ADVERTISEMENT

ഒരു വര്‍ഷം മുമ്പ് (2019 ജൂലൈ 18ന്) ആംസ്റ്റര്‍ഡാമില്‍ ആൻ ഫ്രാങ്ക് മ്യൂസിയത്തിലെ പുസ്തക/സുവനീര്‍ ശാലയില്‍നിന്നു വാങ്ങിയ പുസ്തകം ‘ഹൗസ്’ അടച്ചിരിപ്പിന്റെ ഇക്കാലത്ത് വീണ്ടും തുറന്നു നോക്കി. ആൻ ഫ്രാങ്ക് മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം രണ്ടു വര്‍ഷം ഒളിച്ചു താമസിച്ച വീട് (അത് ആൻ ഫ്രാങ്കിന്റെ അച്ഛന്‍ ഓട്ടോ ഫ്രാങ്കിന്റെ ഓഫിസും കൂടിയായിരുന്നു. ആ കെട്ടിടത്തിലെ രഹസ്യ ഉള്ളറയിലാണ് ഫ്രാങ്ക് കുടുംബം രണ്ടു വര്‍ഷം നാത്‌സികളില്‍നിന്ന് ഒളിച്ചു താമസിച്ചത്. പിടിക്കപ്പെട്ടതും ഇവിടെ വച്ചു തന്നെ) ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള സന്ദര്‍ശകര്‍ എത്തുന്ന ആൻ ഫ്രാങ്ക് മ്യൂസിയമാണ്. കോവിഡ് കാലത്ത് ഇവിടവും അടച്ചിടപ്പെട്ടിരിക്കുന്നു. 

 

ഗെസ്റ്റപ്പോ ഫ്രാങ്ക് കുടുംബത്തെ പിടികൂടാന്‍ എത്തുന്നത് 1944 ഓഗസ്റ്റ് നാലിന് വെള്ളിയാഴ്ച രാവിലെ പത്തരമണിക്കായിരുന്നു. ഫ്രാങ്ക് കുടുംബം അപ്പോഴേക്കും രഹസ്യ കലവറയിലെ ജീവിതം 761 ദിവസങ്ങള്‍ (1942 ജൂലൈ ആറിനാണ് ഈ കുടുംബം ഒളിവുജീവിതം ആരംഭിച്ചത്) പിന്നിട്ടിരുന്നു. ആംസ്റ്റര്‍ഡാമിലെ പ്രിന്‍സെന്‍ഗാര്‍ച്ചെറ്റ് തെരുവിലെ 263-0 നമ്പര്‍ കെട്ടിടത്തില്‍ നിന്നാണ് ഫ്രാങ്ക് കുടുംബം പിടിയിലായത്. പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമാകണമെന്ന് ആൻ ഫ്രാങ്ക് തന്റെ ഡയറിക്കുറിപ്പുകളില്‍ എഴുതിയത് ഈ വീട്ടിലെ ഒളിയറയിലിരുന്നാണ്. ഭാവിയില്‍ താന്‍ ഒളിവുജീവിതത്തിന്റെ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി ‘സീക്രട്ട് അനക്‌സ്’ എന്നൊരു നോവല്‍ എഴുതുമെന്ന പ്രത്യാശയും ആ ഡയറിക്കുറിപ്പുകളിലുണ്ട്. എന്നാല്‍ അതൊന്നും സംഭവിച്ചില്ലെന്ന് ലോകത്തിനറിയാം. ‘ഒരു വികാരം ആധിപത്യം പുലര്‍ത്തി, അന്തവും അന്ത്യവുമില്ലാത്ത ഭയം’ എന്ന് ഈ ഒളിവു ജീവിതത്തെക്കുറിച്ച് ആൻ ഫ്രാങ്ക് എഴുതിയിട്ടുണ്ട്.

 

