പ്രിയ പുസ്തകത്തെക്കുറിച്ച് വായനദിനത്തിൽ എഴുത്തുകാർ...

reading-day
SHARE

വായനയുടെയും പുസ്തകങ്ങളുടെയും മട്ടും മാതിരിയും കാലത്തിനനുസരിച്ച് ഏറെ മാറി. താളുകളിലെ അക്ഷരക്കൂട്ടങ്ങളിൽ നിന്ന് മൊബൈൽ സ്ക്രീനുകളിലേക്കും ഇ റീഡറിലേക്കും പുതു ശീലങ്ങൾ സഞ്ചരിക്കുകയാണ്. വായിച്ച ഏറ്റവും പ്രിയ പുസ്തകത്തെക്കുറിച്ച് വായനദിനത്തിൽ എഴുത്തുകാർ...

അറിവിനായുള്ള ദാഹം

പ്രഫ. എം.കെ. സാനു

എഴുതിത്തളരുമ്പോൾ പ്രചോദനമേകുന്ന ഒരു വ്യക്തിയുണ്ട്. എഴുത്തുകാരനും തത്വചിന്തകനും സമാധാനവാദിയുമെല്ലാമായ ബട്രാൻഡ് റസ്സൽ. അദ്ദേഹത്തിന്റെ ആത്മകഥയാണ് (ബട്രാൻഡ് റസ്സലിന്റെ ആത്മകഥ) എനിക്ക് ഏറ്റവും ഇഷ്ടമുള്ള കൃതികളിൽ ഒന്ന്. 92 വയസ്സു വരെ ജീവിച്ച റസ്സൽ ആ കാലം വരെയും എഴുത്തിൽ സജീവമായിരുന്നു. ജീവിക്കാൻ പ്രേരിപ്പിക്കുന്ന 3 കാര്യങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്: സ്നേഹത്തിനായുള്ള വെമ്പൽ, അറിവിനായുള്ള ദാഹം, മനുഷ്യ വർഗം അനുഭവിക്കുന്ന വേദനയിൽ തോന്നിയ അസഹ്യമായ അനുതാപം. 

ആദിമജനതയുടെ സ്വരം

നാരായൻ

എഴുത്തുകാരി പേൾ എസ്. ബക്കിന്റെ ‘ഗുഡ് എർത്ത്’ എന്ന നോവലാണ് എന്നെ ഏറെ ആകർഷിച്ച പുസ്തകം. എന്റെ ഇഷ്ട വിഷയം ട്രൈബൽ സാഹിത്യമാണ്. പുസ്തകമെഴുതാൻ അമേരിക്കക്കാരിയായ എഴുത്തുകാരി 20 വർഷത്തോളം ചൈനയിലെ  ഗ്രാമത്തിൽ പോയി താമസിച്ചു. ആ ആത്മാർഥതയുടെ ഫലം നോവലിൽ കാണാം. നോവലിന്റെ 60 ലക്ഷത്തോളം കോപ്പി ലോകമാകെ വിറ്റുപോയിട്ടുണ്ട്. മലയാളത്തിലും ട്രൈബൽ സാഹിത്യമുണ്ടെങ്കിലും അതൊന്നും സത്യത്തോടു   നീതി പുലർത്തുന്നില്ല.

യുദ്ധത്തിനെതിരെ നാടകം 

വൈക്കം മുരളി

ജീവിതത്തിൽ ധാരാളം പുസ്തകങ്ങൾ നാം വായിക്കാറുണ്ടെങ്കിലും ചില പുസ്തകങ്ങൾ നമ്മെ വിടാതെ വേട്ടയാടിക്കൊണ്ടിരിക്കും. ഓസ്ട്രിയൻ എഴുത്തുകാരനായ കാൾ ക്രൗസിന്റെ ‘മാനവരാശിയുടെ അവസാന ദിനങ്ങൾ’ എന്ന നാടകം ആണ് അങ്ങനെയുള്ള ഒരു പുസ്തകം. എഴുന്നൂറിലേറെ പേജുകളുള്ള നാടകത്തിൽ അഞ്ഞൂറിലേറെ കഥാപാത്രങ്ങളാണുള്ളത്. ഒന്നാം ലോക മഹായുദ്ധകാലത്തു മാനവരാശി നേരിടേണ്ടി വന്ന ദുരന്തങ്ങളെ അവലംബിച്ചുള്ള ഈ നാടകം യുദ്ധത്തിനെതി‌രെയുള്ള ശക്തമായ പ്രതിരോധം കൂടിയാണ്. 

