ADVERTISEMENT

മൂന്നുതരം രാമായണ പാരായണമാണ് ടി.ഡി. രാമകൃഷ്ണന്റെ മനസ്സിൽ തെളിയുന്നത്. രാമകൃഷ്ണന്റെ പതിമൂന്നാം വയസ്സിൽ മരിച്ചുപോയ അമ്മയുടെ രാമായണം വായനയാണ് അതിൽ ആദ്യത്തേത്. അമ്മ വളരെ ഈണത്തിൽ രാമായണം വായിക്കുമായിരുന്നു. അച്ഛന്റെ അമ്മ പതിവായി രാമായണം വായിച്ചിരുന്നത് സന്ധ്യ കഴിഞ്ഞ് പതിഞ്ഞ ശബ്ദത്തിൽ ഈണത്തിന് അധികം പ്രാധാന്യം കൊടുക്കാതെ ആയിരുന്നു. റെയിൽവേയിലെ രാത്രി ജോലി കഴിഞ്ഞ് രാവിലെ രാമകൃഷ്ണൻ വീട്ടിലെത്തുമ്പോൾ കാണുന്നത് ഭാര്യയുടെ അമ്മ തിണ്ണയിലിരുന്നു രാമായണം വായിക്കുന്നതാകും. രണ്ടുവർഷം മുൻപ് ഭാര്യാമാതാവ് മരിച്ചു. ആ രാമായണം വായനയുടെ ഓർമ പോലെ തന്റെ വീടിന്റെ തിണ്ണയോട് ചേർന്നുള്ള ചുമരിൽ ഭാര്യയുടെ അമ്മ തല ചാരിവച്ച് രാമായണം വായിച്ചതിന്റെ അടയാളം ഉണ്ടെന്ന് രാമകൃഷ്ണൻ.

 

രാമകൃഷ്ണന്റെ ‘മാമ ആഫ്രിക്ക’ എന്ന നോവലിൽ പലേടത്തും രാമായണം കടന്നുവരുന്നുണ്ട്. നോവലിലെ താരാവിശ്വനാഥിന്റെ അമ്മ രാമായണം കാണാതെ ചൊല്ലുന്ന സ്ത്രീയാണ്. ആ കഥാപാത്രത്തെ രാമകൃഷ്ണന് സൃഷ്ടിക്കാനായത് നേരത്തെ പറഞ്ഞ രാമായണം വായനയുടെ ഓർമച്ചിത്രം മനസ്സിലുള്ളതിനാലാണ്. നോവലിലെ താര ജനിച്ചുവളർന്നത് ഉഗാണ്ടയിലാണ്. കേരളത്തിൽ നിന്നുപോയി ഉഗാണ്ടയിൽ താമസമാക്കിയ വീട്ടുകാരാണ് താരയുടേതെങ്കിലും കേരളീയ രീതികൾ അവർ പിന്തുടർന്നിരുന്നു. താരയുടെ അച്ഛനെ ഉഗാണ്ടയിലെ മുൻ പ്രസിഡന്റായ ഈദി അമീന്റെ സൈനികർ വധിക്കുന്നു. അതോടെ താരയുടെ അമ്മ മാനസികമായി തകർന്നു. രാമായണത്തിലെ വരികൾ താരയുടെ അമ്മ താരയെ ചൊല്ലിക്കേൾപ്പിക്കുന്ന സന്ദർഭം നോവലിൽ ഉണ്ട്. ബാലിയെ കൊന്ന ശേഷം ശ്രീരാമൻ ബാലിയുടെ ഭാര്യയായ താരയെ ഉപദേശിക്കുന്ന ഭാഗമാണ് അത്. 

 

എന്തിനു ശോകം വൃഥാ തവ കേൾക്ക നീ

ബന്ധമില്ലേതുമതിന്നു മനോഹരേ!

നിന്നുടെ ഭർത്താവ് ദേഹമോ ജീവനോ

ധന്യേ! പരമാർഥമെന്നോടു ചൊല്ലു നീ.... തുടങ്ങിയ വരികൾ. നശിക്കുന്നത് ദേഹം മാത്രം. ദേഹം നശിച്ചാലും ആത്മാവ് നിലനിൽക്കുന്നു എന്ന തത്വമാണ് ശ്രീരാമൻ നൽകുന്ന ഉപദേശത്തിന്റെ സാരം.

 

English Summary: Writer T.D. Ramakrishnan's memoir about Ramayana month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com