ADVERTISEMENT

ചിത്രശലഭമായാലും പൂക്കളായാലും മഞ്ഞയായിരുന്നു ഗാബോയുടെ ഇഷ്ടനിറം. എന്നും അദ്ദേഹത്തിന്റെ എഴുത്തുമേശ അലങ്കരിച്ചിരുന്നു മഞ്ഞപ്പൂക്കള്‍. പൂക്കള്‍ മേശപ്പുറത്ത് പതിവായി വയ്ക്കുന്നതു മെര്‍സിഡസും. 

 

ഗാബോ ലോകപ്രശസ്തനാണ്. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് എന്ന പേരില്‍ ലോകം കീഴടക്കിയ ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍. ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ക്ക് നൊബേല്‍ സമ്മാനം നേടിയ പ്രതിഭാശാലി. അദ്ദേഹത്തിന്റെ കാമുകിയായിരുന്നു മെര്‍ഡിഡസ്. പിന്നീട് ഭാര്യയും. മാര്‍ക്കേസിന്റെ മരണത്തിനുശേഷം കഴിഞ്ഞ ആറു വര്‍ഷമായി അദ്ദേഹത്തിന്റെ ഓര്‍മകളില്‍ ജീവിച്ചിരുന്ന മെര്‍സിഡസിന് യാത്രാമൊഴി. 87-ാം വയസ്സില്‍ മെക്സിക്കോ സിറ്റിയിലായിരുന്നു മെര്‍സിഡസിന്റെ അന്ത്യം. എന്നാല്‍ അവരിരുവരെയും അതിജീവിക്കുന്നുണ്ട് ഇന്നും ലോകവ്യാപകമായി വിറ്റഴിയുന്ന മാര്‍ക്കേസിന്റെ അനശ്വരകൃതികള്‍. മാര്‍ക്കേസിന്റെ പ്രശസ്തമായ എല്ലാ കൃതികളിലുമുണ്ട് മെര്‍സിഡസിന്റെ കയ്യൊപ്പ്. പ്രേരണയായി, പ്രചോദനമായി സ്നേഹസാന്നിധ്യമായി മെര്‍സിഡസ് അദ്ദേഹത്തിനൊപ്പം നിന്നു. പ്രണയത്തിന്റെ വിജയം ഉദ്ഘോഷിച്ചും ജീവിതത്തിന്റെ സൗന്ദര്യം വിളംബരം ചെയ്തും. 

 

എഴുത്തുമേശയിലെ മഞ്ഞറോസാപ്പൂക്കള്‍ മാര്‍ക്കേസിന്റെ എഴുത്തിന്റെ ഐശ്വര്യമായിരുന്നു. മറ്റാരേക്കാളും അദ്ദേഹം അങ്ങനെ വിശ്വസിച്ചു. ഒരുദിവസം എത്ര എഴുതിയിട്ടും മാര്‍ക്കേസിന്റെ എഴുത്ത് മുന്നോട്ടുപോയില്ല. അതു പതിവില്ലാത്തതാണ്. അദ്ദേഹം അസ്വസ്ഥനായിക്കൊണ്ടിരുന്നു. അപ്പോഴാണ് മേശപ്പുറത്ത് പൂക്കളില്ലെന്നകാര്യം അദ്ദേഹം ശ്രദ്ധിക്കുന്നത്. പൂ കൊണ്ടുവരാന്‍ അദ്ദേഹം ഉറക്കെവിളിച്ചുപറഞ്ഞു. മെര്‍സിഡസ് പൂക്കള്‍ കൊണ്ടുവന്നു. അതോടെ എഴുത്തിന്റെ താളം വീണ്ടെടുത്തു മാര്‍ക്കേസ്. 

ലീഫ് സ്റ്റോം ഉള്‍പ്പെടെ ആദ്യകാല കൃതികള്‍  മികച്ചതായിരുന്നെങ്കിലും ഏകാന്തതയുടെ നൂറു വര്‍ഷങ്ങളാണ് മാര്‍ക്കേസിനെ പ്രശസ്തനാക്കിയത്. ആ രചനയിലൂടനീളം അദ്ദേഹത്തിന്റെ സ്നേഹസാന്നിധ്യമായിരുന്നു പ്രിയപ്പെട്ട മെര്‍സിഡസ്. 

