ADVERTISEMENT

കടുത്ത വംശീയ വിദ്വേഷം  പ്രകടമാക്കുന്ന പരാമർശത്തെത്തുടർന്ന് ബ്രിട്ടിഷ് എഴുത്തുകാരനുമായുള്ള ഉടമ്പടി റദ്ദാക്കി പ്രശസ്ത പ്രസാധക സ്ഥാപനം ഹാർപർ കോളിൻസ്. ഡേവിഡ് സ്റ്റാർക്കി എന്ന ചരിത്രകാരനാണ് പരസ്യമായ വംശീയ പരാമർശത്തിലൂടെ വിവാദത്തിലായതും ഒട്ടേറെ സർവകലാശാലകളുടെ പ്രഫസർ പദവിയിൽ നിന്ന് പുറത്തായതും. അടുത്തിടെ പ്രസിദ്ധീകരിച്ച ഓൺലൈൻ അഭിമുഖത്തിലാണ് സ്റ്റാർക്കി പൊതുസമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാകാത്ത പരാമർശം നടത്തിയത്. 

അടിമത്തം വംശഹത്യയല്ല. അങ്ങനെയാണെങ്കിൽ  ആഫ്രിക്കയിൽ ഇത്രയധികം കറുത്ത വർഗക്കാർ ഉണ്ടാകുന്നതെങ്ങനെ. ബ്രിട്ടനിലുമുണ്ടല്ലോ കറുത്ത വർഗക്കാർ. എല്ലാത്തരം ഹത്യകൾക്കുശേഷവും ഒട്ടേറെ കറുത്ത വർഗക്കാർ അതിജീവിക്കുന്നു  അറിയണം– സ്റ്റാർക്കിയുടെ ഈ പരാമർശമാണ് വ്യാപക വിമർശനം ക്ഷണിച്ചുവരുത്തിയത്. 

 

വർഷങ്ങളായി സ്റ്റാർക്കിയുമായി നിലനിൽക്കുന്ന കരാറാണ് ഹാർപർ കോളിൻസ് നിർത്തിയത്. 2010 ലാണ് അദ്ദേഹത്തിന്റെ ഒരു പുസ്തകം അവസാനമായി ഹാർപർ കോളിൻസ് പ്രസിദ്ധീകരിച്ചത്. പുതിയ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തനിടെയാണ് പുതിയ പരാമർശം വന്നതും പ്രസാധകർ പിൻവാങ്ങിയതും. 

 

2006 ൽ നാലു പുസ്തകങ്ങളുടെ കരാർ സ്റ്റാർക്കിയുമായി ഒപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായി രണ്ടു കൃതികൾ പുറത്തുവരികയും ചെയ്തു.സ്റ്റാർക്കിയുടെ ജീവചരിത്രം ഉൾപ്പടെ രണ്ടു പുസ്തകങ്ങൾ കൂടി പുറത്തുവരേണ്ടതായിരുന്നു. അവയുടെ പ്രസിദ്ധീകരണത്തിൽനിന്നാണ് ഹാർപർ പിൻവാങ്ങിയിരിക്കുന്നത്. ജീവചരിത്രം സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്നും അറിയിച്ചിരുന്നു. 

 

5 വർഷം മുൻപ് സ്റ്റാർക്കിയുടെ മാഗ്നകാർട്ട എന്ന പുസ്തകം പ്രസിദ്ധീകരിച്ച പ്രസാധകരും ഇനി അദ്ദേഹത്തിന്റെ പുതിയ കൃതികൾ പ്രസിദ്ധീകരിക്കില്ല എന്ന് അറിയിച്ചു. 

 

കേംബ്രിഡ്ജിലെ ഫിറ്റ്സ് വില്യം കോളജിലെ ഓണററി പ്രഫസർ തസ്തിക സ്റ്റാർക്കി രാജിവച്ചിട്ടുമുണ്ട്. കോളജ് അധികൃതരുടെ നിർദേശപ്രകാരമായിരുന്നു രാജി. വംശീയതയെ തങ്ങൾ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല എന്നും കോളജ് അധികൃതർ അറിയിച്ചു. ഓണററി പ്രഫസർ എന്നത് അലങ്കാര തസ്തിക അല്ലെന്നും വിദ്യാർഥികളോട് ഉത്തരവാദിത്തം നിറവേറ്റേണ്ടതുണ്ടെന്നും വിശദീകരിച്ചിട്ടുമുണ്ട്. 

 

കാന്റർബറി ക്രൈസ്റ്റ് ചർച്ച് സർവകലാശാല സ്റ്റാർക്കിയെ വിസിറ്റിങ് പ്രഫസർ എന്ന തസ്തികയിൽ നിന്ന് ഒഴിവാക്കുകയാണ് എന്ന് അറിയിച്ചു. സർവകലാശാല വൈസ് ചാൻസ്‍ലർ പ്രഫ. രാമ തിരുനാമചന്ദ്രൻ സ്റ്റാർക്കിയുടെ പരാമർശത്തിന്റെ പേരിൽ വിദ്യാർഥികളോട് മാപ്പ് ചോദിച്ചിട്ടുമുണ്ട്. 

 

English Summary: David Starkey criticised over slavery comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com