ADVERTISEMENT

കഴിഞ്ഞ ദിവസം അസിസ്റ്റന്റ് ഫിലിം ഡയറക്ടറായി ജോലി ചെയ്യുന്ന വിഷ്ണു സിബി ആലുവയിലൂടെ നടക്കുമ്പോൾ ഒരു വലിയ ഷോപ്പ് കണ്ടു. കുറെ പുസ്തകങ്ങളുടെ ഡിസൈനുള്ള ഒരു കട. വിഷ്ണു അതിന്റെയൊരു ചിത്രമെടുത്ത് ഫെയ്‌സ്ബുക്കിൽ പോസ്റ്റുമിട്ടു. നിമിഷ നേരം കൊണ്ട് പോസ്റ്റും ചിത്രവും വൈറലായി. അധികം താമസിക്കാതെ പ്രശസ്ത സാഹിത്യകാരൻ പൗലോ കൊയ്‌ലോ ആ ചിത്രം അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഷെയർ ചെയ്യുകയും ചെയ്തു. അതുകൂടാതെ ഹാരി പോർട്ടർ വേൾഡ് എന്ന പേജിലും ചിത്രം പങ്കുവച്ചിട്ടുണ്ട്. ബെന്യാമിന്റെ ആടുജീവിതം, ദ ആൽകെമിസ്റ്റ്, മൊബിഡിക്ക്, ഹാരി പോർട്ടർ എന്നീ നാല് പുസ്തകങ്ങളുടെ സ്റ്റിക്കറുകളാണ് ചിത്രത്തിലുള്ളത്. ഇതിന്റെ പിന്നാലെ ആളുകൾ ചിത്രത്തിന്റെ പിന്നിലെ സത്യം അന്വേഷിച്ചു തുടങ്ങി. ആലുവ- ചൂണ്ടിയിലുള്ള അജി- മഞ്ജു ദമ്പതികളുടെ പുതിയ പ്രൊജക്റ്റാണ് വൺസ് അപ്പോൺ എ ടൈം എന്ന പുസ്തകശാല. ഈ മാസം അവസാനത്തോടെ തുറക്കാൻ പദ്ധതിയിടുന്നു. പുസ്തകശാലയുടെ വിശേഷങ്ങൾ ഇപ്പോൾ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. 

"ഇത്ര അനോഹരമായൊരു ഡിസൈൻ ഇതിന് മുൻപ് ഞാൻ കണ്ടിട്ടില്ല, അതുകൊണ്ടാണ് ആ ഒരു ഡിസൈൻ കണ്ടപ്പോൾ ചിത്രമെടുക്കാൻ തോന്നിയത്. അത് പിന്നീട് ഞാൻ പോലുമറിയാതെ വൈറലാവുകയും ചെയ്തു", ചിത്രമെടുത്ത വിഷ്ണു പറയുന്നു. 

വൺസ് അപ്പോൺ എ ടൈം- എന്ന പുസ്തകശാലയുടെ ഉടമസ്ഥർ അജിയും മഞ്ജുവും സംസാരിക്കുന്നു, 

"പുസ്തക പ്രണയികളാണ് അതുകൊണ്ട് ഒരു പുസ്തകക്കട തുടങ്ങണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഉള്ള ഉദ്ദേശത്തിൽ ഒരുപാട് ഡിസൈനുകൾ കാണുകയും ചർച്ച ചെയ്യുകയുമൊക്കെ ചെയ്തു. പുസ്തകങ്ങളുടെ ഇടം ആണെന്ന് പറയാതെ തന്നെ മറ്റുള്ളവരെ അറിയിക്കണമെന്ന് തോന്നി. അങ്ങനെ തോന്നിയ ഐഡിയയാണ് പുസ്തകങ്ങളുടെ സ്റ്റിക്കറുകൾ ഷോപ്പിന്റെ മുകളിൽ വയ്ക്കാം എന്നത്. എന്നാൽ പുസ്തക ഡിസൈൻ അവിടെ മാത്രം ഒതുങ്ങുന്നില്ല. ഷോപ്പിന്റെ ഉള്ളിലും പുസ്തകങ്ങളുടെ ആകൃതിയിലുള്ള ലാമ്പുകളും പ്രത്യേക ഷേഡ്‌സും ഒക്കെയുണ്ട്. ആലുവ തന്നെയുള്ള വിയാർ ഗ്രൂപ്പിന്റെ കെ.കെ. വിനോദ്, റോയ് തോമസ് എന്നിവരാണ് പുസ്തകശാല ഡിസൈൻ ചെയ്തത്. ഞങ്ങൾ എന്ത് പറഞ്ഞോ അത് തന്നെ അവർ ഞങ്ങൾക്കായി ഒരുക്കിത്തന്നു. 