യാത്രകളുടെ പുസ്തകങ്ങൾ

book-1

പായിപ്ര രാധാകൃഷ്ണൻ

യാത്രയുടെ ചിറകരിഞ്ഞ ഈ കോവിഡ് കാലത്ത് എന്ന കൂടുതൽ മോഹിപ്പിച്ചത് സഞ്ചാരസാഹിത്യവും ജീവിതയാത്രകളുമാണ്. എസ്.കെ. പൊറ്റെക്കാട്ട് നമുക്കായി തന്ന ലോകാവബോധത്തിന്റെ ഭൂപടങ്ങളാണ് ‘സഞ്ചാരസാഹിത്യം’. എസ്കെ എന്നെയും കൂട്ടി കോവിഡ് കാലത്ത് ഉലകം ചുറ്റാനിറങ്ങി. മലയായിലേക്ക് കപ്പൽ കയറിയ പൊറ്റെക്കാട്ട്  പെന്നാങ്കിൽ ചെന്നിറങ്ങുമ്പോൾ കപ്പലിലെ പാവങ്ങളായ യാത്രക്കാരെ ക്വാറന്റീൻ ദ്വീപിലേക്ക് ആട്ടിത്തെളിക്കുന്നതു കണ്ടു. അവരെ വിവസ്ത്രരാക്കി ചുണ്ണാമ്പു വെള്ളത്തിൽ കുളിപ്പിച്ചാണ് ദ്വീപിലേക്കു കടത്തുന്നത്. 

ഭാഷയുടെ വൻകടൽ

രാംമോഹൻ പാലിയത്ത്

ചെങ്കൊടി, കറി, പുലയാടി... ഭാഷാപിതാവായി ആദരിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ടിലുള്ള വാക്കുകളിൽ ചിലതു മാത്രമാണിവ. 16-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട കൃതിയാണെന്നോർക്കണം. 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മാത്രമാണല്ലോ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രതീകമായി ചെങ്കൊടി ഉപയോഗപ്പെട്ടു തുടങ്ങിയത്. ഇടതുപക്ഷത്തിന്റെ ഈ പതാക മാത്രമല്ല ഇടതുരാഷ്ട്രീയത്തിനു വീഴ്ച പറ്റിയ ഒരു സ്ഥലവും കിളിപ്പാട്ടിലുണ്ട് - നന്ദിഗ്രാം. വാക്കുകളുടെയും പേരുകളുടെയും ഈ സമൃദ്ധിയാണ് രാമായണം കിളിപ്പാട്ടിനെ എന്റെ പ്രിയപുസ്തകമാക്കുന്നത്. ഇന്ന് ഉപയോഗത്തിലില്ലാത്തതും രസികൻ അർഥങ്ങളുള്ളതുമായ കിംമൃണൻ, കിംക്ഷണൻ, കിങ്കണൻ തുടങ്ങിയ അനേകമനേകം വാക്കുകൾ ഭാഷയുടെ ഈ വൻകടലിലുണ്ട്.

ഉറങ്ങാത്ത രാത്രി

അജീഷ് ദാസൻ 

മഹാരാജാസ് കോളജിലെ വിദ്യാർഥിയായിരുന്ന കാലം. ഒരു ദിവസം മലയാളം ഭാഷാ ലൈബ്രറിയിൽ പുസ്തകം പരതി പൊടിയിൽ കുളിച്ച് നിൽക്കുകയാണ്. അധികം ആരും വരാത്ത ഒഴിഞ്ഞ മൂലയിലാണ് ആ ലൈബ്രറി. അങ്ങനെ തപ്പി ത്തപ്പി ചെല്ലുമ്പോൾ ഒരു പുസ്തകം. എഴുത്തുകാരനെ കേട്ടിട്ടില്ല. പുസ്തകത്തിന്റെ പേരും വിചിത്രം. ഞാൻ രണ്ടും കൽപിച്ച് എടുത്തു. അന്ന് കോളജ് ഹോസ്റ്റലിൽ ആണ് താമസം. എന്നുവച്ചാൽ ജീവിച്ചിരിക്കുന്നവരുടെ സെമിത്തേരിയിൽ. ഒരു ഉൾക്കിടിലം പോലെ ആ പുസ്തകം എനിക്കുമേൽ പതിച്ചു. ആ പുസ്തകം ഏതെന്നല്ലെ, വിഖ്യാതനായ ലാറ്റിൻ അമേരിക്കൻ നോവലിസ്റ്റ് ഹുവാൻ റൂൾഫോയുടെ പെഡ്രോ പരാമോ.