 

ഏകാന്തതയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളാണ് കേണല്‍ ഒറീലിയാനോ ബുവേന്‍ഡിയ. ആഭ്യന്തര യുദ്ധത്തിലെ വീരനായകന്‍. ഒരു കഥാപാത്രമെന്നതിനേക്കാള്‍ അദ്ദേഹത്തിനോട് ഇഷ്ടമുണ്ടായിരുന്നു മാര്‍ക്കേസിന്. ഒരു സുഹൃത്ത് എന്ന പോലെ. കുടുബാംഗം എന്ന പോലെ. അദ്ദേഹത്തിന്റെ മരണം അനിവാര്യമായിരുന്നെങ്കിലും ആ വാക്കുകളെഴുതാന്‍ മാര്‍ക്കേസ് മടിച്ചു. എന്നാല്‍ കേണല്‍ വൃദ്ധനായിക്കൊണ്ടിരുന്നു. ഒരു ദിവസം ഉച്ചയ്ക്കാണ് മാര്‍ക്കേസ് കേണലിന്റെ മരണം എഴുതുന്നത്. എഴുതിത്തീര്‍ന്നപ്പോഴേക്കും അദ്ദേഹത്തിനു വിറയല്‍ ബാധിച്ചു. തളര്‍ന്നവശനായി മാര്‍ക്കേസ് ഭാര്യ മെര്‍സിഡസിന്റെ അടുത്തെത്തി. മാര്‍ക്കേസിന്റെ മുഖം കണ്ട മെര്‍സിഡസ് ചോദിച്ചു : കേണല്‍ മരിച്ചു ? 

 

ഒരു വാക്കു പോലും പറയാതെ മാര്‍ക്കേസ് കിടക്കയിലേക്കു വീണു. രണ്ടു മണിക്കൂറോളം അദ്ദേഹം കരഞ്ഞു. തന്റെ കഥാപാത്രത്തിന്റെ മരണം ഉള്‍ക്കൊള്ളാനാവാത്ത മാര്‍ക്കേസ്. ആ വേദന പൂര്‍ണമായും മനസ്സിലാക്കിയ മെര്‍സിഡസ്. ഒരു ഭാര്യയും ഭര്‍ത്താവും എന്നതിനേക്കാള്‍ പരസ്പര പൂര്‍ണമായിരുന്നു അവരുടെ ബന്ധം. അതദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. ഒരിക്കലല്ല, പലവട്ടം. 

 

ഏകാന്തതയുടെ നൂറു വര്‍ഷങ്ങളെക്കാള്‍ മികച്ച കൃതി  മാര്‍ക്കേസിന് എഴുതാനാവില്ലെന്ന് കരുതിയ വായനക്കാരെ അതിശയിപ്പിച്ചുകൊണ്ടാണ് 

‘കോളറക്കാലത്തെ പ്രണയം’ എത്തിയത്. മഹാമാരിയെപ്പോലും അതിജീവിച്ച ആ പ്രണയേതിഹാസം മാര്‍ക്കേസ് സമര്‍പ്പിച്ചത് മെര്‍സിഡസിന്. പ്രണയത്തിനും ജീവിതത്തിനും അതിസുന്ദരമായ ഒരു കൃതിയിലൂടെ അനശ്വരതയുടെ മുദ്ര ചാര്‍ത്തുകയായിരുന്നു മാര്‍ക്കേസ്. ഓര്‍മകളില്‍ അനശ്വരനായ മാര്‍ക്കേസിനൊപ്പം ഇനി മെര്‍സിഡസും. 

 

ഒരു പുഷ്പപാത്രത്തില്‍ തൊട്ടുരുമ്മിയിരിക്കുന്ന രണ്ടു മഞ്ഞ റോസാപ്പൂക്കളായി മാര്‍ക്കേസും മെര്‍സിഡസും. അന്യോന്യം അലോസരമുണ്ടാക്കാതെ ഒരു പുഷ്പത്തില്‍നിന്ന് ഒരുമിച്ചു തേന്‍ നുകരുന്ന രണ്ടു മഞ്ഞ ചിത്രശലഭങ്ങളായി അവരിരുവരും. 

 

English summary: Mercedes Barcha, wife of Gabriel Garcia Marquez passes away

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com