ADVERTISEMENT

ഒരു യുദ്ധവും ആർക്കും ജയിക്കാനാകില്ല. ആരാണു യുദ്ധത്തിൽ ജയിച്ചുവെന്ന് അവകാശപ്പെടുന്നത്; എങ്ങനെയാണ് ഒരാൾ യുദ്ധം ജയിക്കുന്നത്; കൂടുതൽ നാശനഷ്ടം വരുത്തുകയും കൂടുതൽ പേരെ കൊല്ലുകയും ചെയ്തവർ നടത്തുന്ന മൂഢമായ അവകാശവാദമല്ലേ തങ്ങൾ യുദ്ധം ജയിച്ചു എന്നത്? കീഴടക്കലും പരാജയപ്പെടുത്തലും വിനോദമായി കൊണ്ടുനടക്കുന്ന ആളുകളുണ്ടാകും. കലഹങ്ങൾക്കിടയിൽ വരുത്തിയ തീരാനഷ്ടങ്ങളുടെ പേരിൽ അഭിമാനിക്കുന്നവർ ജയിക്കാനായി ജനിച്ചവരല്ല, തകർക്കാനായി ജനിച്ചവരാണ്.

എതിരെ വരുന്നവരെല്ലാം എതിരാളികളോ പോരടിക്കുന്നവരോ അല്ല. ചിലരെങ്കിലും വഴിനടത്തുന്നവരും വഴിമാറാൻ പ്രേരിപ്പിക്കുന്നവരും ആകും. എതിരെ നിൽക്കുന്നവരോടു പുലർത്താൻ കഴിയുന്ന ബഹുമാനവും ആദരവും അഹംബോധത്തിൽ തട്ടി നശിപ്പിക്കേണ്ടതില്ല. വേലിക്കെട്ടുകളും മതിലുകളും ചില മുന്നറിയിപ്പുകൾ കൂടിയാകാം – എവിടെ നിൽക്കണമെന്നും എങ്ങോട്ടു വഴിമാറണമെന്നുമുള്ള കൃത്യമായ ഓർമപ്പെടുത്തലുകൾ.

പരിചിതവും അപരിചിതവും പ്രതീക്ഷിതവും അപ്രതീക്ഷിതവുമായ ഒട്ടേറെ സംഭവങ്ങളും ആളുകളും ഓരോ യാത്രയിലും പ്രത്യക്ഷപ്പെടും. പരിചയിച്ചവയോടും പ്രതീക്ഷിച്ചവയോടും എങ്ങനെ പെരുമാറണമെന്ന് എല്ലാവർക്കും നന്നായറിയാം. അപ്രതീക്ഷിതവും അപരിചിതവുമായവയോടു കാണിക്കുന്ന പക്വമായ പ്രതികരണമാണ് ഓരോ യാത്രയുടെയും യാത്രക്കാരന്റെയും ഗുണനിലവാരം അളക്കുന്നത്.

ഓരോ മത്സരത്തിലും പങ്കെടുക്കുന്നതിനു മുൻപ് ഒരു ചോദ്യം സ്വയം ചോദിക്കുന്നതു നല്ലതാണ് – ഈ മത്സരത്തിൽ വിജയിച്ചാൽ എന്തു കിട്ടും? താൽക്കാലിക മനഃസുഖത്തിനുവേണ്ടി മാത്രം ജയിച്ച പല മത്സരങ്ങളുടെയും ബാക്കിപത്രം തകർച്ചയും നാശവുമായിരിക്കും. ജയിച്ചിട്ടും ഒരു പ്രയോജനവുമില്ലാത്ത മത്സരങ്ങളിൽ പങ്കെടുക്കുന്നതിനെക്കാൾ നല്ലത് സ്വയം തോറ്റുകൊടുക്കുന്നതാണ്.

English Summary : Subhadhinam : What is the goal of competition?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com