ADVERTISEMENT

ഖസാക്കിന്റെ ഇതിഹാസത്തിലെ ജീവബിന്ദുക്കളുടെ കഥയെ ഓർമിപ്പിക്കുന്ന ഒരു കഥ ഒ.വി. വിജയൻ ഇരുപത്തിനാലാം വയസ്സിൽത്തന്നെ എഴുതിയിട്ടുണ്ട്. വിജയന്റെ കൃതികളിലൊന്നും സമാഹരിച്ചിട്ടില്ലാത്ത ആ കഥയാണ് ‘കമ്പികളുടെ വീട്.’

‘കരിമ്പനകളുടെ പുറകിൽ പതിഞ്ഞു കിടന്നിരുന്ന ഒരു കുന്ന് വളർന്നു വളർന്നു വലുതായ് വരാൻ തുടങ്ങി.’ ഇത് ഒ.വി. വിജയന്റെ കഥാപ്രപഞ്ചത്തിലേക്ക് നടന്നടുക്കുമ്പോഴുള്ള അനുഭവം തന്നെ. വിജയന്റെ ആദ്യകാലകഥയാണ് ക മ്പികളുടെ വീട്. ‘പറയൂ ഫാദർ ഗോൺസാ ലെസ്’ എന്ന കഥയ്ക്കും (1953 ജനുവരി 31), ‘ഒരു യുദ്ധത്തിന്റെ അവസാനം’ (1954 മാർച്ച് 28) എന്ന കഥയ്ക്കും ഇടയിലാണ് ‘കമ്പികളുടെ വീടി’ന്റെ രചനാകാലം. അ ന്ന് ഇരുപത്തിനാലു വയസ്സാണ് വിജയന്റെ പ്രായം. മദിരാശിയിൽനിന്നു പ്രസിദ്ധീകരിച്ചിരുന്ന ജയകേരളം വാരികയിൽ (1954 ഫെബ്രുവരി 19) കഥ അച്ചടിമഷി പുരണ്ടു. 

 

ഖസാക്കിന്റെ ഇതിഹാസത്തിൽ ‘നടക്കാനിറങ്ങിയ രണ്ടു ജീവബിന്ദുക്കളെ’ ഓർമിപ്പിക്കുന്ന, എന്നാൽ, ദാർശനികതയുടെയും സ്വപ്നാന്തരങ്ങളുടെയും അ ടിയൊഴുക്കുകൾക്ക് ആക്കം വച്ചുതുടങ്ങിയിട്ടില്ലാത്ത കഥാബിന്ദുക്കളായ കുഞ്ഞു സഹോദരിമാരാണ് കമ്പികളുടെ വീട്ടിലെ കഥാപാത്രങ്ങൾ. ‘അങ്ങിനെ, മ നുഷ്യന്റെ ലോകം കയ്യൊഴിഞ്ഞുപോയ ശൂന്യാവശിഷ്ടങ്ങൾക്കിടയിൽ, രണ്ടാത്മാക്കൾ കെട്ടിപ്പുണർന്ന് ഉറക്കമായ’ പ്പോൾ, വിജയന്റെ കഥാലോകം നിറഞ്ഞു നിൽക്കുന്ന ജീവബിന്ദുക്കളെല്ലാം താഴ്‌വാരങ്ങളിലെ ചമ്പകപ്പൂക്കൾ തേടിയിറങ്ങുന്നു. ഖസാക്കിലെ വിഖ്യാതമായ ഉപകഥ ഒരു തുടർച്ചയാണ്. അതിന്റെ തുടക്കം ‘ക മ്പികളുടെ വീട്’ എന്ന കഥയിൽനിന്നാകാം. ‘ധർമപുരാണ’ത്തിലൂടെ, ‘മധുരം ഗാ യതി’യിലൂടെ അത് തുടരുന്നു.

 

മറക്കില്ലെന്നു വാഗ്ദാനം ചെയ്ത് നടന്നകന്ന അനുജത്തി കാലാന്തരത്തിൽ സുറുമയിട്ട പെൺകുട്ടിയായി വന്ന് ചമ്പകപ്പൂവിറുത്തപ്പോൾ സസ്യലോകത്തെ ചേട്ടത്തിയെ ജന്തുലോകത്തെ അനുജത്തി മറക്കുകയായിരുന്നെന്ന് സാഹിത്യനിരൂപകൻ പി. പവിത്രൻ.