book-2

കണ്ണുനിറച്ച വായന

മ്യൂസ് മേരി ജോർജ്

ഞാൻ പുസ്തകം വായിച്ചു കരയുകയും ചിരിക്കുകയും ഒക്കെ ചെയ്യുന്ന ആളാണ്. എന്നാൽ മറ്റൊരാളുടെ വായന എന്റെ കണ്ണു നിറച്ചത് ഓർക്കുന്നു. എന്റെ മൂത്ത മോൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ പനിയായിട്ട് വീട്ടിൽ ഇരിക്കുകയായിരുന്നു. ഞാൻ ഉച്ചയ്ക്ക് വീട്ടിലെത്തുമ്പോൾ അവൻ കണ്ണു നിറഞ്ഞു തുളുമ്പി എന്നോട് ചോദിച്ചു. അമ്മേ മജീദിനും സുഹ്റയ്ക്കും എന്തു കൊണ്ടാണ് ഒന്നിച്ചു ജീവിക്കാൻ പറ്റാതിരുന്നത്. എത്രയോ വർഷം മുൻപ് എഴുതപ്പെട്ട ബഷീറിന്റെ ബാല്യകാലസഖിയിലെ കഥാപാത്രങ്ങൾ ഇതാ ഈ പതിനാലുകാരനെയും കരയിക്കുന്നു. അക്ഷരം എത്ര മഹത്തായതാണ്. 

പറയിപെറ്റ മക്കൾ

തനൂജ ഭട്ടതിരി

ഇന്നലത്തെ ആ മഴ ആരുടെയോ കണ്ണുനീരായിരുന്നു? എൻ. മോഹനന്റെ 'ഇന്നലത്തെ മഴ' എന്ന നോവൽ അവസാനിക്കുന്നതിങ്ങനെയാണ്. ചെറുപ്പം അമ്മയായിരുന്നപ്പോൾ എനിക്കിതൊരു മഹാബ്രാഹ്മണന്റെ ജീവിതമായിരുന്നു. വിധിയെ, കാലത്തെ, വിജ്ഞാനം കൊണ്ട് അമ്മാനമാടിയ വരരുചിയുടെ ജീവിതം. വർഷങ്ങൾ കഴിഞ്ഞ്, ഇന്ന്, പ്രപഞ്ച അമ്മത്തം, ഭൂഗോളം പോൽ ഉള്ളിലുറഞ്ഞപ്പോൾ, ഇന്നലത്തെ മഴ എനിക്ക് ഒരു പറയിപ്പെണ്ണിന്റെ ജീവിതമാണ്. കേരളത്തിലെ ജാതി ബോധം ആഴത്തിലിറങ്ങി ആണ്ടു പൂണ്ടു നിൽക്കുന്നതു പറയിപെറ്റ പന്തിരുകുലത്തിലാണെന്ന് ഇന്നലത്തെ മഴ എനിക്ക് ബോധ്യപ്പെടുത്തിത്തന്നു. ഇവിടെ ജാതീയത ഇന്നത്തെ രീതിയിൽ ഉണ്ടായത്, വളർന്നത്, ഒക്കെ ഈ വായനയിൽ തെളിഞ്ഞു നിൽക്കുന്നു. ഈ 12 മക്കളുടെ തുടർച്ചയാണ് നമ്മളെങ്കിൽ, നമ്മളെല്ലാം പറയിപെറ്റ മക്കളാണ്. 

വായനയുടെ കാവൽപ്പുരയിൽ

ബിജോയ് ചന്ദ്രൻ 

മൂവാറ്റുപുഴയിലെ ത്രിവേണീ സംഗമത്തിലെ ഒറ്റപ്പെട്ട സന്ധ്യകളിൽ എന്നെ പിടിച്ചുലച്ച വായനാനുഭവം ആയിരുന്നു രാജൻ കാക്കനാടന്റെ 'ഹിമവാന്റെ മുകൾത്തട്ടിൽ'. പ്രകൃതിയുടെ മൂർത്തമായ വന്യതയിലൂടെ ഒരു മനുഷ്യൻ ഒറ്റയ്ക്ക് നടത്തിയ ഹിമാലയ യാത്രയുടെ അനുഭവം ആണ് ആ പുസ്തകം. അത്‌ ഞാൻ ഒരിക്കൽ പോലും എന്റെ മുറിക്കുള്ളിൽ ഇരുന്നു വായിച്ചിട്ടില്ല. പാമ്പാക്കുടയിലെ ഒരു കുന്നിൻചരിവിലെ റബർ കാടുകളിൽ പോയിരുന്നാണ് ആ പുസ്തകം ആദ്യമായി വായിച്ചത്.  നേര്യമംഗലം കാടിന്റെ അരികിൽ കലുങ്കിൽ ഇരുന്ന് ഒരു ദിവസം മുഴുവനും അതേ പുസ്തകം വായിച്ചിട്ടുണ്ട്. ഒട്ടും സാഹിത്യം ഇല്ല എന്നതാണ് ആ എഴുത്തിന്റെ മാരകമായ ഭംഗി.  