 

ഞങ്ങൾ രണ്ടും ബീടെക്ക് ആണ്. എന്നാൽ എല്ലാത്തരം പുസ്തകങ്ങളോടും പ്രണയമുണ്ട്, പ്രത്യേകിച്ച് ഫിക്ഷനുകളും കഥകളും. അതുകൊണ്ടു തന്നെ ഇന്ത്യയ്ക്കുള്ളിലും വിദേശത്തും ഒക്കെ സഞ്ചരിക്കുമ്പോഴും ഏറ്റവും കൂടുതൽ കയറുക പുസ്തക ശാലകളിലാണ്. അവിടുത്തെ ഡിസൈനുകൾ ഒക്കെ ശ്രദ്ധിക്കുകയും മനസ്സിൽ സൂക്ഷിക്കുകയും ഒക്കെ ചെയ്യാറുണ്ട്. അതൊക്കെ ഒരുപാട് ഈ ഷോപ്പിന്റെ ആശയത്തെ സഹായിച്ചിട്ടുണ്ട്. ഒരുപാട് പ്ലാനുകളുണ്ടായിരുന്നു. ഷോപ്പിന്റെ വാതിൽ പുസ്തകത്തിന്റെ ഷേപ്പിൽ വയ്ക്കണമെന്ന് വരെയുണ്ടായിരുന്നു, അതൊക്കെ പിന്നീട് വേണ്ടെന്നു വച്ചു, അങ്ങനെ പലതും ഡ്രോപ്പ് ചെയ്ത ശേഷമാണ് ഇപ്പോൾ കാണുന്ന രീതിയിലേക്ക് ഷോപ്പ് മാറിയത്. 

 

വിഷ്‌ണു ഫോട്ടോ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ശേഷം ഒരുപാട് പേര് അഭിനന്ദിക്കാനും എന്നാണു സ്റ്റാൾ തുറക്കുന്നതെന്നറിയാനുമൊക്കെ വിളിച്ചിരുന്നു. സത്യത്തിൽ ഒരുപാട് സന്തോഷം തോന്നി. ലോക് ഡൗൺ ആയതുകൊണ്ടാണ് ഷോപ്പ് തുറക്കാൻ താമസിച്ചത്. അത് കഴിയുമ്പോൾ എങ്ങനെ ഈ ഷോപ്പിനെ വായനക്കാരിലേക്ക് എത്തിക്കും എന്ന് ഞങ്ങൾ ആലോചിച്ചുകൊണ്ടിരുന്ന സമയത്താണ് ഞങ്ങൾ പോലുമറിയാതെ യാദൃശ്ചികമായി വിഷ്ണു ചിത്രമെടുത്തതും അത് വൈറലായതും. ഒടുവിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന എഴുത്തുകാരൻ പൗലോ കൊയ്‌ലോ അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ആ ചിത്രം ഷെയർ ചെയ്തേക്കുന്നതു കൂടി കണ്ടപ്പോൾ ഏറെ സന്തോഷം. മനസ്സിൽ അത്ര തീവ്രമായ ആഗ്രഹവും താൽപര്യവുമുണ്ടായിരുന്നു ഈ ഒരു പ്രോജക്ടിനെക്കുറിച്ച്. അദ്ദേഹത്തിന്റെ തന്നെ ആൽകെമിസ്റ്റിൽ പറയുന്നതു പോലെ ആ മോഹം അത്ര തീവ്രമായതുകൊണ്ടായിരിക്കണം ഇപ്പോൾ ആ ചിത്രവും ഷോപ്പിനെക്കുറിച്ചുള്ള വാർത്തയും ഇങ്ങനെ വൈറലായത്. 

