കോവിഡ് ബാധിച്ച അച്ഛനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ മക്കൾ ചെയ്തത്!

reading-in-hospital
പ്രതീകാത്മക ചിത്രം
SHARE

അക്ഷരങ്ങൾക്ക് അത്ഭുതകരമായ കഴിവുകളുണ്ടെന്ന് വായനക്കാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായി ഡോക്ടർമാരും അക്ഷരശക്തിക്കുമുന്നിൽ നമിക്കുന്നു. ബ്രിട്ടനിലാണ് സംഭവം. ആശുപത്രിയിൽ ദീർഘകാലം കിടക്കേണ്ടിവന്ന പിതാവിനുവേണ്ടി മക്കൾ ഏർപ്പെടുത്തിയ പുസ്തകവായന രോഗമുക്തിക്കു കാരണമായി എന്നു മാത്രമല്ല വലിയൊരു ആതുരസേവന പ്രസ്ഥാനമായിക്കൂടി വളർന്നിരിക്കുന്നു. ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ ഇപ്പോൾ നന്ദി പറയുന്നത് പ്രസ്ഥാനം തുടങ്ങിയവർക്കുമാത്രമല്ല, പുസ്തകങ്ങൾക്കും അവയുടെ രചയിതാക്കൾക്കും. അതിശയിപ്പിക്കുന്ന കഴിവുകളുമായി പുസ്തകങ്ങൾ രചിച്ച പ്രതിഭാശാലികൾക്ക്. അവരുടെ വാക്കുകൾക്ക് ശക്തിയുണ്ടെന്നു മാത്രമല്ല, മരണാസന്നനായ ഒരാളെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻപോലും കഴിയും എന്നുകൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. 

73 വയസ്സുകാരൻ ജിയോഫ് വൂൾഫ് താമസിക്കുന്നതു ലണ്ടനിൽ. മാർച്ചിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ഉടൻതന്നെ ലണ്ടനിലെ ആശുപത്രിയിലാക്കി. ആരോഗ്യനില മോശമായതിനെത്തുടർന്ന് ദിവസങ്ങൾക്കം അത്യാഹിത വിഭാഗത്തിൽ. കുടുംബാംഗങ്ങൾക്കു പോലും രോഗിയെ സന്ദർശിക്കാൻ അനുവാദമില്ല. ദൂരെ നിന്ന് ഒരു നോക്കു കാണാൻ മാത്രം അനുമതി. രണ്ട് ആൺമക്കളാണ് വുൾഫിന്. 33 വയസ്സുകാരൻ പത്രപ്രവർത്തകൻ നിക്കിയും 28 വയസ്സുള്ള നടൻ സാമും. പിതാവിനെ ആശുപത്രിയിൽ എങ്ങനെ ആശ്വസിപ്പിക്കും എന്ന ചിന്തയിലായി മക്കൾ. അപ്പോഴാണവർ അദ്ദേഹത്തിന്റെ സാഹിത്യപ്രണയം ഓർമിക്കുന്നത്. ആശുപത്രി വാസനത്തിനിടെ പിതാവിനു കേൾക്കാൻ അവർ ഒരു ഈ റീഡർ സംഘടിപ്പിച്ചു. ജെയ്ൻ ഓസ്റ്റിന്റെ പ്രൈഡ് ആൻഡ് പ്രിജുഡിസ് എന്ന നോവലാണ് ഇ റീഡറിൽ ലോഡ് ചെയ്തിരുന്നത്. 

ഇ റീഡർ വുൾഫിനു കൊടുക്കാം എന്ന് ഡോക്ടർമാർ സമ്മതിച്ചു. എന്നാൽ അദ്ദേഹത്തിന് അത് കേൾക്കാൻ കഴിയുമോ ഇല്ലയോ എന്ന് ഉറപ്പ് പറയാൻ കഴിയില്ല. എന്തായാലും റീഡർ പിതാവിനു കൊടുക്കണം എന്നുതന്നെ മക്കൾ വാശിപിടിച്ചു. എന്നെങ്കിലും താൻ ആശുപത്രിയിൽ കിടക്കേണ്ടിവന്നാൽ തനിക്ക് ഒരു പുസ്തകം മതിയാകും എന്ന് അച്ഛൻ പറയാറുള്ളതായിരുന്നു അപ്പോഴവരുടെ മനസ്സിൽ. വാക്കുൾക്ക് ശക്തിയുണ്ട്. വാചകങ്ങൾക്ക്. നോവലുകൾക്ക്. കഥകൾക്ക്. കഥകൾ അച്ഛനെ തിരിച്ചുകൊണ്ടുവരും എന്നുതന്നെ മക്കൾ ദ‌ൃഡമായി വിശ്വസിച്ചു. ഡോക്ടർമാരും ആ വിശ്വാസത്തിനു പിന്തുണ നൽകി. 

