ഭൂമിയിലെ ഏറ്റവും സന്തോഷവാനായ മനുഷ്യന് പറയാനുള്ളത്!

Eddie Jaku
SHARE

ജീവിതത്തിലെ നല്ല അനുഭവങ്ങളോടു കടപ്പാടുണ്ടായിരിക്കുക എന്നത് സാധാരണം. എന്നാൽ മോശം അനുഭവങ്ങളോടു കടപ്പാട് രേഖപ്പെടുത്തുന്നത് അപൂർവം. എഡ്‌ഡി ജാക്കു എന്ന നൂറു വയസ്സുകാരൻ അക്ഷരങ്ങളിൽ കടപ്പാട് രേഖപ്പെടുത്തിയത് കടന്നുപോയ വിവരാണാതീതമായ ദുരിതങ്ങളോട്. അതു കഥയെ വെല്ലുന്ന ജീവിതമാണ്. അക്ഷരങ്ങളിൽ ഉയിർത്തെണീറ്റ ഇഛാശക്തിയുടെ വിജയവും. 

ഒരു നവംബർ വൈകുന്നേരം. ബോർഡിങ് ഹോം വിട്ടുവന്ന എഡ്‌ഡി കാണുന്നത് ഒഴിഞ്ഞ വീട്. നേരം വെളുക്കുമ്പോൾ നാസിപ്പടയുടെ പിടിയിൽ. സങ്കൽപങ്ങൾക്കതീതമായ ഭീകരത. ബുഹെൻവാൾഡിലെയും ഓഷ്വിട്സിലെയും കോൺസെൻട്രേഷൻ ക്യാംപുകളിൽ പീഡനങ്ങളുടെ നീണ്ട രാത്രികൾ. കരഞ്ഞു വറ്റിയ മുഖങ്ങൾക്കും കണക്കില്ലാത്ത മരണങ്ങൾക്കുമിടയിൽ നരകതുല്യമായ ഏഴു വർഷം. രക്ഷപ്പെടൽ ശ്രമങ്ങൾക്കൊടുവിൽ ഏറെനാൾ ബെൽജിയത്തിലെ ഒളിത്താവളത്തിൽ. അറസ്റ്റു ചെയ്യപ്പെട്ട് വീണ്ടും നാസി ക്യാംപിൽ.  ഭീതിദമായ ദുരന്തമുഖത്ത് മാതാപിതാക്കൾ മരണത്തിനു കീഴടങ്ങി. രണ്ടു വർഷത്തിനു ശേഷം നടന്ന ഡെത്ത് മാർച്ചിൽ നിന്ന് എഡ്‌ഡി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കൂട്ടിനാരുമില്ലാതെ ഏറെ നാൾ കാട്ടിൽ, ഒറ്റയ്ക്ക്. പിന്നീട് സഖ്യസേനകളുടെ സഹായത്തിൽ പുറം ലോകത്തേയ്ക്ക്. ശേഷം ഓസ്ട്രേലിയയിലേക്ക് കുടിയേറ്റം.

ചേർത്തു വയ്ക്കാനാരുമില്ല. മാതാപിതാക്കൾ, സഹോദരി, സുഹൃത്തുക്കൾ..ആരും. നഷ്ടങ്ങളുടെ ഏകാന്തതയിൽനിന്ന് പുതിയൊരു കൈ പിടിച്ചു. വിവാഹം. രണ്ടു തലമുറയുടെ വളർച്ചയിൽ പങ്കാളിയാകുന്നതിലേക്കാണ് അതു നയിച്ചത്. മൂന്നു ദശാബ്ദമായി സിഡ്‌നിയിലെ  സന്നദ്ധപ്രവർത്തനങ്ങളിൽ മുന്നിലുള്ള എഡ്‌ഡിക്ക് അനുഭവങ്ങളുടെ കനൽച്ചൂളയിൽ പ്രായം നൂറു തികയുന്നു. പ്രായമേൽപ്പിക്കുന്ന ചുളിവുകൾ മുഖത്തു കണ്ടേക്കാമെങ്കിലും കരുത്തായി ഒരു നൂറ്റാണ്ടിന്റെ ജീവിതാനുഭവങ്ങളുണ്ട് ; വ്രതം പോലെ സൂക്ഷിക്കുന്ന നിറകൺ‌ചിരിയും.

എഡ്‌ഡിയുടെ സന്തോഷത്തിന്റെ കഥ പുസ്തകമാകുകയാണ്. ‘ദ് ഹാപ്പിയെസ്‌റ്റ് മാൻ ഓൺ എർത്ത്’ എന്ന പേരിൽ. രണ്ടാം ലോകമഹായുദ്ധത്തെ അതിജീവിച്ച എഡ്‌ഡി ജാക്കു എന്ന നൂറു വയസ്സുകാരന്റെ കഥ  ഭൂമിയിലെ ഏറ്റവും സന്തുഷ്ടനായ മനുഷ്യന്റെ  കഥ കൂടിയാണ്. 

പുസ്തകത്തിലൂടെ എഡ്‌ഡി പറയുന്നത് ലളിതം. ഓരോ ദിവസവും സന്തുഷ്ടരായിരിക്കുക. നല്ലതും മോശവുമായ  നിമിഷങ്ങളോട് കടപ്പാട് സൂക്ഷിക്കുക. ജീവിതത്തിന്റെ സന്തോഷവും സൗന്ദര്യവും ഒരു തെരഞ്ഞെടുപ്പാണ്, ഓരോ ശ്വാസവും സമ്മാനവും.

English Summary : The Happiest Man on Earth book written by Eddie Jaku 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;