 

എനിക്കും അജിക്കും പുസ്തകങ്ങൾ ജീവനാണ്. കുട്ടികൾക്കും ഇപ്പോൾ പുസ്തകത്തിനോട് ഒരുപാട് ഇഷ്ടം വന്നിട്ടുണ്ട്. പുറത്തൊക്കെ പോകുമ്പോൾ പുസ്തകവും കയ്യിലെടുക്കാറുണ്ട്. സാധാരണ കുട്ടികൾക്ക് മൊബൈൽ ആണ് വെറുതെയിരിക്കുമ്പോഴുള്ള വിനോദമെങ്കിൽ അവർക്ക് പുസ്തക വായനയോടാണ് താൽപ്പര്യം. അത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്. ഞങ്ങളെ ഞങ്ങളുടെ മാതാപിതാക്കൾ പുസ്തകങ്ങളോട് ഇഷ്ടവും കൗതുകവും ഉള്ളവരായി വളർത്തിയതു പോലെ അവരെയും ആക്കിയെടുക്കാൻ കഴിയണമെന്നാണ് ആഗ്രഹവും. അതിന്റെയൊക്കെ ഭാഗമാണ് ഈ ബുക്ക് ഷോപ്പും. 

 

പ്രിയപ്പെട്ട ഒരുപാട് പുസ്തകങ്ങളുണ്ട്. അതിൽത്തന്നെ ഏറെ ചർച്ചയായ, ഒരുപാട് ആരാധകരുള്ള പുസ്തകങ്ങളുടെ സ്റ്റിക്കറുകളാണ് ചെയ്തത്. സത്യത്തിൽ അത് നാലെണ്ണത്തിൽ ഒതുങ്ങില്ല. പക്ഷേ സ്ഥല പരിമിതി കൊണ്ട് നാലെണ്ണം മാത്രമേ  ചിത്രത്തിൽ കാണുന്നതു പോലെ ഷോപ്പിന്റെ മുകളിൽ വയ്ക്കാനായുള്ളൂ. എന്നാൽ ഇടയ്ക്ക് ആ സ്റ്റിക്കറുകൾ മാറ്റി വയ്ക്കണമെന്നാണ് ആഗ്രഹം. നല്ല ഉയരത്തിലായതിനാൽ അത് എല്ലായ്പ്പോഴും നടക്കുന്ന കാര്യമല്ല, എങ്കിലും സാഹചര്യം ഒത്തു വരുന്നതു പോലെ മറ്റുപുസ്തകങ്ങളും ഷോപ്പിന്റെ മുകളിൽ കയറും. 

 

ചിത്രം വൈറലായതിനു ശേഷം ഒരുപാട് പ്രസാധകർ വിളിച്ചിരുന്നു. അവരൊക്കെ പുസ്തകം നേരിട്ട് തന്നെ എത്തിക്കാം എന്നറിയിച്ചിട്ടുണ്ട്. മീഡിയേറ്ററില്ലാതെ അവരിൽ നിന്ന് പുസ്തകം ഡയറക്റ്റായി ലഭിക്കുന്നത് വലിയൊരു കാര്യമാണ്. എല്ലാത്തരം വായനക്കാരെയും സംതൃപ്തിപ്പെടുത്തണം എന്നാണ് ആഗ്രഹം. അതിനു വേണ്ടിയുള്ള പുസ്തകങ്ങൾ ഷോപ്പിലുണ്ടാവും. ഈ മാസം അവസാനത്തോടെ നിർമാണം പൂർത്തിയാക്കി വായനക്കാർക്കായി പുസ്തക ശാല തുറന്നു കൊടുക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം"

English Summary: Aluva book shop an instant hit before launch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com