ADVERTISEMENT

പണി നടക്കുന്ന കെട്ടിടത്തിനു മുകളിൽനിന്നു സൂപ്പർവൈസർ താഴെ നിൽക്കുന്ന പണിക്കാരനെ എന്തോ പറയാൻ വിളിച്ചു. ബഹളത്തിനിടെ അയാൾക്കതു കേൾക്കാൻ കഴിഞ്ഞില്ല. ഒരു കല്ലെടുത്ത് എറിഞ്ഞാലോ എന്നാലോചിച്ചെങ്കിലും വേണ്ടെന്നു വച്ചു. പകരം 50 രൂപയുടെ നോട്ട് താഴേക്കിട്ടു; അയാൾ മുകളിലേക്കു നോക്കുമെന്ന പ്രതീക്ഷയിൽ. നോട്ട് വീണ ഉടൻ ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി അയാളെടുത്തു പോക്കറ്റിലിട്ടു. സൂപ്പർവൈസർ പിന്നീട് 500 രൂപയുടെ നോട്ട് താഴെയിട്ടു. അയാൾ എങ്ങും നോക്കാതെ അതുമെടുത്തു പോക്കറ്റിലാക്കി. ഒടുവിൽ സൂപ്പർവൈസർ കല്ലുതന്നെ എടുത്തെറിഞ്ഞു. കല്ലു ദേഹത്തുകൊണ്ട ഉടൻ വേദനയാൽ അയാൾ മുകളിലേക്കു നോക്കി! 

 

അനുഗ്രഹങ്ങൾ ഉണർത്തുന്ന ഈശ്വരചിന്തയെക്കാൾ തെളിമയും തീക്ഷ്ണതയും, ആപത്തുകൾ സൃഷ്ടിക്കുന്ന ഈശ്വരവിചാരങ്ങൾക്കുണ്ടാകും. നന്മകളുടെയും സന്തോഷാനുഭവങ്ങളുടെയും ഇടയ്ക്ക് ദൈവത്തിന് എവിടെയാണു സ്ഥാനം? പ്രാർഥനകളുടെ ഘടനപോലും അപേക്ഷയും യാചനയുമാണ്. സ്വീകരിച്ച നന്മകൾക്കുള്ള ഉപകാരസ്മരണ പോലും അപൂർവമായി മാത്രമേ, പ്രാർഥനകളുടെ ഭാഗമാകാറുള്ളൂ. ആവശ്യമുള്ളപ്പോഴും ആപത്തു വരുമ്പോഴും മാത്രം പരതി നടക്കുന്ന ഒരു പ്രതിഭാസമായി ഈശ്വരനെ മാറ്റിനിർത്തുന്നവരിൽ ആത്മീയതയുടെ നേരിയ അംശം പോലും ഉണ്ടാകില്ല. 

 

ഹിതകരമല്ലാത്തതു സംഭവിക്കുമ്പോൾ നടത്തുന്ന വീണ്ടുവിചാരവും സ്വയം തിരുത്തലും അനുദിന ജീവിതത്തിന്റെ ഭാഗമായിരുന്നെങ്കിൽ ഒട്ടേറെ കല്ലേറുകൾ ഒഴിവാക്കാമായിരുന്നു. അരുതാത്തത് എന്തു സംഭവിച്ചാലും അപ്പോൾത്തന്നെ തിരിഞ്ഞു നോക്കും – എന്തു സംഭവിച്ചു, എങ്ങനെ സംഭവിച്ചു എന്നറിയാൻ. എന്നാൽ, സൗഭാഗ്യങ്ങൾ വരുമ്പോഴാകട്ടെ, പലരും ആർക്കും പങ്കുവയ്ക്കാതെ, ആരുമറിയാതെ അവ സ്വന്തമാക്കും. എല്ലാ നന്മകളും തന്നിലേക്കു മാത്രം വർഷിക്കപ്പെടണം എന്നു വാശിപിടിക്കുന്നവർ തനിക്കു മാത്രമായി നൽകപ്പെടുന്ന വേദനകളെ ചോദ്യം ചെയ്യും.

 

കാര്യം കാണാൻ വേണ്ടി മാത്രം നിലനിർത്തുന്ന സൗഹൃദങ്ങളുടെ പട്ടികയിലേക്ക് ഈശ്വരനെയും വലിച്ചിടരുത്. വേദന വന്നിട്ടു വേണോ, വിശ്വാസിയാകാനും വിനീതനാകാനും?  

 

English Summary : Subdhadhinam, Motivattional Column, Faith should not be for just getting things done

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com