 

‘സസ്യജന്തുലോകങ്ങളുടെ ഈ സംവാദം ധർമപുരാണത്തിലെ രാഷ്ട്രവ്യവസ്ഥാ വിമർശനത്തിൽനിന്ന് ഊർജം തേ ടി വിപുലമാവുകയാണ് ‘മധുരംഗായതി’ യിൽ. ‘ധർമപുരാണ’ത്തിലെ മരമായിത്തീരുന്ന സിദ്ധാർഥൻ ഇവിടെ കൂടുതൽ വികസിച്ച പ്രകൃതിതത്ത്വമാകുന്നു. 

 

വികസിതരാജ്യത്തെ തീൻമേശയിലിരിക്കുന്ന വെള്ളക്കാരിയായ പെൺകുട്ടിയും അവൾക്കു ഭക്ഷണമാകുന്ന മൂന്നാംലോകത്തിലെ ബാലനുമായി ഖസാക്കിലെ സുറുമയിട്ട പെൺകുട്ടിയും പൂവും ധർമപുരാണത്തിൽത്തന്നെ മാറുന്നുണ്ട്. പരിണാമത്തിലെ അനീതി ചരിത്രത്തിൽ കടന്ന് വികസിത–അവികസിത വൈരുധ്യമായി തുടരുന്നു. ജന്തുലോകത്തിന് ഇരയാകുന്ന സസ്യലോകം വികസിതലോകത്തിന് ഇരയാകുന്ന മൂന്നാംലോകമാണ് ഇപ്പോൾ’ 

 

അഭയം തരുമെന്നും കഞ്ഞി തരുമെന്നും വിശന്നുവലഞ്ഞ ഒരു പാവം കുഞ്ഞു വിശ്വസിക്കുന്ന ‘കമ്പികളുടെ വീട്’ സർപ്പദംശനം പോലൊരു നൊമ്പരമേകി ക്ഷണമരണം കൊണ്ട് അനുഗ്രഹിക്കപ്പെ ടുന്നു. വിജയന്റെ ചിന്താസരണികൾക്കു മേൽ പടർന്നു നീങ്ങുന്ന വൈദ്യുതകമ്പികൾക്ക് മൃതിയെന്ന ശമനദായകൗഷധം എത്ര ദാർശനികതീക്ഷ്ണത പകരുന്നുണ്ടെന്നറിയാൻ, അന്നത്തെ വായനക്കാർ ക്ക് ഖസാക്ക് വരെ കാത്തിരിക്കേണ്ടി വ ന്നു. അങ്ങനെ നോക്കുമ്പോൾ, ബസ് കാ ത്തുകിടന്ന രവിയുടെ വഴിത്താരയിലാണ് ഈ കഥയെന്നു നിസ്സംശയം പറയാം. 

 

വിജയന്റെ ആജീവനാന്ത ഭീതികളുടെ ആദിമസൂക്ഷ്മാംശങ്ങളുള്ള കഥയാണിത്. ഇടിമിന്നലിനോടും പെരുമഴയോടുമുള്ള ഭയം ഈ കഥയുടെ രചനയിൽ വിജയനെ സ്വാധീനിച്ചിരിക്കാം. മലപ്പുറത്തെ എംഎസ്പി ക്യാംപിന്റെ പശ്ചാത്തലത്തിൽ നടന്ന ഒരു സംഭവമുണ്ട്: 

 

സ്കൂൾ ഫൈനൽ കഴിഞ്ഞുള്ള മധ്യവേനലവധി. ഒരു വൈകുന്നേരം കൂട്ടുകാരൻ നാണുവിന്റെ വീട്ടിൽ ഇരിക്കുകയായിരുന്നു വിജയൻ. നാണു വിജയനെക്കാൾ രണ്ടോ മൂന്നോ വയസ്സിനിളപ്പം. അച്്ഛന്റെ സഹപ്രവർത്തകന്റെ മകൻ. വിജയനും നാണുവും ഒരു സാഹസികയാത്രയ്ക്കായി ക്യാംപിനു പുറത്തുപോകാൻ തീരുമാനിച്ചു. പക്ഷിനായാട്ടിനായി അച്ഛന്റെ റൈഫിളും എടുത്തു. അക്കഥ വിജയൻ കോറിയിട്ടിട്ടുണ്ട്: 

