ADVERTISEMENT

‘‘ഒരു രാത്രിയില്‍ എനിക്കൊരു ഫോണ്‍ കോള്‍ കിട്ടുന്നു, ബഷീറിന്‌ വീണ്ടും സുഖമില്ല. ആളുകള്‍ വീടിനു ചുറ്റും നില്‍ക്കുന്നുണ്ട്. ബഷീർ കഠാരയെടുത്ത്‌ അവരെ വിരട്ടിയോടിക്കുന്നു, അടുത്തേക്ക്‌ ആര്‍ക്കും അടുക്കാന്‍ വയ്യ. ഞാന്‍ പട്ടത്തുവിള കരുണാകരനെ വിവരമറിയിച്ചു. ഞങ്ങളൊക്കെ ബാലേട്ടനെന്നു വിളിക്കുന്ന പുതുക്കുടി ബാലകൃഷ്‌ണനെയും വിളിച്ചു. കരുണാകരന്റെ കാറില്‍ ബേപ്പൂരില്‍ എത്തിയപ്പോൾ ഇടവഴിയിലും വേലിക്കു പുറത്തുമായി ജനം. ഗ്രാമീണ ധീരന്മാര്‍ കൈത്തണ്ടക്ക്‌ ഇരുമ്പുവടിക്കൊണ്ടടിച്ച്‌ കത്തി തെറിപ്പിച്ച്‌ പിടിച്ചു കെട്ടേണ്ട വിധം വേലിക്കടുത്ത്‌ നിന്ന്‌ ആസൂത്രണം ചെയ്യുന്നു.

 

‘അടുത്തു പോകേണ്ട. എന്തും സംഭവിക്കും'’ ആരെക്കെയോ ഞങ്ങളെ വിലക്കി. ‘ഒന്നും സംഭവിക്കാത്തത്‌ പോലെ നമുക്ക്‌ കയറാം’ കരുണാകരന്‍ പറഞ്ഞു. ഞങ്ങള്‍ മൂന്നു പേരും ശാരീരികമായി വളരെ ദുര്‍ബലരാണ്‌. പക്ഷേ, ഭയമുണ്ടായിരുന്നില്ല. മഴുത്താഴയും മുളവടിയും തേടുകയും തന്ത്രങ്ങളാലോചിക്കുകയും ചെയ്യുന്ന സ്ഥലത്തെ പ്രാധാന ധീരന്മാര്‍ക്ക്‌ ഈ മനുഷ്യനെ വിട്ടു കൊടുത്താല്‍ എന്തും സംഭവിക്കും! ഞങ്ങള്‍ നെഞ്ചിടിപ്പോടെ, പക്ഷേ, ഒരുതരം ധാര്‍മിക ശക്തിയുടെ പിന്തുണയോടെ, വളരെ അടുത്തു ചെന്നു.

 

ഞാന്‍ എന്നും ചെയ്യാറുള്ള പോലെ ശകാരസ്വരത്തില്‍ ചോദിച്ചു, ‘എന്താ ഈ കാട്ടുന്നത്‌ ? പാതിരയ്‌ക്ക്‌ മനുഷ്യനെ പേടിപ്പിക്കാനാണോ ഈ കത്തിയും കഠാരയുമായി നില്‍ക്കുന്നത്‌?’ അപ്പോൾ പുനലൂര്‍ രാജന്‍ മാത്രമാണ്‌ ആ വീട്ടിലുള്ളത്‌. അടുക്കാതെ തടത്തില്‍ നില്‍ക്കുകയാണ്‌ അസ്വസ്ഥനായ രാജന്‍.

 

ബഷീർ ഞങ്ങളെ തിരിച്ചറിഞ്ഞു, ഓരോരുത്തരെയായി പേരുവിളിച്ചു. പിന്നെ പറഞ്ഞു, ‘അവന്‍ പല രൂപത്തിലും വരും !’ താളം തെറ്റിയ മനസ്സാണ്‌ പറയുന്നത്‌. ഞങ്ങള്‍ ചുറ്റുമായി ഇരുന്നു, ബഷീറും ഇരുന്നു.

‘ദാഹിക്കുന്നു’ എന്ന് പറഞ്ഞപ്പോൾ രാജന്‍ ഇളനീര്‍ കൊണ്ടു വരാന്‍ ഇരുട്ടില്‍ മറഞ്ഞു.