സെപ്റ്റംബര്‍ അഞ്ചിനു ഫ്രാങ്ക് കുടുംബത്തിന്റെ ഓഷ്‌വിറ്റ്‌സ് യാത്ര തുടങ്ങി. ആറിന് അവര്‍ മറ്റു നിരവധി പേര്‍ക്കൊപ്പം ഓഷ്‌വിറ്റ്‌സില്‍ എത്തി. നരകയാത്ര എന്നാണ് ആൻ ഫ്രാങ്കിന്റെ അച്ഛന്‍ ഓട്ടോ ഫ്രാങ്ക് (അദ്ദേഹം മാത്രമാണ് കുടുംബത്തില്‍ ഓഷ്‌വിറ്റ്‌സിനെ അതിജീവിച്ചത്) പറഞ്ഞത്. ഓഷ്‌വിറ്റ്‌സ്‌ പ്‌ളാറ്റ്‌ഫോമില്‍ സ്ത്രീകളെയും പുരുഷന്‍മാരെയും വേര്‍പ്പെടുത്തിയതിനെക്കുറിച്ച് അദ്ദേഹം പില്‍ക്കാലത്ത് പറഞ്ഞു: മറ്റു പലതിനെക്കുറിച്ചും ഓര്‍ക്കാം, പറയാം, അല്ലെങ്കില്‍ മറക്കാം, പറയാതിരിക്കാം. എന്നാല്‍ എന്റെ കുടുംബത്തെ വേര്‍പ്പെടുത്തികൊണ്ടു പോയതിനെക്കുറിച്ച്, അതുണ്ടാക്കിയ കൊടും വേദനയെക്കുറിച്ച് എങ്ങിനെ പറയും, അതിനുള്ള ഭാഷ എന്തെന്ന് എനിക്കറിയില്ല.

 

anne-frank

ഫ്രാങ്ക് കുടുംബത്തോടൊപ്പമെത്തിയവരില്‍നിന്ന് നാത്‌സി ഡോക്ടര്‍മാര്‍ തീര്‍ത്തും ചെറിയ പ്രായക്കാര്‍, ഏറെ പ്രായം ചെന്നവര്‍, ജോലി ചെയ്യാന്‍ പറ്റാത്ത അവശര്‍ എന്നിവരെ തിരഞ്ഞെടുത്തു. രണ്ടു മണിക്കൂര്‍ കൊണ്ട് അവരെല്ലാം ഗ്യാസ് ചേംബറില്‍ അവസാനിച്ചു.

 

പിന്നീട് ബാക്കിയായവരെ ആദ്യം ചെയ്യുന്നത് ക്വാറന്റീനില്‍ (കോവിഡ് കാലത്ത് ലോകം ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കുന്ന പദം) ആക്കുകയാണ്. രോഗങ്ങള്‍ പകരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്നാണ് നാത്‌സി ഡോക്ടര്‍മാര്‍ ഇതു സംബന്ധിച്ച് പറയുന്നത്. പരമാവധി തൊഴിലെടുപ്പിക്കുക, അതു കഴിഞ്ഞ് മരണത്തിനു വിടുക എന്നതായിരുന്നു ഓഷ്്വിറ്റ്‌സിലെ നിയമം. ഓഷ്‌വിറ്റ്‌സ് ബിര്‍ക്കുനൗവിലെ ക്വാറന്റീന്‍ ബ്ലോക്കില്‍ ആൻ ഫ്രാങ്കും അമ്മയും സഹോദരിയുമടക്കമുള്ളവര്‍ ഒക്ടോബര്‍ അവസാനം വരെ സമ്പര്‍ക്ക വിലക്കില്‍ കഴിഞ്ഞുവെന്ന് പുസ്തകം നിരവധി രേഖകളെ അടിസ്ഥാനപ്പെടുത്തി വ്യക്തമാക്കുന്നു. 

 

ക്വാറന്റീന് വിക്കിപീഡിയ നല്‍കുന്ന വിശദീകരണം ഇതാണ്: രോഗങ്ങളുടെയും കീടങ്ങളുടെയും വ്യാപനം തടയാന്‍ ഉദ്ദേശിച്ചുള്ള, ആളുകളുടെയും ചരക്കുകളുടെയും സഞ്ചാരത്തെ നിയന്ത്രിക്കുന്നതാണ് ക്വാറന്റീന്‍. ഇത് കപ്പല്‍വിലക്ക് എന്നുമറിയപ്പെടുന്നു. സാംക്രമിക രോഗങ്ങളെ നിയന്ത്രിക്കുന്നതിനാണ് ഇത് നടപ്പിലാക്കുന്നത്. മെഡിക്കല്‍ ഐസോലേഷന്റെ പര്യായമായി ഈ പദം പലപ്പോഴും ഉപയോഗിക്കാറുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ പ്രയോഗത്തിലിരുന്ന, നാല്‍പത് ദിവസം എന്ന അർഥമുള്ള ഇറ്റാലിയന്‍ പദമായ ക്വാറന്റ ജിയോര്‍ണിയുടെ വെനീഷ്യന്‍ വകഭേദത്തില്‍ നിന്നാണ് ക്വാറന്റീന്‍ എന്ന വാക്ക് വന്നത്. ബ്ലാക്ക് ഡെത്ത് പകര്‍ച്ചവ്യാധി സമയത്ത് യാത്രക്കാര്‍ക്കും ജോലിക്കാര്‍ക്കും കരയിലേക്ക് പോകുന്നതിന് മുമ്പായി നാല്‍പത് ദിവസം ഒറ്റപ്പെടേണ്ടതായിരുന്നു. അതിര്‍ത്തി നിയന്ത്രണത്തിന്റെ ഭാഗമായും ഒരു രാജ്യത്തിനകത്തും മനുഷ്യര്‍ക്കും വിവിധതരം മൃഗങ്ങള്‍ക്കും ക്വാറന്റീന്‍ അനുഭവിക്കേണ്ടിവരാറുണ്ട്. 