 

‘പോക്കുവെയിൽ ഒന്നു മങ്ങിയതുപോ ലെ. ഞങ്ങൾ അതു ശ്രദ്ധിച്ചില്ല. പക്ഷിയുടെ പുറകെ വീണ്ടും കുറെ പോയി. അ പ്പോൾ ഞാനൊന്നു പിന്നോട്ടു നോക്കി. ചെങ്കുത്തായ മലകൾക്കിടയ്ക്ക് ‘വി’ എ ന്ന അക്ഷരത്തിന്റെ രൂപത്തിൽ ആകാശം. ആ ‘വി’യിൽനിന്ന് ഭീഷണമായ ഒരു കറുത്ത ഡിസ്ക് അതിവേഗത്തിൽ ഉയർന്നുപൊങ്ങുകയായിരുന്നു. ഡിസ്കിന്റെ കറുപ്പിൽ അങ്ങിങ്ങു കനൽ തിളക്കം–കാണക്കാണെ ഡിസ്ക് ഭീമാകാരമായി. പിന്നെ ചറുപിറുന്നനെ ആർട്ടിലറി ബൊം ബാർഡുമെന്റ്പോലെ വിസ്ഫോടനങ്ങ ളുടെ പരമ്പര. ഞാൻ ഭയന്നു വിറച്ചു. 

 

ഇടവപ്പാതിയുടെ ആദ്യത്തെ ഇടിയും മിന്നലും. എന്റെ കൂടെ ഉണ്ടായിരുന്നവർക്ക് സാധാരണ പേടിയേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് ഓർമ വച്ചതു മുതൽ ഇടിമിന്നൽ ഫോബിയ ആണ്. അന്നനുഭവിച്ച ഭയം മറ്റെപ്പോഴെങ്കിലും അനുഭവിച്ചതായി ഓർമയില്ല. 

 

പിന്നെ ഞങ്ങൾ പ്രാണനുംകൊണ്ട് പായുകയായിരുന്നു; രക്ഷാസങ്കേതം തേടി ഒരു ഫർലോങ് ദൂരമുള്ള അങ്ങാടിയിലേക്ക്. പാടംകഴിഞ്ഞ് റോഡ് എത്തിയപ്പോഴേക്ക് ഇരുട്ടു മൂടി. എങ്ങനെയോ അങ്ങാടിയിലെത്തി. ഒരു പീടികയിൽ അഭയം തേടി. കണ്ണടച്ചപോലെ വൻമഴയായിരുന്നു. പിന്നെ ഇടവപ്പാതി പെരുമഴ പെയ്തുതീരുന്നതുവരെ പീടികയിൽനിന്ന് ഞങ്ങൾക്ക് അനങ്ങാൻപോലും കഴിഞ്ഞില്ല, നോഹയുടെ പെട്ടകത്തിലെന്നപോലെ ഞങ്ങൾ അവിടെ കാത്തു.’ അന്നനുഭവിച്ച ഭയം ഈ കഥയിലും തൊട്ടറിയാനാ കുന്നുണ്ട്. ‘ഇടിമിന്നലിന്റെ നീളം’ (1994) എന്നൊരു കഥയുമുണ്ട് വിജയന്റേതായി. പിതാപുത്രബന്ധത്തിന്റെ മഹത്ത്വം വ്യക്തമാക്കുന്ന കഥ. കൗമാരത്തിൽ മരണമടഞ്ഞ മകൻ അച്്ഛനുമായി സംവദിക്കുന്നു–‘ ചെകിടോർക്കൂ, അച്ഛാ. ഇടിമുഴക്കം. ദൈവം തരുന്ന ബാലപാഠങ്ങൾ’. 