അഭയമാകുന്ന പുസ്തകങ്ങൾ

ഫ്രാൻസിസ് നൊറോണ

ആദ്യവായനകളിലെ പുസ്തകങ്ങളിലൊന്നാണ് ബൈബിൾ. ഇടുങ്ങിയ വാതിലിലൂടെ കടന്നുപോകാനാണ് അതിൽ എഴുതിയിരിക്കുന്നത്. പുസ്തകങ്ങൾ ഇടുങ്ങിയ വാതിലുകളാണ്. അതിലൂടെ കടക്കുന്ന നമ്മൾ വിശാലമായ പുതുലോകത്തിലാണ് എത്തിച്ചേരുക. കൊറോണക്കാലത്ത് ഒരിക്കൽകൂടി വായിച്ച സക്കറിയയുടെ ‘തീവണ്ടിക്കൊള്ള’ പ്രദീപൻ പാമ്പിരിക്കുന്നിന്റെ ‘എരി’എന്നിവയാണ് വായനാദിനത്തിലെ പ്രിയ കഥയും നോവലും. സ്വാതന്ത്ര്യത്തിന്റെയും വിവേകത്തിന്റെയും പുസ്തക ഇടങ്ങളിലെ കുഞ്ഞു വായനക്കാരനാവുക. അതുതന്നെയാണ് എഴുത്തിന്റെ കൊടുമുടിയേക്കാൾ എനിക്കു പ്രിയം.

എന്നെ രക്ഷിക്കുന്ന ഉന്മേഷദ്രാവകം

എസ്. സിതാര

എഴുത്തു വഴിമുട്ടുമ്പോഴെല്ലാം എന്റെ ഉള്ളിൽ വെളിച്ചം പരത്തുന്ന ഒരു പുസ്തകമുണ്ടായിരുന്നു. ഓൺലി ദ് സോൾ നോസ് ഹൗ ടു സിങ്ങ്. മാധവിക്കുട്ടിയുടെ ഇഗ്ലിഷ് കവിതകൾ. സച്ചിദാനന്ദന്റെ ഉഗ്രൻ അവതാരിക. മടുപ്പിൽ നിന്ന്, അക്ഷരംതോന്നായ്മകളിൽനിന്ന് എന്നെ രക്ഷിച്ചുകൊണ്ടിരുന്ന ഉന്മേഷദ്രാവകം. വർഷങ്ങൾ നീണ്ട പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്നതിന്റെ അസ്വസ്ഥതകൾക്കും തിരക്കിനുമിടയിൽ അതെങ്ങനെയോ കൈമോശം വന്നു. ആത്മാവറിയുന്നുണ്ട് ഇന്നുമാ സങ്കടം.

എന്റെയാ മാന്ത്രികപ്പുസ്തകം

കെ. രേഖ

സ്വപ്നങ്ങളുടെ മാന്ത്രിക പരവതാനിയിലേറ്റി എന്നെ പറത്തിയ പുസ്തകമാണ് ആയിരത്തൊന്നു രാവുകൾ. പുസ്തകം വായിക്കാൻ തന്നത് അന്തരിച്ച കഥാകൃത്ത് ടി.വി. കൊച്ചുബാവ. ഒരുവർഷത്തിലേറെ ഞാനത് ഊണിലും ഉറക്കത്തിലും കൂടെക്കൊണ്ടുനടന്നു. അമ്മയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ കിട്ടുന്ന സുരക്ഷിതത്വമാണ് ആ പുസ്തകം ചാരത്തുവച്ചു കിടക്കുമ്പോൾ കിട്ടിയിരുന്നത്. സാമാന്യം വലിയ പുസ്തകമായിരുന്നിട്ടും വീട്ടിൽനിന്ന് അതെങ്ങനെയോ അപ്രത്യക്ഷമായി. പുസ്തകം തിരികെക്കൊടുക്കാതായപ്പോൾ കൊച്ചുബാവയുടെ ഭാവം മാറിത്തുടങ്ങി. പിന്നെപ്പിന്നെ  പുള്ളിയുടെ നിഴൽവെട്ടം കാണുമ്പോഴേ ഞാൻ അപ്രത്യക്ഷമാകാനും തുടങ്ങി....