 

ഈ നിയമം, അതായത് നാല്‍പത് ദിവസം സമ്പര്‍ക്ക വിലക്കോടെയുള്ള ജീവിതം ഓഷ്്‌വിറ്റ്‌സിലുമുണ്ടായിരുന്നു. പുരുഷന്‍മാരെ, സ്ത്രീകളെ ക്വാറന്റീനിലാക്കിയ ബ്ലോക്കില്‍നിന്നു രണ്ടു കിലോമീറ്റര്‍ അകലെയുള്ള സ്റ്റമ്മളഗറിലെ ബ്ലോക്കിലാണ് സമ്പര്‍ക്ക വിലക്കു ജീവിതത്തിനായി പാര്‍പ്പിച്ചിരുന്നത്. ഫ്രാങ്ക് കുടുംബത്തിനൊപ്പം ഒളിച്ചു താമസിക്കുകയും അവര്‍ക്കൊപ്പം ഓഷ്‌വിറ്റ്‌സില്‍ എത്തുകയും ചെയ്ത ഹെര്‍മനെ കൈക്കു പരുക്കേറ്റു, ജോലി ചെയ്യാന്‍ പറ്റാത്തയാളെന്ന് പറഞ്ഞ് 1944 ഒക്ടോബര്‍ മൂന്നിന് ഗ്യാസ് ചേംബറില്‍ കരിച്ചു കളഞ്ഞു. 1945 ജനുവരി ആറിന് ആൻ ഫ്രാങ്കിന്റെ അമ്മ എഡിത്ത് ഫ്രാങ്ക് ഓഷ്‌വിറ്റ്‌സ് ബിര്‍ക്കുനൗവിലെ ക്യാംപ് ആശുപത്രിയില്‍ മരിച്ചു. കടുത്ത പനിയുണ്ടായിരുന്നു. ആശുപത്രിയില്‍ ചികില്‍സയുണ്ടായിരുന്നില്ല. ഭക്ഷണം കൊടുത്തിരുന്നില്ല. നിത്യപട്ടിണിയും അതുമൂലമുള്ള കൊടും ക്ഷീണവും രോഗവും എഡിത്ത് ഫ്രാങ്കിനെ ഇല്ലാതാക്കി. ഭര്‍ത്താവില്‍നിന്ന് ഓഷ്‌വിറ്റ്‌സിലെ ആദ്യ ദിനം തന്നെ വേര്‍തിരിക്കപ്പെട്ട അവര്‍ ഒട്ടും വൈകാതെ മക്കളില്‍ നിന്നും അകറ്റപ്പെട്ടു. ഭാര്യയുടെ മരണം ഓട്ടോ ഫ്രാങ്ക് ക്യാംപില്‍ വച്ചുതന്നെ അറിയുന്നുണ്ട്. മക്കളെ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ അപ്പോഴും ആ അച്ഛനുണ്ടായിരുന്നു. എന്നാല്‍ ഒട്ടും വൈകാതെ മക്കളും മരിക്കുന്നു. നാത്‌സി രേഖകള്‍ പ്രകാരം മാര്‍ച്ച് 31 ന് ആൻ ഫ്രാങ്കും ജേഷ്്്ഠത്തി മാര്‍ഗോട്ടും  കഠിനമായ പകര്‍ച്ചപ്പനിയായ ടൈഫസ്  മൂര്‍ച്ഛിച്ചു മരിച്ചു. എന്നാല്‍ അവര്‍ ഇതിനും ഒരു മാസം മുമ്പ് മരിച്ചിരിക്കാമെന്ന് ഈ പുസ്തകത്തിനു വേണ്ടി വിവരങ്ങള്‍ ശേഖരിച്ച ഗവേഷകര്‍ പറയുന്നു. ടൈഫസ് ബാധിക്കുകയും ചികില്‍സ കിട്ടാതാവുകയും ചെയ്താല്‍ രണ്ടാഴ്ച കൊണ്ട് മരണം സംഭവിക്കും.