 

മുഖ്യ കഥാപാത്രങ്ങൾ വൈദ്യുതാഘാതമേറ്റു മരിക്കുന്ന, ദുരന്തപര്യവസായിയായ ‘കമ്പികളുടോ വീട് പിറവിയെടുക്കുന്നത്, പാലക്കാട്ടെ വൈദ്യുതിവിതരണം സർക്കാർ ഏറ്റെടുക്കാൻ പോകുന്ന ചരിത്രനിമിഷത്തിലാണ് എന്നതും ശ്രദ്ധേയം. 1932ൽ പാലക്കാട് ഇലക്ട്രിക് കോർപറേഷൻ നിലവിൽ വന്നു. മുനിസിപ്പൽ കൗൺസിൽ തെരുവുകളിൽ വൈദ്യുതവിളക്കുകൾ സ്ഥാപിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. 1952 ജൂലൈയിൽ ആ കരാർ അവസാനിച്ചു. തുടർന്ന് കോർപറേഷനും മുനിസിപ്പാലിറ്റിയും തമ്മിൽ, ചില പ്രധാന ഗ്രാമങ്ങളിലും മറ്റും വൈദ്യുതവിളക്ക് ഇടാത്തതിനെപ്പറ്റി തർക്കം ആരംഭിച്ചു. ഒടുവിൽ, 1955  ഏപ്രിൽ 1 മുതൽ പാലക്കാട്ടെ വൈദ്യുതി വിതരണം ഗവണ്മെന്റ് ഏറ്റെടുക്കുന്നതാണെന്നു വിജ്ഞാപനം വന്നു. ഈ തർക്കങ്ങൾക്കിടെയാണ് വിജയൻ കഥ രചിക്കുന്നത്. അരവിന്ദന്റെ ‘ഒരിടത്ത്’ സിനിമയ്ക്കും മൂന്നു പതിറ്റാണ്ടു മുൻപ് മലയാള ചെറുകഥയിൽ പിറന്ന വൈദ്യുതി

നിരാസ പ്രഖ്യാപനത്തിന്റെ ദാർശനിക അടിയൊഴുക്കിനും ‘കമ്പികളുടെ വീട്’ വീടൊരുക്കുന്നുണ്ട്. 

 

എന്നാൽ, വൈദ്യുതിയെപ്പറ്റി പരാമർശിക്കുന്ന ആദ്യ കഥ വിജയന്റേതല്ല. 1893 ൽ വിദ്യാവിനോദിനി മാസികയിൽ പ്രസിദ്ധീകരിച്ച, കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ‘ദ്വാരക’ എന്ന കഥയിലാകണം വൈദ്യുതി ആദ്യമായി പരാമർശിക്കപ്പെടുന്നത്. ഇംഗ്ലണ്ടിൽനിന്നു മടങ്ങിയെത്തിയ ബാരിസ്റ്റർ മേനോൻ ആഖ്യാതാവിനോടു വിശേഷങ്ങൾ പങ്കു വയ്ക്കുന്നതിനിടെ വൈദ്യുതിയുടെ അതിശയാതീതമായ ഫലങ്ങൾ വിവരിക്കുന്നു. ആ വിവരണം അഭിസംബോധന ചെയ്തത് യഥാർഥത്തിൽ മൂന്നായി മുറിഞ്ഞുകിടന്നിരുന്ന കേരളത്തെയായിരുന്നു. ഒരു ശാസ്ത്ര നേട്ടം മലയാളിയെ അറിയിക്കാൻ കഥ എന്ന മാധ്യമത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു പത്രപ്രവർത്തകൻ കൂടിയായ കേസരി. 1893 ൽ, കേരളത്തിലെന്നല്ല ഇ ന്ത്യയിൽപോലും വൈദ്യുതി എത്തിയിട്ടില്ലെന്ന് ഓർക്കണം. 1897 ൽ, ഡാർജിലിങ്ങിലാണ് ഭാരതത്തിലെ ആദ്യത്തെ ജലവൈദ്യുതിനിലയം സ്ഥാപിക്കപ്പെട്ടത്. 1906 ൽ, പള്ളിവാസൽ ജലവൈദ്യുതപദ്ധതി നിലവിൽ വന്നു. 1929 ൽ, സേതുലക്ഷ്മീബായിയുടെ റീജന്റ് ഭരണകാലത്ത്, തിരുവനന്തപുരം നഗരത്തിൽ വൈദ്യുതിവിതരണം തുടങ്ങി.

