ത വായുവിലേക്ക് മറഞ്ഞു പോയ പെൺകുട്ടി'യാണ്'. തലക്കെട്ട് പോലെ തന്നെ 'അദൃശ്യയായ വനിത'. ഡിക്കൻസിന്റെ മരണശേഷം അജ്ഞാതയായും വിസ്മൃതയായും ജീവിച്ച സ്ത്രീ. അസന്തുഷ്ടമായ വിവാഹബന്ധത്തിന് പുറത്ത് ഒരു സ്വപ്ന ജീവിതം കഥാകാരന് സമ്മാനിച്ച മാലാഖ. നിഴലു പോലെ പോയ്‌മറഞ്ഞ നിലാവെളിച്ചം.

ചരിത്രമതിനെ വിധിക്കാതെയിരിക്കട്ടെ. അല്ലെങ്കില്‍ത്തന്നെ ഏതു പ്രണയത്തെ ആര്‍ക്കാണു വിധിക്കാന്‍ അവകാശം. അര്‍ഹത. 

English Summary: The secret relationship that Charles Dickens tried to hide

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;