sections
MORE

ടൈറ്റാനിക്കിനൊപ്പം കടലിൽ മുങ്ങിപ്പോയ സ്വർണ്ണതാളുകളുള്ള റുബൈയത്

titanic
SHARE

തങ്കം പൂശിയ പുറം ചട്ടയിൽ മുത്തു പതിച്ച മൂന്നു മയിൽചിത്രങ്ങൾ. പുഷ്‌പാലംകൃതമായ അരികുകൾ. മാണിക്യം, മരതകം, വൈഡൂര്യം തുടങ്ങിയ ആയിരത്തോളം വിലപിടിപ്പുള്ള കല്ലുകൾ. തുകലിന്റെയും വെള്ളിയുടെയും അയ്യായിരത്തിലധികം പാളികൾ.  22 ക്യാരറ്റ് സ്വർണത്തിൽ അറുന്നൂറോളം തകിടുകൾ. ലോകത്തിലേക്കും ഏറ്റവും  'വിലപിടിപ്പുള്ള' പുസ്തകത്തിന്റെ പുറം ചട്ടയുടെ വിശേഷണങ്ങൾ നീളുന്നു. എന്നാൽ, സമുദ്രപ്പരപ്പിൽ  സ്വപ്നയാത്ര കൊതിച്ചവർക്കൊപ്പം മഞ്ഞിലിടിച്ചു തകർന്നു വീഴാനായിരുന്നു നിയോഗം. ചമഞ്ഞൊരുങ്ങിയ പുസ്തകം ടൈറ്റാനിക് എന്ന മോഹക്കപ്പലിനൊപ്പമാണ് തീരമണയാതെ പോയത്. അന്നു കടലാഴങ്ങൾ കൈനീട്ടി വാങ്ങിയത് കവിതയുടെ നിധി. പേർഷ്യൻ കവിയും തത്വചിന്തകനുമായ ഒമർ ഖയാമിന്റെ റുബൈയത്. 

റുബൈയതിന്റെ ടൈറ്റാനിക് യാത്രയുടെ കഥ സഫലമാകാത്ത സ്വപ്നങ്ങളുടേതുകൂടിയാണ്. 

പുസ്തക പുറം ചട്ടകളുടെ രൂപകല്പനയ്ക്കു പ്രസിദ്ധരായിരുന്നു ഇംഗ്ലണ്ടുകാരായ ജോർജ് സഡ്ക്ലിഫും ഫ്രാൻസിസ് സംഗോർസ്കിയും. മധ്യകാലഘട്ടത്തിൽ പ്രസിദ്ധിയാർജ്ജിച്ച ഓർണമെന്റേറ്റഡ് ബുക്ക്‌ ബൈൻഡിങ്ങിനെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലണ്ടനിലേക്ക് തിരികെയെത്തിച്ചവർ.

സഡ്ക്ളിഫ് - സംഗോർസ്കി ബൈൻഡിങ് കമ്പനിയിലേക്ക് ഒരിക്കൽ സാക്ക്വിൽ സ്ട്രീറ്റിലെ ഹെൻറി സൊതേരാൻ പുസ്തകശാലയുടെ ഉടമസ്ഥരെത്തുന്നു. ചെലവ് വിഷയമല്ല. ഭാവനയുടെ ഏതറ്റം വരെയും പോകാൻ പരിപൂർണ സ്വാതന്ത്ര്യം. ഒറ്റ ആവശ്യം. കയ്യിലുള്ള പുസ്തകത്തിനു ലോകമിന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ പുറം ചട്ട വേണം. പുസ്തകം റുബൈയത്തിന്റെ ഇംഗ്ലീഷ് പരിഭാഷ. എഡ്‌വേഡ്‌ ഫിറ്റസ്ജ്‌റാൾഡ് വിവർത്തനം ചെയ്തത്. സമ്മതം മൂളി സഡ്ക്ലിഫും സംഗോർസ്കിയും. 