അപ്പോള്‍ അസ്വസ്ഥമാക്കുന്ന മറ്റൊരു പ്രസ്‌താവന ബഷീറിൽ നിന്ന് വന്നു, ‘ചിലപ്പോള്‍ അവന്‍ പുനലൂര്‍ രാജന്റെ രൂപത്തിലും വരും !’ എന്ന്.

 

എന്റെ ശ്രദ്ധ മുഴുവന്‍ ആ വലിയ കഠാരയിലായിരുന്നു. ഒരു നിമിഷം അതു സൂത്രത്തില്‍ തട്ടിയെടുക്കണമെന്നുള്ള മോഹത്തില്‍ കൈനീട്ടിയപ്പോള്‍ കത്തി വായുവില്‍ ഉയര്‍ന്നു താണു. പൊടുന്നനെ കൈ പിന്‍വലിച്ച ഞാന്‍ അരിശവും രോഷവും ദുഃഖവും കലര്‍ന്ന്‌ ചോദിച്ചു: ‘എന്താ ഈ ചെയ്‌തത്‌ ? ഇത്‌ ഞാനല്ലേ, വാസുവല്ലേ ?’

എന്നെ നോക്കി കുറെ നേരം അനങ്ങാതിരുന്ന ശേഷം ബഷീർ പറഞ്ഞു: ‘വാസു എന്നെ തൊടരുത്‌. ചിലപ്പോള്‍ ഞാനെന്തെങ്കിലും ചെയ്‌തു പോകും. അവന്‍ പല രൂപത്തിലും വരും.’

 

എം.ടി ബഷീറിനെക്കുറിച്ചെഴുതിയ ഓർമ്മക്കുറിപ്പാണ്, ഇടയ്ക്ക് ഞാനിതൊക്കെ ഇരുന്ന് വായിക്കും. അവന്‍ പല രൂപത്തിലും വരും എന്ന താക്കീതോർത്ത് ചിരിക്കും.

 

രാജന്‍ ബഷീറിന്റെ പടമെടുത്തത്രയും തവണ ഒരു ഫോട്ടോഗ്രാഫറും ആരെയും പകർത്തിയിട്ടുണ്ടാവില്ല. രാജൻ ഫോട്ടോ എടുത്തെടുത്താണ് എന്റെ മുഖം തേഞ്ഞുപോയത് എന്ന് ബഷീർ എപ്പോഴും പറയുമായിരുന്നു.

 

ബഷീറിന്റെ അവസാനത്തെ പടം പകർത്തിയത് പക്ഷേ രാജനല്ല. റസാഖ് കോട്ടക്കല്‍ പകർത്തിയ ആ പടത്തെക്കുറിച്ച് മാങ്ങാട് രത്നാകരൻ ഒരിക്കൽ പറഞ്ഞിരുന്നു. അതിങ്ങനെയാണ്, ‘ഒരിക്കല്‍ മാത്രം രാജന്‍ ബഷീറിനെ കണ്ടിട്ടും നോക്കിയില്ല. എന്നുവെച്ചാല്‍ ക്യാമറയിലൂടെ നോക്കിയില്ല. ബഷീറിന്റെ നിശ്ചലശരീരമായിരുന്നു അന്ന് മുന്നിലുണ്ടായിരുന്നത്. അന്ന് ക്യാമറയിലൂടെ ബഷീറിനെ നോക്കിയത് രാജന്റെ പിന്നാലെ വന്ന മറ്റൊരു വലിയ ഫോട്ടോഗ്രാഫറായിരുന്നു. ആ ഫോട്ടോഗ്രാഫറുടെ പേര്: റസാഖ് കോട്ടക്കല്‍.’

 

‘ചിലപ്പോള്‍ അവന്‍ പുനലൂര്‍ രാജന്റെ രൂപത്തിലും വരും !’ എന്ന് ബഷീർ പറഞ്ഞതിന്റെ പൊരുളെന്താണെന്ന് എപ്പോഴും ഞാനാലോചിക്കും. രാജനെടുത്ത എം.ടി. ചിത്രങ്ങളുടെ ആൽബത്തിൽ എം.ടി.വാസുദേവന്‍ നായര്‍ അതിന്റെ ഉത്തരം കുറിച്ചിട്ടുണ്ട്. രാജനെക്കുറിച്ച് എഴുതപ്പെട്ട ഏറ്റവും സൂക്ഷ്മമായതും കൃത്യമായതുമായ നിരീക്ഷണം അതാണ്. എം.ടി എഴുതുന്നു, ‘ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്യാമറയും കൊടുത്ത് ദൈവം അനുഗ്രഹിച്ച് ഭൂമിയിലേക്ക് അയച്ച ഒരു ചാരനുണ്ട്, പേര് പുനലൂര്‍ രാജന്‍.’ എന്ന്.