 

വീടുകളിൽ വൈദ്യുതി കൊണ്ടുവരുന്ന കമ്പികൾപോലും മനുഷ്യന്റെ ജൈവതലങ്ങളെ സാരമായി ബാധിക്കുന്നുവെന്ന് ‘ഒരു കമ്യൂണിസ്റ്റുകാരന്റെ ഭാവി’ എന്ന ലേഖനത്തിൽ വിജയൻ പിൽക്കാലത്തു രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, അപ്പോഴേക്കും ‘കമ്പികളുടെ വീട്’ എന്ന പേരിൽ താൻ ഒരു ചെറുകഥ രചിച്ചിട്ടുണ്ടെന്ന വസ്തുതപോലും അദ്ദേഹം മറന്നുകഴിഞ്ഞിരുന്നു. ‘നമ്മുടെ ചാർച്ചക്കാരിൽ എത്രപേർ മൃഗങ്ങളാണ്, എത്രപേർ സസ്യങ്ങൾ’ എന്ന അലട്ടലാണ് ഖസാക്കിലെ ജീവബിന്ദുക്കളുടെ ഉപകഥയ്ക്കു കാരണമായതെന്ന് ‘ഇതിഹാസത്തിന്റെ ഇതിഹാസ’ (1989) ത്തിൽ കാഥികൻ ഓർമിക്കുന്നുണ്ട്. ‘കമ്പികളുടെ വീട്’ എന്ന കഥയെക്കുറിച്ച് അവിെടയും പരാമർശിച്ചിട്ടില്ല. 

 

വൈദ്യുതി കൊണ്ടുവരുന്ന കമ്പി മാത്രമല്ല, വൈദ്യുതക്കസേരയും വിജയന്റെ കഥാപ്രപഞ്ചത്തിൽ എത്തിനോക്കുന്നുണ്ട്, ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട് ’എന്ന കഥയിൽ. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദിനമായ 1999 ഡിസംബർ 31 നാണ് കഥ നടക്കുന്നത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരുമായി അഭിമുഖം നടത്താനെത്തുന്ന പത്രപ്രവർത്തകൻ അവരുടെ മരണത്തിനു ദൃക്സാക്ഷിയാകുന്നു. തൂക്കുപുള്ളികൾ ഓരോരുത്തരായി പടവു കയറി പുതിയ വൈദ്യുതക്കസേരയിലിരുന്ന്,അവർക്കായുള്ള പ്രത്യേക പ്രക്ഷേപണം–ഇരുപത്തിയൊന്നാം നൂറ്റാണ്ട്– മുമ്മൂന്നു മിനിട്ടു വീതം ടെലിവിഷനിൽ കണ്ടു ചത്തുവീഴുന്നു. അവസാനത്തെ തൂക്കുപുള്ളിയുടെ ശവം കസേരയിൽനിന്ന് എടുത്തപ്പോൾ പുറത്തെ ഗോപുരഘടികാരം പന്ത്രണ്ടടിക്കുകയായിരുന്നു. നൂറ്റാണ്ടിൽനിന്ന് നൂറ്റാണ്ടിലേക്ക് ലാഘവത്തോടെ സംക്രമിക്കുന്ന പന്ത്രണ്ടു പടവുകൾ (വൈദ്യുതക്കസേരയുണ്ടെങ്കിലും വൈദ്യുതി ഇപ്പോഴും ഒരു നല്ല സംഗതി തന്നെയാണെന്ന്, 1991 ൽ ജാപ്പനീസ് ചലച്ചിത്ര സംവിധായകൻ അകിര കുറസോവയുമായുള്ള സംഭാഷണത്തിൽ നോവലിസ്റ്റ് മാർകേസ് പറഞ്ഞിട്ടുണ്ട്. ആണവോർജത്തെ എതിർക്കാതെ ആണവോർജം തുടക്കം മുതലേ ദുരുപയോഗം ചെയ്യപ്പെടുന്നതിനെക്കുറിച്ചു മാത്രം ആവലാതിപ്പെടുന്നതിൽ  ആശങ്ക അറിയിക്കുമ്പോഴാണ് സാന്ദർഭികമായി വൈദ്യുതിയെക്കുറിച്ച് മാർകേസ് പരാമർശിച്ചത്). വൈദ്യുതാഘാതമേറ്റുള്ള മരണം വിജയന് ഒരു ഒബ്സഷനായിരുന്നുവോ? അതിന്റെ പിന്നിൽ നാമറിയാത്ത നൊമ്പരപ്പെടുത്തുന്ന ജീവിതാനുഭവങ്ങൾ ഉണ്ടായിരിക്കുമോ?