എങ്ങോ മറഞ്ഞ കിനുഗോയാലത്തെരുവ്

ബി.കെ. ഹരിനാരായണൻ

ആദ്യമായി വായിച്ച നോവൽ നഷ്ടപ്പെടുത്തിയതിന്റെ നോവൽ ഇന്നുമുണ്ട്. പത്തായപ്പുരയിലിരുന്നു വായിച്ച ആ ബംഗാളി നോവലിന്റെ പേര് കിനുഗോയാലത്തെരുവ്. എഴുതിയതു സന്തോഷ് കുമാർ ഘോഷ്. വായിച്ചു തീർത്തു എന്നു പറയാനാവില്ല. അവസാന പേജുകൾ ഇല്ലായിരുന്നു. കഥയെങ്ങനെ തീർന്നു എന്നറിയാതെ അന്നത്തെ ആ നാലാം ക്ലാസുകാരന് ഉറക്കം കെട്ടു. പിന്നീട് ഒരാവർത്തി കൂടി വായിക്കാൻ അന്വേഷിച്ചെങ്കിലും പുസ്തകത്തിന്റെ തുണ്ടു മാത്രമാണ് കണ്ടെത്താനായത്. ചിതലുകളായിരുന്നു അവസാന വായനക്കാർ...

മറക്കാനാകാത്ത ‘ലെസൺ’

അനിത നായർ

‘ലെസൺസ് ഇൻ ഫൊർഗെറ്റിങ്’ എന്ന നോവൽ വായിച്ച് ഒരു വായനക്കാരൻ നൽകിയ പ്രതികരണമാണ് മറക്കാനാകാത്ത ഒന്ന്. നോവലിലെ കഥാപാത്രമായ സ്മൃതിയുടെയും അവളെ പരിചരിക്കുന്ന ജെ.എ.കൃഷ്ണൂർത്തി അഥവാ ജാക്ക് എന്ന പിതാവിന്റെയും അവസ്ഥ സ്വന്തം ജീവിതംതന്നെയെന്നു സാക്ഷ്യപ്പെടുത്തി സൈനിക ഉദ്യോഗസ്ഥനായ വായനക്കാരൻ എഴുതിയ വരികൾ... എന്നെ ഉലച്ച പ്രതികരണം. 

അപകടത്തിൽ പരുക്കേറ്റ് കോമയിലായ സ്വന്തം സഹോദരിയെ അദ്ദേഹം സ്മൃതിയായിക്കണ്ടു. പരിചരിക്കുന്ന പിതാവ് ജാക്കിനെ താൻതന്നെയായും. സ്വന്തം വിവാഹവും ഉദ്യോഗവും ആ അർപ്പണജീവിതത്തിൽ മറക്കേണ്ടിവന്നു അദ്ദേഹത്തിന്. 

പ്രായപൂർത്തിയായ മകളെ കുളിപ്പിക്കുമ്പോഴും വൃത്തിയാക്കുമ്പോഴും താനനുഭവിക്കുന്ന മാനസികവും വൈകാരികവുമായ സംഘർഷം നോവലിൽ കൃഷ്ണമൂർത്തിയുടെ കഥാപാത്രം പങ്കുവയ്ക്കുന്നുണ്ട്. പ്രായപൂർത്തിയായ സഹോദരിയെ പരിചരിക്കുമ്പോൾ താനും അതേ അവസ്ഥയിലാണ് എന്നയാൾ  തിരിച്ചറിഞ്ഞു. ‘ലെസൺസ് ഇൻ ഫൊർഗെറ്റിങ്’ വായിച്ചതോടെ, താൻ ഒറ്റയ്ക്കല്ലെന്നും സ്വന്തം മാനസിക സംഘർഷങ്ങൾ അസ്വാഭാവികമല്ലെന്നും തോന്നി. ജീവിതം എങ്ങനെയാണോ, അതുമായി അങ്ങനെതന്നെ മുന്നോട്ടുപോകാൻ നോവൽ തനിക്കു ധൈര്യം തന്നെന്നും അയാൾ പറഞ്ഞു.

ഓരോ വായനക്കാരനെയും രചനകൾ സ്പർശിക്കുന്നത് ഓരോ തരത്തിലാണ്. വായനക്കാരനിൽ അവയുണ്ടാക്കുന്ന ചിന്തകളിന്മേൽ എഴുത്തുകാരിക്കു നിയന്ത്രണം ഇല്ലതന്നെ.

English Summary : Writers about their reading

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;