രണ്ടു വർഷത്തെ തീവ്രമായ അധ്വാനം, പരിശ്രമം. 1911 ൽ ബൈൻഡിങ് പൂർത്തിയായപ്പോൾ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പുസ്തകമായി മാറി റുബൈയത്. ന്യൂയോർക്കിലേക്കു കപ്പൽ മാർഗം  പുസ്തകം അയച്ചു കൊടുത്ത് വിൽപനയ്ക്കു കാത്തിരുന്ന് സൊതെരാൻ ഉടമസ്ഥർ. എന്നാൽ അമേരിക്കയിലെ താങ്ങാനാകാത്ത ഇറക്കുമതി തീരുവകൾ തിരിച്ചടിയായി. റുബൈയത് തിരികെ ബ്രിട്ടനിലേക്ക്. പിന്നീട് ലേലം. 450 പൗണ്ടിനു പുസ്തകം കൈക്കലാക്കി ഗബ്രിയേൽ വിൽ‌സ്. കരുതൽ വിലയായി കണക്കാക്കിയിരുന്ന 1000 പൗണ്ടിന്റെ പകുതിയിൽ താഴെ മാത്രം തുക. ലാഭം മുതലെടുത്ത് അമേരിക്കയിലേക്ക് തന്നെ റുബൈയത് അയക്കാൻ പദ്ധതി.

നിർഭാഗ്യമാകണം, വിൽസിനും ലോകത്തിനും; യാത്രയ്ക്ക് ആദ്യം  തിരഞ്ഞെടുത്ത കപ്പലിൽ പുസ്തകം  കയറ്റിയയയ്ക്കാനായില്ല. അടുത്ത നറുക്ക് വീണത്  ആദ്യയാത്രയ്‌ക്കൊരുങ്ങിയിരുന്ന ആഡംബരകപ്പലുകളുടെ രാജകുമാരന്, ആർ എം എസ് ടൈറ്റാനിക്കിന്. പിന്നെ നടന്നത് ചരിത്രം. കടലെടുത്ത ജീവനുകളുടെ അറിയാക്കഥകൾക്കൊപ്പം ഉടലുലഞ്ഞ പറയാക്കഥയായി റുബൈയത്തും.

കഥ അവിടെയുമവസാനിച്ചില്ല. പുസ്തകം പുനഃസൃഷ്ടിക്കണമെന്ന തീരുമാനവുമായി സഡ്ക്ലിഫിന്റെ അനന്തിരവൻ സ്റ്റാൻലി ബ്രെയ്. നീണ്ട ആറു വർഷത്തെ കഠിന ശ്രമങ്ങൾക്കൊടുവിൽ  റുബൈയത്തിനു സുന്ദരമായ പുനർജ്ജന്മം. അറ്റ്ലാന്റിക്കിന്റെ മടിത്തട്ടിലുറങ്ങുന്ന പുസ്തകത്തിന്റെ കഥ ലോകത്തിനു പറഞ്ഞു കൊടുത്തത് ഫ്രഞ്ച് - ലബനീസ് എഴുത്തുകാരൻ അമിൻ മാലൂഫ്. ‘സമർകാണ്ട്’ എന്ന മാലുഫിന്റെ ചരിത്രനോവലിലുള്ളത് ഒമർ ഖയാമിന്റെയും റുബൈയത്തിന്റെയും കാല്പനിക ജീവിതം.

‘താക്കോൽ കയ്യിലില്ലാത്ത ഒരു വാതിൽ മുന്നിലുണ്ട്.

ഒന്നും കാണാനാകാത്ത മൂടുപടം മുഖത്തും.

നമുക്കിടയിലതിനിടയിലൊരുവേള സംഭാഷണം.

പിന്നെ നീയില്ല, ഞാനും.’

പകിട്ടും പുറംമോടിയും നൈമിഷികമെന്നു തെളിയിച്ച ചരിത്രമാണ് റുബൈയത്തിന്റേത്. ക്ഷണഭംഗുരമായ ജീവിതസൗന്ദര്യത്തിനു  സ്തുതി പാടാൻ മറക്കാത്ത കാവ്യം. അനുവാചകർ അതേറ്റു പാടിയത്  രണ്ടാം വരവിൽ. ജലമെടുത്ത താളുകൾ പുനർജനിച്ചപ്പോൾ. 

English Summary : The Rubaiyat of Omar Khayyam is an extremely valuable, jewel-incrusted book

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;