ADVERTISEMENT

ലിയാ ഷാനവാസ്, ഈ പേര് മലയാളികൾക്കിടയിൽ അത്ര പരിചിതമായിരിക്കാനിടയില്ല. പക്ഷേ മലപ്പുറത്ത് വണ്ടൂരിൽ ചെന്നാൽ ഈ പെൺകുട്ടിയെ പലർക്കും ഇപ്പോൾ അറിയുമായിരിക്കും. കാരണം ആ നാട് ഇപ്പോൾ അറിയപ്പെടുന്നത് കേരളത്തിൽ മാത്രമല്ല അന്താരാഷ്ട്ര പ്രസാധകരുടെ ഇടയിൽക്കൂടിയാണ്. അവിടെ നിന്നാണ് ഒരു പെൺകുട്ടി തന്റെ ആദ്യത്തെ നോവലുമായി വരുന്നതും അത് ഒരു ലക്ഷം രൂപയ്ക്ക് ഒരു പ്രസാധകൻ അച്ചടിക്കാൻ വാങ്ങുന്നതും. 

 

‘‘എനിക്കറിയാം എന്റെയീ പതിനേഴ് വയസ്സ് സ്വപ്നം കാണാനുള്ള പ്രായമാണ് ഇരുപതാമത്തെ വയസ്സിൽ അത് നടക്കാൻ വേണ്ടി പരിശ്രമിക്കുകയും മുപ്പതാമത്തെ വയസിൽ അത് യാഥാർഥ്യമായി തീരുകയും ചെയ്യും’’, ലിയാ സ്വന്തം ജീവിതത്തെക്കുറിച്ച് എന്ത് തെളിച്ചത്തോടെയാണ് സംസാരിക്കുന്നത്! എന്താണ് തന്റെ ജീവിതത്തിൽ നടക്കേണ്ടതെന്ന് കൃത്യമായ ധാരണയുള്ള ഇത്തരം പെൺകുട്ടികളുടെ സ്വപ്നത്തിനു എന്നും തിളക്കം ഏറെയായിരിക്കും. അതെ സ്വപ്നത്തെക്കുറിച്ച് തന്നെയാണ് ലിയാ പുസ്തകമെഴുതിയിരിക്കുന്നതും. കുട്ടിക്കാലത്തും ഓരോ പ്രായത്തിലും മനുഷ്യൻ കാണുന്ന സ്വപ്നങ്ങളൊക്കെയും യാഥാർഥ്യമായെങ്കിൽ എന്ന് സങ്കല്പിക്കാറില്ലേ? അതുപോലെ ഏതൊക്കെയോ സത്യമായി വരുന്നുവെന്ന് വിശ്വസിച്ച ഒരു പെൺകുട്ടിയെക്കുറിച്ചാണ് ‘ഒക്കയേർഡ്’ എന്ന നോവൽ പറയുന്നത്. പരനോയിഡ് ഡെല്യൂഷൻ എന്ന മാനസിക അവസ്ഥയെക്കുറിച്ചാണ് ലിയാ പറയുന്നത്. 

 

ലോക് ഡൗൺ സമയത്താണ് ലിയാ ഷാനവാസ് തന്റെ സങ്കൽപ്പത്തിലെ പെൺകുട്ടിയെക്കുറിച്ചും അവളുടെ സ്വപ്നത്തെക്കുറിച്ചുമൊക്കെ എഴുതിത്തുടങ്ങുന്നത്. ഒരു കഥ പറയുന്ന ആപ്പിൽ അപ്​ലോഡ് ചെയ്ത നോവലിന്റെ ആദ്യ അധ്യായങ്ങൾ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. ലിയയെ തേടി അന്താരാഷ്ട്ര പ്രസാധകരുടെ ഇടയിൽ നിന്നും വിളികളെത്തി. ഹാർപ്പർ കോളിൻസ്, നോഷൻ പ്രസ്സ് തുടങ്ങിയ വൻകിട പ്രസാധകർ തന്നെ ലിയയെ തേടിയെത്തി. എന്നാൽ പ്രസിദ്ധീകരിക്കാൻ അവർ ചെറിയ തുക ആവശ്യപ്പെട്ടു. 

 

‘‘ഞാൻ പണം കൊടുത്ത് പുസ്തകം പുറത്തിറക്കാൻ തയാറായിരുന്നില്ല, അതിനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല,’’ എന്നാണു ലിയാ പറയുന്നത്. അങ്ങനെയാണ് ‘ദ സൺ’ എന്ന അമേരിക്കൻ മാഗസിനിലേയ്ക്ക് നോവൽ നൽകാൻ തീരുമാനിക്കുന്നത്. അവർക്ക് നോവൽ ഇഷ്ടപ്പെടുകയും പ്രസിദ്ധീകരിക്കാനായി തയാറാവുകയും ചെയ്തു. ലിയയുടെ നോവൽ ‘ഒക്കയേർഡ്’ ഇപ്പോൾ ദ സൺ അവരുടെ മാഗസിനിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുകയാണ്, അതിന്റെ പ്രതിഫലമായി ഒരു ലക്ഷം രൂപയും ലിയയ്ക്ക് നൽകാനാണ് അവരുടെ തീരുമാനം. നോവൽ ഉടനെ തന്നെ പുസ്തകമായും ഇറങ്ങും 

 

ഫിയർ, വർക്ക്, ബോയ് ഫ്രണ്ട് ആൻഡ് ഗേൾ ഫ്രണ്ട്, പോവർട്ടി എന്നീ ലേഖനങ്ങളാണ് ലിയാ ആദ്യം സണിന് വേണ്ടി അയച്ചു കൊടുത്തത്. അവർ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടർന്ന് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു അടുത്ത ഘട്ടം. ലിയയുടെ മാതാപിതാക്കൾ വാർത്ത കേട്ടതും അവർ മകളുടെ കഴിവുകളെ അംഗീകരിക്കുകയും എല്ലാ തീരുമാനങ്ങൾക്കും ഒപ്പം നിൽക്കുകയും ചെയ്തു. തുടർന്നാണ് നോവൽ പ്രസിദ്ധീകരിക്കപ്പെടുന്നതും ഒരു ലക്ഷം രൂപ ഓഫർ ലഭിക്കുന്നതും, അതോടെ ലിയാ നാട്ടിൽ താരമായി. ഇപ്പോൾ നാട്ടുകാർ തങ്ങളുടെ കുഞ്ഞു മിടുക്കിയ ആദരിക്കാനുള്ള തിരക്കിലാണ്. ഉറച്ച ശബ്ദത്തോടെ ലിയാ ഇംഗ്ലീഷിൽ തന്റെ സ്വപ്നത്തെക്കുറിച്ച് ഇപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്നു. 

 

English Summary : Liya Shanavas, a 17year old young writer from Wandoor (Malappuram) got her article published in literary American Magazine. She received Rs.1 lakh as remuneration.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com