 

യഥാർഥ സംഭവങ്ങൾ പലപ്പോഴും വിജയനെ പ്രചോദിപ്പിച്ചിട്ടുണ്ട്. ‘കടൽത്തീരത്ത്’ എന്ന വിശ്രുത കഥയുടെ പിറവി ഒരു ഇംഗ്ലിഷ് പത്രവാർത്തയിൽനിന്നാണ് എന്ന് വിജയൻ വെളിപ്പെടുത്തിയിട്ടുള്ളത് ഓർമിക്കുക. പാലക്കാട്ടെ അഞ്ചുവിളക്കിന്റെ പിന്നിലെ വർണവെറിയുടെ ചരിത്രം ‘തലമുറകളി’ൽ രേഖപ്പെടുത്തിയിട്ടുണ്ട്: ‘ നമുക്ക് ഈ രത്നവേലുവിനോട് വലിയ ഒരു കടപ്പാടുണ്ട്. അയാൾ കഴിഞ്ഞ തലമുറക്കാരനാണ്. സാമ്രാജ്യത്തിന്റെ നെടുംതൂണുകളിൽ ഒന്നായിരുന്നു ര ത്നവേലു. ഐ.സി.എസ്. ഉദ്യോഗസ്ഥൻ. പാലക്കാട്ടെ ആദ്യകാല ഇന്ത്യൻ തുക്കിടിമാരിൽ ഒരാൾ. ഓർമയുള്ളവർ പറഞ്ഞുകേട്ടിട്ടുണ്ട്, ആജാനുബാഹുവായിരുന്നുവെന്ന്, അ‍‍‍ഞ്ജനത്തിന്റെ കടുംകറുപ്പ്. വെള്ളക്കാരായ രണ്ടു സഹപ്രവർത്തകന്മാർക്കും അവരുടെ ഭാര്യമാർക്കും തന്റെ വീട്ടിൽ ഒരു വിരുന്നായിരുന്നു. ഊ ണു കഴിക്കുന്നതിനിടയിൽ വെള്ളക്കാരി ഇങ്ങനെ പറഞ്ഞു, ‘നാലു കൊറ്റികൾ, ഒരു കാക്ക.’

 

അവർ ഫലിതം പറയാൻ ശ്രമിച്ചതായിരുന്നു. ഊണു കഴിഞ്ഞു വിരുന്നുകാർ തിരിച്ചുപോയി. ആ വലിയ വീടിന്റെ ഇടനാഴികളിൽ അങ്ങുമിങ്ങും ഒതുങ്ങിനിന്ന പരിചാരകന്മാരോടു പൊയ്ക്കോളാൻ പറഞ്ഞ് രത്നവേലു ഒന്നാംനിലയിലുള്ള തന്റെ കിടപ്പറയിലേക്കു കയറി. അവിടെ അയാൾ സ്വയം വെടിവച്ചു മരിച്ചു. അധഃകൃതജാതികളുടെയത്രയും സമരകഥയാണിത്.’ 

 

തലമുറകളിൽ വിജയൻ വരച്ചിട്ട ഈ ദൃശ്യം കേവലം ഭാവനയല്ല. വർണവെറിയുടെ അറിയപ്പെടാത്ത ചരിത്രം. ‘ബ്രിട്ടീഷുകാർ നമുക്കു സന്യാസം നൽകിയ’ കഥയ്ക്കു കിട്ടിയ പ്രചാരം ഈ കഥയ്ക്കു കിട്ടിയില്ല. 1881 സെപ്റ്റംബർ 28ന്, അപമാനദുഃഖം താങ്ങാനാകാതെ, രത്നവേലു എന്ന അസിസ്റ്റന്റ് കലക്ടർ ആത്മ ഹത്യ ചെയ്യുമ്പോൾ വിജയൻ ജനിച്ചിരുന്നില്ല. തലമുറകളിലൂടെ പകർന്നുകിട്ടിയ കേട്ടറിവ് അദ്ദേഹം വിദഗ്ധമായി  നോവലിൽ ഉപയോഗിക്കുകയായിരുന്നു. പ ത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിലെ ജാതിവ്യവസ്ഥയെപ്പറ്റി പഠനമെഴുതിയവർ കാണാതെ പോയ ചരിത്രസത്യം നോവലിലൂടെ പുനർജനിക്കുകയായിരുന്നു.

