ADVERTISEMENT

വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാലോകത്തെ പ്രധാന ദിവ്യന്മാരിലൊരാളായ എട്ടുകാലി മമ്മൂഞ്ഞ് മലയാളിയുടെ ലോക വീക്ഷണത്തിന്റെ ഒരു കോണിൽ എപ്പോഴുമുണ്ട്.

‘‘അതു ഞമ്മളാ’’ എന്ന മമ്മൂഞ്ഞിന്റെ അവകാശവാദം നമ്മളെ വിട്ടുപോകുന്നില്ല. വിദ്യാഭ്യാസ മിടുക്കായാലും ആരോഗ്യ നടത്തിപ്പായാലും വ്യവസായ കാലാവസ്ഥയായാലും ഞമ്മളാ മുന്നിൽ എന്നു പറയാൻ നമുക്കൊരിക്കലും മടിയില്ല. സദാസമയവും കേരള മാതൃക, കേരള മാതൃക എന്നു പറഞ്ഞ് തന്നത്താൻ കയ്യടിക്കുന്ന പുതിയകാല മമ്മൂഞ്ഞിസം ഒരു രോഗമാണെന്നു ബന്ധപ്പെട്ടവർ സമ്മതിക്കില്ല. എന്നാൽ, ഇപ്പോഴിതാ പ്രഗല്ഭനായ ഒരു ഡോക്ടർ തന്നെ ഇതേ രോഗനിർണയം നടത്തിയിരിക്കുന്നു. മലയാളിയുടെ മമ്മൂഞ്ഞ് സിൻഡ്രത്തെപ്പറ്റി കഴിഞ്ഞയാഴ്ച സമൂഹമാധ്യമത്തിൽ കുറിച്ചത് ഡോ. ബി.ഇക്ബാലാണ്. 

‘കേരളത്തിൽ ആരെന്തു ചെയ്താലും ലോകത്തിന്, അല്ലെങ്കിൽ രാജ്യത്തിന്, ഇതാ കേരള മാതൃക, കേരള മാതൃക എന്നു പറഞ്ഞ് ഉദ്ഘോഷിക്കുന്നതും ആഘോഷിക്കുന്നതും സ്വയം പുകഴ്ത്തുന്നതും ഒരു പകർച്ചവ്യാധിപോലെ പടർന്നുപിടിച്ചിട്ടുണ്ട്’ എന്നാണ് അദ്ദേഹം കുറിച്ചത്. കേരള മാതൃക, മാതൃക എന്നു പറഞ്ഞു നിലവിളിക്കുമ്പോൾ ആ ‘തൃ’വിൽനിന്നു തീർച്ചയായും ഉമിനീർ തെറിക്കും. അതുതന്നെയാണ് കോവിഡ് ഭാഷയിലെ സ്രവം.  ഈ ‘തൃ’ കേട്ടു സഹികെട്ട്, കേരളത്തെപ്പറ്റി ഒരുപാടു നല്ല കാര്യങ്ങൾ പറഞ്ഞിട്ടുള്ള നൊബേൽ ജേതാവ് അമർത്യ സെൻ ഉപദേശിച്ചത്രെ: ദയവായി ഈ മാതൃകപ്രഖ്യാപനം നിർത്തുക; കേരളാനുഭവം എന്നോ മറ്റോ പറഞ്ഞ് വിനീതരാവുക. കോവിഡ് വിദഗ്ധസമിതിയുൾപ്പെടെ പല നയരൂപവൽക്കരണ പ്രസ്ഥാനങ്ങളിലും അംഗമായ ഇക്ബാൽ ഡോക്ടർജി പറയുന്നത് കോവിഡ്കാല പ്രോട്ടോക്കോളിൽത്തന്നെ ചേർക്കേണ്ടതാണെന്നാണ് അപ്പുക്കുട്ടന്റെ പക്ഷം. 

ആണ്ടി വല്യ അടിക്കാരനാണെന്ന് ആണ്ടിതന്നെ പറയുന്നതു കേൾക്കാൻ ആണ്ടിക്കല്ലാതെ മറ്റാർക്കും ഒരു സുഖവുമില്ലല്ലോ. കേരളത്തിന്റെ ശതമാനമാണ് ഏറ്റവും വലിയ ശതമാനം, നമ്മുടെ വികസനമാണ് കൊടികെട്ടിയ വികസനം, നമ്മുടെ മനസ്സിലുള്ളതാണ് സാക്ഷാൽ മനോമോഹനം, നമ്മുടെ റോഡിൽ മലർ‌‍ന്നു കിടക്കുന്നതാണ് രാജ്യാന്തര നിലവാരം എന്നൊക്കെ വീമ്പിളക്കുന്നതിൽ അൽപത്തമുണ്ട്. അൽപത്തം ഒരു ഞരമ്പുരോഗമാണെന്ന് ന്യൂറോ സർജനായ ഡോ.ഇക്ബാൽ പറഞ്ഞുവച്ചിരിക്കുന്നു. വിനയവും എളിമയും യാഥാർഥ്യബോധവും ഇതരസമൂഹ ബഹുമാനവും ഈ രോഗത്തിനു മരുന്നായി ഇക്ബാൽജി സമൂഹമാധ്യമത്തിൽ കുറിക്കുകയും ചെയ്തു. ഈവക മരുന്നുകൾ ഇവിടെ ലഭ്യമല്ലെന്നുണ്ടോ?

English Summary : Kerala Model : Tharangangalil Column by Panachi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com