ADVERTISEMENT

അധ്യാത്മരാമായണം ഡോ.എം.ലീലാവതിയുടെ ബാല്യത്തിലേക്കു കട‌ന്നുവന്നതു ദൃശ്യാനുഭവമായാണ്. നവരാത്രിക്കാലത്തു പൂജയ്ക്കുവയ്ക്കാൻ പുറത്തെടുക്കുമ്പോഴുള്ള കാഴ്ച. രാമായണ പാരായണം ആ ഗൃഹത്തിലുണ്ടായിരുന്നില്ല. വായിക്കേണ്ടതു മുതിർന്നവരാണ്. മുത്തച്ഛൻ ജോലി സ്ഥലത്തായിരുന്നു. മുത്തശ്ശിക്കാകട്ടെ അക്ഷരജ്ഞാനവുമില്ലായിരുന്നു. പുസ്തകങ്ങൾ വായിക്കാൻ തുടങ്ങിയപ്പോൾ ആദ്യം കണ്ണിൽപ്പെട്ട അച്ചടിപുസ്തകം രാമായണമായിരുന്നു. രാമായണവായനയിൽ കുട്ടിക്കാലത്തു മനസ്സിനെ ഏറ്റവും ഗാഢമായി സ്പർശിച്ചതു വനവാസത്തിനു നിയുക്തനായ രാമൻ അത് അമ്മയോടു പറയുന്ന സന്ദർഭമാണ്. 

അമ്മയോടു യാത്ര പറയുന്നതിന്റെ വ്യഥ രാമന്റെ മുഖത്തു നിഴലിച്ചിട്ടുണ്ടാകാം. അതു കണ്ടു കൗസല്യ ചോദിക്കുന്നു; 

‘എന്തെൻ മകനേ! മുഖാംബുജം വാടുവാൻ

ബന്ധമുണ്ടായതു പാരം വിശക്കയോ?,

വന്നിരുന്നീടൂ ഭൂജിപ്പതിന്നാശുനീ’

മക്കളുടെ മുഖത്തൊരു വാട്ടം കണ്ടാലുടൻ ‘വിശന്നിട്ടാകുമോ’ എന്നാണ് അമ്മമാരുടെ ആദ്യ പ്രതികരണം. അമ്മമനസ്സിന്റെ ആർദ്രത കുട്ടികൾ തൊട്ടറിയുന്നു എന്നതിനാലാകാം ആ വാക്കുകൾ വല്ലാതെ ഉള്ളിൽതട്ടിയത്. രാമന്റെ സാന്ത്വനവാക്കുകൾക്കൊടുവിൽ അനുവാദം കൊടുക്കേണ്ടിവരുമ്പോൾ സകലദൈവങ്ങളെയും വിളിച്ചു കൗസല്യ നടത്തുന്ന പ്രാർഥനയും ആരുടെയും  ഉള്ളിൽ കൊള്ളുന്നതാണ്.

‘എന്മകനാശു നടക്കുന്ന നേരവും 

കല്മഷം തീർന്നിരുന്നീടുന്ന നേരവും 

തന്മതികെട്ടുറങ്ങീടുന്ന നേരവും 

സമ്മോദമാർന്നു രക്ഷിച്ചീടുവിൻ നിങ്ങൾ’

മക്കൾക്ക് ആപത്തു വരുമെന്ന ഭീതിയുണരുമ്പോൾ ‘ദൈവമേ! കാക്കണേ’ എന്നു പ്രാർഥിക്കാത്ത അമ്മമാരുണ്ടാകുമോ? 

ഭൗതികവാദവും യുക്തിവാദവുമൊക്കെ നല്ലകാലത്തു ശക്തികളായിരിക്കുമെങ്കിലും മക്കൾക്കു കഠിനരോഗങ്ങളോ ആപത്തുകളോ വരുമ്പോൾ അമ്മമനസ്സിന്റെ ആ കെട്ടുകളെല്ലാം പൊട്ടുമെന്നാണു ഡോ.ലീലാവതിയുടെ വിശ്വാസം, അനുഭവവും. 

English Summary: Writer M. Leelavathy's memoir about Ramayana month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com