 

അതുകൊണ്ടുതന്നെ ‘കമ്പികളുടെ വീടി’നു പിന്നിൽ ഒരു യഥാർഥ ദുരന്തം ഉ ണ്ടായിരുന്നാലും അത്ഭുതമില്ല. തന്നെ വിടാതെ പിന്തുടർന്ന ഒരു യഥാർഥ മുങ്ങിമരണം ‘ഗോഡ് ഓഫ് സ്മോൾ തിങ്സ്’ നോവലിന്റെ രചനയിൽ സ്വാധീനിച്ചതായി അരുന്ധതി റോയി ഒരു സ്വകാര്യസംഭാഷണവേളയിൽ പറ‍ഞ്ഞതോർമിക്കുന്നു. 

 

‘ഒരു കഥാവിവരണത്തിലെ ബിംബങ്ങൾ എവിടെനിന്നു കണ്ടെടുത്തുവെന്ന് അന്വേഷിക്കുന്ന ഗവേഷകൻ തിരയേണ്ടത് സമാനകൃതികളിലല്ല, കാഥികന്റെ ആത്മകഥയിലാണ്. ഓരോ ബിംബത്തിന്റെ പിറവിയും തീവ്രമായ ദുഃഖമോ തീവ്രമായ ആനന്ദമോ അറിഞ്ഞിരിക്കും. അങ്ങനെയല്ലാത്ത രൂപകങ്ങൾ അന്യമായ അലങ്കാരവസ്തുക്കളായി മുഴച്ചു നിൽ ക്കുകയേയുള്ളൂ’: ‘ഇതിഹാസത്തിന്റെ ഇതിഹാസ’ത്തിൽ വിജയൻ കുറിച്ചു. 

 

കഥാകാരന്റെ ആത്മകഥാംശം ഉണ്ടോ യെന്ന ചോദ്യത്തിന് ഇളയ സഹോദരി ഒ.വി. ഉഷയ്ക്കും ഉത്തരം പറയാനാകുന്നില്ല. ‘ഞങ്ങൾ തമ്മിൽ 18 വയസ്സിന്റെ വ്യത്യാസമുണ്ട്. കമ്പികളുടെ വീട് എന്ന കഥ വായിച്ചിട്ടില്ല. ഏട്ടന്റെ കൈയിൽനിന്നു നഷ്ടപ്പെട്ടതാകും. അതിന്റെ രചനയ്ക്കു പിന്നിൽ പൊള്ളുന്ന ജീവിതാനുഭവം ഉണ്ടോയെന്നും അറിയില്ല. ഭാവനയാകാനും മതി. ഏട്ടന്റെ യൗവനകാലത്ത് വീട് വൈദ്യുതീകരിച്ചിരുന്നോയെന്നു തന്നെ ഞാൻ ഇപ്പോഴാണു ചിന്തിക്കുന്നത്. ഒരുപക്ഷേ മണ്ണെണ്ണവിളക്ക് ആവും അന്ന് ഉപയോഗിച്ചിരുന്നത്’– ഒ.വി. ഉഷ പറയുന്നു.

 

