ADVERTISEMENT

അച്ഛൻ കവിതയായി ഇപ്പോഴും പെയ്യുന്ന ഒരു മകനെക്കുറിച്ചാണ്. തിമിർത്തുപെയ്യുന്ന ഇതുപോലൊരു കർക്കടകത്തിൽ, മലയാളത്തിലെ ഏറ്റവും മികച്ച ആ അച്ഛൻകവിതയെഴുതിയ രാവുണ്ണിയെക്കുറിച്ച്. 

 

വർഷങ്ങൾക്കു മുന്നിലെ കഥയാണ്; കവിതയുമാണ്. 

അന്നത്തെ ആ കർക്കടകം പെയ്യുന്നത് തൃശൂരിൽ എറവിലെ വീടിന്റെ പൂമുഖത്തിരുന്ന് രാവുണ്ണി കണ്ടു. ദൂരെ പാടങ്ങളുടെ വിശാലതയിലും പറമ്പിന്റെ പച്ചപ്പിലും ഒാർമയുടെ ഈറൻവഴികളിലും മഴ മാത്രം. മഴഞരമ്പുകൾക്കിടയിലൂടെ, പാടവരമ്പിലൂടെ നടന്നുവരുന്ന ഒരു വൃദ്ധനെ രാവുണ്ണി മാത്രം കണ്ടു. മഴയേയും വെയിലിനേയും ജീവിതത്തിന്റെ ഘടികാരസൂചികകളിലാക്കിയ അച്ഛൻ. ഋതുഭേദങ്ങളെ ഹൃദയത്തോളം പ്രണയിച്ച ആ നാടൻ കർഷകൻ പാടമൊഴിഞ്ഞിട്ട് അന്നു മാസങ്ങളേ ആയിട്ടുള്ളൂ. 

 

അച്ഛൻ കാണാത്ത ആദ്യത്തെ മഴയിലിരുന്ന് രാവുണ്ണി അച്ഛനെക്കുറിച്ചോർത്തു. 

മരണം അവശേഷിപ്പിച്ച മഴവരമ്പിലൂടെ അച്ഛനെ തേടിപ്പോകാൻ തോന്നുന്നു. 

മനസ്സിൽ ഒരുവരിക്കവിത നിവരുകയായി: 

– ഇതു നീയില്ലാത്തതാമാദ്യത്തെ മഴക്കാലം. 

 

കവിത സ്നേഹത്തിന്റെ ഒരു താമരനൂൽപാലം തീർത്ത്, അങ്ങേക്കരയിൽ എവിടെയോ ഉള്ള ഒരച്ഛനെയും ഇങ്ങേക്കരയിൽ വീടിന്റെ ഉമ്മറത്തിരുന്ന് ആദ്യത്തെ അച്ഛനില്ലാമഴ കാണുന്ന മകനെയും തൊട്ടു: 

കവിത നീളുകയായി: 

 

ആദ്യത്തെ ശരത്ക്കാലമാദ്യത്തെത്തിരുവോണം 

ഒന്നുമറിയാത്തപോൽ പതിവു തെറ്റാതെത്തി 

മിന്നിമായുന്നു ഋതുഭേദത്തിൽ പ്രസാദങ്ങൾ 

രാമായണത്തോണിയിൽ കർക്കടകം കടക്കുവാൻ 

ഞാനെന്റെ മൂവന്തികൾ ചന്ദനം പുകയ്ക്കുമ്പോൾ 

ഏതു തോണിയിൽക്കേറിയെങ്ങുപോയ് നീയെന്നോരാ– 

തുദ്വിഗ്നൻ ഞാനന്തിയിലന്തിച്ചു നിൽപാണല്ലോ .. 

 

ഒറ്റ വീർപ്പിനു കവിതയെഴുതിത്തീർത്തു. അച്ഛന്റേതെല്ലാം, നോവും മുൾക്കിരീടവും  സങ്കടവുമെല്ലാം, മകൻ ഏറ്റെടുക്കുന്നിടത്ത് അവസാനിപ്പിച്ച ആ കവിതയ്ക്കു രാവുണ്ണി ‘സ്ഥാനാരോഹണം’ എന്നു പേരിട്ടു.. 

