sections
MORE

സുധാകർ മംഗളോദയവുമായുള്ള സൗഹൃദത്തിന്റെ ഓർമയിൽ ജോയ്സി

illustration
മലയാള മനോരമ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന സുധാകർ മംഗളോദയത്തിന്റെ നോവലുകളുടെ പ്രധാന ആകർഷണമായിരുന്നു മോഹൻ മണിമല വരച്ച ചിത്രങ്ങൾ.
SHARE

കോട്ടയത്തു വച്ച് 1985ലാണ് സുധാകർ മംഗളോദയത്തെ ആദ്യമായി കണ്ടത്. സുമുഖനും ഊർജസ്വലനും സരസനുമായ യുവാവ്. വളരെ വേഗം അടുത്ത സൗഹൃദത്തിലായി. 

സുധാകർ എന്നും രാവിലെ 10 മണിയോടെ കോട്ടയം നഗരത്തിനടുത്തുള്ള ചവിട്ടുവരിയിലെ എന്റെ മുറിയിലെത്തും. സാഹിത്യവും സിനിമയും എല്ലാം സംസാരിച്ച് അവിടെയിരിക്കും. വൈകിട്ട് അഞ്ചായാൽ ചാടിയെണീക്കും.  

വെള്ളൂർക്ക് ബസ് കിട്ടുമോ എന്ന വേവലാതിയോടെ ഓടും. സംസാരത്തിനിടയിൽ വാരികയിൽ കൊടുക്കാൻ കൊണ്ടു വന്ന നോവലിന്റെ കാര്യമൊക്കെ പലപ്പോഴും മറന്നു പോകുമായിരുന്നു. അങ്ങനെ എത്രയോ ദിവസങ്ങൾ. 

ടിവി പരമ്പരകൾക്ക് തിരക്കഥയെഴുതാൻ തുടങ്ങിയതോടെ താമസം എറണാകുളത്തായി. ഞാനും നോവൽ എഴുതാൻ വേണ്ടി അവിടെ ഹോട്ടൽ മുറിയിലുണ്ടാകും. 

രാത്രി 10 മണിയോടെ എഴുത്തു നിർത്തി സുധാകർ എന്റെ ഹോട്ടൽ ‍മുറിയിൽ വരും.  പിന്നെ രാവേറുവോളം ചർച്ചയാണ്. അതിരാവിലെ കുളിച്ച് ക്ഷേത്രത്തിൽ തൊഴാൻ പോകും. 

സുധാകറിന്റെ ഭാര്യ ഉഷയുടെ മരണം ആകസ്മികമായിരുന്നു. ഉഷ മരിച്ച സമയത്ത് ഞാൻ ആ വീട്ടിൽ പോയി കൂടെ താമസിച്ച് ആശ്വസിപ്പിച്ചിരുന്നു. ഇപ്പോൾ ഒരു വാക്കും മിണ്ടാതെ സുധാകറും പോയി. ഞാൻ തനിച്ചായതു പോലെ.. 

മലയാളത്തനിമയുടെ സുഗന്ധവും നന്മയും ആർദ്രതയും പ്രസരിച്ചിരുന്ന തെളിനീരുറവ പോലെയുള്ള ആ ഭാഷയിൽ ഇനിയൊരു കഥ കൂടി പിറക്കുകയില്ലല്ലോ എന്ന ദുഃഖം ബാക്കിയാവുന്നു. 

ജനപ്രിയതയുടെ സ്നേഹാക്ഷരങ്ങൾ

ഒറ്റപ്പാലത്തെ ഡിഗ്രി പഠന കാലത്താണ് എഴുത്തിലെ വള്ളുവനാടൻ ഭാഷ സുധാകർ മംഗളോദയത്തിനു സ്വന്തമായത്. 

സുധാകർ പി. നായർ എന്ന പേരിൽ റേഡിയോ നാടകങ്ങളാണ് ആദ്യമെഴുതിയത്.  പത്മരാജൻ സംവിധാനം ചെയ്ത ‘കരിയിലക്കാറ്റുപോലെ’ സിനിമയുടെ കഥ  സുധാകറിന്റെ ശിശിരത്തിൽ ഒരു പ്രഭാതം എന്ന റേഡിയോ നാടകത്തിൽ നിന്നാണ്.

എഴുത്തിന്റെ ലോകത്ത് തിരക്കു കൂടിയപ്പോൾ ഭാര്യ ജി. ഉഷയുടെ പേരിലും സുധാകർ നോവലെഴുതി. സിനിമയോട് വലിയ കമ്പമായിരുന്നു സുധാകറിന്. പി.ചന്ദ്രകുമാറിന്റെ സഹസംവിധായകനായി കുറച്ചുകാലം മദ്രാസിലും പ്രവർത്തിച്ചിട്ടുണ്ട്.എഴുത്തുപോലെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് സുധാകർ തെളിയിച്ചത് ‘ വാവ ’ എന്ന സീരിയലിലൂടെയാണ്.സുധാകറിന്റെ നോവലുകൾ ജനപ്രിയതയുടെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ കാലത്ത് ആഴ്ചയിൽ അഞ്ചുനോവലുകൾ വരെ എഴുതിയ സമയമുണ്ട്. ഓഫിസുകളിൽ നിന്ന് പുതിയ കഥ തേടി വിളി വരുമ്പോൾ സുധാകർ ഒരു സൂപ്പർ തലക്കെട്ട് കണ്ടെത്തി ആദ്യം നൽകും. തൊട്ടു പിന്നാലെ ആദ്യ ലക്കവും. 

English Summary : Writer Joicy remembering Sudhakar Mangalodayam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;