ഇതുവരെ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, 1950ൽ ‘കലാനിധി’ മാസികയിൽ അച്ചടിച്ച ‘പരാജിതൻ’ ആ ണ് ഒ.വി.വിജയന്റെ ആദ്യ കഥ. നിഘണ്ടൂ കാരനും സാഹിത്യചരിത്രകാരനുമായ ആർ.നാരായണപ്പണിക്കരായിരുന്നു ‘കലാനിധി’യുടെ പത്രാധിപർ. പിൽക്കാലത്ത് മലയാള നോവൽ സാഹിത്യത്തെ രണ്ടായി വിഭജിച്ച എഴുത്തുകാരന്റെ തലതൊട്ടപ്പൻ ഒരു സാഹിത്യചരിത്രകാരൻ ആയിരുന്നെന്ന വസ്തുത സാഹിത്യലോകം ശ്രദ്ധിക്കാതെപോയി. രണ്ടാമത്തെ കഥ ‘ പറയൂ, ഫാദർ ഗോൺസാലെസ്’ മുതലാണ് വിജയൻ ‘ജയകേരളവു’മായി ബന്ധപ്പെട്ടു തുടങ്ങുന്നത്. ഡോ. സി.ആർ. കൃഷ്ണപിള്ളയും കെ. പദ്മനാഭൻ നായരുമായിരുന്നു ‘ജയകേരള’ ത്തിന്റെ നടത്തിപ്പുകാർ. മലയാളത്തിന്റെ പ്രിയ കവി പി.ഭാസ്കരനും യുക്തിവാദിയും ചിന്തകനുമായ പവനനുമൊക്കെ പത്രാധിപസമിതി അംഗങ്ങളും. വയലളം പി.വി.എൻ.നായർ എന്ന പേരിൽ എഴുതിയിരുന്ന അദ്ദേഹത്തിനു പവനൻ എന്ന തൂലികാനാമം നൽകിയത് സഹപ്രവർത്തകനായ ഭാസ്കരനാണ്. മലയാളത്തിന്റെ കൾച്ചറൽ ബേസ് മദിരാശിയിൽ ഉണ്ടായിരുന്നത് ജയകേരളത്തിന്റെ കാലത്തായിരുന്നുവെന്ന് എം.ടി.വാസുദേവൻനായർ കുറിച്ചിട്ടുണ്ട്.‘ ആ മാസികയ്ക്ക് അക്കാലത്ത് വളരെ പ്രാധാന്യമുണ്ടായിരുന്നു. ഞാൻ എഴുതിത്തുടങ്ങിയത് ജയകേരളത്തിന്റെ കാലത്തായിരുന്നു’ ഒരിക്കൽ മദിരാശിയിൽ പോയപ്പോൾ ജയകേരളം ഓഫിസ് സന്ദർശിച്ചതിന്റെ ഓർമയും അദ്ദേഹം പങ്കു വച്ചിട്ടുണ്ട്. സി.കെ.അപ്പുക്കുട്ടി ഗുപ്തൻ ആയിരുന്നു അന്ന് എഡിറ്റർ. പി.വി.ആർ.വാര്യർ ആക്ടിംഗ് എഡിറ്ററും. 1954ൽ, ‘ ഒരു യുദ്ധ ത്തിന്റെ അവസാനം’ പ്രസിദ്ധീകരിച്ചതോ ടെയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പുമായുള്ള വിജയന്റെ ബന്ധം തുടങ്ങുന്നത്. 

 

‘കമ്പികളുടെ വീട്’ പ്രസിദ്ധീകരിച്ച് രണ്ടു വർഷംകൂടി കഴിഞ്ഞാണ് വിജയൻ ഖസാക്കിന്റെ മൂലഗ്രാമമായ തസറാക്കിൽ ചെന്നു താമസിക്കുന്നതും നോവൽരചന തുടങ്ങുന്നതും. 1957 ൽ ആണ് വിജയന്റെ ആദ്യകഥാസമാഹാരമായ ‘മൂന്നു യുദ്ധങ്ങൾ’ പുറത്തുവരുന്നത്. അപ്പോഴേക്കും ഇന്ദ്രപ്രസ്ഥത്തിലേക്കു ചേക്കേറിക്കഴിഞ്ഞിരുന്ന വിജയന് ആനുകാലികത്തിൽ വന്ന കഥ കൈമോശം വന്നിരിക്കണം. പിന്നീടു പ്രസിദ്ധീകരിച്ച ‘ഉച്ചകോടി’ (1967)യിലോ ‘വിജയന്റെ കഥകളി’ലോ (1978) സമ്പൂർണ സമാഹാരത്തിലോ (2000) ഈ കഥ ഉൾപ്പെടുത്തിയിട്ടില്ല. 

ഖസാക്കിന്റെ ഇതിഹാസം മരണഗന്ധിയാണെങ്കിലും മരണപര്യവസായിയ ല്ലെന്നു വിജയൻ കുറിച്ചിട്ടുണ്ട്. പക്ഷേ, ‘കമ്പികളുടെ വീട്’ മരണപര്യവസായിയാണ്. കീറത്തോർത്തുടുത്ത്, മൺചട്ടിയുമായി പിച്ചതെണ്ടാനിറങ്ങിയ അനാഥബാല്യത്തിന് ഈ നിർദയലോകത്തിൽ മരണമൊരുക്കുന്ന സുഖാന്തമെന്നൊരു വായനയും ആകാം. 

English Summary : Story behind O.V. Vijayan's unpublished short fiction 'Kambikalude Veedu'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com