കവിതയുടെ തലക്കെട്ടിനു താഴെ സമർപ്പണവും: അച്ഛന്. 

 

എറവിൽ പട്ടിയിൽവീട്ടിലെ രാമൻ നായർ ഭൂമിയിൽ ഏറ്റവുമധികം സ്നേഹിച്ചത് തന്നെയായിരുന്നുവെന്ന് രാവുണ്ണി വിശ്വസിച്ചു. കവിതയിലും ജീവിതത്തിലും തന്റെ വൃക്ഷം അച്ഛനായിരുന്നുവെന്ന് വിശ്വസിച്ചു. 

 

അമല കാൻസർ ആശുപത്രിയിലെ ദിവസങ്ങൾ. ആർസിസിയിലെ റേഡിയേഷൻ. മനുഷ്യസാധ്യമായ എല്ലാം ചെയ്യുകയായിരുന്നു രാവുണ്ണി. ഒരു അത്ഭുതം ചിലപ്പോൾ സംഭവിച്ചാലോ? ഡോക്ടർ  ചോദിച്ചു: ബീഡി വലിക്കുമോ? വലിക്കുമെന്നു പറഞ്ഞു അച്ഛൻ. മദ്യപിക്കും. പക്ഷേ, ഇനിയില്ല. സത്യം. എന്നിട്ടും, ഒടുക്കം ആർസിസിയിലെ മുറിയിലിരുന്ന് മകനോട് ഒരു ബീഡി ചോദിച്ചു. അവസാനത്തെ ബീഡിയും അവസാനത്തെ കവിൾ മദ്യവും ആശിക്കുകയായിരുന്നു അച്ഛൻ. 

 

തിരുവനന്തപുരത്ത് റേഡിയേഷൻ ദിനങ്ങളിലെ നരകവേദനയിൽ, വായും തൊണ്ടയും പഴുത്ത് മരുന്നും ഭക്ഷണവും കഴിക്കാൻ വിഷമിക്കുമ്പോഴും അച്ഛൻ രാവുണ്ണിയോടു പറഞ്ഞു: 

– നീ ഒാട്ടലീ പോയ് ഉണ്ടോ, നല്ല എറച്ചീം മീനും കൂട്ടി.. 

 

ഒാർമകളിൽ അച്ഛൻ ഇപ്പോഴുമുണ്ട്. അസുഖമൂർധന്യനാളുകളിലൊന്നിൽ, വിശപ്പോടെ അടുക്കളയിലേക്കോടി, വാതിൽക്കൽനിന്ന്, ചോറും കറികളും വച്ച പാത്രങ്ങൾ നോക്കി നെഞ്ചത്ത് ആ‍ഞ്ഞടിച്ചു കുഴഞ്ഞുവീഴുന്ന അച്ഛൻ. 

 

മകന് ഒാർക്കാതെവയ്യ: ഈശ്വരാ, ആ നെഞ്ചത്തടിയുടെ ശബ്ദം കഴുകിക്കളയാൻ എത്ര മഴക്കാലത്തിന്റെ കണ്ണീരു വേണം! 

ഇരുപതിലേറെ വർഷം മുൻപ്. 

മലയാള മനോരമയിൽ എന്റെ തൃശൂർക്കാലം. 

അടുത്ത സുഹൃത്തായിരുന്നു അന്ന് രാവുണ്ണി. 

തേക്കിൻകാട് മൈതാനത്തിരുന്ന്, ഒരു മൂവന്തിയിൽ അച്ഛൻകഥ എന്നോടു പറഞ്ഞശേഷം രാവുണ്ണി ചോദിച്ചു. 

– നാൽപതു വർഷംമുമ്പ് അച്ഛൻ എങ്ങനെയായിരിക്കുമെന്ന് അറിയാമോ? 

എന്നിട്ട്, അഭിമാനത്തോടെ, ആഹ്ളാദത്തോടെ തന്നെത്തന്നെ ചൂണ്ടിക്കാണിച്ചു പറഞ്ഞു: 

– ഇതാ, ഇതുപോലെ..!   

 

English Summary: Ravunni's poem on in rememberance of his father; Harikrishnan writes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com