 

ഇതിനുള്ള സാധ്യതയിലേക്ക് വെളിച്ചം വീശുന്നത് ജനുവരി അവസാനം ആൻ ഫ്രാങ്കിനുണ്ടായ ഒരു കൂടിക്കാഴ്ചയാണ്.  ആംസ്റ്റര്‍ഡാമിലെ തന്റെ കൂട്ടുകാരി ഹന്ന ഗോസ്‌ലറെ ക്യാംപിലെ കമ്പിവേലിയുടെ മറുപുറത്തുനിന്ന് ആന്‍ കാണുന്നു. ഈ കൂടിക്കാഴ്ച നടക്കുന്നത് ബെര്‍ജന്‍-ബെന്‍സലിലെ നാത്‌സിപ്പാളയത്തിലാണ്. ഈ സമയമാകുമ്പോഴേക്കും ആനിനേയും സഹോദരിയേയും ഓഷ്‌വിറ്റ്‌സില്‍നിന്നു ബെര്‍ജന്‍-ബെന്‍സലിലേക്കു മാറ്റിയിരുന്നു. 

ഹന്ന ആനിനെ കാണുകയും ഉച്ചത്തില്‍ വിളിക്കുകയും ചെയ്യുന്നു. കയ്യിലുണ്ടായിരുന്ന ഭക്ഷണപ്പൊതി ഹന്ന തന്റെ കൂട്ടുകാരിക്ക് നല്‍കാനായി കമ്പി വേലിക്കുമുകളിലൂടെ എറിയുന്നു, എന്നാല്‍ മുതിര്‍ന്ന ഒരു സ്ത്രീക്കാണ് പൊതി കിട്ടുന്നത്, അവരത് ആൻ ഫ്രാങ്കിനു കൊടുക്കാന്‍ തയ്യാറായില്ല. അടുത്ത ദിവസം അതേ സ്ഥലത്തു തന്നെ ഹന്ന ഭക്ഷണപ്പൊതിയുമായി എത്തുകയും അത് കൃത്യമായി ആൻ ഫ്രാങ്കിന് എറിഞ്ഞു കൊടുക്കുകയും ചെയ്യുന്നു. ആ ദിവസങ്ങളില്‍ ആൻ ഫ്രാങ്ക് ഒരു പിടി ഭക്ഷണത്തിനായി അലയുകയായിരുന്നു. ജീവനോടെ പുറം ലോകത്തെത്തിയ ഹന്ന പില്‍ക്കാലത്ത് ഈ സന്ദര്‍ഭം അനുസ്മരിച്ചിട്ടുണ്ട്. നടക്കാന്‍ പറ്റാത്ത വിധം തളര്‍ന്നു കുഴഞ്ഞ ആൻ ഫ്രാങ്കിനെയാണ് വേലിക്കപ്പുറത്തു കണ്ടതെന്ന് ഹന്ന പറഞ്ഞിരുന്നു. അതിനര്‍ഥം അവരുടെ കൂടിക്കാഴ്ചയുടെ സമയത്തു തന്നെ ആൻ ഫ്രാങ്ക് ടൈഫസിന്റെ പിടിയിലായിരുന്നുവെന്നാണ്. ഹന്ന 1943 ജൂണില്‍ പിടിക്കപ്പെടുകയും പിന്നീട് ബെര്‍ജന്‍-ബെന്‍സലില്‍ തടവിലാക്കപ്പെടുകയുമായിരുന്നു. താന്‍ നല്‍കിയ ഭക്ഷണം കഴിക്കാനുള്ള ആരോഗ്യം പോലും ആൻ ഫ്രാങ്കിനുണ്ടായിരുന്നില്ലെന്ന് ഹന്ന പറഞ്ഞിട്ടുണ്ട്. ഈ കൂടിക്കാഴ്ചയുടെ സമയം കണക്കിലെടുത്താണ് ആൻ ഫ്രാങ്ക് ഗവേഷകര്‍ നാത്‌സി രേഖകളില്‍ പറയുന്നതിനേക്കാള്‍ ഒരു മാസം മുമ്പ് ആൻ ഫ്രാങ്കും സഹോദരിയും മരിച്ചിരിക്കാമെന്ന് കണക്കുകൂട്ടുന്നത്. അവരുടെ കൂടെയുണ്ടായിരുന്ന, ഹോളോകോസ്റ്റ് സര്‍വൈവര്‍ പിന്നീട് അതിനെക്കുറിച്ച് പറയുന്നത് ‘ഒരു ദിവസം മുതല്‍ അവരെ അവിടെ കാണാതായി’ എന്നാണ്.

