‘പട്ടിണി കിടക്കുന്നവന്റെ വിശപ്പ് മാറ്റുവാനുള്ള അന്നം കൈവശമില്ലെങ്കിൽ മൗനമാണ് ഉത്തമം’

Saadi-Shirazi
SHARE

‘ഒരേ ഊർജത്തിൽ നിന്നുത്ഭവിച്ച് ഒരേ ഘടനയിൽ നിലനിൽക്കുന്നവരാണു മനുഷ്യർ. ഒരേ ചരടിനാൽ പരസ്പരം ബന്ധിക്കപ്പെട്ടവർ. അവയവങ്ങളിൽ ഒന്നിനു നോവുമ്പോൾ കൂടെ നോവുന്ന അവയവങ്ങൾക്കു തുല്യർ. അന്യന്റെ നോവ് നോവല്ലെങ്കിൽ, അപരന്റെ കണ്ണുനീരിൽ കരളലിയുന്നില്ലെങ്കിൽ, മനുഷ്യനു മനുഷ്യനെന്നല്ല പേര്’. 

2009 ൽ ഇറാനുള്ള പുതുവർഷ സന്ദേശത്തിൽ അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ മനുഷ്യരുടെ സഹവർത്തിത്വത്തെക്കുറിച്ചു പറഞ്ഞത് വിഖ്യാത പേർഷ്യൻ കവിതയിൽ നിന്നുള്ള വാക്കുകൾ. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസംഘടനയുടെ പ്രവേശന കവാടത്തിലുള്ള പേർഷ്യൻ കാർപ്പറ്റിലും കാണാം ഈ വരികൾ. ചിത്രത്തയ്യലിൽ അതിസുന്ദരമായി തുന്നിയെടുത്ത കവിതാ ശകലം. പതിമൂന്നാം നൂറ്റാണ്ടിലെ പ്രശസ്ത പേർഷ്യൻ കവി ഷെയ്ഖ് സാദി ഷിറാസിന്റെ രചന. 

ഒരിക്കൽ ഡമാസ്കസിൽ അറബ് രാജാവ് എത്തുമ്പോൾ സാദി അവിടെയുണ്ട്. ശക്തനായ ശത്രുവിൽ നിന്ന് രക്ഷ നേടണമെന്ന ഉദ്ദേശം രാജാവിന്റെ മനസ്സിൽ. തനിക്കുവേണ്ടി പ്രവാചകനോട് യാചിക്കുവാൻ സാദിയോട് അപേക്ഷ. വിചാരണയുടെ ഭയമില്ലാതെ ശിഷ്ടകാലം ജീവിക്കണമെങ്കിൽ ദുഷ്കർമ്മങ്ങൾ ഉപേക്ഷിക്കാനും പ്രജകളോട് നീതി മാർഗത്തിൽ ഇടപെടുവാനും ആവശ്യപ്പെട്ടു കവി. ഉപദേശത്തിന് ഊന്നൽ നൽകുവാൻ ചൊല്ലിയ വരികൾ ‘ബാനി ആദാം’ എന്ന പേരിൽ വിശ്വപ്രസിദ്ധമായി. നൂറ്റാണ്ടുകൾ കടന്ന്, ഭൂഖണ്ഡങ്ങൾ താണ്ടിയ കവിത. 

വായനക്കാരിൽ മൂല്യബോധവും സദാചാരവും വളർത്തിയെടുക്കുന്നതിന് അശ്രാന്തം പരിശ്രമിച്ച കവിയാണ് സാദി. ഇറാൻ ചരിത്രത്തിലെ കലുഷിതമായ കാലത്തിൽ കൂടി കടന്നു പോയിട്ടും വിശ്വാസവും പ്രതീക്ഷയും കൈവിടാതിരുന്ന സാത്വികൻ.

