സത്യത്തിന്റെ വേഷമണിഞ്ഞ് എത്തുന്ന കള്ളങ്ങള്‍

truth
SHARE

സത്യവും കള്ളവും ഒരിക്കൽ കണ്ടുമുട്ടി. സംസാരിച്ചു നടക്കുന്നതിനിടെ അവരൊരു കിണറിന്റെ അടുത്തെത്തി. കള്ളം സത്യത്തോടു ചോദിച്ചു: നമുക്ക് ഇതിലിറങ്ങി കുളിച്ചാലോ? സംശയം തോന്നിയ സത്യം വെള്ളം പരിശോധിച്ചു നോക്കിയെങ്കിലും കുഴപ്പമൊന്നും ഇല്ലാത്തതിനാൽ സമ്മതം മൂളി. രണ്ടുപേരും വസ്ത്രം അഴിച്ചുവച്ച് കുളിക്കാനിറങ്ങി. കുളി തുടങ്ങിയ ഉടനെ കള്ളം കരയ്ക്കുകയറി സത്യത്തിന്റെ വസ്ത്രം ധരിച്ച് ഓടിക്കളഞ്ഞു. അന്നുമുതൽ സത്യത്തിന്റെ വേഷമണിഞ്ഞ് ആളുകൾ കാണുന്നതു കള്ളത്തെയാണ്. സത്യം നാണക്കേടു ഭയന്ന് കിണറിനുള്ളിൽത്തന്നെ ഒളിച്ചിരുന്നു. നഗ്നസത്യത്തെ കാണാനും ആർക്കും താൽപര്യമുണ്ടായിരുന്നില്ല!  

കള്ളം പറയുന്ന കഥകൾക്ക് സത്യം പറയുന്ന യാഥാർഥ്യത്തെക്കാൾ വിശ്വസനീയതയും വിപണനസാധ്യതയും ഉണ്ടാകും. കള്ളത്തെയും സത്യത്തെയും ഒരുമിച്ചു കാണാത്തതുകൊണ്ട് രണ്ടുപേരുടെയും രൂപമോ ഭാവമോ ആരും തിരിച്ചറിയില്ല. മാത്രമല്ല, കള്ളം എപ്പോഴും സഞ്ചരിക്കുന്നത് സത്യത്തിന്റെ വേഷത്തിലായതുകൊണ്ട് അതിനു ജനപ്രീതിയും അംഗീകാരവും ലഭിക്കും. 

കള്ളം ആരുടെ അടുത്തെത്തിയാലും പതിന്മടങ്ങായി വളരുകയും വ്യാപിക്കുകയും ചെയ്യും. കള്ളത്തിനു വളരെ വേഗം യാത്ര ചെയ്യാനാകും. സത്യത്തിനു വേഷമിടാനുള്ള സമയം കിട്ടുംമുൻപേ കള്ളം കാതങ്ങൾ സഞ്ചരിച്ചിട്ടുണ്ടാകും. കള്ളം കള്ളമാണെന്നു തെളിയിക്കാൻ സത്യത്തിനുപോലും കഴിയാറില്ല. സത്യത്തെ കല്ലെറിയാൻ നോക്കിയിരിക്കുന്നവരും സത്യമറിയാൻ താൽപര്യമില്ലാത്തവരും കള്ളത്തെ പ്രകീർത്തിക്കും. 

ശരി ഏതെന്നു കണ്ടെത്തി മനസ്സിലാക്കുന്നതിനെക്കാളും പലർക്കുമിഷ്ടം തെറ്റിദ്ധരിക്കാനാണ്. കള്ളത്തിനു പല വേഷങ്ങളുണ്ടാകും. സാഹചര്യങ്ങൾക്കും സംഭവങ്ങൾക്കുമനുസരിച്ച് അവയുടെ നിറവും ശൈലിയും മാറിക്കൊണ്ടിരിക്കും. 

സത്യം ഏതവസരത്തിലും അതിന്റെ തനിമ നിലനിർത്തും. അഴകും ആഡംബരവും ഇല്ലെങ്കിലും അതിന് ആത്മാഭിമാനമുണ്ട്. സത്യത്തിന്റെ കൂടെ യാത്ര ചെയ്യുന്നവർക്ക് അംഗീകാരങ്ങളോ കരഘോഷങ്ങളോ ലഭിച്ചില്ലെങ്കിലും ആത്മസംതൃപ്തി ലഭിക്കും. 

English Summary: Subhadinam, Food For Thought

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;