അവർ അത് അവിടെക്കൊണ്ടു നിർത്തിയില്ല. മറ്റു രോഗികൾക്കും ഇ റീഡർ നൽകുന്നതിനെക്കുറിച്ചായി അവരുടെ ചിന്ത. ഓഡിബിൾ എന്ന സ്ഥാപനം സഹായത്തിനെത്തി. ക്ലാസ്സിക് നോവലുകളും സാഹിത്യ സംബന്ധിയായ പോഡ്കാസ്റ്റുകളും ഇ റീഡറിൽ ലോഡ് ചെയ്തു. ബ്രിട്ടിഷ് എയർവേയ്സ് കമ്പനിയാണ് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഹെഡ്ഫോണുകൾ സമ്മാനിച്ചത്. ആദ്യം പിതാവിനെ ചികിത്സിക്കുന്ന ആശുപത്രിയിൽ 20 ഇ റീഡർ വിതരണം ചെയ്തു. അടുത്ത ഘട്ടത്തിൽ കൂടുതൽ ആശുപത്രികളിൽ കൂടുതൽ ഉപകരണങ്ങൾ. ബുക്സ് ഫോർ ഡാഡ് എന്ന പേരിൽ പ്രസ്ഥാനം വളർന്നു. പലരും അത്യാസന്ന നിലയിൽ ആയതിനാൽ പുസ്തകം കൈകൊണ്ടു പിടിച്ചു വായിക്കാനൊന്നും വയ്യ. അവർക്കെല്ലാം ഇ റീഡർ സഹായമായി. വേദന മറക്കാനും മരുന്നിന്റെ മടുപ്പിക്കുന്ന മണം മറക്കാനും കഴിഞ്ഞതോടെ പലർക്കും ആശിച്ചതിലും നേരത്തെ ആശുപത്രി വിടാൻ കഴിഞ്ഞു. 

കോവിഡ് ബാധിച്ചവർക്കുൾപ്പെടെ ബുക്സ് ഫോർ ഡാഡ് പദ്ധതി ഗുണം ചെയ്തെന്ന് ലണ്ടൻ ആശുപത്രി അധികൃതരും സാക്ഷ്യപ്പെടുത്തുന്നു. നല്ല കാലത്തു പോലും ആശുപത്രി വാസം മടുപ്പിക്കുന്നതാണ്. കോവിഡ് കാലത്ത് പ്രത്യേകിച്ചും ഒറ്റപ്പെടലും ഏകാന്തതയും തീവ്രമാകുമ്പോൾ പുസ്തകം വായിച്ചുകേൾക്കുന്നത് പ്രതീക്ഷയ്ക്കപ്പുറം ഗുണം ചെയ്യുമെന്നാണ് അവർ പറയുന്നത്. അടുത്ത 6 മാസത്തിനകം 5,000 ഇ റീഡറുകൾ ബ്രിട്ടനിലെ ആശുപത്രികളിൽ വിതരണം ചെയ്യാനാണ് ഇപ്പോഴത്തെ പദ്ധതി. 

ഇതിനിടെ വുൾഫ് രോഗത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നു. പല അവയവങ്ങളും പ്രതികരിക്കാതായി. മസ്തിഷ്കാഘാതവും സംഭവിച്ചു. വെന്റിലേറ്റർ സപ്പോർട്ട് ഒഴിവാക്കുന്നതിനെക്കുറിച്ചും ഡോക്ടർമാർ ആലോചിച്ചു തുടങ്ങി. എന്നാൽ ആശുപത്രി വാസം രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും വുൾഫിനു വ്യത്യാസം കണ്ടുതുടങ്ങി. ഇക്കഴിഞ്ഞമാസം അദ്ദേഹം ആശുപത്രി വിട്ടു. ഇനി വിദഗ്ധ ചികിത്സയ്ക്ക് മറ്റൊരു ആശുപത്രിയിലേക്കു പോകണം. എന്നാലും പിതാവിന്റെ ആരോഗ്യത്തിലുണ്ടായ മാറ്റത്തിൽ ശുഭപ്രതീക്ഷയിലാണ് മക്കൾ. ആശുപത്രി അധികൃതർക്ക് ഉൾപ്പെടെ നന്ദി പറയുമ്പോൾ അവരുടെ മനസ്സിലുണ്ട് പുസ്തകങ്ങൾ വരുത്തിയ പരിവർത്തനം. ജെയ്ൻ ഓസ്റ്റിന്റെ ഉൾപ്പെടെ നോവലുകൾ ഇല്ലായിരുന്നെങ്കിൽ പിതാവ് തിരിച്ചുവരുമായിരുന്നോ എന്ന കാര്യത്തിലും അവർക്ക് സംശയമുണ്ട്. 

English Summary: Sons use e-books to help virus-stricken dad, other patients

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;