സാദിയുടെ ജീവിതത്തിലുമുണ്ടായിരുന്നു മൗനം ഭജിച്ച നാളുകൾ. നിരാശയിലാണ്ട് എഴുത്തവസാനിപ്പിച്ച കാലം. സുഹൃത്തിന്റെ നിർബന്ധത്തിനു വഴങ്ങി ഇരുവരും ഒരിക്കൽ ഇറാനിലെ പ്രശസ്ത പൂന്തോട്ടത്തിൽ. വസ്ത്രത്തിന്റെ തൊങ്ങലുകളിലേക്കു പൂവുകൾ തിരുകി വയ്ക്കുന്ന സുഹൃത്തിനെ കണ്ട് സാദിയുടെ അർത്ഥഗർഭമായ ചിരി. പൂക്കളുടെ ജീവിതം ക്ഷണികമാണെന്നും പൂക്കളെക്കാൾ സുന്ദരമായ, അനശ്വരമായ പുസ്തകം താൻ രചിക്കുമെന്നും കവിയുടെ തീരുമാനം. 

സാദി വാക്കു പാലിച്ചു. പേർഷ്യൻ സാഹിത്യത്തിലെ മൗലിക കൃതികളിലൊന്ന് കവിയുടെ തൂലികയിൽ പിറന്നു. പുസ്തകത്തിന്റെ പേര് ഗുലിസ്ഥാൻ. പൂന്തോട്ടം എന്നർത്ഥം. ഗദ്യവും പദ്യവും ഇഴ  ചേർന്ന സുന്ദരമായ കഥാകാവ്യം.

ഗുലിസ്ഥാന്റെ ആദ്യ അധ്യായത്തിലെ അറബ് രാജാവിന്റെ കഥയോടു ചേർന്നാണ് ബാനി ആദാം രചിച്ചത്.  ഒരേ കുലത്തിൽ നിന്നു പിറന്നവരാണ് മനുഷ്യരെല്ലാവരും എന്നും അതേ സഹവർത്തിത്വ ബോധത്തിൽ കഴിയണമെന്നുമുള്ള സന്ദേശം പ്രചരിപ്പിച്ച കവിത. 

മുറിവേറ്റവനു മരുന്നു പുരട്ടാനുള്ള തോന്നലോ പട്ടിണി കിടക്കുന്നവന്റെ വിശപ്പ് മാറ്റുവാനുള്ള അന്നമോ കൈവശമില്ലെങ്കിൽ മൗനമാണ് ഉത്തമം. ഉപവസിക്കുകയും പൂഴ്ത്തി വയ്ക്കുകയും ചെയ്യുന്ന ഭക്തനേക്കാൾ ധാരാളം ഭക്ഷിക്കുകയും ഉദാരമായി നൽകുകയും ചെയ്യുന്ന മഹാനുഭാവനാണ് വലിയവൻ. സാമ്പത്തിക ഭദ്രതയെക്കാൾ ഉദാത്തം ആത്മീയ ഭദ്രത. സന്മാർഗ ജീവിതത്തിനുള്ള വിജയമന്ത്രങ്ങളാണ് ഗുലിസ്ഥാൻ. സമ്പൂർണ്ണം, സനാതനം.

ഗുലിസ്ഥാന്റെ കവി കടന്നു പോയിട്ട് നൂറ്റാണ്ടുകൾ; അത്രത്തോളം  വസന്തങ്ങളും. 

റോസാപ്പൂക്കളുടെ നഗരമായ ഷിറാസിൽ സാദിയുടെ ശവകുടീരമുള്ളത് സമുജ്ജ്വലമായ ഒരു പൂന്തോട്ടത്തിനു നടുവിൽ. അഞ്ചോ ആറോ ദിവസങ്ങൾ, ഒരു പൂവിന്റെ ആയുസ്സ് അവിടെ കഴിഞ്ഞേക്കാം. എന്നാൽ ഈ പൂന്തോട്ടം നിത്യമാണ്...നിത്യ സുന്ദരം.

English Summary: Bani Adam Poem by Saadi Shirazi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;