 

പടങ്ങളിലൂടെ എം.ടിയെ വായിക്കാവുന്ന രാജന്റെ ഒരു പുസ്തകമുണ്ട്, എം.ടിയുടെ കാലം. അതിൽ എം.ടിയുടെ പടമെടുത്തതിനെ രാജൻ ഓർക്കുന്നുണ്ട്, ‘ബഷീറിനെ പിന്തുടര്‍ന്നതുപോലെ എം.ടിയെ പിന്തുടരാ‌ന്‍ കഴിഞ്ഞില്ല. ഞാനെടുത്ത ബഷീര്‍ പടങ്ങള്‍ക്ക് കണക്കില്ല. എംടിയുടെ പടങ്ങള്‍ക്ക് കണക്കുണ്ട്. വാക്കുകള്‍ അളന്നുതൂക്കി ഉപയോഗിക്കുന്ന എംടിയുടെ ചിത്രങ്ങളും അളന്നുതൂക്കിമാത്രമെ ഞാ‌ന്‍ എടുത്തിട്ടുള്ളൂ,’ എന്ന്.

 

ബഷീറിന്റെ, എം.ടി.യുടെ, മാധവിക്കുട്ടിയുടെ, വയലാറിന്റെ, തകഴിയുടെ, അഴീക്കോടിന്റെ, ബാലാമണിയമ്മയുടെ, കടമ്മനിട്ടയുടെ, പുനത്തിലിന്റെ, ഇ.എം.എസ്സിന്റെ, കെ.പി.എ.സി ലളിതയുടെ, ശാരദയുടെ, ടി.പത്മനാഭന്റെ, പത്മരാജന്റെ, വി.ആർ.സുധീഷിന്റെ അങ്ങനെ പുനലൂർ രാജന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറ ഒരിക്കലെങ്കിലും ഒപ്പിയെടുത്തവരുടെയെല്ലാം ഏറ്റവും മികച്ച ചിത്രങ്ങളുടെ അവകാശി ആ ക്യാമറയായിരുന്നു. അതുകൊണ്ടാണ് ലോകം കണ്ട ഫോട്ടോഗ്രാഫേഴ്സിലെ ഏറ്റവും ജീനിയസ്സായ മനുഷ്യൻ എന്ന് പുനലൂർ രാജൻ വാഴ്ത്തപ്പെടുന്നതും.

 

ആ വാഴ്ത്തിന് ചിത്രങ്ങൾ മനുഷ്യനെ മോഹിപ്പിക്കുന്ന കാലത്തോളം ആയുസ്സുണ്ട്. പക്ഷേ അവന്‍ പുനലൂര്‍ രാജന്റെ രൂപത്തിലും വരും എന്ന ബഷീറിന്റെ താക്കീതിന്റെ ആയുസ്സ് ഒടുങ്ങിയിരിക്കുന്നു. തിരുവണ്ണൂരിലെ ‘സാനഡു’വിന്റെ ഗേറ്റ് തുറന്ന് രാജനിനി വരില്ല. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്യാമറയും കൊടുത്ത് ദൈവം ഭൂമിയിലേക്ക് അനുഗ്രഹിച്ചയച്ച ചാരൻ ഇനിയില്ല !! എന്റെ ചുവരു നിറയെ പുനലൂർ രാജന്റെ പടങ്ങളുണ്ട്, ഇന്നുണർന്ന് നോക്കുമ്പോൾ അവർക്കിടയിൽ രാജേട്ടനും കയറിയിരിപ്പുണ്ട്. പടങ്ങളാവാൻ മോഹിപ്പിച്ച് മോഹിപ്പിച്ച് ഒടുവിൽ പുനലൂർ രാജനും പടമാവുന്നു, സങ്കടാഞ്ജലികൾ.

 

English Summary : In memories of Punalur Rajan 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com