 

ഞാന്‍ ഭയത്തിനും പ്രതീക്ഷയ്ക്കുമിടയില്‍ ചാഞ്ചാടുകയായിരുന്നുവെന്ന് ഓട്ടോഫ്രാങ്ക് ഈ ദിവസങ്ങളെക്കുറിച്ച് പറഞ്ഞു. റഷ്യന്‍ ആക്രമണത്തില്‍ നാത്‌സികള്‍ പിന്‍വാങ്ങി. ഓഷ്‌വിറ്റ്്സില്‍നിന്ന് റഷ്യയിലെ ഒഡേസ വഴി അദ്ദേഹം ആംസ്റ്റര്‍ഡാമില്‍ തിരിച്ചെത്തി. മക്കള്‍ രണ്ടു പേരും മടങ്ങിവരും എന്ന പ്രതീക്ഷയില്‍ കഴിയുമ്പോള്‍ കുട്ടികള്‍ക്കൊപ്പം ബെര്‍ജന്‍-ബെന്‍സലില്‍ തടവിലുണ്ടായിരുന്ന ലെയ്ന്‍, ജാനി എന്നീ സഹോദരിമാരെ കാണുകയും അവര്‍ ആനിന്റെയും ജ്യേഷ്ഠത്തിയുടെയും മരണം സ്ഥിരീകരിക്കുമായിരുന്നു. ഓട്ടോ ഫ്രാങ്കിന്റെ കൈത്തണ്ടയില്‍ അപ്പോഴും ഓഷ്‌വിറ്റ്‌സില്‍നിന്നു പച്ചകുത്തിയ ബി-9174 എന്ന നമ്പര്‍ മാഞ്ഞിരുന്നില്ല.

 

ഓഷ്‌വിറ്റ്‌സിലെ ക്വാറന്റീന്‍ ലോകം കണ്ട ഏറ്റവും മനുഷ്യത്വ രഹിതമായ ഒന്നായിരുന്നു. രോഗം പടരാതിരിക്കാന്‍ എന്ന പേരില്‍ നടത്തിയ ആ നടപടി, യൂറോപ്പ് പ്ലേഗിനു ശേഷം നടപ്പാക്കിയ തുറമുഖ വിലക്കിന്റെ തുടര്‍ച്ചയായിരുന്നിരിക്കാം. പക്ഷേ മനുഷ്യരെ ജീവനോടെ ചുട്ടുകൊല്ലുന്ന ഒരു സംവിധാനത്തിലെ മറ്റൊരു മനുഷ്യത്വരഹിതമായ നടപടിയായിരുന്നു അത്. ക്വാറന്റീന്‍ ചരിത്രത്തിലെ ഏറ്റവും ഹിംസാത്മകമായത്.  ആൻ ഫ്രാങ്ക് മരിച്ചത് പകര്‍ച്ചപ്പനിയാലായിരുന്നുവെന്നത് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ക്വാറന്റീന്‍ സന്ദര്‍ഭങ്ങളില്‍ ഒന്നിനെ ഓർമിപ്പിക്കുന്നു. ഫാഷിസം എന്ന രോഗത്തിന്റെ മാരകത ആ ക്വാറന്റീന്‍ ദിനങ്ങള്‍ മുതല്‍ തുടങ്ങുന്നു, മരണക്കുഴിയോളം അതു പിന്തുടരുകയും ചെയ്യുന്നു. ശമനമില്ലാത്ത രോഗമായി ആ ചരിത്ര സന്ദര്‍ഭം പിന്നെയും പല രൂപത്തില്‍ മനുഷ്യരാശിയെ തളരാതെ പിന്തുടര്‍ന്നു. ആൻ ഫ്രാങ്കിന്റെ വിഖ്യാത ഡയറിയുടെ ഓരോ താളും അതു നമ്മെ എപ്പോഴും ഓർമിപ്പിക്കുകയും ചെയ്യുന്നു. ക്വാറന്റീന്‍ മനുഷ്യരാശിയെ രക്ഷിക്കാനുള്ള മനുഷ്യന്റെ തന്നെ കണ്ടുപിടുത്തങ്ങളില്‍ ഒന്നാണ്, ശിക്ഷിക്കാനോ ഹിംസിക്കാനോ ഉള്ളതല്ല. 

 

English Summary: Quarantine in Auschwitz concentration camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com